23 Monday
December 2024
2024 December 23
1446 Joumada II 21

അമിത സ്വര്‍ണഭ്രമം കുറ്റകരം

പി കെ മൊയ്തീന്‍ സുല്ലമി

ഭാര്യമാരെയും സന്താനങ്ങളെയും പ്രിയംവെക്കല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമാണ്. വാഹനങ്ങള്‍, കാലികള്‍, കൃഷി എന്നിവയെല്ലാം തന്റെയും കുടുംബത്തിന്റെയും ജീവിതം പുലര്‍ത്താന്‍ അനിവാര്യമായ ഘടകങ്ങളായതിനാല്‍ അവയോട് പ്രിയംവെക്കലും ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ സ്വര്‍ണത്തിനോടും വെള്ളിയോടുമുള്ള പ്രേമം അനുവദനീയം മാത്രമാണ്. മുസ്‌ലിംകളെ സംബന്ധിച്ച് സ്വര്‍ണം ഉപയോഗിക്കുകയെന്നത് നിര്‍ബന്ധമോ സുന്നത്തോ ഫര്‍ദ്വ് ഐനോ ഫര്‍ദ്വ് കിഫായയോ ഒന്നും തന്നെയല്ല.

സ്വര്‍ണം ഉപയോഗിക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമാണ് അനുവാദമുള്ളത്. എന്നാല്‍ സ്വര്‍ണം അണിയുന്നത് സ്ത്രീകളെ സംബന്ധിച്ച് നിര്‍ബന്ധമോ സുന്നത്തോ ആയ കാര്യമല്ല. അനുവദനീയം മാത്രമാണ്. സ്വര്‍ണം മനുഷ്യജീവിതത്തില്‍ ഒരു അവശ്യവസ്തുവല്ല. ആഡംബര വസ്തു മാത്രമാണ്. സ്ത്രീകളെ സംബന്ധിച്ച് അതൊരു സൗന്ദര്യവര്‍ധക വസ്തുവാണെങ്കിലും അതിന്റെ ആധിക്യം പൊങ്ങച്ചത്തിന്റെയും അഹങ്കാരത്തിന്റെയും അടയാളമായി മാറിയിരിക്കുന്നു.
അല്ലാഹു പറയുന്നു: ”ഭാര്യമാര്‍, സന്താനങ്ങള്‍, സ്വര്‍ണം, വെള്ളി എന്നിവയുടെ കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, നാല്‍ക്കാലികള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോക ജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു മനുഷ്യര്‍ക്ക് ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.” (ആലുഇംറാന്‍ 14)
മേല്‍ വചനം മുസ്‌ലിംകളുടെ മാത്രം അവസ്ഥയെ സംബന്ധിച്ചല്ല. ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും അവസ്ഥയാണ്. മേല്‍ പറഞ്ഞ വസ്തുക്കളോടെല്ലാം ഒരേ സമീപനമല്ല ഇസ്‌ലാം സ്വീകരിച്ചുവരുന്നത്. കാരണം ഭാര്യമാരെയും സന്താനങ്ങളെയും പ്രിയംവെക്കല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമാണ്. വാഹനങ്ങള്‍, കാലികള്‍, കൃഷി എന്നിവയെല്ലാം തന്റെയും കുടുംബത്തിന്റെയും ജീവിതം പുലര്‍ത്താന്‍ അനിവാര്യമായ ഘടകങ്ങളായതിനാല്‍ അവയോട് പ്രിയംവെക്കലും ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ സ്വര്‍ണത്തിനോടും വെള്ളിയോടുമുള്ള പ്രേമം അനുവദനീയം മാത്രമാണ്. മുസ്‌ലിംകളെ സംബന്ധിച്ച് സ്വര്‍ണം ഉപയോഗിക്കുകയെന്നത് നിര്‍ബന്ധമോ സുന്നത്തോ ഫര്‍ദ്വ് ഐനോ ഫര്‍ദ്വ് കിഫായയോ ഒന്നും തന്നെയല്ല.
എത്ര ഉപകാരപ്രദമായ വസ്തുവാണെങ്കിലും അത് ദോഷമാണെങ്കില്‍ നാം എടുത്തുകളയും. അതിന്നുദാഹരണമാണ് നമ്മുടെ പല്ല്. അത് നമ്മുടെ ആരോഗ്യത്തിനും മുഖസൗന്ദര്യം നിലനിര്‍ത്താനും ഭക്ഷണം കഴിക്കാനും ആവശ്യമാണ്. അത് കേടുവന്നാല്‍ പറിച്ചു ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ പല്ലുവേദനക്ക് പല്ലുകള്‍ പറിച്ചുമാറ്റാതെ തന്നെ പല ചികിത്സകളും ഇന്ന് ലഭ്യമാണ്. സ്വര്‍ണവും വെള്ളിയും ആഭരണമായോ സൂക്ഷിപ്പുവസ്തുക്കളായോ സംഭരിച്ചുവെക്കല്‍ പ്രശ്‌നകലുഷിതമായ ഒന്നാണ്.
