രോഗവും ചികിത്സയും മര്യാദകളും-പി കെ മൊയ്തീന്‍ സുല്ലമി
രോഗം വരാനുള്ള കാരണങ്ങള്‍ പലതാണ്. രോഗാണുക്കള്‍, ഭക്ഷണ പാനീയങ്ങള്‍, ശാരീരികമായ ദോഷങ്ങള്‍ എന്നിവ അവയില്‍ ചിലതാണ്. രോഗം വരുന്നതും ഏറുന്നതും മാറുന്നതും അല്ലാഹുവിന്‍റെ വിധിയനുസരിച്ച് മാത്രമാണ്. ഇബ്റാഹീം നബി(അ)യുടെ പ്രസ്താവന വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നമ്മെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: “എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്” (ശുഅറാ 80). മേല്‍ വചനം വ്യാഖ്യാനിച്ച് ഇമാം ഇബ്നുകസീര്‍(റ) രേഖപ്പെടുത്തുന്നു: “രോഗത്തെ അല്ലാഹു അവനിലേക്ക് ചേര്‍ത്തു പറയാന്‍ കാരണം രോഗം എന്നത് അല്ലാഹുവിന്‍റെ കഴിവിലും വിധിയിലും സൃഷ്ടിപ്പിലും പെട്ട കാര്യമായതുകൊണ്ടാണ്.” (ഇബ്നുകസീര്‍ 3:338)
രോഗമുള്ളവര്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണമെന്നാണ് നബി(സ)യുടെ കല്പന. ആഇശ(റ) പറയുന്നു: ഞങ്ങളില്‍ പെട്ട വല്ല മനുഷ്യനും രോഗം ബാധിക്കുന്ന പക്ഷം നബി(സ) തന്‍റെ വലതു കൈകൊണ്ട് തടവുകയും ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യും: ലോകരക്ഷിതാവായ അല്ലാഹുവേ, രോഗം ഞങ്ങളില്‍ നിന്നും പോക്കിക്കളയേണമേ. ഞങ്ങളുടെ രോഗം സുഖപ്പെടുത്തിത്തരേണമേ; നീ (മാത്രമാണ്) രോഗം സുഖപ്പെടുത്തുന്നവന്‍. നീ നല്‍കുന്ന ശമനമല്ലാതെ മറ്റൊരു ശമനവുമില്ല. അതിനാല്‍ ഒരു രോഗവും അവശേഷിക്കാത്ത നിലയിലുള്ള ശമനം നീ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ.” (മുസ്ലിം)
രോഗം ഉണ്ടാക്കുന്നത് പിശാചാണ് എന്ന അന്ധവിശ്വാസത്തിന് ഒരുപാട് വര്‍ഷത്തെ പഴക്കമുണ്ട്. 1940-കളില്‍ കേരളത്തിന്‍റെ ചില ഭാഗങ്ങളില്‍ കോളറ പിടിപെട്ടപ്പോള്‍ അത് പിശാചുണ്ടാക്കുന്ന രോഗമാണെന്ന് ചിലര്‍ പ്രചരിപ്പിച്ചിരുന്നു. അവര്‍ അതിന് കൊടുത്തിരുന്ന പേര് ‘തലമത്തട്ടി ശൈത്വാന്‍’ എന്നായിരുന്നു. അതിന് പുരോഹിതര്‍ നിശ്ചയിച്ച ചികിത്സ കൂട്ടബാങ്കും നാട്ടു മൗലീദുമായിരുന്നു. അവര്‍ ഇന്ന് ആ അന്ധവിശ്വാസത്തില്‍ നിന്നും മാറി കോളറ രോഗാണു പരത്തുന്ന രോഗമാണെന്ന് അംഗീകരിച്ചിരിക്കുന്നു.
