6 Friday
December 2024
2024 December 6
1446 Joumada II 4

വിശുദ്ധ ഖുര്‍ആനിലെ ഉപമകളും ഹുക്മുകളും

പി കെ മൊയ്തീന്‍ സുല്ലമി

വിശുദ്ധ ഖുര്‍ആനില്‍ നിരവധി ഉപമകളുണ്ട്. ഇവ പല നിലകളിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. തംസീല്‍ (തുല്യപ്പെടുത്തല്‍), തശ്ബീഹ് (സാദൃശ്യപ്പെടുത്തല്‍), മജാസ് (ഭാവാര്‍ഥം), ഇസ്തിആറത്ത് (ആലങ്കാരികം) എന്നീ നിലകളിലെല്ലാം ഉപമകള്‍ കണ്ടെത്താന്‍ സാധിക്കും.
നിസ്സാരനായ കൊതുക് മുതല്‍ പണ്ഡിതന്മാരെ വരെ വിശുദ്ധ ഖുര്‍ആനില്‍ ഉപമിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ”ഏതൊരു വസ്തുവെയും ഉപമിക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല. അതൊരു കൊതുകോ അതിനേക്കാള്‍ നിസ്സാരമോ ആകട്ടെ.” (അല്‍ബഖറ 26)
ഉപമ കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് ആ ഉപമകളില്‍ നിന്നും ഉരുത്തിരിഞ്ഞു ലഭിക്കുന്ന പാഠങ്ങള്‍ പഠിക്കാനാണ്. ഏതൊരു ഉപമയായിരുന്നാലും അതില്‍ നിന്നും ഒരു മഹത്തായ പാഠം ഉദ്ദേശിച്ചിരിക്കും. അല്പം കൂടി വിശദമാക്കുന്ന പക്ഷം പ്രസ്തുത ഉപമയില്‍ നിന്നും നമുക്കൊരു ഹുക്മ് ലഭിക്കുന്നതാണ്. ഇവിടെ ഹുക്മ് കൊണ്ടുദ്ദേശിക്കുന്നത് മതവിധിയാണ്.
എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ചില യാഥാസ്ഥിതികരും നവയാഥാസ്ഥിതികരും അവരുടെ വിതണ്ഡവാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ഉപമകള്‍ ദുരുപയോഗം ചെയ്യുന്ന അവസ്ഥയാണ്. അഥവാ ഉപമകളില്‍ നിന്നും ഹുക്മുകള്‍ മനസ്സിലാക്കുന്നതിന് പകരം ഉപമകള്‍ തന്നെ ഹുക്മുകളാക്കുകയാണ്. ചില ഉദാഹരണങ്ങള്‍ വിവരിക്കാം:
അല്ലാഹു പറയുന്നു: ”താങ്കള്‍ക്ക് മുമ്പ് നമ്മുടെ ദൂതന്മാരായി നാം അയച്ചവരോട് ചോദിച്ചുനോക്കുക: പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്” (സുഖ്‌റുഫ് 45). ഈ വചനം ഒരു ആലങ്കാരിക പ്രയോഗമായിട്ടാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കാരണം മരണപ്പെട്ട അന്‍ബിയാക്കളോട് കാര്യങ്ങള്‍ ചോദിച്ചു പഠിക്കുകയെന്നത് അസംഭവ്യമായ കാര്യമാണ്. അതിനാല്‍ ഇവിടെ ഉദ്ദേശിക്കുന്നത് പ്രസ്തുത പ്രവാചകന്മാരുടെ ജീവിച്ചിരിക്കുന്ന അനുയായികളെയാണ്. അപ്രകാരം തന്നെയാണ് മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതും. ചുരുക്കം ചില മുഫസ്സിറുകള്‍ അത് ഇസ്‌റാഅ് രാവില്‍ നബി (സ)യോടുള്ള കല്പനയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ചില പണ്ഡിതന്മാര്‍ മേല്‍പറഞ്ഞ ഉപമയെ ഹുക്മാക്കി മാറ്റി മരിച്ചുപോയ അന്‍ബിയാക്കളോട് തേടാം എന്നാണവര്‍ വാദിക്കുന്നത്. അങ്ങനെയെങ്കില്‍ താഴെ വരുന്ന വചനത്തിന് അപ്രകാരം അര്‍ഥം കൊടുത്താലുള്ള സ്ഥിതിയെന്താകും? അല്ലാഹു പറയുന്നു: ”നിങ്ങള്‍ രാജ്യത്തോട് ചോദിച്ചുനോക്കുക.” (യൂസുഫ് 82)
രാജ്യത്തോട് എങ്ങനെ സംസാരിക്കും? രാജ്യം സംസാരിക്കുമോ? ഇവിടെ രാജ്യത്തോട് ചോദിക്കാന്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം ആ നാട്ടിലെ ജനങ്ങളെയാണ്.
