23 Monday
December 2024
2024 December 23
1446 Joumada II 21

ജന്മദിനാഘോഷത്തിന് പ്രമാണങ്ങളുടെ പിന്‍ബലമോ?

പി കെ മൊയ്തീന്‍ സുല്ലമി

മൗലീദിനും മൗലീദാഘോഷങ്ങള്‍ക്കും അടിസ്ഥാനപരമായി പ്രമാണങ്ങളുടെ പിന്‍ബലമില്ല. നബി(സ)യുടെ ജന്മവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കപ്പെടുന്നവ വിശുദ്ധ ഖുര്‍ആനിനും തിരുസുന്നത്തിനും വിരുദ്ധവും തള്ളപ്പെടേണ്ടതുമാണ്. പ്രവാചകത്വത്തിനു മുമ്പ് നബി(സ)യുടെ അവസ്ഥ വിലയിരുത്തി വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുന്നു: ”താങ്കളെ അവന്‍ വഴിയറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് താങ്കള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.” (ളുഹാ 7)
”താങ്കള്‍ക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് താങ്കള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ അത് ലഭിക്കുകയുണ്ടായി.” (ഖസ്വസ്വ് 86). ”വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് താങ്കള്‍ക്കറിയുമായിരുന്നില്ല. പക്ഷേ അതിനെ നാം ഒരു പ്രകാശമാക്കിയിരിക്കുന്നു.” (ശൂറാ 52)
നബി(സ)യുടെ ജന്മത്തോടനുബന്ധിച്ച് പല അത്ഭുതങ്ങളും സംഭവിച്ചതായി ഇമാം ബൈഹഖി ദലാഇലുന്നുബുവ്വയില്‍ (1:127) രേഖപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം അടിസ്ഥാനരഹിതമാണ്. ”നബി(സ)യുടെ ജനനത്തോടുകൂടി ഭൂമുഖത്തുള്ള സകല വിഗ്രഹങ്ങളും തലകുത്തി വീണു. കിസ്‌റായുടെ കൊട്ടാരം വിറച്ചു. പേര്‍ഷ്യക്കാര്‍ ആരാധിച്ചിരുന്ന തീ കെട്ടടങ്ങി, സാവാ തടാകം വറ്റി എന്നിങ്ങനെ പോകുന്നു അത്ഭുതങ്ങള്‍.
നബി(സ)യുടെ ജന്മത്തോടെ വിഗ്രഹങ്ങളെല്ലാം തലകുത്തി വീണെങ്കില്‍ പിന്നെ എപ്പോഴാണവ വീണ്ടും എഴുന്നേറ്റുനിന്നത്. സാവാ തടാകം വറ്റിയെങ്കില്‍ പിന്നെ എന്നാണ് പ്രസ്തുത തടാകത്തില്‍ വെള്ളം നിറഞ്ഞത്. നബി(സ) യുടെ ജന്മം കൊണ്ട് വെള്ളം വറ്റുന്ന പ്രശ്‌നമേയില്ല. അല്ലാഹു പറയുന്നു: ”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല.” (അന്‍ബിയാഅ് 107)
മേല്‍ രേഖപ്പെടുത്തിയ ബൈഹഖിയുടെ ഹദീസ് തള്ളപ്പെടേണ്ടതും ഒറ്റപ്പെട്ടതുമാണെന്ന് ഇമാം ദഹബി(റ) സീറത്തുന്നബവിയ്യയിലും (1:127) ഇബ്‌നുകസീര്‍(റ) അല്‍ബിദായത്തു വന്നിഹായയിലും (2:351) രേഖപ്പെടുത്തിയിട്ടുണ്ട്. ജന്മദിനം കൊണ്ടുള്ള ഗുണമായി പറയുന്നത് അബൂലഹബിന് നബിയുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിച്ചതിനാല്‍ നരകത്തില്‍ ഒരുതരം കുടിനീര്‍ നല്‍കപ്പെടുന്നുണ്ട് എന്നതാണ്. ഇത് അബൂലഹബിന്റെ ഒരു ബന്ധു സ്വപ്‌നം കണ്ട കഥയാണ് ബുഖാരിയില്‍ രേഖപ്പെടുത്തിയത്. അതിപ്രകാരമാണ്: നബി(സ) ജനിച്ച സന്തോഷം കാരണം അബൂലഹബ് തന്റെ അടിമസ്ത്രീയായിരുന്ന സുവൈബത്ത് എന്നവരെ മോചിപ്പിച്ചു. അതിനാല്‍ നരകത്തില്‍ കുടിനീര്‍ ലഭിക്കുന്നതായി ഒരു ബന്ധു സ്വപ്‌നം കണ്ടു.
