1 Tuesday
July 2025
2025 July 1
1447 Mouharrem 5

അവയവ ദാനം മുസ്‌ലിംകള്‍ മാറനില്‍ക്കേണ്ടവരല്ല

പി കെ മൊയ്തീന്‍ സുല്ലമി

ഹലാലായ നിലയില്‍ സമ്പാദിച്ച വസ്തുക്കള്‍ ഹലാലായ വഴിയില്‍ ദാനം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാം. അന്നദാനം, ശ്രമദാനം, നിര്‍ബന്ധ ദാനം, ഐച്ഛികമായ ദാനം (സ്വദഖകള്‍) എന്നിവ ഇസ്‌ലാമില്‍ അങ്ങേയറ്റം പ്രതിഫലാര്‍ഹമാണ്. എന്നാല്‍ അവയദാനം ഒരു ഇജ്തിഹാദീ (ഗവേഷണപരമായ) വിഷയമാണ്.
ഇതിനെക്കുറിച്ച് ഖുര്‍ആനിലോ സുന്നത്തിലോ പ്രത്യേക പരാമര്‍ശങ്ങളൊന്നുമില്ല. ഇസ്‌ലാമിക പണ്ഡിതന്മാരും ബുദ്ധിജീവികളും അവയവ ദാനം അനുവനദീയമാകുമോ ഇല്ലേ എന്ന് വിലയിരുത്താന്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മനുഷ്യ നന്മകളെക്കുറിച്ചു വന്ന ചില രേഖകള്‍ സമര്‍പ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരാളുടെ അവയവം മറ്റൊരാള്‍ക്ക് വെച്ചുപിടിപ്പിക്കുകയെന്നത് വൈദ്യശാസ്ത്രം കൈവരിച്ച പുരോഗതിയും വിജയവുമാണ്. അത് ചികിത്സയുടെ ഒരു ഭാഗമായി കാണുന്നതില്‍ വിരോധമുണ്ടോ?
മനുഷ്യന്‍ പുരോഗതി പ്രാപിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ? അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിങ്ങള്‍ ഘട്ടം ഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്” (ഇന്‍ശിഖാഖ് 19). മനുഷ്യര്‍ ഒരു ഘട്ടത്തില്‍ നിന്നും മറ്റൊരു ഘട്ടത്തിലേക്ക് ഭൗതികമായി പുരോഗതി നേടിക്കൊണ്ടിരിക്കും എന്നാണ് ഇവിടെ ഉദ്ദേശ്യം. അല്ലാഹുവും റസൂലും രോഗം വന്നാല്‍ ചികിത്സിക്കാനാണ് കല്പിച്ചത്. പ്രമേഹം, പ്രഷര്‍, തൈറോയിഡ്, കിഡ്‌നി രോഗങ്ങള്‍ ഇവക്കൊന്നും അല്ലാഹുവോ റസൂലോ മരുന്ന് നിര്‍ദേശിച്ചിട്ടില്ല. മരുന്ന് കണ്ടുപിടിക്കല്‍ നമ്മുടെ ബാധ്യതയാണ്. റസൂല്‍ പറയുന്നു: ”അല്ലാഹു ശമനം ഇറക്കാത്ത ഒരു രോഗവും ഇറക്കിയിട്ടില്ല. അതിനാല്‍ നിങ്ങള്‍ ചികിത്സിക്കുവിന്‍” (നസാഈ, ഇബ്‌നുമാജ, ഹാകിം). മറ്റൊരു നബിവചനം: ”എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ട്. രോഗത്തിന്റെ മരുന്ന് സേവിക്കുമ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ രോഗം സുഖപ്പെടുന്നതാണ്.” (മുസ്‌ലിം)
ചികിത്സാരീതികള്‍ക്ക് ഇസ്‌ലാം ഒരു പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഹറാമായ വസ്തുക്കള്‍ കൊണ്ട് ചികിത്സിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നബി(സ) പറയുന്നു: ”തീര്‍ച്ചയായും അല്ലാഹു ഹറാമായ വസ്തുക്കള്‍ കൊണ്ട് നിങ്ങള്‍ക്ക് രോഗശമനം നിശ്ചയിച്ചിട്ടില്ല” (ബുഖാരി). അപ്പോള്‍ ഹൃദയം മാറ്റിവെക്കലും വൃക്ക മാറ്റിവെക്കലും ചികിത്സയുടെ പരിധിയില്‍ വരുത്തുന്നതില്‍ എന്താണ് തെറ്റ്?
