കൊറോണയെ ഓടിക്കാന്‍ നാരിയത്ത് സ്വലാത്തോ? – പി കെ മൊയ്തീന്‍ സുല്ലമി
ഭീതിജനകമായ മഹാമാരികള്‍ ലോകത്ത് പടര്‍ന്നുപിടിക്കുന്നത് ദൈവികപരീക്ഷണം എന്ന നിലയിലുള്ള ഒരു ശിക്ഷയായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രോഗം ചില കാരണങ്ങള്‍ ഒത്തുചേരുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന പ്രതിഭാസമാണ്. അല്ലാഹു പറയുന്നു: “തിന്മ നല്‍കിയും നന്മ നല്‍കിയും നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്.” (അന്‍ബിയാഅ് 35)
എന്നാല്‍ ചില സിദ്ധന്മാരുടെ ശാപപ്രാര്‍ഥനക്കും പിശാചുക്കള്‍ക്കും രോഗമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ചിലരുടെ വിശ്വാസം. സിദ്ധന്മാരുടെ ശാപം കാരണത്താലും പിശാചിലൂടെയും ഉണ്ടാകുന്ന രോഗങ്ങള്‍ ഏവ, രോഗാണുക്കളാലും മറ്റും ഉണ്ടാകുന്ന രോഗങ്ങള്‍ ഏവ, മാരണക്കാരിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ ഏവ എന്നിവയൊന്നും വേര്‍തിരിച്ചു വിശദീകരിച്ചു തരാന്‍ ഇത്തരം അന്ധവിശ്വാസികള്‍ക്ക് സാധിക്കുന്നില്ല. അല്ലാഹു അല്ലാത്ത ശക്തികള്‍ക്ക് അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും വരുത്തിവെക്കാന്‍ കഴിയുമെന്നത് അന്ധവിശ്വാസം മാത്രമല്ല, ശിര്‍ക്കും കൂടിയാണ്. അല്ലാഹു പറയുന്നു: “നബിയേ, താങ്കള്‍ക്ക് അല്ലാഹു വല്ല തിന്മയും വരുത്തിവെക്കുന്ന പക്ഷം അത് നീക്കം ചെയ്യാന്‍ അവനല്ലാതെ മറ്റാരുമില്ല. താങ്കള്‍ക്ക് അവന്‍ വല്ല നന്മയും വരുത്തുന്ന പക്ഷം അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാകുന്നു.” (അന്‍ആം 17)
അദൃശ്യമായ നിലയില്‍ നന്മയും തിന്മയും വരുത്താന്‍ അല്ലാഹു ഒരു ശക്തിക്കും അനുവാദം നല്‍കിയിട്ടില്ല എന്നതാണ് മേല്‍വചനം പഠിപ്പിക്കുന്നത്. ഈ വചനത്തെ ഇമാം ശൗക്കാനി വ്യാഖ്യാനിക്കുന്നു: “അല്ലാഹു താങ്കള്‍ക്ക് രോഗം, ദാരിദ്യം പോലുള്ള വല്ല തിന്മകളോ സൗഖ്യം, ആരോഗ്യം പോലുള്ള വല്ല നന്മകളോ നല്‍കുന്ന പക്ഷം അതിനെല്ലാം കഴിവുള്ളവന്‍ അവന്‍ മാത്രമാണ്.” (ഫത്ഹുല്‍ഖദീര്‍ 2:104)
മേല്‍വചനത്തെ ഇമാം ഖുര്‍തുബി വിശദീകരിക്കുന്നു: “മുഹമ്മദേ, താങ്കള്‍ക്ക് അല്ലാഹു കഠിനമായ രോഗം, ദാരിദ്ര്യം എന്നിവ പ്രദാനം നല്‍കുന്ന പക്ഷം അത് ഇല്ലായ്മ ചെയ്യാനോ തിരിച്ചുവിടാനോ അവനല്ലാത്ത ഒരു ശക്തിക്കും സാധ്യമല്ല.” (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 3:256).
