23 Monday
December 2024
2024 December 23
1446 Joumada II 21

ആശയക്കുഴപ്പമുണ്ടാക്കുന്ന ഹദീസുകള്‍ പ്രമാണയോഗ്യമാണോ?

പി കെ മൊയ്തീന്‍ സുല്ലമി

മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായ ശിര്‍ക്കുകള്‍ക്കും കുഫ്‌റുകള്‍ക്കും ബിദ്അത്തുകള്‍ക്കും പ്രധാന കാരണം നിര്‍മിതവും ദുര്‍ബലവുമായ ഹദീസുകളെ പ്രമാണമായി സ്വീകരിക്കുന്നതു കൊണ്ടാണ്. നിര്‍മിതവും ദുര്‍ബലവുമായ ഹദീസുകളെ പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ രചിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് ഇമാം ദഹബിയുടെ മീസാനുല്‍ ഇഅ്തിദാലും ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ)യുടെ തഹ്ദീബുത്തഹ്ദീബും. ഇത്തരം ഗ്രന്ഥങ്ങള്‍ പഠിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന പണ്ഡിതന്മാര്‍ പുതു തലമുറയില്‍ കുറഞ്ഞുവരുന്നുണ്ടെന്ന് ഖേദത്തോടെ ഓര്‍മപ്പെടുത്തട്ടെ.
പഴയകാലത്ത് യാഥാസ്ഥിതിക പുരോഹിതന്മാര്‍ ശിര്‍ക്കും ബിദ്അത്തും സ്ഥാപിക്കാന്‍ പ്രമാണമാക്കിയിരുന്നത് നിര്‍മിതവും ദുര്‍ബലവുമായ ഹദീസുകളെയായിരുന്നു. എന്നാല്‍ നവയാഥാസ്ഥിതികര്‍ ഈ വിഷയത്തില്‍ മുന്‍ പറഞ്ഞവരെക്കാള്‍ ബഹുദൂരം മുന്നിലാണ്. അവര്‍ ഇസ്‌ലാമിന്റെ പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് ദീനുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ്.
അദൃശ്യശക്തികളായ അന്‍ബിയാ ഔലിയാക്കളോട് സഹായം തേടാമെന്ന വാദം പോലെ നിര്‍മിതവും ദുര്‍ബലവുമാണ് ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്ന വാദം. ഈ രണ്ടു വാദങ്ങളും ശിര്‍ക്കാെണന്നതില്‍ സംശയമില്ല.
മൗദ്വൂഅ്
നിര്‍മിത ഹദീസുകള്‍ക്ക് സാങ്കേതികമായി മൗദ്വൂഅ് എന്നാണ് പറഞ്ഞുവരുന്നത്. നബി(സ) ചെയ്യാത്തതോ പറയാത്തതോ അംഗീകരിക്കാത്തതോ ആയ കാര്യങ്ങള്‍ നബിയിലേക്ക് ചേര്‍ത്തി പറയുന്ന ഹദീസുകള്‍ മൗദ്വൂഅ് ആണ്. വിശുദ്ധ ഖുര്‍ആനിനോ സാമാന്യബുദ്ധിക്കോ മുതവാതിര്‍ ആയി (നിരവധി പരമ്പരകളിലൂടെ, എണ്ണാന്‍ കഴിയാത്തത്ര ജനങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്) വന്ന ഹദീസുകള്‍ക്കോ ഇജ്മാഇനോ (മുസ്‌ലിം പണ്ഡിതന്മാരുടെ ഏകോപിച്ചുള്ള അഭിപ്രായം) വിരുദ്ധമായി വന്ന എല്ലാ ഹദീസുകളും നിര്‍മിതങ്ങളായിട്ടാണ് ഉസ്വൂലുല്‍ ഹദീസിന്റെ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
നിര്‍മിത ഹദീസുകള്‍ക്ക് ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക: നബി(സ) പറയുന്നു: ”നിങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എഴുത്ത് പഠിപ്പിക്കരുത്. അവര്‍ക്ക് നൂല് നൂല്‍ക്കുന്നതും സൂറതുന്നൂറും പഠിപ്പിക്കേണ്ടതാണ്.” (ഇബ്‌നുഹിബ്ബാന്‍). ഈ ഹദീസിനെ കുറിച്ച് അല്‍ബാനി പറയുന്നു: ”ഇത് നിര്‍മിതമാണ്. ഇതിന്റെ പരമ്പരയില്‍ മുഹമ്മദുബ്‌നു ഇബ്‌റാഹീം എന്ന (വിശ്വാസയോഗ്യനല്ലാത്ത) ഒരു വ്യക്തിയുണ്ടെന്ന് ഇമാം ദാറഖുത്‌നി പറയുന്നുണ്ട്. (സില്‍സിലത്തുല്‍ അഹാദീസു ദ്ദ്വഈഫത്തി വല്‍മൗദ്വൂഅത്തി 5:30). നബി(സ) പറയുന്നു: ”മഞ്ഞ നിറം മുഅ്മിനീന്റെയും ചുവപ്പ് മുസ്‌ലിമിന്റെയും കറുപ്പ് കാഫിറിന്റെയും വര്‍ണത്തില്‍ പെട്ടതാണ്” (ത്വബ്‌റാനി, ഹാകിം). ഈ ഹദീസ് നിര്‍മിതമാണെന്നാണ് അല്‍ബാനിയുടെ അഭിപ്രായം. (സില്‍സിലത്തുല്‍ അഹാദീസു ദ്ദ്വഈഫത്തി വല്‍മൗദ്വൂഅത്തി 8:270)
നബി(സ) പറയുന്നു: ”നിങ്ങളില്‍ ഒരാളും തന്നെ അവന്റെ നീളമുള്ള താടിയില്‍ നിന്നും ഒന്നും വെട്ടിക്കളയരുത്” (അബൂനഈം). ഈ ഹദീസ് നിര്‍മിതമാണെന്ന് അല്‍ബാനി പറയുന്നു. (സില്‍സിലത്തുല്‍ അഹാദീസു ദ്ദ്വഈഫത്തി വല്‍മൗദ്വൂഅത്തി 8:456)
ദ്വഈഫ്
പ്രമാണയോഗ്യമല്ലാത്ത മറ്റൊരു വിഭാഗം ഹദീസുകളാണ് ദ്വഈഫ് (ദുര്‍ബലമായവ). സ്വഹീഹിന്റെ നിബന്ധനയൊക്കാത്തതും അതിന്റെ നിവേദകന്മാര്‍ വിമര്‍ശനവിധേയവുമായിട്ടുണ്ടെങ്കില്‍ അത്തരം ഹദീസുകള്‍ക്കാണ് ദ്വഈഫ് എന്ന് പറയുന്നത്.
നബി(സ) പറയുന്നു: ”എന്റെ നാഥന്‍ എന്നോട് വീണയും ഹാര്‍മോണിയവും നിരോധിക്കാന്‍ കല്പിക്കുകയുണ്ടായി” (ഇബ്‌നു അദിയ്യ്). അല്‍ബാനി(റ) പറയുന്നു: ”ഈ ഹദീസ് ദുര്‍ബലമാണ്. ഇത് തള്ളിക്കളയേണ്ടതാണെന്ന് ഇമാം ബുഖാരി പ്രസ്താവിച്ചിരിക്കുന്നു”. (സില്‍സിലതുല്‍ അഹാദീസി ദ്ദ്വഈഫത്തി വല്‍ മൗദ്വൂഅത്തി 6:181)
