23 Monday
December 2024
2024 December 23
1446 Joumada II 21

കോവിഡ് വ്യാപനവും ഇസ്‌ലാമിലെ വിട്ടുവീഴ്ചയും

പി കെ മൊയ്തീന്‍ സുല്ലമി

ലോകത്ത് ഇസ്‌ലാം പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ മുഖ്യ കാരണം ഇസ്‌ലാമിന്റെ സമത്വഭാവവും സാഹോദര്യവും വിട്ടുവീഴ്ചാ സമീപനങ്ങളുമാണ്. ഖുര്‍ആന്‍ ഒരു തവണയെങ്കിലും മനസ്സിരുത്തി വായിക്കുന്ന ഒരാള്‍ ഇസ്‌ലാമിനെ അംഗീകരിക്കാതിരിക്കാന്‍ തരമില്ല. ഇസ്‌ലാമിനെ അന്ധമായി വിമര്‍ശിക്കുന്ന ഭൂരിഭാഗവും ഖുര്‍ആനെ യഥാവിധം മനസ്സിലാക്കാത്തവരാണ്. ചിലര്‍ വിമര്‍ശനത്തിനു വേണ്ടി മാത്രം ഖുര്‍ആനെ വായിക്കുന്നവരാണ്. അവര്‍ ഖുര്‍ആനികാശയങ്ങളെ വളച്ചൊടിക്കുന്നവരാണ്.
ഇസ്‌ലാമിനോളം വിട്ടുവീഴ്ചയുള്ള മതം ലോകത്തില്ല. അല്ലാഹു പറയുന്നു: ”മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല” (ഹജ്ജ് 78). ”നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അവന്‍ ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാനല്ല.” (അല്‍ബഖറ 185)
എല്ലാ ആരാധനാ കര്‍മങ്ങളിലും ഇസ്‌ലാം ഇളവുകളും വിട്ടുവീഴ്ചകളും അനുവദിക്കുന്നുണ്ട്. വുദ്വൂവിനോ നിര്‍ബന്ധമായ കുളിക്കോ വെള്ളം ലഭിക്കാതിരിക്കുകയോ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ വരികയോ ചെയ്യുന്ന പക്ഷം ഇളവ് അനുവദിച്ചിട്ടുണ്ട്. ”നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്ര വിസര്‍ജനം കഴിഞ്ഞുവരികയോ സ്ത്രീകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യുന്ന പക്ഷം, നിങ്ങള്‍ക്ക് വെള്ളം ലഭിച്ചതുമില്ലെങ്കില്‍ നിങ്ങള്‍ വൃത്തിയുള്ള പ്രതലത്തില്‍ തയമ്മും ചെയ്യുക.” (അന്നിസാഅ് 43)
നമസ്‌കാരത്തിലും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. നില്‍ക്കാന്‍ കഴിവുള്ളവര്‍ നിന്നു നമസ്‌കരിക്കല്‍ നിര്‍ബന്ധമാണ്. അതിന് കഴിയാത്തവരോട് നബി(സ) കല്പിച്ചു: ”നിന്ന് നമസ്‌കരിക്കണം. അതിന് നിനക്ക് സാധ്യമല്ലെങ്കില്‍ ഇരുന്ന് നമസ്‌കരിക്കണം. അതിനും സാധിക്കാത്ത പക്ഷം കിടന്നുകൊണ്ട് നിര്‍വഹിക്കണം.” (ബുഖാരി)
യാത്രാവേളകളില്‍ കൂട്ടിയും ചുരുക്കിയും നമസ്‌കരിക്കാനാണ് പ്രവാചകനോട് അല്ലാഹു കല്പിക്കുന്നത്. നാലു റക്അത്തുള്ള നമസ്‌കാരങ്ങള്‍ ഈരണ്ടു റക്അത്തുകളായി ചുരുക്കി നമസ്‌കരിക്കാനും സുബ്ഹി ഒഴിച്ചുള്ള നമസ്‌കാരങ്ങള്‍, ഏതെങ്കിലും ഒരു നമസ്‌കാര സമയത്ത് രണ്ടും ഒരുമിച്ച് നമസ്‌കരിക്കാനുമാണ് കല്പന.
