23 Monday
December 2024
2024 December 23
1446 Joumada II 21

വ്യാകരണം കൊണ്ട് ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനിക്കല്‍

പി കെ മൊയ്തീന്‍ സുല്ലമി

എല്ലാ വിജ്ഞാനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അതില്‍ ശാസ്ത്രങ്ങളുണ്ട്, ചരിത്രമുണ്ട്, സന്മാര്‍ഗമുണ്ട്. ഹറാമുകളും ഹലാലുകളുമുണ്ട്. വ്യക്തി-കുടുംബ- സാമൂഹ്യജീവിത വ്യവസ്ഥകളും നിയമങ്ങളുമുണ്ട്. മനുഷ്യജീവിതത്തിന്റെ തുടക്കവും ഒടുക്കവുമുണ്ട്. മരണാനന്തര ജീവിതമുണ്ട്. നരകവും സ്വര്‍ഗവുമുണ്ട്. അറബിഭാഷാ വ്യാകരണ ശാസ്ത്രങ്ങളുണ്ട്. ചുരുക്കത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കാത്ത ഒരു വിഷയവുമില്ല. അല്ലാഹു പറയുന്നു: ”ഈ ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല” (അന്‍ആം 32).
അതേയവസരത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഒന്നിന്റെയും അടിസ്ഥാന ഗ്രന്ഥവുമല്ല. അത് മാനവരാശിക്ക് സന്മാര്‍ഗവും അനുഗ്രഹവും പ്രദാനം ചെയ്യുന്ന ഒരു ഗ്രന്ഥം മാത്രമാണ്. അല്ലാഹു പറയുന്നു: ”വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ നാം കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ള ഒരു ഗ്രന്ഥം അവര്‍ക്കു നാം കൊണ്ടുവന്നു കൊടുത്തു. വിശ്വസിക്കുന്ന ജനതക്ക് അത് സന്മാര്‍ഗവും കാരുണ്യവുമാകുന്നു.” (അഅ്‌റാഫ് 52)
വിശുദ്ധ ഖുര്‍ആനില്‍ ഭാഷാപരവും വ്യാകരണപരവുമായ നിയമങ്ങളും പാഠങ്ങളും ഉണ്ടെങ്കിലും അത് ഒരു ഭാഷാപരമോ വ്യാകരണപരമോ ആയ ഒരു ഗ്രന്ഥമല്ല. അടിസ്ഥാന വ്യാകരണ നിയമങ്ങള്‍ക്കതീതമായ ഭാഷാ പ്രയോഗങ്ങളും ഖുര്‍ആനില്‍ വന്നിട്ടുണ്ട്. സൂറത്ത് ഫത്ഹിലെ 10-ാം വചനം അതിനുദാഹരണമാണ്. അലൈഹുല്ലാഹ. ഭാഷാപരമായി പഠിച്ചുപോന്നിട്ടുള്ള പ്രയോഗം അലൈഹില്ലാഹ എന്ന വിധത്തിലാണ്.
സൂറത്തുല്‍ കഹ്ഫിലെ 98-ാം വചനത്തില്‍ ഇപ്രകാരം കാണാവുന്നതാണ്. ഹാദാ റഹ്മത്തുന്‍. റഹ്മത്ത് എന്ന പദം സ്ത്രീലിംഗമായിട്ടാണ് നാം പഠിച്ചുപോന്നിട്ടുള്ളത്. അതിനാല്‍ ഹാദിഹി റഹ്മത്തുന്‍ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അപ്പോള്‍ ഭാഷയുടേയോ വ്യാകരണ നിമയത്തിന്റെയോ അടിസ്ഥാനത്തില്‍ മാത്രം വിശുദ്ധ ഖുര്‍ആനിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ല.