മരണാനന്തരം നമ്മുടെ ശരീരം മണ്ണില്‍ ലയിച്ച് നശിച്ചുപോകുന്നതാണ്. നശിച്ചുപോകുന്ന ഒരു വസ്തുകൊണ്ട് ഒരു വ്യക്തിയുടെ ജീവന്‍ നിലനിര്‍ത്തുന്നപക്ഷം അത് നമുക്ക് ഒരു സല്‍കര്‍മമായി മാത്രമേ പരിഗണിക്കാന്‍ കഴിയൂ. മരണാനന്തരം മനുഷ്യശരീരം ഭൂമിയില്‍ ലയിക്കുന്നു. അല്ലാഹു പറയുന്നു: ”അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്നുതന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്തുകൊണ്ടുവരികയും ചെയ്യും” (ത്വാഹാ 55). മേല്‍വചനം ഇബ്‌നുകസീര്‍(റ) വ്യാഖ്യാനിക്കുന്നു: ”നിങ്ങള്‍ മരണപ്പെടുകയും നുരുമ്പുകയും ചെയ്താല്‍ നിങ്ങള്‍ മണ്ണില്‍ എത്തിച്ചേരുകയും അതില്‍ നിന്ന് തന്നെ നാം നിങ്ങളെ പുറത്ത് കൊണ്ടുവരികയും ചെയ്യും” (ഇബ്‌നുകസീര്‍ 3:156).
സ്രഷ്ടാവിന്റെ താല്‍പര്യത്തേക്കാള്‍ സൃഷ്ടികളുടെ താല്‍പര്യത്തിന്ന് പ്രാധാന്യം നല്‍കിയ മതമാണ് ഇസ്‌ലാം. ഒരു തുറന്ന സ്ഥലത്തുവെച്ച് നമസ്‌കരിക്കുന്ന വ്യക്തി താന്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ 25 മീറ്റര്‍ ദൂരത്തില്‍ ഒരു കിണറുണ്ടെന്ന് സങ്കല്പിക്കുക. ഒരു കുരുടന്‍ ആ വഴിക്ക് നടന്നുപോകുന്നു. കിണറ്റില്‍ വീഴാന്‍ സാധ്യതയുണ്ടെങ്കില്‍ നമസ്‌കാരം ഒഴിവാക്കി കുരുടനെ രക്ഷിക്കല്‍ അയാള്‍ക്ക് നിര്‍ബന്ധമാണ്. പിന്നീട് ബാക്കി നമസ്‌കരിച്ചു വീട്ടിയാല്‍ മതിയാകുന്നതാണ്. അല്ലാഹു ഏറ്റവും വലിയ പാപമായി പ്രഖ്യാപിച്ച ശിര്‍ക്കിനും ബിദ്അത്തുകള്‍ക്കും ദുനിയാവില്‍ ശിക്ഷയില്ല. ആഖിറത്തിലാണ്. എന്നാല്‍ സൃഷ്ടികളുമായി ബന്ധപ്പെടുന്ന കുറ്റങ്ങളായ കൊല, വ്യഭിചാരം, കളവ്, ലഹരി ഉപയോഗം എന്നിവക്ക് ഇസ്‌ലാമിക ശരീഅത്തില്‍ ശിക്ഷയുണ്ട്. ആത്മാര്‍ഥമായി പശ്ചാത്തപിക്കാത്ത പക്ഷം അവന്‍ പരലോകത്തു അതിനുള്ള ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതില്‍ നിന്നെല്ലാം ഇസ്‌ലാം ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് സൃഷ്ടികളുടെ അവകാശത്തിന്നാണെന്ന് നമുക്ക് മനസ്സിലാക്കാം.
മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ജീവന് വിശുദ്ധ ഖുര്‍ആന്‍ വലിയ വിലയാണ് നല്‍കുന്നത്. അല്ലാഹു പറയുന്നു: ”മറ്റൊരു വ്യക്തിയെ കൊന്നതിനു പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ ഒരു വ്യക്തിയെ കൊലപ്പെടുത്തുന്ന പക്ഷം അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരു വ്യക്തിയുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.” (മാഇദ: 32)
നബി(സ)യെ അല്ലാഹു നിയോഗിച്ചയച്ചത് മുസ്‌ലിംകള്‍ക്ക് മാത്രം നന്മ ചെയ്യാനല്ല. മറിച്ച് ലോകര്‍ക്ക് മുഴുവന്‍ നന്മ ചെയ്യാനാണ്. ”താങ്കളെ ലോകര്‍ക്ക് അനുഗ്രഹമായിട്ടല്ലാതെ അയച്ചിട്ടില്ല” (അന്‍ബിയാഅ് 107) എന്ന ഖുര്‍ആന്‍ വചനം അക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു. നബി(സ) പറയുന്നു: ”നിങ്ങള്‍ ഭൂമിയിലുള്ളവര്‍ക്ക് കരുണ ചെയ്യുക. ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കുന്നതാണ്” (തിര്‍മിദി, അബൂദാവൂദ്)
ഒരു അവയവത്തിന്റെ അഭാവത്തിലുള്ള മരണം ബര്‍സഖിയായ ജീവിതത്തിലോ പരലോകത്തോ ദോഷം ചെയ്യുമെന്ന് ഖുര്‍ആനിലോ സുന്നത്തിലോ പരാമര്‍ശിച്ചിട്ടില്ല. പ്രമേഹം, കാന്‍സര്‍ എന്നിവ മൂലം പല അവയവങ്ങളും മുറിച്ചുനീക്കപ്പെട്ട നിലയില്‍ ലക്ഷക്കണക്കില്‍ സത്യവിശ്വാസികള്‍ മരണപ്പെട്ടുപോയിട്ടുണ്ട്. അതുപോലെ അപകടങ്ങളിലും യുദ്ധങ്ങളിലും അവയവങ്ങള്‍ നഷ്ടപ്പെട്ട് മരണപ്പെട്ടവരുമുണ്ട്. അതിന്റെ പേരില്‍ അവരൊന്നും പരലോകത്ത് നഷ്ടം സഹിക്കേണ്ടി വരുമെന്ന് എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടുമില്ല.
പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്നത് നമ്മുടെ അവയവങ്ങളെ സംബന്ധിച്ചല്ല. മറിച്ച്, വിശ്വാസ കര്‍മങ്ങളെ സംബന്ധിച്ചാണ്. സല്‍കര്‍മം മുന്തിനിന്നാല്‍ നാം സ്വര്‍ഗക്കാരായിത്തീരും. പിന്തിയാല്‍ (ദുര്‍മാര്‍ഗികളായാല്‍) നാം നരകാവകാശികളായി മാറും. അല്ലാഹു പറയുന്നു: ”അപ്പോള്‍ ആരുടെ (സല്‍കര്‍മങ്ങളുടെ) തൂക്കങ്ങള്‍ ഘനമുള്ളതായോ അവര്‍ തന്നെയാണ് വിജയികള്‍. ആരുടെ (സല്‍കര്‍മങ്ങളുടെ) തൂക്കങ്ങള്‍ ലഘുവായിത്തീര്‍ന്നുവോ അവരാണ് ആത്മനഷ്ടം വരുത്തിയവര്‍. നരകത്തില്‍ നിത്യവാസികള്‍” (മുഅ്മിനൂന്‍ 102, 103)
മഹ്ശറയില്‍ ഹാജരാക്കപ്പെടുന്നവര്‍ ഹൃദയമോ വൃക്കയോ കരളോ ഇല്ലാത്തവരായല്ല. ആ ശരീരം മണ്ണോടു ചേര്‍ന്നു ലയിച്ചുപോയി. ‘കുന്‍’ (ഉണ്ടാവുക) എന്ന കല്പന വരുമ്പോള്‍ ലോകത്തെ മുഴുവന്‍ ജനങ്ങളും സമ്പൂര്‍ണരായ നിലയില്‍ മനുഷ്യരായിത്തീരും എന്ന നിലയിലാണ് അല്ലാഹു പഠിപ്പിക്കുന്നത്. മഹ്ശറയില്‍ ഹാജരാകുന്നത് അല്ലാഹു പുതുതായി സൃഷ്ടിച്ച ശരീരമാണ്. അതിനെക്കുറിച്ച് അല്ലാഹു പറയുന്നു: ”നിങ്ങളെ സൃഷ്ടിക്കുന്നതും നിങ്ങളെ പുനര്‍ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ സൃഷ്ടിക്കുകയും പുനര്‍ജീവിപ്പിക്കുകയും ചെയ്യുന്നതുപോലെ മാത്രമാകുന്നു.” (ലുഖ്മാന്‍ 28). അല്ലാഹുവെ സംബന്ധിച്ചേടത്തോളം ലോകത്തെ മുഴുവന്‍ ജീവജാലങ്ങളെയും പുനര്‍ജീവിപ്പിക്കാന്‍ ഒരു വ്യക്തിയെ മാത്രം പുനര്‍ജീവിപ്പിക്കാനുള്ള സമയം മതിയാകുമെന്നാണ് മേല്‍ സൂക്തത്തിന്റെ താല്‍പര്യം.