രോഗത്തെ ഇല്ലായ്മ ചെയ്യാന്‍ അല്ലാഹു രണ്ടു മാര്‍ഗങ്ങളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചികിത്സയും പ്രാര്‍ഥനയും. ചികിത്സയെക്കുറിച്ച് നബി(സ) ഉപദേശിക്കുന്നു: “നിങ്ങള്‍ ചികിത്സിക്കണം. എന്നാല്‍ നിഷിദ്ധമായ വസ്തുക്കള്‍ കൊണ്ട് നിങ്ങള്‍ ചികിത്സിക്കരുത്.” (അബൂദാവൂദ്)
ചികിത്സാ രംഗത്ത് എല്ലാ സമുദായങ്ങളിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലവിലുണ്ട്. ഗോമൂത്രവും ചാണകവും കൊറോണക്ക് മരുന്നായി നിര്‍ദേശിക്കുന്ന ഹൈന്ദവ സഹോദരന്മാരുണ്ട്. ഇവ രണ്ടും ബുദ്ധിയില്ലാത്ത ഒരു ജീവിയുടെ വിസര്‍ജ്യങ്ങളാണ്. ഇതിലേറെ ബുദ്ധിഹീനവും പരിഹാസ്യവുമാണ് ഏലസ്സും ഉറക്കും കൊറോണയെ അകറ്റുമെന്ന വിശ്വാസം. നബി(സ) പഠിപ്പിച്ചു: “തീര്‍ച്ചയായും എല്ലാവിധ പൈശാചിക മന്ത്രങ്ങളും ഉറുക്ക് ഏലസ്സുകളും സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ സ്നേഹം സമ്പാദിക്കാന്‍ വേണ്ടി ചെയ്യുന്ന മാരണവും (തിവലതും) ശിര്‍ക്കാകുന്നു.” (അഹ്മദ്, അബൂദാവൂദ്)
മേല്‍പറഞ്ഞ മൂന്ന് കാര്യങ്ങളും ശിര്‍ക്കായി തീരാന്‍ കാരണം അദൃശ്യമായ നിലയില്‍ അല്ലാഹു അല്ലാത്ത ശക്തികളില്‍ നിന്നും ഖൈറും ശര്‍റും ആശിക്കുന്നതു കൊണ്ടാണ്. മേല്‍പറഞ്ഞ കാര്യങ്ങളില്‍ പെട്ട തിവലത്ത് എന്ന സിഹ്ര്‍ എന്തുകൊണ്ടാണ് ശിര്‍ക്കായിത്തീരുന്നത് എന്ന് ഇബ്നുഹജര്‍(റ) വിശദീകരിക്കുന്നുണ്ട്: “തിവലത്ത് എന്നത് ശിര്‍ക്കാകാന്‍ കാരണം, അത് സ്ത്രീകള്‍ ഭര്‍ത്താവിന്‍റെ സ്നേഹം സമ്പാദിക്കാന്‍ വേണ്ടി ചെയ്യുന്ന ഒരുതരം മാരണമാണ്. അതില്‍ അദൃശ്യമായ നിലയില്‍ ഉപദ്രവത്തെ തടുക്കലോ ഒരു അപകടത്തെ കൊണ്ടുവരലോ അല്ലാഹു അല്ലാത്ത ശക്തികളില്‍ നിന്നും പ്രതീക്ഷിക്കുന്നതു കൊണ്ടുമാണ്.” (ഫത്ഹുല്‍ബാരി 13:101)
ഏലസും ഉറുക്കും ശിര്‍ക്കായി തീരുന്നതും അവയില്‍ നിന്നു അദൃശ്യമായ നിലയില്‍ ഖൈര്‍ പ്രതീക്ഷിക്കുന്നതു കൊണ്ടാണ്. ഏലസ്സില്‍ ഒരു ഔഷധവും ഇല്ല. അത് ബന്ധിച്ചവന്‍ തന്‍റെ രോഗം മാറിയാല്‍ സ്തുതിക്കുന്നത് അത് കൊടുത്ത പുരോഹിതനെ ആയിരിക്കും. അല്ലാഹുവിന് അല്‍ഹംദുലില്ലാഹ് പറയേണ്ട സ്ഥാനത്ത് അവന്‍ പുരോഹിതന് ശുക്റ് ചെയ്യുന്നു. അതും ഉറുക്കു ഏലസ്സും ശിര്‍ക്കായിത്തീരാന്‍ ഒരു കാരണമാണ്. ഈ വിഷയത്തില്‍ വന്ന നബിവചനം ഇപ്രകാരമാണ്: “ഉറുക്ക് ബന്ധിച്ചവന്‍ തീര്‍ച്ചയായും ശിര്‍ക്ക് ചെയ്തു.” (ഹാകിം)
കൊറോണ ഭേദപ്പെടാന്‍ ചിലര്‍ നിര്‍ദേശിച്ച ചികിത്സയാണ് നാരിയത്ത് സ്വലാത്ത്. അതിന്‍റെ അര്‍ഥം നീറുന്ന സ്വലാത്ത്, കത്തുന്ന സ്വലാത്ത് എന്നൊക്കെയാണ്. നീറ്റലും കത്തലുമുള്ള ഒരു സ്വലാത്ത് നബി(സ) പഠിപ്പിച്ചിട്ടില്ല. നബി(സ) പഠിപ്പിച്ചത് അദ്ദേഹത്തിന് കാരുണ്യവും ശാന്തിയും ലഭിക്കാനുള്ള സ്വലാത്ത് (പ്രാര്‍ഥന) ആണ്. അത് സൂറത്തു അഹ്സാബില്‍ അല്ലാഹു പറയുന്നുണ്ട്: “സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ അല്ലാഹുവിന്‍റെ കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക.” (അഹ്സാബ് 56) ഈ സ്വലാത്താണ് സത്യവിശ്വാസികള്‍ നമസ്കാരത്തിലെ അത്തഹിയ്യാത്തില്‍ നിര്‍വഹിച്ചുവരുന്നത്.