ഭാഷയുടെയും വ്യാകരണത്തിന്റെയും അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ ഏറ്റവുമധികം ദുര്‍വ്യാഖ്യാനിച്ചിട്ടുള്ളവര്‍ ഖാദിയാനികളും സമസ്തക്കാരുമാണ്. ഖാദിയാനികളുടെ പ്രവാചകത്വം ഖുര്‍ആനില്‍ എന്ന പുസ്തകത്തിന്റെ ആദ്യാവസാനം ദുര്‍വ്യാഖ്യാനങ്ങളാണെന്ന് കണ്ടെത്താന്‍ കഴിയും. സമസ്തക്കാരും ഖാദിയാനികളും ഒരുമിച്ച് ദുര്‍വ്യാഖ്യാനിച്ച ഖുര്‍ആന്‍ വചനവും കണ്ടെത്താന്‍ കഴിയും. താഴെ വരുന്ന ഖുര്‍ആന്‍ വചനം ഖാദിയാനികള്‍ ദുര്‍വ്യാഖ്യാനിക്കുന്നത് ശ്രദ്ധിക്കുക:
”അദൃശ്യജ്ഞാനം അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാനും പോകുന്നില്ല. എന്നാല്‍ അല്ലാഹു അവന്റെ ദൂതന്മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ (അദൃശ്യം അറിയിച്ചു കൊടുക്കാന്‍) തെരഞ്ഞെടുക്കുന്നു” (ആലുഇംറാന്‍ 179)
മേല്‍വചനത്തിന് ഇബ്‌നു കസീര്‍ നല്‍കിയ വ്യാഖ്യാനം ശ്രദ്ധിക്കുക: ”അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിങ്ങളില്‍ ആരും തന്നെ അദൃശ്യം അറിയുന്നവരല്ല. അല്ലാഹു ഇപ്രകാരം അരുളിയതുപോലെ: അദൃശ്യകാര്യമറിയുന്ന അല്ലാഹു അവന്റെ അദൃശ്യകാര്യം ഒരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതല്ല. അവന്റെ ദൂതന്മാരില്‍ നിന്നും അവന്‍ ഇഷ്ടപ്പെടുന്നവര്‍ക്കല്ലാതെ.” (മുഖ്തസ്വര്‍ ഇബ്‌നികസീര്‍ 1:340,341)
ഇതുപോലെതന്നെയാണ് എ ല്ലാ മുഫസ്സിറുകളും വ്യാഖ്യാനം നല്‍കിയത്. അഥവാ അല്ലാഹു അദൃശ്യം അറിയിച്ചുകൊടുക്കുന്നത് അവന്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന ദൂതന്മാര്‍ക്ക് മാത്രമാണ് എന്നാണ് അല്ലാഹു പറഞ്ഞത്. എന്നാല്‍ ഖാദിയാനിയുടെ ദുര്‍വ്യാഖ്യാനം ഇപ്രകാരമാണ്:
”അവന്‍ പ്രവാചകന്മാരെ തെരഞ്ഞെടുത്തുകൊണ്ടിരിക്കുന്നതാണ്” (പ്രവാചകത്വം ഖുര്‍ആനില്‍ പേജ് 25). ഇവിടെ ദുര്‍വ്യാഖ്യാനം ചെയ്തത് ഇപ്രകാരമാണ്: ”അല്ലാഹു അദൃശ്യകാര്യം അറിയിച്ചുകൊടുക്കാന്‍ ഇവന്‍ ഇഷ്ടപ്പെടുന്ന ദൂതന്മാരെ തെരഞ്ഞെടുക്കുന്നു എന്നാണ് ആലുഇംറാന്‍ 179-ാം വചനത്തില്‍ പറഞ്ഞത്. ഖാദിയാനി വ്യാഖ്യാനിക്കുന്നത് നബി(സ)ക്ക് പുറമെ അവന്‍ ഇഷ്ടപ്പെട്ട ദൂതന്മാരെ അല്ലാഹു അയക്കും എന്നാണ്.