ചുരുക്കി നമസ്‌കരിക്കുന്നതിന് ഖസ്വ്‌റാക്കുക എന്നു പറയുന്നു. അല്ലാഹു പറയുന്നു: ”നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുന്ന പക്ഷം നമസ്‌കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല” (നിസാഅ് 1). യാത്രകളില്‍ ജംഉം ഖസ്‌റും ആക്കി നമസ്‌കരിക്കുന്നതിനെ സംബന്ധിച്ച് നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. യുദ്ധരംഗത്തും ഇപ്രകാരം നിര്‍വഹിക്കാവുന്നതാണ്. മേല്‍ ഖുര്‍ആന്‍ വചനത്തിന്റെ ബാക്കി ഭാഗം അക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.
ഒരു വ്യക്തിക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ പള്ളി തന്നെ വേണമെന്നില്ല. ഭൂമിയില്‍ എവിടെ വെച്ചും നമസ്‌കരിക്കാം. സ്ഥലം വൃത്തിയുള്ളതായിരിക്കണം എന്നു മാത്രം. നബി(സ) പറയുന്നു: ”എനിക്കു മുമ്പ് ആര്‍ക്കും നല്‍കപ്പെടാത്ത അഞ്ച്് (ആനുകൂല്യങ്ങള്‍) എനിക്ക് നല്‍കപ്പെട്ടു. ഭൂമി മുഴുവന്‍ പള്ളിയും അതിലെ മുകള്‍ ഭാഗം ശുദ്ധിയും ആക്കപ്പെട്ടു.” (ബുഖാരി)
നോമ്പിന്റെ വിഷയത്തിലും പല ഇളവുകളും കാണാം. മാറുമെന്ന് പ്രതീക്ഷിക്കുന്ന രോഗമുള്ളവര്‍ക്കും യാത്രക്കാര്‍ക്കും മറ്റു ദിവസങ്ങളില്‍ നോമ്പ് നോറ്റു വീട്ടിയാല്‍ മതി. വിഷമിച്ച് നോമ്പെടുക്കുന്നവര്‍ക്ക് ഓരോ നോമ്പിനും പ്രായശ്ചിത്തമായി ഓരോ സാധുവിനു ഭക്ഷണം നല്‍കി നോമ്പില്‍ നിന്നും ഒഴിവാകാവുന്നതാണ്. ”നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം നോറ്റുവീട്ടേണ്ടതാണ്. ഞെരുങ്ങിക്കൊണ്ട് മാത്രം (നോമ്പെടുക്കാന്‍) സാധിക്കുന്നവര്‍ പകരം ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്.” (അല്‍ബഖറ 184)
ആരാധനകള്‍ കൊണ്ട് വിഷമം സൃഷ്ടിക്കുന്ന ഒന്നും തന്നെ ഇസ്‌ലാമില്‍ ഇല്ല. മുആദിനെയും(റ) കൂട്ടുകാരനെയും നബി(സ) യമനിലേക്ക് ഇസ്‌ലാമിക പ്രബോധനം നടത്താന്‍ നിയോഗിച്ചുകൊണ്ട് ഉപദേശിച്ചു: ”നിങ്ങള്‍ രണ്ടുപേരും ജനങ്ങള്‍ക്ക് എളുപ്പമുണ്ടാക്കിക്കൊടുക്കണം. അവര്‍ക്ക് നിങ്ങള്‍ വിഷമം സൃഷ്ടിക്കരുത്. നിങ്ങള്‍ രണ്ടുപേരും ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. അവരെ നിങ്ങള്‍ പ്രയാസത്തിലാക്കരുത്.” (ബുഖാരി, മുസ്‌ലിം)
ഇസ്‌ലാമിലെ രണ്ട് ശഹാദത്ത് കലിമകള്‍ ഒഴിച്ച് മറ്റു നാലു കാര്യങ്ങളിലും അര്‍ഹരായവര്‍ക്ക് അല്ലാഹു ഇളവ് നല്‍കിയിട്ടുണ്ട്. ആര്‍ത്തവ, പ്രസവ സന്ദര്‍ഭങ്ങളില്‍ നമസ്‌കരിക്കേണ്ടതില്ല. മറ്റുള്ള മൂന്നു കര്‍മങ്ങള്‍ക്കും അതിനെക്കാള്‍ ഒഴിവുകഴിവുകളുണ്ട്. ശാരീരിക ബൗദ്ധിക ആരോഗ്യമുള്ളവരാണ് എല്ലാ ആരാധനകളും കൃത്യമായും പൂര്‍ണമായും നിര്‍വഹിക്കേണ്ടത്. മാനസിക നില തെറ്റിയവര്‍ക്ക് ശരീഅത്ത് കല്പന ബാധകമാകുന്നില്ല.
