മരണപ്പെട്ടവരെ ജീവിപ്പിക്കുന്ന ഔലിയാക്കളോ?
പി കെ മൊയ്തീന്‍ സുല്ലമി
ഒരു പ്രമുഖ പണ്ഡിതന്റെ പ്രസംഗം ഇങ്ങനെയാണ്: ”എടപ്പാളിന്നടുത്ത് ഐലക്കാട് എന്ന സ്ഥലത്ത് മറവു ചെയ്യപ്പെട്ട സയ്യിദ് സിറാജുദ്ദീന്‍ എന്ന വലിയ്യ് വയറു വീര്‍ത്തു മരണപ്പെട്ട ഒരു സ്ത്രീയെ ഓപ്പറേഷന്‍ നടത്തുകയും ജീവന്‍ നല്‍കുകയും ചെയ്തു. ഞാന്‍ ഇത് നേരില്‍ കണ്ടതാണ്.” ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഇത്തരം പ്രചാരണം നടത്തുന്നത് മുസ്‌ലിയാക്കള്‍ പതിവാക്കിയിരിക്കുകയാണ്.
സമസ്്തക്കാര്‍ ഔലിയാക്കളാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ കഴിവുണ്ട് എന്ന് അവര്‍ വിശ്വസിക്കുന്നു. മുഹ്‌യുദ്ദീന്‍ മാല വിശുദ്ധ ഖുര്‍ആനിന് തുല്യമാണ് എന്നാണ് ഒരു പണ്ഡിതന്‍ പറഞ്ഞത്. മുഹ്‌യുദ്ദീന്‍ മാലയിലെ രണ്ടു വരികള്‍ നോക്കുക: ”എന്നുടെ ഏകന്‍ ഉടയോവന്‍തന്റേകല്‍ – ആകെന്ന് ഞാന്‍ ചൊല്‍കില്‍ ആകും അതെന്നോവര്‍.” അഥവാ ഒരു വസ്തുവിനോട് ഇന്ന വിധത്തിലാകണം എന്ന് ശൈഖ് പറയുന്ന പക്ഷം ശൈഖ് ഉദ്ദേശിക്കുന്ന വിധം ആ വസ്തു ഉണ്ടാകുന്നതാണ്. ഇത് അല്ലാഹുവിന്റെ മാത്രം കഴിവില്‍ പെട്ടതാണ്. അല്ലാഹു പറയുന്നു: ”താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.” (യാസീന്‍ 82)
മുഹ്‌യുദ്ദീന്‍ മൗലിദിലെ രണ്ടു വരികള്‍ ശ്രദ്ധിക്കുക: ”താങ്കള്‍ കാല വിപത്തുകളെ പ്രവചിക്കുന്നവരും ഹൃദയങ്ങളിലുള്ളത് വെളിപ്പെടുത്തുന്നവരും രഹസ്യങ്ങള്‍ പറയുന്നവരുമാണ്”. മേല്‍ പറഞ്ഞ മൂന്നു കാര്യങ്ങളും അല്ലാഹുവിന്റെ വിശേഷ ഗുണങ്ങളിലും കഴിവുകളിലും പെട്ടതാണ്. അല്ലാഹു പറയുന്നു: ”അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു.” (അന്‍ആം 3)
”അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല” (അന്‍ആം 59). ”കണ്ണുകളുടെ കള്ള നോട്ടവും ഹൃദയങ്ങള്‍ മറച്ചുവെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു.” (ഗാഫിര്‍ 19)
ആത്മീയമായി ഔലിയാക്കളെക്കാള്‍ എത്രയോ ഉന്നതി നേടിയവരാണ് അന്‍ബിയാക്കള്‍. അവര്‍ക്കു പോലും ഒരു മുഅ്ജിസത്ത് (അമാനുഷിക ദൃഷ്ടാന്തം) കൊണ്ടു വരണമെങ്കില്‍ അല്ലാഹുവിന്റെ അനുമതി വേണം. പ്രവാചകന്മാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: ”അല്ലാഹുവിന്റെ അനുമതിയോടു കൂടിയല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ടുവന്നുതരാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല” (ഇബ്‌റാഹീം 11). ”അവര്‍ (നിഷേധികള്‍) പറഞ്ഞു: ഇവന്ന് ഇവന്റെ രക്ഷിതാവിങ്കല്‍ നിന്ന് എന്തുകൊണ്ട് ദൃഷ്ടാന്തങ്ങള്‍ ഇറക്കിക്കൊടുക്കപ്പെടുന്നില്ല. താങ്കള്‍ പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു.” (അന്‍കബൂത്ത് 50)
മരണപ്പെട്ടവരെ ജീവിപ്പിക്കുകയെന്നത് അല്ലാഹു ഈസാ(അ) നബിക്ക് മാത്രം നല്‍കിയ മുഅ്ജിസത്തായിരുന്നു. എന്നാല്‍ മരണപ്പെടുന്ന എല്ലാ ആളുകളെയും ജീവിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതിന് അല്ലാഹുവിന്റെ പ്രത്യേക അനുമതി വേണ്ടിയിരുന്നു. ഈസാ(അ) പറഞ്ഞിരുന്നതായി അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ അനുവാദ പ്രകാരം മരണപ്പെട്ടവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും.” (ആലുഇംറാന്‍ 49)