ഈ കഥ ഒരു നിലക്കും യോജിക്കുന്നതല്ല. അതിന് പല കാരണങ്ങളുണ്ട്. ഒന്ന്: നരകത്തില്‍ അല്‍പമെങ്കിലും ഇളവുണ്ടെങ്കില്‍ അത് അബൂത്വാലിബിന് മാത്രമാണ്. അത് മരണം വരെ നബി(സ)യെ സംരക്ഷിച്ചുപോന്നതിനാണ്.
രണ്ട്: അബൂലഹബ് ഇസ്‌ലാമിന്റെ ഒന്നാം ശത്രുവാണ്. മറ്റുള്ള ഒരു മുശ്‌രിക്കിനും നരകത്തില്‍ ഇളവില്ല എന്നിരിക്കെ അബൂലഹബിന് മാത്രം എങ്ങനെയാണ് ഇളവു ലഭിക്കുക.
മൂന്ന്: അല്ലാഹു പറയുന്നു: ”തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ കടക്കുന്നതാണ്.” ഒരു ഇളവും ഇല്ലാ എന്നാണ് മേല്‍വചനം സൂചിപ്പിക്കുന്നത്.
നാല്: സ്വപ്‌നം കണ്ടത് അമുസ്‌ലിമായിരിക്കാനാണ് സാധ്യത. അത് സംശയമന്യേ തെളിയിക്കപ്പെട്ടിട്ടില്ല. ഇനി മുസ്‌ലിമിന്റെ സ്വപ്‌നം പോലും ദീനില്‍ തെളിവല്ലെന്ന് ഇജ്മാഅ് (ഏകോപനം) ഉണ്ട്. ആ നിലയിലും ഈ കഥ സ്വീകാര്യയോഗ്യമല്ല.
അഞ്ച്: ഈ കഥ ഖുര്‍ആനിന്ന് വിരുദ്ധമാണ്. ഇബ്‌നുഹജര്‍(റ) പറയുന്നു: ”ഈ ഹദീസില്‍ സത്യനിഷേധി നന്മ ചെയ്താല്‍ പരലോകത്ത് പ്രതിഫലം ലഭിക്കും എന്നതിന് തെളിവുണ്ടെങ്കിലും ഇത് ഖുര്‍ആനിന്ന് എതിരാണ്.” (ഫത്ഹുല്‍ബാരി 11:404).