മേല്‍ പറഞ്ഞ ഉപമയില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്ന മറ്റൊരു കാര്യം ഉപമയില്‍ പറയുന്ന കാര്യങ്ങള്‍ സംഭവിക്കുന്നതായിക്കൊള്ളണമെന്നില്ല. കാരണം പ്രവാചകന്മാരോട് ചോദിച്ചു കാര്യം മനസ്സിലാക്കലോ രാജ്യം സംസാരിക്കലോ സംഭവ്യമായ കാര്യങ്ങളല്ലല്ലോ? അതിനാല്‍ ഉപമകളെ ഹുക്മുകളാക്കാന്‍ പറ്റുന്നതല്ല. അതില്‍ നിന്നും നമുക്ക് ലഭിക്കുന്ന പാഠങ്ങളാണ് ഹുക്മുകള്‍ (മതവിധികള്‍).
ഉപമയെ ഹുക്മ് ആക്കി ദുര്‍വ്യാഖ്യാനിക്കുന്ന മറ്റൊരു ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക. ”പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മരിച്ചുവീഴുന്നവന്‍ എഴുന്നേല്ക്കുന്നതുപോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശപോലെ തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്” (അല്‍ബഖറ 275)
ഈ വചനം പലിശയെ കച്ചവടമാക്കി ന്യായീകരിച്ചുകൊണ്ട് ഭക്ഷിച്ചാല്‍ അന്ത്യദിനത്തില്‍ വരാന്‍ പോകുന്ന അവസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്. ഇവിടെ പിശാചു ബാധയേറ്റു മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നതുപോലെ എന്നു പറയാന്‍ കാരണം പൈശാചിക പ്രേരണക്കു വഴങ്ങി പലിശ മുതല്‍ ഭക്ഷിക്കുന്നതു കൊണ്ടാണ്. ഖുര്‍ആനിലും ഹദീസുകളിലും ഒരുപാട് ചീത്ത കാര്യങ്ങളെ പിശാചിലേക്ക് ചേര്‍ത്തു പറഞ്ഞതായി കാണാം. എന്നാല്‍ ചിലര്‍ ഈ ഉപമയെ തന്നെ ഹുക്മായി മാറ്റുകയാണ്. അവര്‍ പറയുന്നത് പിശാച് മനുഷ്യരെ ശാരീരികമായി ദ്രോഹിക്കുമെന്നതിന് മേല്‍വചനം തെളിവാകുന്നു എന്നാണ്. അവര്‍ ഉപമ തന്നെ ഹുക്മാക്കി മാറ്റുകയാണ്.
ഈ വ്യാഖ്യാനം പല നിലക്കും ശരിയല്ല.
(ഒന്ന്), പിശാചിന്റെ പ്രവര്‍ത്തന മേഖല മനസ്സ് മാത്രമാണ്. മനുഷ്യശരീരത്തില്‍ കയറി ദ്രോഹിക്കാനുള്ള കഴിവോ അധികാരമോ പിശാചിന് അല്ലാഹു നല്‍കിയിട്ടില്ല. അക്കാര്യം സൂറത്ത് ഇബ്‌റാഹീമിലും (വചനം 22) സബഇലും (21) സ്വാഫ്ഫാത്തിലും (30) അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത വചനങ്ങളെ വ്യാഖ്യാനിച്ച മുഫസ്സിറുകളെല്ലാം അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അവരെല്ലാം രേഖപ്പെടുത്തിയത് ‘പിശാചിന് മനുഷ്യരെ തെറ്റിലേക്ക് പ്രേരിപ്പിക്കാനുള്ള കഴിവു മാത്രമേ അല്ലാഹു നല്‍കിയിട്ടുള്ളൂ’ എന്നാണ്.
(രണ്ട്), ലോകത്ത് ലക്ഷക്കണക്കിന് പലിശയുടെ കേന്ദ്രങ്ങളും കോടിക്കണക്കിന് പലിശ തിന്ന് ജീവിക്കുന്നവരുമുണ്ട്. പലിശ തിന്നുന്നതിന്റെ പേരില്‍ പിശാച് ആരെയും വീഴ്ത്തിയതായി കേട്ടുകേള്‍വി പോലുമില്ല. പിശാചിനെ ശിക്ഷ നല്‍കാന്‍ അല്ലാഹു ചുമതലപ്പെടുത്തിയിട്ടുമില്ല.