സകല അന്‍ബിയാക്കളെക്കാളും ഔലിയാക്കളെക്കാളും ശ്രേഷ്ഠതയുള്ള വ്യക്തിയാണല്ലോ നബി(സ). അവിടുത്തെ താങ്ങും തണലുമായി വര്‍ത്തിച്ചിരുന്ന അബൂത്വാലിബും ഖദീജ(റ)യും മരണപ്പെട്ടപ്പോള്‍ നബി(സ) തേങ്ങിക്കരയുകയുണ്ടായി. തന്റെ മക്കള്‍ പ്രത്യേകിച്ച് ഇബ്‌റാഹീം എന്ന കുട്ടി മരണപ്പെട്ടപ്പോഴും നബി(സ) പൊട്ടിക്കരഞ്ഞു. ജീവിച്ചിരിക്കുന്ന, മുഅ്ജിസത്തുള്ള, അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണമുള്ള പ്രവാചകന് എന്തുകൊണ്ടാണ് അവരെ മരണത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ കഴിയാതെ പോയത്. എന്തുകൊണ്ട് സിറാജുദ്ദീന്‍ എന്ന വലിയ്യിന് ജീവിതകാലത്ത് ആരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മരണത്തെ തടുക്കാന്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞില്ല!
ആരാണ് അല്ലാഹുവിന്റെ ഔലിയാക്കളെന്ന് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ”അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ ഔലിയാക്കളാരോ (മിത്രങ്ങള്‍) അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.” (യൂനുസ് 62-63)
ഇതിലെ 63-ാം വചനം വിശദീകരിച്ച് ഇബ്‌നു ജരീറുത്ത്വബ്‌രി വ്യക്തമാക്കിയത് ഇപ്രകാരമാണ്: ”നിര്‍ബന്ധമായ കാര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടും അല്ലാഹു നിരോധിച്ച കാര്യങ്ങള്‍ വെടിഞ്ഞുകൊണ്ടും അല്ലാഹുവോട് സൂക്ഷ്മത പുലര്‍ത്തുന്നവരാണവര്‍.” (തഫ്‌സീര്‍ ജാമിഉല്‍ബയാന്‍)
ഇമാം റാസി(റ) മുതകല്ലിമീങ്ങളില്‍ നിന്ന് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന് പറയപ്പെടുന്നവര്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ സ്വഹീഹായ വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരും മതം കല്പിക്കുന്നവിധം സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരുമാണ്” (തഫ്‌സീറുല്‍ കബീര്‍)
ഇബ്‌നു ഹജര്‍(റ) പറയുന്നു: ”അല്ലാഹുവിന്റെ മിത്രങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവെ കൃത്യമായി മനസ്സിലാക്കിയവരും അവനെ അനുസരിക്കുന്നതില്‍ നിഷ്ഠ പുലര്‍ത്തുന്നവരും അവനെ ആരാധിക്കുന്നതില്‍ നിഷ്‌കളങ്കത പുലര്‍ത്തുന്നവരുമാണ്.” (ഫത്ഹുല്‍ബാരി 14:525)
അല്ലാഹുവിന്റെ ഔലിയാക്കള്‍ ആരാണെന്ന് തീരുമാനിക്കുന്നത് അല്ലാഹു മാത്രമാണ്. ആരാധനകളും സല്‍ക്കര്‍മങ്ങളും അനുഷ്ഠിക്കുന്നത് ചിലപ്പോള്‍ ലോകമാന്യതക്കുവേണ്ടിയോ നേതൃസ്ഥാനം ലഭിക്കാനോ സമൂഹത്തില്‍ അംഗീകാരം ലഭിക്കാനോ ഒക്കെ ആയിരിക്കും. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് ആരാണ് പ്രവര്‍ത്തിക്കുന്നതെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. അതുകൊണ്ട് അവന്റെ മിത്രങ്ങളെ തീരുമാനിക്കേണ്ടത് അവന്‍ തന്നെയാണ്.
