23 Monday
December 2024
2024 December 23
1446 Joumada II 21

ഇമാമത്ത് അര്‍ഹതയും യോഗ്യതയും ആര്‍ക്കെല്ലാം?

പി കെ മൊയ്തീന്‍ സുല്ലമി

സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനഗ്രന്ഥമായ ഫത്ഹുല്‍ബാരിയില്‍ ഇപ്രകാരം ഒരധ്യായം കാണാം: ‘ഖുര്‍ആന്‍ പാരായണത്തില്‍ അവര്‍ തുല്യരാണെങ്കില്‍ പിന്നെ അവരില്‍ ഏറ്റവും പ്രായമുള്ള വ്യക്തി ഇമാമത്ത് നില്‍ക്കണം’ (3:73). സ്വഹീഹുല്‍ബുഖാരിയിലെ 625-ാം നമ്പര്‍ ഹദീസില്‍ നബി(സ) കല്‍പിച്ചു: ”നമസ്‌കാരസമയം ആസന്നമായാല്‍ നിങ്ങളില്‍ ഒരാള്‍ ബാങ്ക് വിളിക്കുകയും നിങ്ങളില്‍ പ്രായം കൂടിയ വ്യക്തി ഇമാമത്ത് നില്ക്കുകയും വേണം.” (3:73)
ഈ ഹദീസിനെ വ്യാഖ്യാനിച്ച് ഇബ്‌നുഹജര്‍(റ) പറയുന്നു: അന്ന് അവരില്‍ ഏറ്റവും വലിയ പണ്ഡിതന്‍ ഏറ്റവുമധികം പ്രായമുള്ള ആളായിരിക്കാനാണ് സാധ്യത.” (ഫത്ഹുല്‍ബാരി 3:75). അഥവാ നബി(സ)യുടെ ദൃഷ്ടിയില്‍ ഏറ്റവും ഖുര്‍ആന്‍ മനപ്പാഠമുള്ള വ്യക്തിക്ക് മറ്റുള്ളവരെക്കാള്‍ പ്രായമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം.
ഇമാം മുസ്്‌ലിം ഉദ്ധരിച്ച ഹദീസ് ഇപ്രകാരമാണ്: ”അവര്‍ മൂന്നു പേരുണ്ടെങ്കില്‍ അവരില്‍ ഒരാള്‍ ഇമാം നില്‍ക്കേണ്ടതാണ്. അവരില്‍ ഇമാമത്തിന് ഏറ്റവും അര്‍ഹന്‍ ഏറ്റവുമധികം ഖുര്‍ആന്‍ മനപ്പാഠമുള്ള വ്യക്തിയാണ്” (മുസ്‌ലിം 672, സ്വഹീഹു മുസ്‌ലിം 3:186)
അബൂമസ്ഊദ്(റ) നബി(സ)യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: ”നബി(സ) ഞങ്ങളോട് ഇപ്രകാരം പറയുകയുണ്ടായി: അല്ലാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ച് അറിവും മനപ്പാഠവുമുള്ള വ്യക്തി ഇമാമത്ത് നില്‍ക്കേണ്ടതാണ്. ഖുര്‍ആനിന്റെ വിഷയത്തില്‍ തുല്യരാണെങ്കില്‍ ഹിജ്‌റയില്‍ മുന്തിയവര്‍ ഇമാമത്ത് നില്‍ക്കേണ്ടതാണ്. അതിലും അവര്‍ തുല്യരാണെങ്കില്‍ അവരില്‍ ഏറ്റവും പ്രായമുള്ള വ്യക്തി ഇമാമത്ത് നില്‍ക്കേണ്ടതാണ്. ഒരാളുടെ അധികാരപരിധിയിലോ അയാളുടെ വീട്ടിലെ ഇരിപ്പിടത്തിലോ മറ്റൊരാള്‍ അയാളുടെ അനുവാദമില്ലാതെ ഇമാമത്ത് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.” (മുസ്്‌ലിം, സ്വഹീഹു മുസ്്‌ലിം 1:187)
മേല്‍ ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്ന കാര്യം ഇമാമത്തിന് ഏറ്റവുമധികം പരിഗണിക്കേണ്ടത് പ്രായവും ഖുര്‍ആന്‍ മനപ്പാഠവുമുള്ള വ്യക്തികളെയാണ്. ഇവിടെ നബി(സ) പറഞ്ഞത് കേവല മനപ്പാഠത്തേക്കാളേറെ ഖുര്‍ആനിന്റെ അര്‍ഥസാരം കൂടി ഇമാം അറിഞ്ഞിരിക്കണം എന്നാകുന്നു.
ഇമാം നവവി(റ) പറയുന്നു: ”ഇമാം മാലിക്(റ) ഇമാം ശാഫിഈ(റ) എന്നിവര്‍ പ്രസ്താവിക്കുകയുണ്ടായി. ഇമാമത്തിന്റെ വിഷയത്തില്‍ (കേവല) മനപ്പാഠമുള്ളവനെക്കാള്‍ പരിഗണിക്കേണ്ടത് പണ്ഡിതനെയാണ്” (ശറഹു മുസ്്‌ലിം 3:189). അതുകൊണ്ടാണ് നബി(സ) തന്റെ രോഗസന്ദര്‍ഭത്തില്‍ സ്വഹാബത്തിനോട് ഇപ്രകാരം കല്പിച്ചത്: ”നിങ്ങള്‍ അബൂബക്കറിനോട് പറയൂ. അദ്ദേഹം ജനങ്ങളെയും കൊണ്ട് നമസ്‌കരിക്കട്ടെ.” (ബുഖാരി 682, ഫത്ഹുല്‍ബാരി 3:65)
ഈ വിഷയത്തില്‍ ഇമാം നവവി പറയുന്നു: അതുകൊണ്ടാണ് നബി(സ) ഇമാമത്തിന്റെ കാര്യത്തില്‍ മറ്റുള്ള സ്വഹാബികളെക്കാള്‍ അധികം അബൂബക്കറിനെ(റ) മുന്തിച്ചത്” (ശറഹുമുസ്്‌ലിം 3:189). അബൂബക്കര്‍(റ) നെക്കാള്‍ സുന്ദരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തികളായിരുന്നു അബൂമൂസല്‍ അശ്അരി(റ), ഇബ്‌നുമസ്ഊദ്(റ) തുടങ്ങിയവര്‍. അവരാരെയും നബി(സ) തന്റെ സ്ഥാനത്ത് ഇമാമത്ത് നിര്‍ത്തിയില്ല. അബൂമൂസല്‍ അശ്അരി(റ)യുടെ ഖുര്‍ആന്‍ പാരായണം നബി(സ) ഒളിഞ്ഞിരുന്ന് കേള്‍ക്കാറുണ്ടായിരുന്നു. ഇബ്‌നുമസ്ഊദിന്റെ(റ) ഖുര്‍ആന്‍ പാരായണം നബി(സ) ആസ്വദിച്ചിരുന്നു. രണ്ടും സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്.