എന്നാല്‍ അവരെക്കാള്‍ പിഴച്ച അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവര്‍ ഇന്നുണ്ട്. അവരുടെ വാദപ്രകാരം രോഗമുണ്ടാക്കുന്നത് പിശാചാണ്. പിശാച് ശരീരത്തില്‍ കയറുമെന്നൊക്കെ പറയുന്നു. അപസ്മാര രോഗവും ഹിസ്തീരിയയും പിശാച് ശരീരത്തില്‍ കയറിയതുകൊണ്ടാണെന്ന് തെറ്റിദ്ധരിപ്പിച്ച് പിശാചിനെയിറക്കുന്നതിന് അടിചികിത്സ നടത്തുന്നു.
രോഗമുണ്ടാക്കുന്നത് അല്ലാഹുവാണ്. അഥവാ അവന്‍റെ വിധിയനുസരിച്ചാണ്. അതുകൊണ്ടുതന്നെ രോഗത്തിന്‍റെ പിതൃത്വം പിശാചിനു കൊടുക്കല്‍ ശുദ്ധമായ ശിര്‍ക്കില്‍ പെട്ടതാണ്. രോഗം അല്ലാഹു ചിലര്‍ക്ക് നല്‍കുന്നത് വിശ്വാസ പരീക്ഷണം എന്ന നിലക്കായിരിക്കും. അയ്യൂബ് നബിക്ക്(അ) ഉണ്ടായ രോഗം പരീക്ഷണമായിരുന്നു. അല്ലാഹു പറയുന്നു: “ഓരോ വ്യക്തിയും മരണം ആസ്വദിക്കുക തന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്‍കിക്കൊണ്ടും നന്മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്” (അന്‍ബിയാഅ് 35). ഈ വചനം ഇബ്നു അബ്ബാസ്(റ) വ്യാഖ്യാനിച്ചത് ഇബ്നുകസീര്‍(റ) രേഖപ്പെടുത്തുന്നു: “അലിയ്യുബ്നു ത്വല്‍ഹ(റ) ഇബ്നു അബ്ബാസില്‍(റ) നിന്ന് ഉദ്ധരിക്കുന്നു: നിങ്ങളെ ഞാന്‍ നന്മ കൊണ്ടും തിന്മ കൊണ്ടും കാഠിന്യം കൊണ്ടും സൗമ്യത കൊണ്ടും ആരോഗ്യം കൊണ്ടും രോഗം കൊണ്ടും സമ്പത്തുകൊണ്ടും ദാരിദ്ര്യം കൊണ്ടും പരീക്ഷിക്കും എന്നതാണ് മേല്‍പറഞ്ഞ വചനത്തിന്‍റെ താല്‍പര്യം.” (ഇബ്നുകസീര്‍ 3:178)
മറ്റൊരു ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക: “തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്” (ആലുഇംറാന്‍ 186). മേല്‍ വചനത്തെ ഇബ്നു കസീര്‍(റ) വ്യാഖ്യാനിക്കുന്നു: “ഓരോ സത്യവിശ്വാസിയും അവന്‍റെ മത വിശ്വാസത്തിന്‍റെ തോതനുസരിച്ച് പരീക്ഷിക്കപ്പെടും.” (ഇബ്നുകസീര്‍: മുഖ്തസ്വര്‍ 1:34)