നബി(സ) പറയുന്നു: ”നിങ്ങള്‍ യാത്ര ചെയ്യുന്നപക്ഷം നിങ്ങളില്‍ പ്രായം കുറഞ്ഞവനാണെങ്കിലും ഖുര്‍ആന്‍ ഏറ്റവുമധികം മനപ്പാഠമുള്ളവനെ ഇമാമത്ത് നിര്‍ത്തേണ്ടതാണ്. നിങ്ങള്‍ക്ക് ഇമാമത്ത് നില്‍ക്കുന്നവന്‍ നിങ്ങളുടെ (യാത്രയിലെ) ഇമാമുമാണ്” (ബസ്സാര്‍). ഈ ഹദീസിനെക്കുറിച്ച് അല്‍ബാനി(റ) പറയുന്നു: ”ഇതിന്റെ പരമ്പരയില്‍ (വിശ്വാസയോഗ്യനല്ലാത്ത) അബ്ദുല്ലാഹിബ്‌നുറശീദ് എന്നയാളുണ്ട്. ഇയാള്‍ ദുര്‍ബലനാണ്. അദ്ദേഹത്തെ തെളിവിന് കൊള്ളുകയില്ലെന്ന് ഇമാം ബൈഹഖി പ്രസ്താവിച്ചിരിക്കുന്നു” (സില്‍സിലത്തുല്‍ അഹാദീസു ദ്ദ്വഈഫത്തി വല്‍ മൗദ്വൂഅത്തി 6:130)
നബി(സ) പറയുന്നു: ”കഅ്ബാലയത്തിന്റെ ഉള്ളിലായിരുന്നാല്‍ പോലും ശരി, നിങ്ങള്‍ പല്ലിയെ കൊല്ലണം” (ത്വബ്‌റാനി). ഇതിനെക്കുറിച്ച് അല്‍ബാനി പറയുന്നു: ”ഇതിന്റെ പരമ്പരയില്‍ ഉമറുബ്‌നുഖൈസ് എന്നൊരു വ്യക്തിയുണ്ട്. അദ്ദേഹം തള്ളപ്പെടേണ്ട വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ഹദീസ് സ്വീകാര്യയോഗ്യമല്ലെന്നും ഇമാം അഹ്മദ്(റ) പ്രസ്താവിച്ചിരിക്കുന്നു. (സില്‍സിലത്തുല്‍ അഹാദീസു ദ്ദ്വഈഫത്തി വല്‍മൗദ്വൂഅത്തി 6/32)
ശാദ്ദ്
പ്രമാണബദ്ധമല്ലാത്തതും എന്നാല്‍ ചിലര്‍ പ്രമാണമായി അംഗീകരിച്ചുവരുന്നതുമായ ഹദീസുകളാണ് ശാദ്ദ് ആയി പരിഗണിക്കപ്പെടുന്നത്. ഇബ്‌നുഹജര്‍(റ) പറയുന്നു: ”ഏറ്റവും സ്വഹീഹായി വന്ന റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി വിശ്വസ്തരായി അറിയപ്പെടുന്നവര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ക്കാണ് ശാദ്ദ് എന്ന് പറയുന്നത്” (നുഖ്ബത്തുല്‍ഫിക്ര്‍, പേജ് 85)
എന്നാല്‍ വിശ്വസ്തരായി അറിയപ്പെടുന്ന വ്യക്തികളുടെ ഹദീസുകള്‍ വിമര്‍ശനവിധേയമാണെങ്കില്‍ അതിനെതിരില്‍ വരുന്ന ഹദീസുകള്‍ ശാദ്ദായി പരിഗണിക്കപ്പെടുന്നതല്ല. സിഹ്‌റിനെക്കുറിച്ചും കണ്ണേറിനെക്കുറിച്ചും വന്ന ഹദീസുകള്‍ മേല്‍ പറഞ്ഞ വിമര്‍ശനവിധേയമായ ഹദീസുകളില്‍ പെട്ടതാണ്.