നാരിയത്തു സ്വലാത്ത് പൗരോഹിത്യ നിര്‍മിതിയാണ്. ഇതുമൂലം അസുഖം ഭേദപ്പെടുമെന്ന് പറയുന്നത് ശുദ്ധഭോഷ്കാണ്. വേറെ ചിലര്‍ പ്രചരിപ്പിക്കുന്നത് സൂറതുല്‍ ബഖറ, യാസീന്‍, തീന്‍ എന്നിവ പാരായണം ചെയ്താല്‍ കൊറോണയെ അകറ്റാമെന്നാണ്. ഇതും അടിസ്ഥാനരഹിതമാണ്. ഈ സങ്കല്‍പത്തിലുള്ള രോഗശമനമല്ല ഖുര്‍ആന്‍ ശിഫയാകുന്നു എന്നു പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യന്‍റെ ഹിദായത്ത് ആകുന്നു ഖുര്‍ആന്‍റെ ലക്ഷ്യം. പ്രശ്നസങ്കീര്‍ണമായ സന്ദര്‍ഭങ്ങളിലെല്ലാം ശിഫയായി നില്‍ക്കുന്നത് ശരിയായ ഹിദായത്ത് തന്നെയാണ്.
ആപത്തുകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ശമനത്തിനുവേണ്ടി പ്രാര്‍ഥിക്കാന്‍ അല്ലാഹു അവതരിപ്പിച്ച രണ്ട് ചെറിയ സൂറത്തുകളാണ് മുഅവ്വദതൈനി എന്ന പേരില്‍ അറിയപ്പെടുന്ന സൂറതുല്‍ ഫലഖും സൂറതുന്നാസും. ഖുര്‍ആനിലെവിടെയും ഒരു രോഗത്തിന് മരുന്ന് നിര്‍ദേശിച്ചതായി കാണാന്‍ കഴിയില്ല. ഖുര്‍ആനില്‍ പരാമര്‍ശമുള്ളത് തേനിനെക്കുറിച്ച് മാത്രമാണ്. “അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്.” (നഹ്ല്‍ 69). തേന്‍ ഇന്ന രോഗത്തിന് ശമനമാണെന്ന് ഖുര്‍ആന്‍ സൂചന നല്കിയിട്ടില്ല. ആ വിഷയത്തില്‍ നബി(സ) പറഞ്ഞതും സ്വന്തം ഗവേഷണപരമായ അഭിപ്രായം മാത്രമാണ്. വഹ്യിന്‍റെ അടിസ്ഥാനത്തിലല്ല.
