സുന്നത്ത് നമസ്‌കാരങ്ങള്‍ സ്ഥാനവും രൂപങ്ങളും
പി കെ മൊയ്തീന്‍ സുല്ലമി
അല്ലാഹു ഒന്നാമതായി വിചാരണ ചെയ്യുന്ന അനുഷ്ഠാനമാണ് നമസ്‌കാരം. ഒരു മുസ്‌ലിം ശരീരംകൊണ്ട് ചെയ്യുന്ന ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠമായതാണിത്. നമസ്‌കരിക്കാത്തവന്‍ നരകത്തിലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ”അനന്തരം അവര്‍ക്കു ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുക തന്നെ ചെയ്യും” (മര്‍യം 59). ”നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്താണെന്ന് (അവരോട് ചോദിക്കപ്പെടും). അവര്‍ (കുറ്റവാളികള്‍) പറയും: ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടില്ല.” (മുദ്ദസിര്‍ 42,43)
സുന്നത്ത് നമസ്‌കാരങ്ങള്‍ക്ക് ഇസ്‌ലാമില്‍ വളരെയധികം പ്രാധാന്യമുണ്ട്. ഒരാള്‍ക്ക് ഫര്‍ദ് നമസ്‌കാരങ്ങളില്‍ സംഭവിച്ചിരിക്കുന്ന വീഴ്ചകളും കുറവുകളും പരിഹരിക്കാന്‍ അയാളുടെ സുന്നത്ത് നമസ്‌കാരങ്ങള്‍ പരിഗണിക്കുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും അത് പ്രസ്താവിച്ചിരിക്കുന്നു. ഇബ്‌നുതൈമിയ(റ) പറയുന്നു: ”സുന്നത്ത് നമസ്‌കാരങ്ങള്‍ ചര്യയാക്കപ്പെട്ടത് നിര്‍ബന്ധ നമസ്‌കാരങ്ങളിലെ വീഴ്ചകളെ പരിഹരിക്കാന്‍ വേണ്ടിയാണെന്ന് പറയപ്പെട്ടിട്ടുണ്ട്. നബി(സ)യുടെ പ്രസ്താവനകളില്‍ ഇപ്രകാരം വന്നിട്ടുണ്ട്. ഒരു അടിമ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നമസ്‌കാരമായിരിക്കും. അത് പൂര്‍ണമാണെങ്കില്‍ കുറ്റമില്ല. അല്ലാത്തപക്ഷം അല്ലാഹു ചോദിക്കും: എന്റെ അടിമക്ക് വല്ല സുന്നത്ത് നമസ്‌കാരവുമുണ്ടോ എന്ന് നിങ്ങള്‍ നോക്കണം. അവന് സുന്നത്ത് നമസ്‌കാരമുണ്ടെങ്കില്‍ അവന്റെ നിര്‍ബന്ധ നമസ്‌കാരത്തിലെ വീഴ്ച പരിഹരിക്കപ്പെടുന്നതാണ്.” (നസാഈ 462, ഇബ്‌നുമാജ 1415, ഫതാവല്‍കുബ്‌റാ 2:20,21)
ശൈഖ് അബ്ദുല്‍ഖാദിറുല്‍ ജീലാനി പറയുന്നു: ”നബി(സ) പറഞ്ഞതായി തമീമുദ്ദാരി(റ) പ്രസ്താവിക്കുന്നു: അന്ത്യദിനത്തില്‍ അല്ലാഹു ആദ്യമായി വിചാരണ ചെയ്യുന്നത് നമസ്‌കാരമായിരിക്കും. അതില്‍ അവന്‍ സമ്പൂര്‍ണനാണെങ്കില്‍ അപ്രകാരം രേഖപ്പെടുത്തപ്പെടും. അതില്‍ സമ്പൂര്‍ണനല്ലെങ്കില്‍ അല്ലാഹു മലക്കുകളോട് ചോദിക്കും: എന്റെ അടിമയ്ക്ക് വല്ല സുന്നത്ത് നമസ്‌കാരവും നിങ്ങള്‍ കണ്ടെത്തുന്നപക്ഷം അത് അവന്‍ പാഴാക്കിയ നിര്‍ബന്ധ നമസ്‌കാരങ്ങളുടെ സ്ഥാനത്ത് കൊണ്ടുവരിക.” (അല്‍ഗുന്‍യ 2:102-107)