ഖാദിയാനി ഇപ്രകാരം വ്യാകരണ നിയമവും രേഖപ്പെടുത്തിയിട്ടുണ്ട്: യജ്തബീ (അവന്‍ തെരഞ്ഞെടുക്കുന്നു) വര്‍ത്തമാനകാലത്തെയും ഭാവികാലത്തെയും കുറിക്കുന്ന പദങ്ങളാണെന്നത് അവിതര്‍ക്കിതമാണ്” (പ്രവാചകത്വം ഖുര്‍ആനില്‍, പേ. 25)
സൂറത്തുല്‍ ജിന്നിലെ 26-ാം വചനം പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്്‌ലിയാര്‍ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: ”അല്ലാഹു ഗൈ്വബുകളെ അറിയുന്നവനാണ്. അവന്റെ എല്ലാ ഗൈ്വബുകളെയും ഒരു വ്യക്തിക്കും അവന്‍ അറിയിച്ചുകൊടുക്കുകയില്ല അവന്‍ ഇഷ്ടപ്പെട്ട വ്യക്തികള്‍ക്കൊഴിച്ച്.” (ഫതാവാ മുഹ്‌യിസ്സുന്ന, പേജ് 473)
ഇവിടെ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്്‌ലിയാര്‍ ‘അവന്‍ ഇഷ്ടപ്പെടുന്ന ദൂതന്മാര്‍ക്ക്’ എന്നതിനുപകരം ‘ഇഷ്ടപ്പെട്ട വ്യക്തികള്‍ക്ക്’ എന്നാക്കി. അപ്പോള്‍ ഔലിയാക്കള്‍ക്കും അല്ലാഹു അദൃശ്യകാര്യം അറിയിച്ചുകൊടുക്കും എന്ന ശിര്‍ക്കന്‍ വാദം അവര്‍ക്ക് സ്ഥാപിക്കാന്‍ സാധിക്കുന്നു.
ഖാദിയാനികളുടെ മറ്റൊരു ദുര്‍വ്യാഖ്യാനം ശ്രദ്ധിക്കുക: ”അല്ലാഹു മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ദൂതന്മാരെ തെരഞ്ഞെടുക്കുന്നതാണ്” (ഹജ്ജ് 75). വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അവന്റെ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ചുതരികയാണ്. മേല്‍വചനത്തിന് ഖാദിയാനികളല്ലാത്ത ആരും തന്നെ അത് പ്രവാചകന്മാരെ ലോകാവസാനം വരെ അല്ലാഹു അയച്ചുകൊണ്ടിരിക്കും എന്നതിന് തെളിവാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. ഖാദിയാനി രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: യസ്ത്വഫീ (തെരഞ്ഞെടുക്കും) എന്നു പറഞ്ഞുകൊണ്ട് പ്രവാചകനിയോഗ നിയമം ബലത്തിലിരിക്കുന്നുണ്ടെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കിത്തന്നിരിക്കുന്നത്.” (പ്രവാചകത്വം ഖുര്‍ആനില്‍, പേജ് 30)
യസ്ത്വഫീ എന്ന പ്രയോഗം ഭാഷാപരമായി ഭാവിയെയും വര്‍ത്തമാനകാലത്തെയുമാണ് കുറിക്കുന്നത്. അതിനാല്‍ പ്രവാചകന്മാര്‍ വന്നുകൊണ്ടേയിരിക്കുമെന്നാണ് ഖാദിയാനികളുടെ വാദം. അങ്ങനെ ഒരു വ്യാഖ്യാനം ഖാദിയാനികള്‍ ഒഴിച്ച് ലോകത്ത് മറ്റാരും രേഖപ്പെടുത്തിയിട്ടില്ല. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ കഴിഞ്ഞുപോയ നടപടിക്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതും അവന്‍ വിശദീകരിക്കുന്നുണ്ട്. അവിടെ ഭാഷാപരമോ വ്യാകരണപരമോ ആയ വ്യാഖ്യാനങ്ങള്‍ക്ക് സ്ഥാനമില്ല. കാരണം ഖുര്‍ആനിന്റെ പ്രതിപാദനരീതി അപ്രകാരമാണ്.
കഴിഞ്ഞുപോയവ വരാനുള്ളതായും വരാനുള്ള കാര്യങ്ങള്‍ കഴിഞ്ഞുപോയതായും വിശുദ്ധ ഖുര്‍ആനില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം. സൂറത്തുല്‍ ഖലമിലെ 51-ാം വചനം ശ്രദ്ധിക്കുക: ”സത്യനിഷേധികള്‍ ഈ ഉദ്‌ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ കൊണ്ട് നോക്കിയിട്ട് താങ്കള്‍ ഇടറി വീഴുമാറാകുകതന്നെ ചെയ്യും” (ഖലം 51). ഇവിടെ യസ്‌ലിഖൂക്ക എന്ന പദത്തിന്റെ അര്‍ഥം ‘ഇടറിവീഴുമാറാക്കും, ഇടറിവിഴുമാറാക്കിക്കൊണ്ടിരിക്കുന്നു’. നബി(സ) ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശത്രുക്കള്‍ നബി(സ)യെ വിരോധം വെച്ചു തുറിച്ചുനോക്കാറുണ്ടായിരുന്നു എന്നതാണ് മേല്‍വചനം കൊണ്ടുദ്ദേശിക്കുന്നത്. അത് പ്രവാചകന്റെ കാലത്ത് കഴിഞ്ഞുപോയ സംഭവമാണെങ്കിലും ഖുര്‍ആനിന്റെ പ്രയോഗം ഭാവിയും വര്‍ത്തമാനകാലവുമായിട്ടാണ് ഉദ്ധരിച്ചിട്ടുള്ളത്. ഭൂതകാലമായിട്ടല്ല.