നബി(സ)യുടെ അടുക്കല്‍ ഉദര സംബന്ധമായ അസുഖവുമായി ഒരാള്‍ വന്നു. നബി(സ) പറഞ്ഞു: (രോഗം വന്ന വ്യക്തിയോട്) ഇയാളെ തേന്‍ കുടിപ്പിക്കുക. (ബുഖാരി, സാദുല്‍മആദ് 4:33). സൂറതുന്നഹ്ലിലെ 69-ാം വചനത്തിനും മേല്‍ ഹദീസിനും ഇമാം നവവി കൊടുത്ത വ്യാഖ്യാനത്തില്‍ നിന്നു നബി(സ) തേന്‍ കഴിക്കാന്‍ പറഞ്ഞത് വഹ്യിന്‍റെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് വ്യക്തമാണ്. “തേന്‍ എല്ലാ രോഗത്തിനും ശമനമാണെന്ന് ഖുര്‍ആന്‍ വചനത്തിലില്ല. തേന്‍ കൊണ്ട് അയാളുടെ രോഗം മാറുമെന്ന് നബി(സ) സ്വയം മനസ്സിലാക്കിയതു കൊണ്ടാണ് അപ്രകാരം പറഞ്ഞത്.” (ശറഹുമുസ്ലിം 7:461)
തേന്‍ മരുന്നായി ഉപയോഗിക്കല്‍, കൊമ്പുവെക്കല്‍ തുടങ്ങിയവ ഇസ്ലാമിന്‍റെ മുമ്പു തന്നെ പ്രചാരത്തിലുള്ള ചികിത്സാ സമ്പ്രദായങ്ങളാണ്. കൊമ്പു വെക്കുന്നതിനെ കുറിച്ച് നിരവധി ഹദീസുകള്‍ കാണാം. അതൊന്നും വഹ്യില്‍ പെട്ടതല്ല. നിലവിലുണ്ടായിരുന്ന ചികിത്സാരീതി തുടരുന്നതില്‍ തടസ്സമില്ല എന്നേ അതിനര്‍ഥമുള്ളൂ. ജലാലുദ്ദീനുസ്സുയൂഥി(റ) പറയുന്നു: അബൂഹുറയ്റ(റ) പറയുന്നു: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ, എന്താണ് കൊമ്പുവെക്കല്‍? നബി(സ) പറഞ്ഞു: അറബികളുടെ ചികിത്സാരീതിയില്‍ ഏറ്റവും ഉത്തമമായ ചികിത്സയാണത്.” (അല്‍ഹാവീലില്‍ ഫതാവാ 2:145)
ആയിശ(റ) ചികിത്സ അറിയാവുന്ന ഒരു മഹതിയായിരുന്നു. സുയൂഥി(റ) പറയുന്നു: “ഉര്‍വയുടെ മകന്‍ സുബൈര്‍(റ) പറയുന്നു: മൂത്തമ്മാ, നിങ്ങളുടെ ചികിത്സാ രീതിയിലുള്ള കഴിവുകള്‍ എന്നെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എവിടെ നിന്നാണ് നിങ്ങള്‍ക്ക് അതിനുള്ള അറിവ് ലഭിച്ചത്? അവര്‍ പറഞ്ഞു: നബി(സ)ക്ക് രോഗം വന്നപ്പോള്‍ അറബികളും അനറബികളുമായ വൈദ്യന്മാര്‍ നബി(സ)ക്ക് മരുന്ന് കുറിച്ചുകൊടുത്തിരുന്നു. ഞാനത് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തു. ബുഖാരിയും മുസ്ലിമും ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്: ഏത് ചികിത്സയാണ് ഉഹ്ദ് യുദ്ധത്തില്‍ നബി(സ)ക്ക് മുറിവേറ്റപ്പോള്‍ ചെയ്തത്? അപ്പോള്‍ അവര്‍ പറഞ്ഞു: ഫാതിമ(റ) നബിയുടെ മുറിവ് കഴുകുകയും വെള്ളം ഒഴിക്കുകയും ചെയ്തിട്ടും രക്തം വരുന്നത് നിന്നില്ല. അത് വര്‍ധിക്കുകയാണ് ചെയ്തത്. അങ്ങനെ അവര്‍ ഈത്തപ്പന കൊണ്ടുണ്ടാക്കിയ പായയുടെ ഒരു ക്ഷ്ണം കരിച്ച് വെണ്ണീറാക്കി മുറിവില്‍ ഒട്ടിച്ചുവെച്ചപ്പോഴാണ് രക്തം നിന്നത്.” (അല്‍ഹാവീലില്‍ ഫതാവാ 2:144,145). മേല്‍ചികിത്സ ഫാതിമ(റ)യുടെ ഇജ്തിഹാദീ ചികിത്സയായിരുന്നു.