ഇത്തരം വിശ്വാസം ശിര്‍ക്കും അല്ലാഹുവിന്റെ അധികാരത്തില്‍ കൈകടത്തലുമാണ്. അതുകൊണ്ടാണ് മുഴുഭ്രാന്തന്മാരെയും അര്‍ധഭ്രാന്തന്മാരെയും അവര്‍ ഔലിയാക്കളാക്കുന്നത്. അതിന്ന് ഉദാഹരണമാണ് വലിയ്യുല്ലാഹി കോയപ്പാപ്പ. അദ്ദേഹത്തിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നത് ഈ ലേഖകന് വ്യക്തിപരമായി അറിയാവുന്നതാണ്. കാരണം അദ്ദേഹം മൂത്രമൊഴിക്കാറുള്ളത് ജനമധ്യത്തില്‍ തുണി പൊക്കിയായിരുന്നു. വെറ്റില മുറുക്കി ആളുകളുടെ മുഖത്തേക്ക് തുപ്പുമായിരുന്നു. യാഥാസ്ഥിതികരുടെ പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുന്നതാണ്. ”കടുത്ത വരള്‍ച്ച. എവിടെയും വെള്ളത്തിന് ക്ഷാമം. വേങ്ങര നിവാസികളായ ഏതാനും ആളുകള്‍ തങ്ങളുടെ സമീപമെത്തി കാര്യം ധരിപ്പിച്ചു. ഹോ, മഴ ഇല്ല, അല്ലേ എന്ന് പറഞ്ഞ് മൂപ്പര്‍ ഉടുതുണി പൊക്കി മൂത്രിച്ചു”. (സുന്നത്ത് മാസിക, 1995 ജനുവരി)
സി എം മടവൂര്‍ നമസ്‌കരിക്കാറില്ലായിരുന്നു എന്ന് രേഖപ്പെടുത്തിയതും സമസ്തയിലെ പണ്ഡിതന്മാര്‍ തന്നെയാണ്. സൈദു മുഹമ്മദ് നിസാമി രേഖപ്പെടുത്തുന്നു: ”നമസ്‌കരിക്കാത്ത സി എമ്മിനെ (മടവൂര്‍ ശൈഖിനെ) നമസ്‌കരിക്കുന്ന ചില അജ്ഞാനികളായ ആളുകള്‍ പിന്തുടര്‍ന്ന് നടക്കുന്നതും നമസ്‌കാരം ഉപേക്ഷിക്കുന്നതും കണ്ടപ്പോള്‍ മന:പ്രയാസം തോന്നി.” (സൂഫികളുടെ പാത, പേജ് 63)
ഔലിയാക്കള്‍ക്ക് ജദ്ബിന്റെ (ഉന്മാദം) ഹാലില്‍ നമസ്‌കാരവും മറ്റും നിര്‍ബന്ധമില്ലായെന്നതാണ് അമ്പലക്കടവ് ഫൈസിയുടെ പക്ഷം: ”മതശാസനകളില്‍ നിന്നൊഴിവാകുന്നത് ജദ്ബിന്റെ അവസ്ഥയില്‍ മാത്രമാണ്. ഈ അവസ്ഥയിലാവട്ടെ വലിയ്യിന് ബുദ്ധിയുണ്ടാവില്ല” (ഹിക്മത്ത് വാരിക, 1985 ജൂണ്‍ 3)
ജദ്ബ് എന്നു പറഞ്ഞാല്‍ അല്ലാഹുവെ കുറിച്ചുള്ള ചിന്തയില്‍ ലയിച്ച് ബുദ്ധി നഷ്ടപ്പെടലാണത്രെ?! അങ്ങനെയാണെങ്കില്‍ ഈ അവസ്ഥ വരേണ്ടത് നബി(സ)ക്കും സ്വഹാബത്തിനുമല്ലേ? ഇപ്പറഞ്ഞ ഔലിയാക്കളെക്കാള്‍ അല്ലാഹുവെ ഭയപ്പെടുന്നവരും സൂക്ഷിക്കുന്നവരും അവരായിരുന്നല്ലോ?