ആറ്: അബൂലഹബ് സുവൈബത്തിനെ മോചിപ്പിച്ചത് നബി(സ)യെ പ്രസവിച്ച സന്തോഷം കാരണത്താലല്ല. നബി(സ) മദീനയിലേക്ക് ഹിജറ പോയപ്പോഴാണ്. ഇബ്‌നുഹജര്‍(റ) പറയുന്നു: ”നബി(സ) മദീനയിലേക്ക് പലായനം ചെയ്തപ്പോഴാണ് അബൂലഹബ് അവരെ മോചിപ്പിച്ചത്” (അല്‍ഇസ്വാബ 4:250). ഇതേ അഭിപ്രായം തന്നെയാണ് ഇബ്‌നുല്‍അസീര്‍(റ) രേഖപ്പെടുത്തിയതും. (അല്‍കാമില്‍ 1:270)
നബി(സ)യുടെ ജനനം തിങ്കളാഴ്ചയായിരുന്നുവെന്ന് സ്വഹീഹ് മുസ്‌ലിമില്‍ വന്നിട്ടുണ്ടെങ്കിലും റബീഉല്‍ അവ്വല്‍ 12-ന് ആയിരുന്നുവെന്ന് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നുകസീര്‍(റ) പറയുന്നു: ”ഇബ്‌നു അബ്ദുല്‍ബര്‍റു(റ) ഇസ്തീആബ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത് നബി(സ)യുടെ ജനനം റബീഉല്‍ അവ്വല്‍ രണ്ടിനുശേഷമായിരുന്നു എന്നാണ്. റബീഉല്‍ അവ്വല്‍ 8-ന് ശേഷമായിരുന്നു എന്നും അഭിപ്രായമുണ്ട്. ഇമാം ഹുമൈദി(റ) ഇബ്‌നു ഹസമില്‍(റ) നിന്നു അപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്. ഇമാം മാലിക്ക്, ഉഖൈലി, യൂനുസ്ബ്‌നു യസീദ് എന്നിവരും മറ്റു ചിലരും സുഹ്‌രിയില്‍(റ) നിന്നു അപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു ദിഹ്‌യയില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നത് 10 കഴിഞ്ഞതിന് ശേഷമായിരുന്നു എന്നാണ്. റബീഉല്‍ അവ്വല്‍ 12-ന് ശേഷമായിരുന്നു എന്നാണ് ഇബ്‌നു ഇസ്ഹാഖ്(റ) വ്യക്തമാക്കുന്നത്. ഇബ്‌നു അബ്ബാസ്(റ), ജാബിര്‍(റ) എന്നിവരില്‍ നിന്നു ഇബ്‌നു അബീശൈബ മുസ്വന്നഫ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത് നബി(സ)യുടെ ജനനം ആനക്കലഹവര്‍ഷം റബീഉല്‍ അവ്വല്‍ 18-ന് ആയിരുന്നുവെന്നാണ്.” (അല്‍ബിദായത്തുവന്നിഹായ 2:338)
നബി(സ) ജനിച്ചത് റമദാനിലാണെന്നു അഭിപ്രായപ്പെട്ടവരുമുണ്ട്. ഇബ്‌നുകസീര്‍(റ) പറയുന്നു: ”രണ്ടാമത്തെ അഭിപ്രായം അദ്ദേഹ റമദാനിലാണ് ജനിക്കപ്പെട്ടത് എന്നാണ്. ഇബ്‌നു അബ്ദുല്‍ബര്‍റ്(റ) സുബൈറുബ്‌നുല്‍ ബുകാറില്‍(റ) നിന്നു അപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്. റമദാന്‍ 12-നു ശേഷം മക്കയിലാണ് അദ്ദേഹം ജനിക്കപ്പെട്ടത് എന്നും അഭിപ്രായമുണ്ട്.” (അല്‍ബിദായത്തു വന്നിഹായ 2:339)