രോഗം അല്ലാഹു ശിക്ഷ എന്ന നിലയിലും നല്‍കാവുന്നതാണ്. താഴെ വരുന്ന നബി വചനങ്ങള്‍ അതാണ് നമ്മെ ഓര്‍മപ്പെടുത്തുന്നത്. “പ്ലേഗ് എന്നത് ഒരു അഴുക്കോ ശിക്ഷയോ ആണ്. നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേലെയേ ഇസ്റാഈല്‍ സന്തതികളിലേക്കോ അല്ലാഹു പ്രസ്തുത രോഗം ഇറക്കിയിരിക്കുന്നു. അതിനാല്‍ ഒരു നാട്ടില്‍ പ്രസ്തുത രോഗമുണ്ടെന്ന് നിങ്ങള്‍ കേള്‍ക്കുന്ന പക്ഷം അവിടേക്ക് നിങ്ങള്‍ യാത്ര പോകരുത്. നിങ്ങള്‍ ഒരു നാട്ടിലായിരിക്കേ ആ നാട്ടില്‍ പ്രസ്തുത രോഗം പിടിപെടുന്ന പക്ഷം അവിടെ നിന്നും മറ്റൊരു നാട്ടിലേക്ക് നിങ്ങള്‍ ഓടിപ്പോകരുത്.” (സ്വഹീഹു മുസ്ലിം 7:461)
അഥവാ ഒരു നാട്ടില്‍ പകര്‍ച്ചവ്യാധി പിടിപെടുന്ന പക്ഷം ആ നാട്ടിലേക്ക് മറുനാട്ടുകാര്‍ പ്രവേശിക്കരുത്. പ്രസ്തുത നാട്ടിലുള്ള രോഗികള്‍ മറു നാടുകളിലേക്ക് പോകാനും പാടില്ലായെന്നതാണ് നബി(സ)യുടെ കല്പന. കാരണം അതൊക്കെ രോഗം പകരാന്‍ കാരണമാകുന്നതാണ്. ചികിത്സക്കാണ് നാം ഒന്നാം സ്ഥാനം നല്‍കേണ്ടത്. പ്രാര്‍ഥന അതിനോടൊപ്പം തുടരേണ്ടതുമാണ്. അങ്ങനെയാണ് അല്ലാഹുവും റസൂലും കല്പിച്ചിട്ടുള്ളത്.
ഇസ്ലാമിലെ മന്ത്രം എന്ന് പറയുന്നത് പ്രാര്‍ഥനയാണ്. അത് ഇസ്ലാമില്‍ സുന്നത്തുമാണ്. മന്ത്രവാദം ഇസ്ലാം അംഗീകരിക്കുന്നില്ല. രോഗമുണ്ടാകുമ്പോള്‍ ചികിത്സിക്കാതെ മന്ത്രവാദം നടത്തല്‍ ഇസ്ലാമിനു വിരുദ്ധവും കുറ്റകരവുമാണ്. നബി(സ) പറയുന്നു: “അല്ലാഹു ശമനമിറക്കാതെ ഒരു രോഗവും ഇറക്കിയിട്ടില്ല. അതിനാല്‍ നിങ്ങള്‍ ചികിത്സിക്കണം” (നസാഈ, ഇബ്നുമാജ, ഹാകിം). “എല്ലാ രോഗത്തിനും അല്ലാഹു മരുന്ന് നിശ്ചയിട്ടുണ്ട്. രോഗത്തിന് മരുന്ന് സേവിക്കുന്നവന്ന് അവന്‍റെ അനുമതിയോടെ രോഗം സുഖപ്പെടുന്നതാണ്.” (മുസ്ലിം 2204)
രോഗത്തിന് മരുന്ന് എന്നത് ഒരു നിമിത്തം മാത്രമാണ്. രോഗം സുഖപ്പെടുത്തുന്നത് അല്ലാഹുവാണ്. “ഞാന്‍ രോഗിയാകുന്ന പക്ഷം അവനാണ് എന്നെ സുഖപ്പെടുത്തുന്നവന്‍” (ശുഅറാ 80). ഇബ്റാഹീം നബി(അ)യുടെ പ്രാര്‍ഥനയിലൂടെയാണ് അല്ലാഹു അക്കാര്യം നമ്മെ പഠിപ്പിക്കുന്നത്. അപ്പോള്‍ രോഗം സുഖപ്പെടാന്‍ പ്രാര്‍ഥനയും നിര്‍ബന്ധമാണ്. അഥവാ ചികിത്സയും മരുന്നും ഫലിക്കാന്‍ വേണ്ടിയാണ് നാം പ്രാര്‍ഥന നടത്തുന്നത്.