(മൂന്ന്) പിശാചിന്റെ പ്രവര്‍ത്തന മേഖല ദുനിയാവ് മാത്രമാണ്. ലോകാവസാനം വരെ ജനങ്ങളെ വഴിതെറ്റിക്കാനുള്ള ആയുസ്സ് മാത്രമേ പിശാചിന് അല്ലാഹു നല്‍കിയിട്ടുള്ളൂ എന്ന് സൂറത്ത് അഅ്‌റാഫില്‍ (വചനം 14,15) അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട്. മേല്‍ പറഞ്ഞ മറിഞ്ഞുവീഴല്‍ പരലോകത്തു വെച്ചാണെന്ന് പ്രാമാണികരായ മുഫസ്സിറുകളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു അബ്ബാസ്, ഇക്‌രിമ, ഹസന്‍, ഖതാദ, ഇബ്‌നുജരീര്‍, ഖുര്‍ത്വുബി, ഇമാം മഹല്ലി, ജലാലുദ്ദീനുസ്സുയൂഥി, ഇബ്‌നു ഹജറുല്‍ അസ്ഖലാനം(റ) തുടങ്ങി നിരവധി പേര്‍ തഫ്‌സീറുകളിലും അവരുടെ ഗ്രന്ഥങ്ങളിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
(നാല്) പിശാച് വീഴ്ത്തും എന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. പിശാച് അവന്റെ ദുര്‍ബോധനത്തിന് ശ്രമം നടത്തുന്നതിനെയും ‘പിശാച് വീഴ്ത്തും’ എന്ന് പറയും. നബി(സ)യുടെ താഴെ വരുന്ന പ്രാര്‍ഥന ശ്രദ്ധിക്കുക: ”അല്ലാഹുവേ പിശാച് മറിച്ചുവീഴ്ത്തുന്നതില്‍ നിന്നും മരണ സമയം എനിക്ക് രക്ഷ നല്‍കേണമേ” (അബൂദാവൂദ്). ഇവിടെ ‘മറിച്ചുവീഴ്ത്തല്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് പിശാചിന്റെ ദുര്‍ബോധനമാണ്. കാരണം പിശാചിന്റെ എല്ലാവിധ ശര്‍റില്‍ നിന്നും സംരക്ഷണം നല്‍കപ്പെട്ട വ്യക്തിയാണ് നബി(സ). മരണസമയത്ത് ഇന്നേവരെ പിശാച് ആരെയെങ്കിലും മറിച്ചുവീഴ്ത്തിയതായി കേട്ടിട്ടുമില്ല.
(അഞ്ച്), ഉപമയില്‍ പറയപ്പെടുന്ന കാര്യം സംഭവ്യമല്ല എന്ന് മുന്‍ ഉപമകളില്‍ നിന്നും മനസ്സിലാക്കിയല്ലോ. താഴെ വരുന്ന, പിശാചിനോട് സാദൃശ്യപ്പെടുത്തുന്ന ഉപമയില്‍ നിന്നും അക്കാര്യം കൂടുതല്‍ ബോധ്യപ്പെടും.
”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ചു നോക്കാനുള്ള അമ്പുകളും പിശാചിന്റെ മ്ലേച്ഛ വൃത്തി മാത്രമാകുന്നു” (മാഇദ 90). ഈ ഉപമ പിശാചിന്റെ പ്രേരണക്കു വഴങ്ങി തെറ്റുകള്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യരോടാണ്. ഇവിടെ ഉപമയെ ഹുക്മാക്കുന്ന പക്ഷം പിശാച് കള്ളുകുടിക്കുന്നു, ഭാഗ്യപരീക്ഷണം നടത്തുന്നു, വിഗ്രഹാരാധന നടത്തുന്നു, ലക്ഷണം നോക്കുന്നു എന്നൊക്കെ സമ്മതിക്കേണ്ടി വരും. ഉപമയില്‍ പറയുന്നതുപോലെ സംഭവിക്കാറുമില്ല.