ജന്മദിനാഘോഷം അനാചാരങ്ങളില്‍ പെട്ടതാണെന്ന് മുന്‍ഗാമികളും പിന്‍ഗാമികളായ നിരവധി പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് ഇരുവിഭാഗം സമസ്തക്കാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഫാകിഹാനിയുടെ ഫത്‌വ ജാലുദ്ദീനുസ്സുയൂഥി രേഖപ്പെടുത്തി: ഈ മൗലിദാഘോഷത്തിന് ഖുര്‍ആനിലോ സുന്നത്തിലോ യാതൊരു അടിസ്ഥാനവും ഉള്ളതായി നാം മനസ്സിലാക്കിയിട്ടില്ല. കഴിഞ്ഞുപോയ പണ്ഡിതന്മാരില്‍ നിന്ന് അങ്ങനെ ഒരു കര്‍മം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. എന്നാല്‍ അത് ദേഹേച്ഛയെ പിന്‍തുടര്‍ന്നു ജീവിക്കുന്നവരും ശാപ്പാടുകാരുമായ ചില വെറിയന്മാര്‍ നിര്‍മിച്ചുണ്ടാക്കിയതുമാ ണ്. ഇങ്ങനെ ഒരാചാരം മതം അനുവദിക്കുകയോ സ്വഹാബത്തോ താബിഉകളോ ആചരിക്കുകയോ ചെയ്തിട്ടില്ല. ദീനില്‍ അനാചാരമുണ്ടാക്കാന്‍ മുസ്‌ലിം പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായത്തില്‍ അനുവദനീയമല്ല. അതിനാല്‍ ഇത് വെറുക്കപ്പെട്ട അനാചാരമോ നിഷിദ്ധമോ ആയിരിക്കാനേ സാധ്യതയുള്ളൂ.” (അല്‍ഹാവീലില്‍ ഫതാവ 1:253)
ഇബ്‌നുഹജറുല്‍ അസ്ഖലാനിയുടെ ഫത്‌വ ഇപ്രകാരമാണ്: ഹദീസ് മനപ്പാഠമുള്ള പ്രമുഖ പണ്ഡിതന്‍ ഇബ്‌നു ഹജറിനോട്(റ) മൗലീദാഘോഷത്തെക്കുറിച്ച് ചോദിക്കപ്പെട്ടു. അദ്ദേഹം വ്യക്തമായ രീതിയില്‍ മറുപടി നല്‍കി. മൗലീദിന്റെ അടിത്തറ തന്നെ അനാചാരമാണ്. ഹിജ്‌റ 3-ാം നൂറ്റാണ്ടുവരെയുള്ള ഒരു പണ്ഡിതനും അത് പുണ്യമാണെന്നു പറഞ്ഞിട്ടില്ല.” (അല്‍ഹാവീലില്‍ ഫതാവാ 1:260)
സയ്യിദുല്‍ ബക്‌രി(റ)യുടെ ഫത്‌വ ശ്രദ്ധിക്കുക: ”മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് മൗലിദെന്ന അനാചാരം രംഗപ്രവേശം ചെയ്തതെന്ന് ഇമാം സഖാവി പ്രസ്താവിച്ചിരിക്കുന്നു. ആദ്യമായി അത് നിര്‍മിച്ചുണ്ടാക്കിയത് ‘യര്‍ബുല്‍’ നാട്ടുകാരനായ മുള്ഫര്‍ എന്ന രാജാവാണ്. അദ്ദേഹത്തിന് മൗലിദ് ഗ്രന്ഥം രചിച്ചുകൊടുത്തത് ഇബ്‌നുദിഹ്‌യ എന്ന പണ്ഡിതനാണ്. അതിന് പ്രതിഫലമായി രാജാവ് അദ്ദേഹത്തിന് നല്‍കിയത് ആയിരം സ്വര്‍ണനാണയമാണ്.” (ഇആനത്തുത്ത്വാലിബീന്‍ 3:348)
മൂന്നാം നൂറ്റാണ്ടിനു ശേഷമാണ് മൗലിദ് കഴിക്കുന്ന സമ്പ്രദായമുണ്ടായതെന്ന് ജലാലുദ്ദീനുസ്സുയൂഥിയും രേഖപ്പെടുത്തിയിട്ടുണ്ട്: ”ആദ്യമായി മൗലിദാഘോഷം നിര്‍മിച്ചുണ്ടാക്കിയത് യര്‍ബുല്‍ രാജ്യക്കാരനായ മുള്ഫര്‍ രാജാവായിരുന്നു.” (അല്‍ഹാവീലില്‍ ഫതാവാ 1:252). മുള്ഫര്‍ രാജാവ് ഫാത്വിമിയാക്കളില്‍ പെട്ട ശിയാ ഭരണാധികാരിയായിരുന്നു എന്ന് മനസ്സിലാക്കണം.