നബി(സ) രോഗം വന്നാല്‍ ചികിത്സ നടത്താന്‍ കല്പിച്ചിരുന്നു. “ഉസാമതുബ്നു ശുറൈക്ക്(റ) പറയുന്നു: ഞാന്‍ നബി(സ)യുടെ അരികെയുണ്ടായിരിക്കെ ഗ്രാമീണരായ ചില അറബികള്‍ വന്ന് അവിടത്തോട് ഇപ്രകാരം ചോദിക്കുകയുണ്ടായി: അല്ലാഹുവിന്‍റെ ദൂതരേ, ഞങ്ങള്‍ക്ക് ചികിത്സ നടത്താന്‍ പാടുണ്ടോ? നബി(സ) പറഞ്ഞു: അതെ. അല്ലാഹുവിന്‍റെ ദാസന്മാരേ, അല്ലാഹു ഒരു രോഗമൊഴിച്ചുള്ള എല്ലാ രോഗങ്ങള്‍ക്കും മരുന്ന് നിശ്ചയിച്ചിട്ടുണ്ട്. അവര്‍ ചോദിച്ചു: മരുന്നില്ലാത്ത പ്രസ്തുത രോഗം എന്താണ്? നബി(സ) പറഞ്ഞു: വാര്‍ധക്യമാണത്.” (അഹ്മദ് 4:278)
മേല്‍ ഹദീസിനെക്കുറിച്ച് ഇബ്നുല്‍ഖയ്യീം(റ) പറയുന്നു: “സ്വന്തം കാര്യത്തിനും തന്‍റെ ഭാര്യമാരുടെ കാര്യത്തിലും സ്വഹാബത്തിന്‍റെ വിഷയത്തിലും രോഗം ബാധിച്ചാല്‍ ചികിത്സിക്കലും ചികിത്സകൊണ്ട് കല്പിക്കലും നബി(സ)യുടെ ചര്യകളില്‍ പെട്ടതാണ്” (സാദുല്‍ മആദ് 4:10).
നബി(സ)യുടെ കാര്യത്തില്‍ വന്ന ഒരു സംഭവം ശ്രദ്ധിക്കുക. “അലി(റ) പറയുന്നു: നബി(സ) ഒരു രാത്രിയില്‍ നമസ്കരിച്ചുകൊണ്ടിരിക്കെ കൈ നിലത്തു വെച്ചപ്പോള്‍ കൈയിന്മേല്‍ ഒരു തേള് കുത്തുകയുണ്ടായി. അപ്പോള്‍ നബി(സ) ചെരിപ്പുകൊണ്ട് അതിനെ അടിച്ചുകൊന്നു. അങ്ങനെ നമസ്കാരം കഴിഞ്ഞപ്പോള്‍ ഇപ്രകാരം പറയുകയും ചെയ്തു: തേളിനെ അല്ലാഹു ശപിക്കട്ടെ. നമസ്ക്കരിക്കുന്നവനെന്നോ പ്രവാചകനെന്നോ ഉള്ള പരിഗണന പോലും അത് നല്‍കിയിട്ടില്ല. അങ്ങനെ നബി(സ) അല്പം ഉപ്പും വെള്ളവും കൊണ്ടുവരാന്‍ കല്പിക്കുകയും അവ രണ്ടും ഒരു പാത്രത്തിലൊഴിച്ച് തേള് കുത്തിയ സ്ഥലത്ത് അത് ഒഴിക്കുകയും അവിടം തടവുകയും ചെയ്തു. പിന്നീട് മുഅവ്വദതൈനി (സൂറത്തുല്‍ ഫലഖും നാസും) ഓതി അല്ലാഹുവോട് രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.” (ബൈഹഖി)
ഇവിടെ നബി(സ) ആദ്യം ചികിത്സിക്കുകയും പിന്നീട് പ്രാര്‍ഥിക്കുകയുമാണ് ചെയ്തത്. ഈ പ്രാര്‍ഥനക്കാണ് റുഖ്യ ശറഇയ്യ എന്ന് ചിലര്‍ ഇപ്പോള്‍ വിളിച്ചുവരുന്നത്. അല്ലാഹുവോടുള്ള പ്രാര്‍ഥന അത് ഏത് കാര്യത്തിനുവേണ്ടിയായിരുന്നാലും അത് അല്ലാഹുവും റസൂലും നിര്‍ബന്ധമായി കല്പിച്ചതിനാല്‍ അത് ശറഇല്‍ പെട്ടതുതന്നെയാണ്. അതിനാല്‍ മന്ത്രപ്രാര്‍ഥനക്ക് മാത്രം അങ്ങനെ ഒരു പേരു കൊടുത്തത് മന്ത്രവാദം പോലുള്ള തെറ്റായ കാര്യങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടിയാണെന്ന് ആക്ഷേപിക്കപ്പെടാന്‍ ഇടയുണ്ട്.