ഖുര്‍ആനും ഹദീസും ഒരു രോഗത്തിനും കൃത്യമായ മരുന്ന് നിര്‍ദേശിച്ചിട്ടില്ല. നമ്മോടുള്ള കല്‍പന ചികിത്സിക്കാനാണ്. മരുന്നുകള്‍ നാം കണ്ടുപിടിക്കണം. നബി(സ)യുടെ കല്‍പനയും അപ്രകാരമാണ്: “അല്ലാഹു മരുന്നിറക്കാതെ ഒരു രോഗവും ഇറക്കിയിട്ടില്ല. അതിനെക്കുറിച്ച് പഠിക്കേണ്ടവര്‍ പഠിക്കട്ടെ. പഠിക്കാത്തവര്‍ പഠിക്കാതിരിക്കട്ടെ.” (അഹ്മദ് 4:278, സാദുല്‍മആദ് 4:13)
ചുരുക്കത്തില്‍ നബി(സ)യില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഹദീസുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നതുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്യില്‍ പെട്ടതല്ല. വഹ്യില്‍ പെടാത്ത കാര്യങ്ങളും ഹദീസുകളായി വന്നിട്ടുണ്ട്. താഴെ പറയുന്ന ഹദീസ് വഹ്യില്‍ പെട്ടതല്ല. “ഖദീജിന്‍റെ മകന്‍ റാഫിഅ് പറയുന്നു: നബി(സ) മദീനയില്‍ വന്ന സന്ദര്‍ഭത്തില്‍ അവര്‍ ബീജപരാഗണം (ഈത്തപ്പനയുടെ ആണ്‍കുലയും പെണ്‍കുലയും ചേര്‍ത്തുവെക്കല്‍) നടത്താറുണ്ടായിരുന്നു. ഇതുകണ്ട് നബി(സ) അവരോട് പറഞ്ഞു: അപ്രകാരം ചെയ്യാതിരിക്കലാണ് ഉത്തമം. അങ്ങനെ അവരത് ഉപേക്ഷിക്കുകയും ആ വര്‍ഷം ഈത്തപ്പനയുടെ വിള കുറയുകയും ചെയ്തു. അവരത് നബി(സ)യുടെ ശ്രദ്ധയില്‍ പെടുത്തി. ഇതുകേട്ട് നബി(സ) പറഞ്ഞു: ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. ഞാന്‍ ദീനിയായിട്ടുള്ള വല്ല കാര്യങ്ങളും നിങ്ങളോട് കല്‍പിക്കുന്ന പക്ഷം നിര്‍ബന്ധമായും നിങ്ങളത് സ്വീകരിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമാണ്. എന്‍റെ അഭിപ്രായമാണ് ഞാന്‍ പറയുന്നതെങ്കില്‍ (അത് നിങ്ങള്‍ സ്വീകരിക്കണമെന്നില്ല.) ഞാനൊരു മനുഷ്യന്‍ മാത്രമാണ്.” (സ്വഹീഹ് മുസ്ലിം 8:128). ഇതൊന്നും പഠിക്കാതെയാണ് ചിലര്‍ ഹദീസുകള്‍ ഖുര്‍ആനിന് തുല്യമായ വഹ്യില്‍ പെട്ടതാണെന്ന് ജല്‍പിക്കുന്നത്. ഇതുപോല തന്നെയാണ് ചികിത്സയും. ഒരു രോഗത്തിന് മരുന്ന് നിര്‍ദേശിച്ചുകൊണ്ട് അല്ലാഹുവിങ്കല്‍ നിന്നു ഒരു വഹ്യും ഇറങ്ങിയിട്ടില്ല. ശാഹ് വലിയുല്ലാഹിദ്ദഹ്ലവി പറയുന്നു: “വഹ്യില്‍ ഉള്‍പ്പെടാത്ത ആറുതരം ഹദീസുകളുണ്ട്. അതില്‍ പെട്ടതാണ് ചികിത്സാ സംബന്ധമായി വന്നിട്ടുള്ള ഹദീസുകള്‍. കരിംജീരകം മരണമല്ലാത്ത എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനമാണ് എന്ന ഹദീസ് അതിന്നുദാഹരണമാകുന്നു.” (ബുഖാരി, മുസ്ലിം, ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1:424) കരിംജീരകം പൂര്‍വികമായി ഉപയോഗിച്ചുവന്നിരുന്ന ഒരു മരുന്നാണ്. അത് ഇസ്ലാമും വകവെച്ചുകൊടുക്കുന്നതാണ് മേല്‍ ഹദീസ്. അഥവാ കരിംജീരകം കൊണ്ടുള്ള ചികിത്സ ഇസ്ലാമിക ചികിത്സയുടെ ഭാഗമൊന്നുമല്ല. അങ്ങനെ ഒരു ചികിത്സയും ഇല്ല. ഓരോ കാലത്തും ലഭ്യമായ ഔഷധ ചികിത്സകളും അതിനെക്കാളേറെ അല്ലാഹുവിനോടുള്ള മനസ്സ് തുറന്ന പ്രാര്‍ഥനയുമാണ് രോഗശമനം നല്‍കുന്നത്.