നിര്‍ബന്ധ നമസ്‌കാരം ഖദ്വാഅ് വീട്ടുന്നവര്‍ അതിന്റെ സ്ഥാനത്ത് സുന്നത്ത് നമസ്‌കാരങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഇബ്‌നുതൈമിയ(റ) ആഹ്വാനം ചെയ്യുന്നത്. ”ഒരാള്‍ തനിക്ക് പാഴായിപ്പോയ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ ഖദ്വാഅ് വീട്ടാന്‍ ഉദ്ദേശിക്കുന്ന പക്ഷം അത് ദീനില്‍ പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായ പ്രകാരം അനുവദനീയമല്ല. അത്തരക്കാര്‍ അവന് കഴിയാവുന്നത്ര സുന്നത്ത് നസ്‌കാരങ്ങള്‍ നിര്‍വഹിക്കേണ്ടതാണ്.” (മിന്‍ഹാജു സുന്നത്തിന്നബവിയ്യ 3:336)
സുന്നത്ത് നമസ്‌കാരങ്ങളില്‍ നാം സ്ഥിരമായി നടത്തിവരാറുള്ളത് റവാതിബ് സുന്നത്തുകളാണ്. അത് 10 റക്്അത്തുകള്‍ മാത്രമാണ്. സ്വിഹാഹുസ്സിത്തയിലെ എല്ലാ മുഹദ്ദിസുകളും അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ) പറയുന്നു: ”ഞാന്‍ നബി(സ)യില്‍ നിന്നും 10 റക്അത്ത് (റവാത്തിബ് സുന്നത്ത്) ചര്യയാക്കിയിട്ടുണ്ട്. ദുഹ്‌റിനു മുമ്പും ശേഷവും ഈരണ്ട് റക്അത്തുകള്‍, മഗ്‌രിബിനുശേഷം രണ്ട് റക്അത്ത്, ഇശാഇനു ശേഷം വീട്ടില്‍വെച്ച് രണ്ട് റക്അത്ത്, സ്വുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത് എന്നിവയാണവ.” (ബുഖാരി, മുസ്‌ലിം , തിര്‍മിദി, അബുദാവൂദ്, നസാഈ, മാലിക്, അഹ്മദ്)
ഫര്‍ദ് നമസ്‌കാരങ്ങളിലും സുന്നത്ത് നമസ്‌കാരങ്ങളിലും ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ്. ഫാതിഹ ഓതാത്തവന് നമസ്‌കാരമില്ല. (അസ്വ്ഹാബുസ്സുനന്‍). സ്വിഹാഹുസ്സിത്തയുടെ എല്ലാ മുഹദ്ദിസുകളും മേല്‍ പറഞ്ഞ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഫര്‍ദ് നമസ്‌കാരങ്ങളില്‍ സൂറത്ത് ഓതുകയെന്നത് നബി(സ)യുടെ സ്ഥിരചര്യയില്‍ പെട്ടതായിരുന്നു. സൂറത്ത് ഓതാതെ നബി(സ) നിര്‍ബന്ധ നമസ്‌കാരം നിര്‍വഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍ സുന്നത്ത് നമസ്‌കാരങ്ങളില്‍ നബി(സ) സൂറത്ത് ഓതിയിരുന്നതായും ഓതാതിരുന്നതാ യും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