രോഗമുള്ളവര്‍ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗമില്ലാത്തവര്‍ അത് തനിക്ക് വന്നുപെടാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്. ഇരുകൂട്ടരും വൃത്തിയുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. തന്‍റെ ശരീരവും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അല്ലാഹു പറയുന്നു: “തീര്‍ച്ചയായും പശ്ചാത്തപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നു” (അല്‍ബഖറ 222). നബി(സ) പറയുന്നു: “ശുചിത്വം ഈമാനിന്‍റെ പകുതിയാണ്” (അസ്ഹാബുസ്സുനന്‍). രോഗമുള്ളവര്‍ രോഗമില്ലാത്തവരുമായി ബന്ധം പുലര്‍ത്തല്‍ നബി(സ) നിരോധിച്ചിരിക്കുന്നു. നബി(സ) പറയുന്നു: “രോഗമുള്ള വ്യക്തികള്‍ രോഗമില്ലാത്തവരുമായി ബന്ധപ്പെടരുത്” (മുസ്ലിം 2221).
പകര്‍ച്ചവ്യാധിയുള്ളവര്‍ക്ക് കൈ കൊടുക്കാനോ ആലിംഗനം ചെയ്യാനോ രോഗമില്ലാത്തവര്‍ക്ക് പാടുള്ളതല്ല. ഒരു സംഭവം ശ്രദ്ധിക്കുക: “നബി(സ)യുമായി ബൈഅത്ത് ചെയ്യാന്‍ (ഇസ്ലാം അംഗീകരിക്കാന്‍ തയ്യാറാണ് എന്ന നിലയില്‍ നബി(സ)ക്ക് കൈകൊടുക്കാന്‍) വന്ന സഖീഫ് ഗോത്രക്കാരോടൊപ്പം ഒരു കുഷ്ഠരോഗിയുണ്ടായിരുന്നു. താങ്കളുമായി ഞാന്‍ ബൈഅത്ത് ചെയ്തിരിക്കുന്നു. താങ്കള്‍ മടങ്ങിപ്പോകണം എന്ന് പറഞ്ഞുകൊണ്ട് നബി(സ) പ്രസ്തുത രോഗിയെ മടക്കിയയക്കുകയായിരുന്നു (മുസ്ലിം 2231).
സത്യവിശ്വാസി ഒരിക്കലും രോഗത്തെയോ മരണത്തെയോ ഭയപ്പെടുന്നവനല്ല. മരണത്തെ യഥാര്‍ഥ മുഅ്മിന്‍ ഭയപ്പെടുന്നതുമല്ല. രോഗമായിരുന്നാലും പൗരത്വപ്രശ്നമായിരുന്നാലും സത്യവിശ്വാസികള്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുകൊണ്ടും പ്രതിരോധം കാത്തുകൊണ്ടും സധൈര്യം മുന്നോട്ടു നീങ്ങേണ്ടതാണ്. അല്ലാഹുവിന്‍റെ കൃപയും സംരക്ഷണവും ഉണ്ടായിത്തീരുമാറാകട്ടെ.