ഇമാം മുസ്വ്ഹഫ് നോക്കി ഓതല്‍
ഒരു വിഭാഗം പണ്ഡിതന്മാര്‍ ഇത് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നബി(സ)യുടെ ഹദീസുകളുടെ അടിസ്ഥാനത്തില്‍ ഇത് പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല. ”ആഇശ(റ)യുടെ അടിമ ദക്‌വാന്‍ മുസ്വ്ഹഫില്‍ നോക്കി ഓതിക്കൊണ്ട് അവര്‍ക്ക് ഇമാമത്ത് നിന്നിരുന്നു” (ഫത്ഹുല്‍ബാരി 3:95).
ഈ റിപ്പോര്‍ട്ട് സ്വഹീഹാണെങ്കില്‍ തന്നെയും ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ശാദ്ദ് ആണ്. എന്താണ് ശാദ്ദ്? ഇബ്‌നുഹജര്‍(റ) പറയുന്നു: ശാദ്ദ് എന്ന് പറയുന്നത് ഏറ്റവും സ്വഹീഹായി വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി വന്ന സ്വഹീഹായ ഹദീസുകളാണ്” (നുഖ്ബത്തുല്‍ ഫിക്ര്‍ പേ 85).
ഖുര്‍ആന്‍ മനപ്പാഠവും ഖുര്‍ആനെക്കുറിച്ച് ഉള്‍ക്കാഴ്ചയുമുള്ള പണ്ഡിതന്മാരെയാണ് ഇമാമത്തില്‍ മുന്തിക്കേണ്ടത് എന്നാണ് ബുഖാരിയും മുസ്്‌ലിമും സ്വിഹാഹുസ്സിത്തയിലെ പണ്ഡിതന്മാരും അല്ലാത്തവരുമൊക്കെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആഇശ(റ)യില്‍ നിന്നും അവരുടെ അടിമ മുസ്വ്ഹഫ് നോക്കി ഓതിയിരുന്നുവെന്നത് മര്‍ഫൂഅ് ആയ ഒരു ഹദീസ് പോലുമല്ല. മറിച്ച് മൗഖുഫ് ആയ ഒരു അസര്‍ മാത്രമാണ്. ശാദ്ദായി വരുന്ന ഹദീസുകള്‍ പ്രമാണമാക്കാന്‍ പറ്റുന്നതല്ല എന്നാണ് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായം. രണ്ടാമതായി, ഖുര്‍ആന്‍ ഇമാമത്ത് നില്‍ക്കുന്ന വ്യക്തി നോക്കി ഓതല്‍ സ്വഹാബികള്‍ താല്‍പര്യപ്പെട്ടിരുന്നില്ല. ”ഇബ്‌റാഹീം(റ) പ്രസ്താവിച്ചു: ഇമാം മുസ്വ്ഹഫ് നോക്കി ഓതുന്നതിനെ സ്വഹാബികള്‍ അനിഷ്ടകരമായി കണ്ടു. അതിനെ അവര്‍ വേദക്കാരോട് ഉപമിക്കുകയും ചെയ്തിരുന്നു” (അബ്ദുര്‍റസാഖ്).
ഇമാമത്തിന് കൊള്ളാവുന്ന ആരും ഇല്ലാത്ത പക്ഷം ഇത്തരക്കാരെ ഇമാമത്ത് നിര്‍ത്താവുന്നതാണ്. കാരണം മഅ്മൂമീങ്ങളില്‍ ഭൂരിഭാഗവും ഖുര്‍ആന്‍ നോക്കി ഓതാന്‍ കഴിവുള്ളവരായിരിക്കും. നോക്കി ഓതല്‍ ഒരു യോഗ്യതയുമല്ല.