ആഇശ(റ) പറയുന്നു: ”നബി(സ) സ്വുബ്ഹിയുടെ മുമ്പുള്ള രണ്ട് റക്അത്ത് നമസ്‌കാരങ്ങള്‍ വളരെ ലഘുവായ സമയം കൊണ്ട് നിര്‍വഹിച്ചിരുന്നു. നബി(സ) ഫാതിഹ സൂറത്ത് ഓതിയോ ഇല്ലയോ എന്നുവരെ ഞാന്‍ സംശയിച്ചിരുന്നു.” (അഹ്മദ്). മറ്റൊരു റിപ്പോര്‍ട്ടില്‍ ആഇശ(റ) പറയുന്നു: ”നബി(സ)യുടെ സുബ്ഹിയുടെ മുമ്പുള്ള രണ്ട് റക്അത്ത് നമസ്‌കാരങ്ങള്‍ ഫാതിഹ സൂറത് ഓതുന്ന സമയം മാത്രമായിരുന്നു.” (അഹ്മദ്, നസാഈ, മാലിക്)
എന്നാല്‍ ദുഹ്‌റ് നമസ്‌കാരത്തിന്റെയും ഇശാ നമസ്‌കാരത്തിന്റെയും സുന്നത്തുകളില്‍ നബി(സ) സുറത്തു കള്‍ ഓതിയിരുന്നതായി അറിയപ്പെടുന്നില്ല. ചിലപ്പോള്‍ നബി(സ) സ്വുബ്ഹിയിലെ സുന്നത്ത് നമസ്‌കാരങ്ങളില്‍ ലഘുവായ സൂറത്തുകളോ ഏതാനും ഖുര്‍ആന്‍ വചനങ്ങളോ ഓതാറുണ്ടായിരുന്നു. ആഇശ(റ) പറയുന്നു: ”നബി(സ) സുബ്ഹിയുടെ സുന്നത്ത് നമസ്‌കാരത്തില്‍ സൂറതുല്‍ കാഫിറൂനും സൂറതുല്‍ ഇഖ്‌ലാസും പതുക്കെ ഓതാറുണ്ടായിരുന്നു.” (അഹ്മദ്, ത്വബ്‌റാനി)
ചുരുക്കത്തില്‍ സുന്നത്ത് നമസ്‌കാരങ്ങളില്‍ ഫാതിഹ സൂറത്ത് മാത്രം മതിയാകുന്നതാണ്. സയ്യിദ് സാബിഖ്(റ) പറയുന്നു: ”സുന്നത്ത് നമസ്‌കാരത്തില്‍ ഫാതിഹ ഓതുന്ന സമയം മാത്രമേ നബി(സ) നമസ്‌കാരത്തില്‍ നില്‍ക്കാറുണ്ടായിരുന്നുള്ളൂ എന്ന ആഇശ(റ)യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുന്നത്ത് നമസ്‌കാരം ഫാതിഹ സൂറത്തില്‍ മാത്രം പരിമിതപ്പെടുത്താവുന്നതാണ് (ഫിഖ്ഹുസ്സുന്ന 1:186).
എന്നാല്‍ സുന്നത്ത് നമസ്‌കാരത്തില്‍ സൂറത് ഓതാമെന്നതിന് തെളിവായി ഉദ്ധരിക്കുന്നത് താഴെ വരുന്ന ഹദീസാണ്. ”അനന്തരം താങ്കള്‍ ഖുര്‍ആനില്‍ നിന്നും താങ്കള്‍ക്ക് എളുപ്പമുള്ളത് ഓതുക.” (ബുഖാരി 757, മുസ്‌ലിം 397). ഇവിടെ പറഞ്ഞ ‘എളുപ്പമുള്ളത്’ നബി(സ) ഓതാന്‍ പറഞ്ഞത് സുന്നത്ത് നമസ്‌കരിക്കുന്നവനോടല്ല, ഫര്‍ദ് നമസ്‌കരിക്കുന്നവനോടാണ്. ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഫാതിഹ സൂറത്ത് എല്ലാ റക്അത്തിലും നിര്‍ബന്ധമായും ഓതണമെന്നാണ് ഇബ്‌നുഹജറും(റ) (ഫത്ഹുല്‍ബാരി 3:187) ഇമാം നവവി(റ)യും (ശറഹു മുസ്‌ലിം 2:341) രേഖപ്പെടുത്തിയിട്ടുള്ളത്.
സുന്നത്ത് നമസ്‌കാരങ്ങള്‍ വ്യത്യസ്ത രൂപങ്ങളിലാണ്. ഖിയാമുല്ലൈല്‍, തഹജ്ജുദ്, ഖിയാമു റമദാന്‍ (തറാവീഹ്) എന്നിവയെല്ലാം ഒരേ നമസ്‌കാരം തന്നെയാണ്. മൊത്തത്തില്‍ ഇവകളെല്ലാം പ്രബലമായ സുന്നത്തുകളില്‍ ഉള്‍പ്പെടുന്നവയുമാണ്. അതില്‍ തറാവീഹ് ജമാഅത്തായും ഒറ്റയ്ക്കും നമസ്‌കരിക്കാവുന്നതാണ്. രണ്ടിനും നബി(സ)യില്‍ നിന്നും മാതൃകയുണ്ട്.