മേല്‍ പറഞ്ഞ ഉപമയില്‍ നിന്നും ഗ്രഹിക്കാവുന്ന വിധി പിശാചിന്റെ ദുര്‍ബോധനങ്ങള്‍ക്ക് വഴങ്ങി മേല്‍ പറഞ്ഞ ഹറാമും ശിര്‍ക്കുമായ കാര്യങ്ങള്‍ മനുഷ്യര്‍ ചെയ്യരുത് എന്നാണ്. അപ്പോള്‍ ഉപമകളെ ഹുക്മുകളാക്കി മാറ്റിയാല്‍ ശരിയായ പാതയില്‍ നിന്നും വഴി തെറ്റുമെന്ന് മനസ്സിലാക്കണം. ഖുര്‍ആനിലും ഹദീസുകളിലും വന്നിട്ടുള്ള ഉപമകളെ ഹുക്മുകളാക്കാന്‍ പറ്റുന്നതല്ലെന്ന് ചില ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാം.
താഴെ വരുന്ന ഉപമ തൗഹീദിനെക്കുറിച്ചാണ്. ”അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേതുപോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ” (അന്‍കബൂത് 41). ഇവിടെ, അല്ലാഹു അല്ലാതെ പ്രാര്‍ഥിക്കപ്പെടുന്നവരെ എട്ടുകാലി വലയോട് ഉപമിച്ചിരിക്കുകയാണ്. ഈ ഉപമയെ ഹുക്മാക്കുന്ന (മതവിധി) പക്ഷം അല്ലാഹു അല്ലാതെ പ്രാര്‍ഥിക്കുപ്പെടുന്ന പ്രവാചകന്മാരെയും മറ്റു മഹത്തുകളെയും എട്ടുകാലിയുടെ വലയായി ചിത്രീകരിക്കാം എന്നാണ് വരിക. അത് കുറ്റകരവും നിഷിദ്ധവുമാണ്. മറിച്ച്, ഈ ഉപമ നല്‍കുന്ന ഹുക്മിനോട് ചിന്തിച്ചാല്‍ അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന എട്ടുകാലി വല പോലെ ദുര്‍ബലവും ഫലശൂന്യവുമാണെന്ന് മനസ്സിലാക്കാം.
മറ്റൊരു ഉപമ ദുനിയാവിനു വേണ്ടി ആഖിറത്തിനെ ബലി കൊടുക്കുന്ന മൂസാനബി(അ)യുടെ കാലത്ത് ജീവിച്ച ഒരു പണ്ഡിതനെക്കുറിച്ചാണ്. ”അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടേത് പോലെയാകുന്നു. നീ അതിനെ അക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും” (അഅ്‌റാഫ് 176). ദുനിയാവിനു വേണ്ടി മാത്രം ജീവിക്കുന്ന പണ്ഡിതന്മാരെ ഉപദേശിച്ചാലും ഇല്ലെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലാ എന്നാണ് മേല്‍ പറഞ്ഞ ഉപമയില്‍ നിന്നു ലഭിക്കുന്ന വിധിയും പാഠവും. മറിച്ച് ഈ ഉപമയെ ഹുക്മായി സ്വീകരിക്കുന്ന പക്ഷം ദുനിയാവിനു വേണ്ടി മാത്രം ജീവിക്കുന്ന പണ്ഡിതന്മാരെ നായയെന്നും പട്ടിയെന്നും അഭിസംബോധന ചെയ്യാമെന്നാണ് വരിക. അതിന് നമുക്ക് ശറഅ് അനുവാദം നല്‍കിയിട്ടില്ലല്ലോ?
മറ്റൊരു ഉപമ ശ്രദ്ധിക്കുക: ”അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസാ നബി(അ) യെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു” (ആലുഇംറാന്‍ 59). ഇവിടെ പിതാവില്ലാതെ ജനിച്ചതിന്റെ പേരില്‍ ഈസായെ(അ) ദൈവപുത്രനാക്കുന്ന ക്രിസ്ത്യാനികള്‍ക്ക് പാഠമായിട്ടാണ് ഈ ഉപമ. അങ്ങനെയാണെങ്കില്‍ ആദമിന്(അ) മാതാവും പിതാവുമില്ലല്ലോ! ഈസാ(അ) ദൈവപുത്രനും ദൈവവുമാണെങ്കില്‍ ആദം നബി(അ) അതിനേക്കാള്‍ വലിയ ദൈവമാകേണ്ടതല്ലേ എന്ന ഗുണപാഠമാണ് അല്ലാഹു ക്രിസ്ത്യാനികള്‍ക്ക് നല്‍കുന്നത്. മറിച്ച് ഉപമയെ വിധിയാക്കുന്ന പക്ഷം ആദം നബി(അ)യും ഈസാനബി(അ)യും സൃഷ്ടിപ്പില്‍ തുല്യമാണെന്ന് വരും. അത് ഒരിക്കലും ശരിയല്ലല്ലോ?

Back to Top