21 Saturday
December 2024
2024 December 21
1446 Joumada II 19

പിശാചിനെ പൂജിച്ചാല്‍ സഹായിക്കുമോ?

പി കെ മൊയ്തീന്‍ സുല്ലമി


മുന്‍ഗാമികളായ ചില പണ്ഡിതന്മാര്‍ക്ക് സംഭവിച്ച നാക്കുപിഴകളോ സ്ഖലിതങ്ങളോ അന്ധമായി അനുകരിച്ച് അതെല്ലാം ഇസ്‌ലാമിക പ്രമാണങ്ങളായി വ്യാഖ്യാനിക്കുന്ന പ്രവണത അധികരിച്ചുവരുകയാണ്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും നസ്സുകള്‍ക്ക് വിരുദ്ധമായി ഏത് വാദങ്ങളും തള്ളേണ്ടതാണ്.
ഇതില്‍പെട്ട ഒരു വാദമാണ് ”പിശാചിനെ പൂജിച്ചാലും സഹായം തേടിയാലും പിശാച് സഹായിക്കും. എന്നാല്‍ പിശാചിനോട് പ്രാര്‍ഥിച്ചാല്‍ സഹായിക്കുകയില്ല” എന്നത്. (പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കാന്‍ ഒരു സൃഷ്ടിക്കും കഴിയില്ല, പി അബ്ദുല്‍ജബ്ബാര്‍ മൗലവി തുറക്കല്‍, ഇസ്‌ലാഹ് മാസിക, ഒക്ടോബര്‍ 2009, പേജ് 11)
”ജിന്നു വിഭാഗത്തിലെ പിശാചുക്കള്‍ ഒരു സൃഷ്ടിയെയും ഒരു നിലയ്ക്കും സഹായിക്കുകയില്ല എന്ന എടവണ്ണക്കാരന്റെ പുത്തന്‍വാദം ഖുര്‍ആനിനും നബിവചനത്തിനും എതിരാണ്” (പേജ് 11). ”പിശാചിനെ പൂജിക്കുന്നവരെ പിശാച് സഹായിക്കുമെന്നറിയാന്‍ വലിയ മുജ്തഹിദ് ആവണമെന്നില്ല” (ഇസ്‌ലാഹ് മാസിക, മെയ് 2009, പേജ് 7).
പിശാചിനോട് പ്രാര്‍ഥിച്ചാല്‍ ഉത്തരം നല്‍കുകയില്ല എന്ന വാദം ശരിയാണ്. മറ്റുള്ളതെല്ലാം ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണ്. ‘പിശാചിനെ പൂജിച്ചാലും സഹായം തേടിയാലും ഉത്തരം ലഭിക്കും’ എന്നത് കളവും കബളിപ്പിക്കലുമാണ്. കാരണം, പൂജയും (ആരാധനയും) പ്രാര്‍ഥനയും സഹായം തേടലും ഒന്നു തന്നെയാണ്. പ്രാര്‍ഥന പൂജയില്‍ പെട്ടതാണ്. പൂജ എന്നത് ആരാധനയാണ്.
പ്രാര്‍ഥന ആരാധനയാണെന്ന് ഖുര്‍ആന്‍ ഒന്നിലധികം തവണ പഠിപ്പിച്ചിട്ടുണ്ട്. ”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ (എന്നോട് പ്രാര്‍ഥിക്കാതെ) അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്, തീര്‍ച്ച” (ഗാഫിര്‍ 60). ”നബിയേ, പറയുക: ഞാന്‍ എന്റെ രക്ഷിതാവിനോട് മാത്രമേ ദുആ (ആരാധന) ചെയ്യുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല” (ജിന്ന് 20).
പ്രാര്‍ഥന പൂജയാണെന്ന് അഥവാ ഇബാദത്താണെന്ന് നബി(സ)യും പഠിപ്പിച്ചിട്ടുണ്ട്. ”പ്രാര്‍ഥന അതുതന്നെയാകുന്നു ആരാധന” (അഹ്മദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ).
ഒരു ഉപകാരം നേടാനോ ഉപദ്രവം നീക്കം ചെയ്യാനോ മനുഷ്യ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ അപേക്ഷിക്കുന്നതിനാണ് പ്രാര്‍ഥന എന്ന് പറയുന്നത്. ”അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനെയും നീ വിളിച്ചു തേടരുത്. നീ അപ്രകാരം ചെയ്യുന്നപക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും” (യൂനുസ് 106).