സ്ത്രീകളുടെ പള്ളികളിലുള്ള ജുമുഅ ജമാഅത്ത് സ്വഹീഹായ നിരവധി ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ”നബി(സ) പറഞ്ഞതായി ഇബ്‌നുഉമര്‍(റ) പറയുന്നു: അല്ലാഹുവിന്റെ ദാസന്മാരായ സ്ത്രീകള്‍ക്ക് നിങ്ങള്‍ അല്ലാഹുവിന്റെ പള്ളികളെ വിലക്കരുത്” (ബുഖാരി, മുസ്‌ലിം ). ഇതിന് വിരുദ്ധമായി വന്നതും സ്വഹീഹാണെന്ന് അവകാശപ്പെടുന്നതുമായ താഴെ വരുന്ന ഹദീസ് ശാദ്ദാണ്. ”നബി(സ) പറഞ്ഞതായി ഇബ്‌നു ഉമര്‍(റ) പറയുന്നു: നിങ്ങളുടെ സ്ത്രീകള്‍ക്ക് നിങ്ങളുടെ പള്ളി തടയരുത്. അവര്‍ക്ക് ഉത്തമം അവരുടെ വീടുകളാണ്.” (അബൂദാവൂദ്)
മുദ്വ്ത്വരിബ്
ശാദ്ദ് പോലെ പ്രമാണബദ്ധമല്ലാത്തതും എന്നാല്‍ പ്രമാണമായി അംഗീകരിച്ചുവരുന്നതുമായ ഹദീസുകളില്‍ പെട്ടതാണ് മുദ്വ്ത്വരിബ് (ആശയക്കുഴപ്പമുണ്ടാക്കുന്നവ) ആയി വന്ന ഹദീസുകള്‍. ഇബ്‌നുഹജര്‍(റ) പറയുന്നു: ”ഒരു ഹദീസിന്റെ പരമ്പരയിലോ ഉള്ളടക്കത്തിലോ ആശയക്കുഴപ്പം ഉണ്ടാകുന്നപക്ഷം നിര്‍ബന്ധമായും പ്രസ്തുത ഹദീസ് ദുര്‍ബലപ്പെടുന്നതാണ്.” (നുഖ്ബത്തുല്‍ ഫിക്ര്‍, പേജ് 123)
ഉദാഹരണത്തിന് കണ്ണേറിനെ പരാമര്‍ശിക്കുന്ന ഒരു ഹദീസ് മാത്രമേ വന്നിട്ടുള്ളൂ. ഈ ഹദീസ് മുദ്വ്ത്വരിബ് ആണ്. ഉമ്മുസലമത്(റ) പറയുന്നു: നബി(സ) അവരുടെ വീട്ടിലുള്ള പെണ്‍കുട്ടിയുടെ മുഖത്ത് നിറമാറ്റം കാണുകയുണ്ടായി. അപ്പോള്‍ നബി(സ) ഇപ്രകാരം പറയുകയുണ്ടായി. അവളെ മന്ത്രിപ്പിക്കണം. അവള്‍ക്ക് നോട്ടമാണ് (കണ്ണേറ്) ബാധിച്ചിട്ടുള്ളത്.” (ബഖാരി 5739, മുസ്‌ലിം 2197)
ഈ ഹദീസിനെക്കുറിച്ച് ഇബ്‌നുഹജര്‍(റ) പറയുന്നു: ”പെണ്ണിന്റെ മുഖത്തുണ്ടായിരുന്നത് കറുപ്പ് നിറമായിരുന്നു എന്നും പറയപ്പെട്ടിട്ടുണ്ട്. ഇബ്‌നുഖുതൈബ(റ) അഭിപ്രായപ്പെട്ടത് പ്രസ്തുത നിറം മുഖത്തിന്റെ സാധാരണ നിറത്തെ വ്യത്യാസപ്പെടുത്തുന്ന ഒന്നായിരുന്നു എന്നാണ്.” (ഫത്ഹുല്‍ബാരി 13:110-111)
ഇമാം നവവി(റ) പറയുന്നു: ”ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഈ ഹദീസിന് ഇമാം ദാറഖുത്‌നി വിമര്‍ശനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉഖൈലി ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത് പരമ്പര മുറിഞ്ഞ അവസ്ഥയിലാണ്. ഈ ഹദീസ് പരമ്പരയോടു കൂടി മുആവിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് സ്വഹീഹുമല്ല.” (ശറഹുമുസ്‌ലിം 7/443)
ഹദീസുകള്‍ സ്വീകരിക്കുന്നതിലെ അപാകതകള്‍ ഇനിയും ധാരാളം ചൂണ്ടിക്കാണിക്കാനുണ്ട്. കണ്ണേറിനെക്കുറിച്ച് ഭാഗികമായെങ്കിലും പ്രതിപാദിക്കുന്ന ഒരു ഹദീസാണ് മുകളില്‍ ഉദ്ധരിച്ചത്. അതില്‍ തന്നെ കണ്ണേറു മൂലം സംഭവിച്ച മുഖത്തെ നിറമാറ്റത്തെക്കുറിച്ച് അഞ്ചോളം ഇദ്വ്ത്വിറാബുകള്‍ (ആശയക്കുഴപ്പം) വന്നിട്ടുണ്ട്. അസൂയക്കണ്ണിനെക്കുറിച്ച് വന്നിട്ടുള്ള സകല ഹദീസുകളും കണ്ണേറായി ദുര്‍വ്യഖ്യാനം ചെയ്യുകയാണുണ്ടായത്.

Back to Top