എന്നാല്‍ റമദാനല്ലാത്ത കാലത്ത് രാത്രി നമസ്‌കാരങ്ങള്‍ ജമാഅത്തായി സ്ഥിരമായി നടന്നിരുന്നതായി തെളിയിക്കാവുന്ന കാര്യമായ പ്രമാണങ്ങളൊന്നുമില്ല. അതുപോലെ ഫര്‍ദുകിഫായ (സാമൂഹ്യമായ നിര്‍ബന്ധം) ആയി വരുന്ന സുന്നത്ത് നമസ്‌കാരങ്ങളുണ്ട്. രണ്ട് പെരുന്നാള്‍ നമസ്‌കാരങ്ങള്‍, സ്വലാത്തുല്‍ ഇസ്തിസ്ഖാഅ് (മഴയ്ക്കുവേണ്ടിയുള്ള നമസ്‌കാരം), രണ്ട് ഗ്രഹണ നമസ്‌കാരങ്ങള്‍ എന്നിവ ഫര്‍ദുകിഫായയില്‍ പെട്ടതാണ്. ആരും നിര്‍വഹിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരായിത്തീരും.
അസ്ര്‍ നമസ്‌കാരത്തിന്റെ മുമ്പും ശേഷവുമുള്ള സുന്നത്ത് നമസ്‌കാരങ്ങളില്‍ അസ്‌റിന് ശേഷമുള്ള സുന്നത്ത് നമസ്‌കാരം നബി(സ)ക്ക് മാത്രം നിര്‍ബന്ധമാക്കപ്പെട്ടതാണ്. അസ്‌റിനുശേഷം നമസ്‌കരിക്കുന്നതിനെ നബി(സ) നിരോധിച്ചതായി സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. നബി(സ) അസ്‌റിനു ശേഷവും മുമ്പും സുന്നത്ത് നമസ്‌കാരം ഖദാഅ് വീട്ടിയതായിരുന്നു. അവ റവാതിബ് സുന്നത്തുകളില്‍ പെട്ടതല്ല. താഴെ വരുന്ന തെളിവുകള്‍ ശ്രദ്ധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടുന്നതാണ്.
ആഇശ(റ) പറയുന്നു: നബി(സ) അസ്‌റിനു ശേഷം നമസ്‌കരിക്കുകയും നമ്മോട് നിഷേധിക്കുകയും ചെയ്തിരുന്നു. നബി(സ) രാവും പകലും തുടര്‍ച്ചയായി നോമ്പെടുക്കുകയും നമ്മോട് നിരോധിക്കുകയും ചെയ്തിരുന്നു” (അബൂദാവൂദ് 1280, ബൈഹഖി സുനനുല്‍ കുബ്‌റാ 2:458). മറ്റൊരു ഹദീസ്: ”ഉമ്മുസലമത്(റ) തന്റെ വേലക്കാരിയെ ഇപ്രകാരം നബി(സ)യോട് ചോദിക്കാന്‍ ഏല്പിച്ചുകൊണ്ട് പറഞ്ഞയച്ചു. നീ നബി(സ)യോട് ചോദിക്കണം: അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ അസ്‌റിനു ശേഷമുള്ള രണ്ട് റക്്അത്ത് നമസ്‌കരിക്കുകയും (മറ്റുള്ളവരോട്) നിരോധിക്കുകയും ചെയ്യുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: അബ്ദുല്‍ഖൈസ് ഗോത്രത്തില്‍ പെട്ട ആളുകള്‍ എന്റെ അടുക്കല്‍ വന്നതിനാല്‍ ദുഹ്‌റിനു ശേഷമുള്ള സുന്നത്ത് നമസ്‌കാരം എനിക്ക് നഷ്ടപ്പെട്ടു. ഞാനത് നമസ്‌കരിച്ചതാണ്” (ബുഖാരി, മുസ്്‌ലിം). ഇബ്‌നുല്‍ഖയ്യിം(റ) പറയുന്നു: ”സുന്നത്ത് നമസ്‌കാരങ്ങള്‍ ഖദാഅ് വീട്ടുന്നതില്‍ സ്ഥിരത പുലര്‍ത്തുകയെന്നത് നബി(സ)ക്ക് മാത്രം പ്രത്യേകമാക്കപ്പെട്ടിട്ടുള്ളതാണ്.” (സാദുല്‍മആദ് 1:308)
ചുരുക്കത്തില്‍ എല്ലാ സുന്നത്ത് നമസ്‌കാരങ്ങളും റവാതിബ് ആയി പരിഗണിക്കുകയെന്നത് ശരിയല്ല. റവാതിബ് സുന്നത്തുകള്‍ പത്ത് റക്അത്തുകള്‍ മാത്രമാകുന്നു.