സ്ത്രീകളുടെ ഇമാമത്ത്
സ്ത്രീകള്‍ പള്ളികളിലോ മറ്റോ പുരുഷന്മാര്‍ക്ക് ഇമാമത്ത് നല്‍ക്കാന്‍ പാടില്ല എന്നത് ഇസ്്‌ലാമില്‍ തര്‍ക്കമില്ലാത്ത കാര്യമാണ് അതേയവസരത്തില്‍ സ്ത്രീകള്‍ക്ക് വീടുകളിലോ പള്ളികളിലോ സ്ത്രീകള്‍ക്കുവേണ്ടി ഇമാമത്ത് നില്‍ക്കാവുന്നതാണ്. ”ഉമ്മു വറഖത്ത്(റ) പറയുന്നു: നബി(സ) അവരോട് നിര്‍ബന്ധ നമസ്‌കാരത്തില്‍ തന്റെ വീട്ടുകാര്‍ക്കുവേണ്ടി ബാങ്ക് കൊടുക്കാനും ഇമാമത്ത് നില്‍ക്കാനും അനുവാദം നല്‍കുകയുണ്ടായി.” (ഇബ്‌നുഖുസൈമ)
”ആഇശ(റ) ഇമാമത്ത് നില്‍ക്കുകയും ഇഖാമത്ത് കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു” (മുസ്വന്നഫ്, ബൈഹഖി, ഹാക്കിം). ഈ റിപ്പോര്‍ട്ട് സ്വഹീഹാണെന്ന് ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തിയിട്ടുണ്ട്. ”ഈ ഹദീസിന്റെ പരമ്പര സ്വഹീഹാകുന്നു” (അത്തല്‍ഖീസ് 3:204).
”ആഇശ(റ) ബാങ്കും ഇഖാമത്തും കൊടുക്കുകയും (സ്ത്രീകള്‍ക്ക്) ഇമാമത്ത് നില്ക്കുകയും ചെയ്യാറുണ്ടായിരുന്നു.” (ബൈഹഖി, ഫിഖുഹുസ്സുന്ന 1:120). ഈ വിഷയത്തില്‍ ഇമാം ശാഫിഈ(റ)യുടെ അഭിപ്രായം ഇപ്രകാരമാണ്: ”ഒരു സ്ത്രീ ബാങ്കും ഇഖാമത്തും നിര്‍വഹിക്കുന്നപക്ഷം അതില്‍ കുറ്റമില്ല. പക്ഷെ സ്ത്രീ ഉച്ചത്തില്‍ ശബ്ദമുയര്‍ത്താന്‍ പാടില്ല” (അല്‍ഉമ്മ് 1:103). സ്ത്രീകള്‍ സ്ത്രീകള്‍ക്കുവേണ്ടി ഇമാമത്ത് നില്‍ക്കല്‍ അനുവദിക്കപ്പെട്ടതാണ്.