ചിലപ്പോള്‍ ഇവര്‍ ജല്പിക്കാറുള്ളത് ഔലിയാക്കള്‍ക്ക് ഒന്നിലധികം ശരീരങ്ങളുണ്ട് എന്നാണ്. അതുകൊണ്ട് അവര്‍ നമസ്‌കരിക്കുന്നത് നമ്മള്‍ കണ്ടുകൊള്ളണമെന്നില്ല. ഒരു ശരീരം നമ്മുടെ സമീപത്താണെങ്കില്‍ മറ്റു ശരീരങ്ങള്‍ കഅ്ബയിലും മറ്റും നമസ്‌കരിക്കുന്നുണ്ടാവും എന്നൊക്കെയാണ് വാദം. എന്നാല്‍ ഇവര്‍ ഭക്ഷണം കഴിക്കുന്നതും മലമൂത്ര വിസര്‍ജനം നടത്താന്‍ പോകുന്നതും നാം കാണാറുണ്ടല്ലോ? അവിടെയൊന്നും ഈ ഒന്നിലധികം ശരീരം ബാധകമാകാത്തതെന്തുകൊണ്ട്?
സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടവരും ഔലിയാക്കളുടെ നേതാക്കളുമായിരുന്ന ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) എന്നിവര്‍ക്ക് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവര്‍ മൂന്നു പേരും ശത്രുക്കളാല്‍ വധിക്കപ്പെടുകയാണുണ്ടായത്. ശുഹദാക്കന്മാരുടെ നേതാവ് എന്ന പേരിലറിയപ്പെടുന്ന ഹംസ(റ)ക്ക് എന്തുകൊണ്ട് ഉഹ്ദില്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സ്വഹാബത്ത് മുഴുവന്‍ അല്ലാഹുവിന്റെ ഔലിയാക്കളായിരുന്നിട്ടും മുഅ്ജിസത്തുള്ള പ്രവാചകന്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഉഹ്ദിലും ഹുനൈനിലും മുസ്‌ലിംകള്‍ പരാജയപ്പെട്ടു. ഇവരെക്കാളൊക്കെ മികച്ച പദവിയിലാണോ സയ്യിദ് സിറാജുദ്ദീന്‍ ഔലിയ! ജീവിതകാലത്ത് സ്വന്തം ജീവനും ആരോഗ്യവും രക്ഷിക്കാന്‍ സാധിക്കാത്ത ഇത്തരക്കാര്‍ക്ക് മരണാനന്തരം മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കാനും ഓപ്പറേഷന്‍ നടത്തി രോഗം സുഖപ്പെടുത്താനും കഴിയുമെന്ന് വാദിക്കുന്നത് മതത്തിന്റെ ബാലപാഠം പോലും പഠിക്കാതെ പറയുന്ന ശുദ്ധ ഭോഷ്‌കാണ്.