സൂറത്ത് ശൂറയിലെ 52-ാം വചനം ഇപ്രകാരമാണ്: ”തീര്‍ച്ചയായും താങ്കള്‍ നേരായ പാതയിലാകുന്നു മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നത്.” നബി(സ) ഇപ്പോള്‍ മാര്‍ഗദര്‍ശനം നല്‍കുന്നില്ലല്ലോ. എന്നാല്‍ ഖുര്‍ആനിന്റെ പ്രയോഗം നമ്മെ സംബന്ധിച്ചിടത്തോളം ഭാവിയും വര്‍ത്തമാനകാലവുമായിട്ടേ മനസ്സിലാക്കാന്‍ സാധിക്കൂ.
വരാന്‍ പോകുന്ന അഥവാ ഭാവികാല സംഭവത്തെ ഭൂതകാലമാക്കി ചിത്രീകരിച്ച ഖുര്‍ആന്‍ വചനങ്ങളുമുണ്ട്. ഉദാഹരണത്തിന് അന്ത്യദിനം വന്നു കഴിഞ്ഞു എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. ”അല്ലാഹുവിന്റെ കല്പന വന്നുകഴിഞ്ഞിരിക്കുന്നു. എന്നാല്‍ നിങ്ങളതിന് ധൃതി കൂട്ടേണ്ടതില്ല.” (നഹ്ല്‍ 1)
വിശുദ്ധ ഖുര്‍ആനിനെ ഭാഷാവ്യാകരണ നിയമപ്രകാരം ഒപ്പിച്ചു വ്യാഖ്യാനിക്കാവുന്ന ഒരു ഗ്രന്ഥമല്ലെന്ന് മേല്‍പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്നെല്ലാം മനസ്സിലാക്കാവുന്നതാണ്. അതേയവസരത്തില്‍ ഭാഷാ വ്യാകരണ നിയമങ്ങള്‍ ഖുര്‍ആനില്‍ നിന്ന് കണ്ടുപിടിക്കാനും എളുപ്പത്തില്‍ കഴിയും.
സമസ്തക്കാര്‍ വ്യാകരണ നിയമം കൊണ്ട് ദുര്‍വ്യാഖ്യാനം നടത്തുന്ന ഒരു വചനം ഇപ്രകാരമാണ്: ”സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരിക” (ജുമുഅ 9). ഇവിടെ പ്രസ്തുത വചനത്തില്‍ പറഞ്ഞ യാ അയ്യുഹല്ലദീന ആമനൂ എന്ന പ്രയോഗം വ്യാകരണ നിയമപ്രകാരം ജംഅ് മുദകര്‍ ഗായിബ് ആണ്. അതു പുരുഷന്മാരെ മാത്രം ഉദ്ദേശിക്കുന്ന ആഹ്വാനമാണ്. അതിനാല്‍ സ്ത്രീകള്‍ ജുമുഅക്കു പോകല്‍ ഹറാമാണ്. സമസ്തക്കാരുടെ ഈ വാദം കബളിപ്പിക്കലാണ്. കാരണം ഇസ്‌ലാമിന്റെ മുഴുവന്‍ വിശ്വാസങ്ങളും ആചാരങ്ങളും സ്വീകരിക്കാന്‍ പുരുഷനോടും സ്ത്രീയോടും ആഹ്വാനം ചെയ്യുന്നത് യാ അയ്യുഹല്ലദീന ആമനൂ എന്ന കല്‍പനയിലൂടെയാണ്. ഈമാനും നമസ്‌കാരവും സകാത്തും നോമ്പും ഹജ്ജും തഖ്‌വയും എന്നുവേണ്ട എല്ലാ വിശ്വാസ കര്‍മങ്ങളും ജീവിതത്തില്‍ പുലര്‍ത്താന്‍ അല്ലാഹു കല്പിക്കുന്നത് യാ അയ്യുഹല്ലദീന ആമനൂ എന്ന കല്പനയിലൂടെ മാത്രമാണ്. അത് പുരുഷന്മാരോട് മാത്രമുള്ള കല്പനയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഇസ്‌ലാമിലെ ഒരു നിയമവും ബാധകമല്ല എന്നു പറയേണ്ടി വരും!