കുട്ടികളുടെ ഇമാമത്ത്
പ്രായപൂര്‍ത്തിയും വകതിരിവും എത്താത്ത കുട്ടികള്‍ ഇമാമത്ത് നല്‍ക്കുകയെന്നത് പ്രോത്സാഹനാജനകമല്ല. അത്തരക്കാര്‍ ഹാഫിളുകളാണെങ്കില്‍പോലും ശരി. അതിലും ഭേദം നമസ്‌കാരരൂപം കൃത്യമായി പഠിച്ച സാമാന്യം ഖുര്‍ആന്‍ ഓതാനറിയുന്ന പ്രായമുള്ള സാധാരണക്കാരനാണ്. അതിന്റെ കാരണങ്ങള്‍ പലതാണ്. ഒന്ന്, ഇമാമത്ത് നില്‍ക്കുന്ന വ്യക്തിക്ക് ഖുര്‍ആന്‍ അല്പം മനപ്പാഠമുണ്ടായാല്‍പോരാ. വകതിരിവും നമസ്‌കാരത്തിന്റെ കൃത്യമായ രൂപവും ഇമാമിന്റെ ചുമതലകളും കൃത്യമായി അറിയണം. പ്രായപൂര്‍ത്തി എത്തുന്നതിന്റെ മുമ്പുള്ള ആരാധനാ കര്‍മങ്ങളുടെ പ്രതിഫലം പോലും അയാളുടെ പേരിലല്ല രേഖപ്പെടുത്തപ്പെടുന്നത്. മാതാപിതാക്കളുടെ പേരിലാണ്. ഖുര്‍ആന്‍ അല്‍പം മനപ്പാഠമുണ്ടെങ്കില്‍ ആരെയും സ്ഥിരം ഇമാമാക്കാം എന്ന ചിന്താഗതി തീര്‍ത്തും ശരിയല്ല. ഈ വിഷയത്തില്‍ വന്ന തെളിവുകള്‍ പരിശോധിക്കാം.
”അംറുബ്‌നുസലമ(റ) മക്കാ വിജയ ദിവസം തന്റെ ഏഴാമത്തെ വയസ്സില്‍ ജനങ്ങള്‍ക്ക് ഇമാമത്ത് നിന്നിരുന്നു” (ഫത്ഹുല്‍ബാരി 3:196). ഈ ഹദീസിനെക്കുറിച്ച് ഇബ്‌നുഹജര്‍(റ) പറയുന്നു: ”ഈ ഹദീസിനെക്കുറിച്ച് ഇമാം അഹ്മദുബ്‌നു ഹമ്പല്‍ നിശ്ശബ്ദത പാലിച്ചിരിക്കുന്നു. ഇബ്‌നുഹസം(റ) ഈ ഹദീസ് സ്വഹീഹല്ലെന്ന് തെളിവുദ്ധരിച്ചിരിക്കുന്നു. കാരണം നബി(സ) ചെറിയ കുട്ടികളുടെ (നന്മയും തിന്മയും രേഖപ്പെടുത്തുന്ന വിഷയത്തില്‍) പേനകള്‍ ഉയര്‍ത്തപ്പെട്ടതിനാല്‍ ഇമാമത്ത് നില്‍ക്കാന്‍ കല്പിക്കുന്നതല്ല” (ഫത്ഹുല്‍ബാരി 3:96).
ഇമാം ശൗക്കാനി(റ) രേഖപ്പെടുത്തിയത് അദ്ദേഹത്തോട് എട്ടാമത്തെ വയസ്സിലാണ് ഇമാമത്ത് നില്‍ക്കാന്‍ കല്പിച്ചതെന്നാണ്. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇമാം ശൗക്കാനി പറയുന്നു: ”അംറുബ്‌നു സലമത്(റ) പറയുന്നു: ഞാന്‍ എട്ടുവയസ്സുകാരനായിരിക്കെ ഞാനവര്‍ക്ക് ഇമാമത്ത് നിര്‍വഹിച്ചിരുന്നു. ഈ ഹദീസിനെക്കുറിച്ച് ഇബ്‌നുഹജര്‍(റ) തന്റെ തഹ്ദീബുത്തഹ്ദീബില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അംറുബ്‌നുസലമ നബി(സ)യില്‍ നിന്നും വല്ലതും കേട്ടതായി സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ അബ്ദുര്‍റസാഖ് നബി(സ)യിലേക്ക് ചേര്‍ത്തുകൊണ്ടുദ്ധരിച്ച റിപ്പോര്‍ട്ടിന്റെ പരമ്പര ദുര്‍ബലമാണ്.” (നൈലുല്‍ഔത്വാര്‍ 1:188)
മേല്‍ രേഖപ്പെടുത്തപ്പെട്ട ഹദീസുകള്‍ ദുര്‍ബലവും മുന്‍ഖതിഉം (പരമ്പര മുറിഞ്ഞത്) ആണെന്ന് മനസ്സിലാക്കാം. എന്നാല്‍ ഇമാമത്തിന് യോഗ്യനായി ആരെയും കിട്ടാത്ത പക്ഷം കുട്ടികളെയും ഇമാമത്ത് നിര്‍ത്താവുന്നതാണ്. ഖുര്‍ആന്‍ മനപ്പാഠം ഓതാന്‍ അറിയുന്നവന്‍ ഇല്ലെങ്കില്‍ നോക്കി ഓതാന്‍ അറിയുന്നവനെ ഇമാമത്ത് നിര്‍ത്തുന്നതുപോലെ. (അല്ലാഹു അഅ്‌ലം)

Back to Top