ഒരു മഹല്ലിലെ ജമാഅത്തു നമസ്‌കാരത്തില്‍ പങ്കെടുക്കല്‍ വ്യക്തിപരമായി പ്രബലമായ സുന്നത്താണെങ്കിലും അവിടെ ജമാഅത്ത് സംഘടിപ്പിക്കുകയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഫര്‍ദ് കിഫായ (സാമൂഹ്യ നിര്‍ബന്ധം) ആണ്. ജമാഅത്ത് നടക്കാത്ത പക്ഷം എല്ലാവരും കുറ്റക്കാരായിത്തീരും. എന്നാല്‍ ജുമുഅ സംഘടിപ്പിക്കല്‍ ഒരു മഹല്ലിലെ ഭാരവാഹികള്‍ക്ക് ഫര്‍ദ് കിഫായ ആണെങ്കില്‍ ഓരോ മുസ്‌ലിമും അതില്‍ പങ്കെടുക്കല്‍ ഫര്‍ദ് ഐന്‍ (വ്യക്തിപരമായ നിര്‍ബന്ധം) ആണ്.
മേല്‍ പറഞ്ഞ ജമാഅത്തും ജുമുഅയും മാനുഷികമായ ചില അവസ്ഥകളില്‍ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസം നേരിടാറുണ്ട്. ഇതിലും ചില ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു” (നിസാഅ് 29). ”നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്.” (അല്‍ബഖറ 195)
മേല്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നത് അടിയന്തര ഘട്ടങ്ങളില്‍ നാം സൂക്ഷ്മത പാലിക്കാതിരുന്നാല്‍ അത് നമ്മെ നാം തന്നെ നശിപ്പിക്കലായിത്തീരും എന്നാണ്. ‘രോഗമുള്ളവര്‍ രോഗമില്ലാത്തവരിലേക്കും രോഗമില്ലാത്തവര്‍ രോഗമുള്ളവരിലേക്കും കടന്നുചെല്ലുന്നത്’ നബി(സ) വിരോധിച്ചിട്ടുണ്ട്. (മുസ്‌ലിം)
ശക്തമായ മഴയുള്ള ദിവസം ഇബ്‌നു അബ്ബാസ്(റ) വീട്ടില്‍ വെച്ചു നമസ്‌കരിക്കാന്‍ കല്പിച്ചതും ശക്തമായ കാറ്റും ശൈത്യവും ഉള്ള ദിവസം ഇബ്‌നു ഉമര്‍(റ) അപ്രകാരം കല്പിച്ചതും വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ തന്നെയാണ്. ഇതില്‍ നിന്നൊക്കെ നാം ഗ്രഹിക്കേണ്ടത്, നിര്‍ബന്ധമായ കാര്യങ്ങ ള്‍പോലും നിര്‍ബന്ധിത ഘട്ടങ്ങളില്‍ ഒഴിവാക്കല്‍ അനിവാര്യമായിത്തീരും എന്നാണ്.