ഈ വിഷയസംബന്ധമായി ഇമാം ശാത്വബി രേഖപ്പെടുത്തുന്നു: ”ഒരേ ശബ്ദത്തില്‍ പ്രത്യേകമായ രൂപത്തിലും ഭാവത്തിലും ദിക്‌റുകള്‍ ചൊല്ലുക, നബി(സ)യുടെ ജന്മദിനം ആഘോഷമാക്കുക എന്നിവ അനാചാരങ്ങളില്‍ പെട്ടതാണ്.” (അല്‍ഇഅ്തിസ്വാം 1:53)
എന്നാല്‍ ഇബ്‌നുല്‍ ജൗസി(റ) രേഖപ്പെടുത്തുന്നത് മുള്ഫര്‍ രാജാവിന് മുമ്പുതന്നെ മൗലിദെന്ന അനാചാരത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്നാണ്. ”ആദ്യമായി മൗലിദ് സംഘടിപ്പിച്ചത് മൊസൂല്‍ പട്ടണത്തില്‍ അശ്ശൈഖ് ഉമറുബ്‌നു മുഹമ്മദുല്‍ മൊല്ലയാണ്. യര്‍ബുല്‍കാരനായ മുള്ഫര്‍ രാജാവ് അദ്ദേഹത്തെ പിന്തുടര്‍ന്നുപോന്നതാണ്.” (മിര്‍ആത്തുസ്സമാന്‍ 8:310)
ഇമാം അബൂശാമ(റ)യുടെ കിതാബുല്‍ ബാഇസിയുടെ വിശദീകരണത്തില്‍ രേഖപ്പെടുത്തിയ ഇപ്രകാരമാണ്: ”ഫാത്വിമിയാക്കള്‍ക്ക് (ശിയാഭരണകൂടം) മുമ്പ് ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ മൗലിദിനെ സംബന്ധിച്ച് അറിയപ്പെട്ടിരുന്നില്ല.” (ഹാമിശ്, കിതാബുല്‍ ബാഇസ്, പേ: 97)
ഇസ്മാഈലുല്‍ അന്‍സ്വാരി പറയുന്നു: ”ഫാത്വിമിയാ ഭരണകൂടങ്ങള്‍ക്കു മുമ്പ് ഇസ്‌ലാമിക ലോകത്ത് മൗലീദിനെക്കുറിച്ച് അറിയപ്പെടുക പോലും ചെയ്തിരുന്നില്ല.” (അല്‍ഖൗലുല്‍ഫസ്വല്‍, പേ: 70)
മൗലീദാഘാഷത്തിന്റെ നിര്‍മാതാക്കള്‍ ശീഅകളാണെന്ന് നിസ്സംശയം പറയാവുന്നതാണ്. കേരളത്തില സമസ്തക്കാരും മൗലിദാഘോഷം അനാചാരമാണെന്ന് സമ്മതിക്കുന്നവരാണ്. പക്ഷേ, അവരുടെ വാദം പുതിയ അനാചാരങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് അധികാരമുണ്ടെന്നാണ്. അതിനവര്‍ കൊടുത്ത പേര് പുതിയ ബിദ്അത്ത് എന്നോ നല്ല ബിദ്അത്ത് എന്നോ ആണ്. ‘ദീന്‍ പൂര്‍ത്തിയാക്കപ്പെട്ടു’ എന്ന മാഇദയിലെ 3-ാം വചനം കേരളത്തിലെ സമസ്തക്കാര്‍ക്ക് ബാധകല്ല എന്നാണവരുടെ വാദം. എങ്കിലും മൗലീദ് ബിദ്അത്താണെന്ന് അവരും സമ്മതിക്കുന്നു. ”അടിസ്ഥാനപരമായി മൗലീദ് ബിദ്അത്താണ്.” (സുന്നി വോയ്‌സ്, 2000 ജൂലായ്)
”ഇമാം സുയൂഥിയുടെ അഭിപ്രായത്തില്‍ ഹിജ്‌റ 6-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ നബിദിനാഘോഷം നടന്നിട്ടുണ്ട്” (സുന്നത്ത് മാസിക 2001, ജൂണ്‍)
”വര്‍ഷം തോറും നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്നുവരുന്ന ദാനധര്‍മങ്ങളും സല്‍കര്‍മങ്ങളും സന്തോഷപ്രകടനങ്ങളും അലങ്കാരങ്ങളുമെല്ലാം നമ്മുടെ കാലത്തുണ്ടായ ഏറ്റവും നല്ല പുത്തനാചാരങ്ങളാണ്.” (സുന്നീഅഫ്കാര്‍, 1999 ജൂണ്‍)
”റബീഉല്‍ അവ്വലില്‍ നബിയുടെ ജന്മദിനം കൊണ്ടാടുന്ന രീതി സ്വഹാബികളുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്” (തെളിച്ചം മാസിക, 2011 ഫെബ്രുവരി)

Back to Top