സ്ത്രീകള്‍ പള്ളികളില്‍ നമസ്‌കരിക്കുന്നത് നിഷിദ്ധമാക്കാന്‍ വേണ്ടി സമസ്തക്കാര്‍ ഭാഷാപരമായി ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഒരു വചനമാണ് സൂറത്തുന്നൂറിലെ 37-ാം വചനം. ”അവയില്‍ (പള്ളിയില്‍) പ്രഭാതത്തിലും പ്രദോഷത്തിലും ചില ആളുകള്‍ അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.” (നൂര്‍ 36,37)
ഈ വചനത്തില്‍ ‘ചില ആളുകള്‍’ എന്നതിന് ഖുര്‍ആന്‍ പ്രയോഗിച്ചത് രിജാലുന്‍ എന്ന പ്രയോഗമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സമസ്തക്കാര്‍ സ്ത്രീകള്‍ക്ക് പള്ളി നിഷിദ്ധമാക്കുന്നത്. ഇതും വിവരക്കേടും അസംബന്ധവുമാണ്. കാരണം റജുലുന്‍ (പുരുഷന്‍, വ്യക്തി) എന്ന പദത്തിന്റെ ബഹുവചനമാണ് രിജാലുന്‍ (പുരുഷന്മാര്‍, വ്യക്തികള്‍, ആളുകള്‍) എന്നത്. രിജാലുന്‍ എന്ന പദത്തിന് പുരുഷന്മാര്‍ എന്ന് മാത്രമാണ് അര്‍ഥമെങ്കില്‍ സ്ത്രീകള്‍ക്ക് രണ്ടു ഹൃദയങ്ങളുണ്ടെന്ന് സമസ്തക്കാര്‍ സമ്മതിക്കേണ്ടിവരും. അല്ലാഹു പറയുന്നു: ”യാതൊരു വ്യക്തിക്കും അവന്റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയങ്ങളുണ്ടാക്കിട്ടില്ല” (അഹ്‌സാബ് 4). ഇവിടെ വ്യക്തി, മനുഷ്യന്‍ എന്നൊക്കെയാണ് മുഫസ്സിറുകള്‍ അര്‍ഥം കൊടുത്തത്. അല്ലാത്തപക്ഷം സ്ത്രീകള്‍ക്ക് ഒന്നിലധികം ഹൃദയങ്ങളുണ്ടെന്ന് വരും.
റജുല് എന്ന പദത്തിന് പുരുഷന്‍ എന്നു മാത്രം അര്‍ഥം കൊടുത്താല്‍ സ്ത്രീയുടെ ദാനധര്‍മത്തിന് പ്രതിഫലമില്ല എന്ന് വരും. അന്ത്യദിനത്തില്‍ അര്‍ശിന്റെ തണല്‍ ലഭിക്കുന്ന ആണിനെയും പെണ്ണിനെയും കുറിച്ച് നബി(സ) ഇപ്രകാരമാണ് പറഞ്ഞത്: ”ഒരു മനുഷ്യന്‍ രഹസ്യമായി ദാനം ചെയ്യുന്നു. അവന്റെ വലതുകൈ ദാനം ചെയ്യുന്നത് ഇടതുകൈ പോലും അറിയുന്നില്ല” (ബുഖാരി, മുസ്‌ലിം). ഇവിടെ മനുഷ്യന്‍ എന്നതിന് നബി(സ) പ്രയോഗിച്ചത് റജുലുന്‍ എന്നാണ്.

Back to Top