മാറ്റി വെക്കപ്പെടാമോ എന്ന് നാം ചര്‍ച്ച ചെയ്യുന്ന വൃക്കകളോ ഹൃദയമോ കരളോ മഹ്ശറയില്‍ സാക്ഷി പറയും എന്ന് വിശുദ്ധ ഖുര്‍ആനിലോ മറ്റോ വന്നിട്ടില്ല. അവിടെ സാക്ഷി പറയും എന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനില്‍ വന്നത് കൈകാലുകളും തൊലികളുമാണ്. അല്ലാഹു പറയുന്നു: ”അന്ന് നാം അവരുടെ വായകള്‍ക്ക് മുദ്ര വെക്കുകയും അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്” (യാസീന്‍ 65). മറ്റൊരു വചനം: ”അങ്ങനെ അവര്‍ അവിടെ (നരകത്തില്‍) ചെന്നാല്‍ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവര്‍ക്കെതിരായി അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി സാക്ഷ്യം വഹിക്കുന്നതാണ്” (ഫുസ്സിലത് 20).
മഹ്ശറയില്‍ സംസാരിക്കുന്നതും സാക്ഷി പറയുന്നതും കൈയും കാലും ചെവിയും കണ്ണും തൊലികളും മാത്രമാണ്. എങ്കില്‍ പോലും അതൊന്നും അവയവ ദാനത്തിന്ന് എതിരു പറയാന്‍ കാരണമാകില്ല. ഇസ്‌ലാമില്‍ ഒരു കാര്യം കുറ്റകരമായിത്തീരുന്നത് ഉപകാരത്തേക്കാള്‍ അധികം ഉപദ്രവകരമായി മാറുമ്പോഴാണ്. കള്ളിനെക്കുറിച്ചും ചൂതാട്ടത്തെക്കുറിച്ചും അല്ലാഹു അരുളിയത് അപ്രകാരമാണ്: ”നബിയേ, താങ്കളോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് പല പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്” (അല്‍ബഖറ 219).
മസ്തിഷ്‌ക്ക മരണം സംഭവിച്ച ഒരാളുടെ അവയവം അയാളുടെ കുടുംബത്തിന്റെയോ ഉത്തരവാദപ്പെട്ടവരുടെയോ അനുവാദപ്രകാരം മറ്റൊരാള്‍ക്ക് നല്‍കുന്നതില്‍ ആര്‍ക്കാണ് ഉപദ്രവം. അല്ലാഹുവോ റസൂലോ അത്തരം ദാനങ്ങള്‍ വ്യക്തമായും നിഷിദ്ധമാക്കാത്ത അവസ്ഥയില്‍ പ്രത്യേകിച്ചും. ഇവിടെ ഒരു വ്യക്തിയുടെ ശരീരം വികൃതമാക്കുന്ന പ്രശ്‌നമേ വരുന്നില്ല. മറിച്ച് മറ്റൊരു വ്യക്തിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. നബി(സ) പറഞ്ഞു: ”പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കപ്പെടുന്നത്) ഉദ്ദേശ്യങ്ങള്‍ അനുസരിച്ച് മാത്രമാണ്” (ബുഖാരി).
എന്നാല്‍ അവയവദാനത്തിന്ന് അവയവം നല്‍കിയ വ്യക്തിക്ക് അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കണമെങ്കില്‍ ആ വ്യക്തി മരണത്തിന്ന് മുമ്പ് അതിനുള്ള സമ്മതമോ വസ്വിയ്യത്തോ ചെയ്യേണ്ടതാണ് എന്നാണ് ഖിയാസിയായ (താരതമ്യ പഠനത്താല്‍) മനസ്സിലാക്കാന്‍ സാധിക്കുന്നത്. അല്ലാതെ ദാനം ചെയ്യുന്ന വ്യക്തി അറിയാതെ കുടുംബത്തിന്റെ അനുവാദം മാത്രം പോരാ. (അല്ലാഹു അഅ്‌ലം`

Back to Top