നിര്‍ബന്ധ ഘട്ടങ്ങളില്‍ ഹറാമായ (നിഷിദ്ധമായ) ചില കാര്യങ്ങള്‍ അനുവദനീയമായിത്തീരാറുണ്ട്. ”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു” (മാഇദ 3). ഇതേ വചനത്തിന്റെ അവസാനത്തില്‍ അല്ലാഹു ഇപ്രകാരം ഉപദേശിക്കുന്നു: ”വല്ലവനും പട്ടിണി കാരണത്താല്‍ (മേല്‍ പറഞ്ഞവ ഭക്ഷിക്കാന്‍ നിര്‍ബന്ധിതനായിത്തീരുന്ന പക്ഷം) അവന്‍ തെറ്റിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.” (മാഇദ 3)
ഈ വിഷയത്തില്‍ വന്ന മറ്റൊരു വചനം ശ്രദ്ധിക്കുക: ”ശവം, രക്തം, പന്നി മാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. എന്നാല്‍ അവന്‍ നിയമം ലംഘിക്കാന്‍ മുതിരാതിരിക്കുകയും, പരിധി കവിയാതിരിക്കുകയും വേണം” (അല്‍ബഖറ 173)
നിര്‍ബന്ധിത ഘട്ടങ്ങളില്‍ അല്ലാഹു അനുവദിച്ച ഇളവുകള്‍ തെറ്റുകള്‍ ചെയ്യാനുള്ള അവസരമായി ഉപയോഗപ്പെടുത്തരുത്. നിര്‍ബന്ധിത ഘട്ടത്തില്‍ പന്നിമാംസം കഴിച്ച ഒരാള്‍ക്ക് അത് രുചികരമായ ഭക്ഷണമായി അനുഭവപ്പെടുകയും പിന്നീടദ്ദേഹം പന്നിമാംസം കഴിക്കല്‍ സ്ഥിരമാക്കുകയും ചെയ്തു. ഇത്തരക്കാര്‍ രണ്ടു വിധത്തില്‍ കുറ്റക്കാരായിത്തീരും. ഒന്ന്: പന്നിമാംസം കഴിച്ച കുറ്റം. രണ്ട്: അല്ലാഹുവിന്റെ വിധിയെ മനപ്പൂര്‍വം പരിഹാസ്യമാക്കിയ കുറ്റം.
ഇതുപോലെ തന്നെയാണ് കോവിഡ് മഹാമാരി കൊണ്ട് സ്വീകരിച്ച ഇളവുകളും. നിര്‍ബന്ധിത ഘട്ടങ്ങളിലെ എല്ലാ ഇളവുകള്‍ക്കും പരിധിയുണ്ട്. കോവിഡിന്റെ പേരില്‍ ജുമുഅയും ജമാഅത്തും സ്ഥിരമായി നിര്‍ത്തിവെക്കുന്നത് ഭൂഷണമല്ല. ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ നാം അല്ലാഹുവിങ്കല്‍ കുറ്റക്കാരായി മാറുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം യാത്രക്കാര്‍ക്ക് ഒരു നാട്ടില്‍ എത്തിപ്പെട്ടാല്‍ 19 ദിവസം വരെ ജംഉം ഖസ്വ്‌റും നിര്‍വഹിക്കാവുന്നതാണ്. അതിന് ശേഷം അവര്‍ എത്തിപ്പെട്ട നാട്ടുകാരായി പരിഗണിച്ചുകൊണ്ട് നമസ്‌കാരം നിര്‍വഹിക്കേണ്ടതാണ്.
അഥവാ അവര്‍ക്ക് പിന്നീട് ഇളവുകള്‍ അനുവദിക്കപ്പെട്ടില്ല. ഇതുപോലെ അല്ലാഹുവോട് പ്രാര്‍ഥിച്ചുകൊണ്ടും അവനില്‍ തവക്കുല്‍ ചെയ്തും ആരോഗ്യവകുപ്പിന്റെയും ഗവണ്‍മെന്റിയും നിബന്ധനകള്‍ പാലിച്ചുകൊണ്ടും ജുമുഅയും ജമാഅത്തും നിലനിര്‍ത്തേണ്ടതാണ്. അല്ലാഹു പറയുന്നു: ”അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക.” (തഗാബുന്‍ 16)

Back to Top