പത്തര പവന്‍ മുതല്‍ 500 പവന്‍ വരെയും അതിലധികവും ആഭരണങ്ങള്‍ നല്‍കുന്നവരും അണിയുന്നവരും സൂക്ഷിച്ചുവെക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ ഇതിന് സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണെന്ന കാര്യം ഇവര്‍ ചിന്തിക്കാറില്ല. അല്ലാഹു പറയുന്നു: ”സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനാജനകമായ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്തയറിയിക്കുക.” (തൗബ 34)
ഇസ്‌ലാം ധൂര്‍ത്തിനും അത്യാഡംബരങ്ങള്‍ക്കും എതിരാണ്. ഇസ്‌ലാം എല്ലാ കാര്യത്തിലും മിതത്വം പാലിക്കുന്ന മതമാണ്. അല്ലാഹു പറയുന്നു: ”നിന്റെ കൈ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടവനാകരുത് (അറു പിശുക്കനാവരുത്). അത് മുഴുവന്‍ നീട്ടിയിടുകയും ചെയ്യരുത് (അതിധൂര്‍ത്തനുമാകരുത്). അങ്ങനെ ചെയ്യുന്നപക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും.” (ഇസ്‌റാഅ് 29). ”തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു” (ഇസ്‌റാഅ് 27).
വിവാഹാഘോഷങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിലും സ്വര്‍ണം നല്‍കുന്നതിലും മത്സരിക്കുന്ന പതിവ് നമുക്കിടയില്‍ കാണാറുണ്ട്. അല്ലാഹു പറയുന്നു: ”പരസ്പരം പെരുമ നടിക്കുക എന്ന കാര്യം (അല്ലാഹുവിനെക്കുറിച്ച്) നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഖബറുകള്‍ സന്ദര്‍ശിക്കുന്നവരേക്കും.” (തകാസുര്‍ 1-2)
ആഭരണത്തിലും മറ്റുമുള്ള ധൂര്‍ത്തുകളും മത്സരങ്ങളും മനുഷ്യരെ മേല്‍പോട്ടു മാത്രം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒരു സത്യവിശ്വാസി യഥാര്‍ഥത്തില്‍ ചിന്തിക്കേണ്ടത് തന്നേക്കാള്‍ ദുനിയാവില്‍ വിഷമം അനുഭവിക്കുന്നവരെക്കുറിച്ചാണ്. നബി(സ) പറയുന്നു: ”നിങ്ങള്‍ നിങ്ങളേക്കാള്‍ താഴ്ന്നവരിലേക്ക് നോക്കുക. നിങ്ങളേക്കാള്‍ (സാമ്പത്തികമായും മറ്റും) മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്.” (ബുഖാരി, മുസ്‌ലിം)
സ്വര്‍ണഭ്രമം കൊണ്ടുണ്ടാകുന്ന മറ്റൊരു ദോഷം സമൂഹത്തിന്റെ കണ്ണില്‍ സൗന്ദര്യക്കുറവുള്ളവരെന്ന് വിലയിരുത്തപ്പെടുന്ന പെണ്‍കുട്ടികള്‍ സ്വര്‍ണത്തിനു വേണ്ടി വില്‍ക്കപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. ഇസ്‌ലാം വളരെ പവിത്രമായി പ്രഖ്യാപിച്ച വിവാഹകര്‍മം അടിമക്കച്ചവടം പോലെയായി മാറുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. പെണ്‍കുട്ടി വിവാഹിതയാകുന്നതിന് സ്വര്‍ണമാണ് പരിഹാരമെങ്കില്‍ സാമ്പത്തിക ശേഷിയില്ലാത്ത ലക്ഷക്കണക്കിന് പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും കണ്ണുനീര്‍ ഒഴുക്കി അവരുടെ ആഗ്രഹം സഫലമാകാതെ കാലം കഴിക്കേണ്ടി വരും. ഇത്തരം സ്വര്‍ണഭ്രമക്കാര്‍ അല്ലാഹുവിന്റെ ശിക്ഷക്ക് വിധേയരാകേണ്ടി വരും. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാട് മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങളന്യോന്യമെടുത്ത് തിന്നരുത്.” (നിസാഅ് 29)

Back to Top