പ്രാര്‍ഥനയെ ഇമാം റാസി വിശദീകരിക്കുന്നു: ”ഒരു ഉപകാരം നേടുന്ന കാര്യത്തിലോ ഒരുപദ്രവം നീക്കം ചെയ്യുന്ന വിഷയത്തിലോ അല്ലാഹുവല്ലാത്ത ശക്തികളോട് നീ സഹായം ആവശ്യപ്പെടുന്നപക്ഷം നീ അക്രമികളില്‍ പെട്ടുപോകുന്നതാണ്” (തഫ്‌സീറുല്‍ കബീര്‍, യൂനുസ് 106). അപ്പോള്‍ പൂജയും പ്രാര്‍ഥനയും സഹായം തേടലും ഒന്നുതന്നെയാണെന്ന് ബോധ്യപ്പെട്ടു.
പ്രാര്‍ഥനയും (ദുആ) ഇസ്തിഗാസയും (സഹായതേട്ടം) ഒന്നാണ്. ”നിങ്ങള്‍ നിങ്ങളുടെ നാഥനോട് ഇസ്തിഗാസ നടത്തിയ സന്ദര്‍ഭം” (അന്‍ഫാല്‍ 9). ഈ ആയത്തിനെ ഇമാം ഇബ്‌നു കസീര്‍ വ്യാഖ്യാനിക്കുന്നു: ”ഇവിടെ ഇസ്തിഗാസ എന്ന് ഖുര്‍ആനില്‍ പറഞ്ഞത് നബി(സ)യുടെ പ്രാര്‍ഥനയെ സംബന്ധിച്ചാണ്” (അന്‍ഫാല്‍ 9).
”പര്‍വതങ്ങള്‍ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാല്‍ കീഴ്‌വണക്കം അല്ലാഹുവിനു മാത്രമാക്കിക്കൊണ്ട് അവനോട് അവര്‍ ദുആ ചെയ്യുന്നതാണ്” (ലുഖ്മാന്‍ 32). ഈ ആയത്തിനെ ഇബ്‌നു ജരീറുത്ത്വബ്‌രി വ്യാഖ്യാനിക്കുന്നു: ”അവര്‍ അല്ലാഹുവല്ലാത്ത ഒരു ശക്തിയോടും ഇസ്തിഗാസ നടത്തുന്നതല്ല” (ജാമിഉല്‍ ബയാന്‍, ലുഖ്മാന്‍ 32). ആരാധനയും പൂജയും ഇസ്തിഗാസയും ദുആയുമെല്ലാം ചില സന്ദര്‍ഭങ്ങളില്‍ പര്യായപദങ്ങളായി ഉപയോഗിക്കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
ജിന്ന്-പിശാചുക്കളെ പൂജിച്ചാലും സഹായം തേടിയാലും സഹായിക്കുമെന്നത് വ്യാജ പ്രചാരണവും ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധവുമാണ്. പിശാചിനെ പൂജിച്ചാലും സഹായം തേടിയാലും പിശാചിന് നമ്മെ സഹായിക്കാന്‍ സാധിക്കുമെന്നത് മന്ത്രവാദികളുടെയും സാഹിറുകളുടെയും വാദമാണ്. ഈ വിശ്വാസം ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണ്.
പിശാചിനെ രണ്ടു വിധത്തില്‍ പൂജിക്കാറുണ്ട്. ഒന്ന്: അദൃശ്യമായ നിലയില്‍ പിശാചിന്റെ സഹായം ആവശ്യപ്പെട്ട് ജിന്നുപിശാചുക്കളോട് പ്രാര്‍ഥിക്കുന്നവര്‍. രണ്ട്: പിശാചിന്റെ ദുര്‍ബോധനത്തിനു വഴങ്ങി അല്ലാഹുവല്ലാത്ത വസ്തുക്കളെയും വ്യക്തികളെയും പൂജിക്കുന്നവര്‍. രണ്ടും പിശാചിനുള്ള ആരാധനയായാണ് ഖുര്‍ആന്‍ വിശദീകരിക്കുന്നത്. രണ്ടു നിലയ്ക്കുള്ള ആരാധനയും ഒരു ഫലവും ചെയ്യുന്നതല്ല.
പിശാചിനോട് സഹായം തേടല്‍ പിശാചിനെ പൂജിക്കലും ശിര്‍ക്കുമാണ്. സിഹ്‌റ് ശിര്‍ക്കായിത്തീരാന്‍ കാരണം അതില്‍ പിശാചിനോടുള്ള സഹായതേട്ടം ഉള്ളതുകൊണ്ടാണ്. നബി പറഞ്ഞു: ”തീര്‍ച്ചയായും എല്ലാ പൈശാചിക മന്ത്രങ്ങളും ഏലസ്സ്-ഉറുക്കുകളും തിവലത്തും (സിഹ്‌റും) ശിര്‍ക്കാകുന്നു” (അഹ്മദ്, അബൂദാവൂദ്).
എന്തുകൊണ്ടാണ് ‘തിവലത്ത്’ എന്ന സിഹ്‌റ് ശിര്‍ക്കായത്? ഇബ്‌നു ഹജര്‍ രേഖപ്പെടുത്തി: ”സ്ത്രീകള്‍ (ജാഹിലിയ്യാ കാലഘട്ടത്തില്‍) ഭര്‍ത്താവിന്റെ സ്‌നേഹം ലഭിക്കാന്‍ അത് ഉപയോഗപ്പെടുത്തിയിരുന്നു. അത് ശിര്‍ക്കായിത്തീര്‍ന്നത്, അതുകൊണ്ട് (സിഹ്‌റു കൊണ്ട്) അവര്‍ ഉദ്ദേശിച്ചത് അദൃശ്യമായ നിലയില്‍ അല്ലാഹുവല്ലാത്ത ശക്തിയില്‍ നിന്നും (പിശാചില്‍ നിന്നും) ഉപകാരം ഉപയോഗപ്പെടുത്തലും ഉപദ്രവം നീക്കം ചെയ്യലും ഉദ്ദേശിച്ചുവെന്നതുകൊണ്ടാണ്” (ഫത്ഹുല്‍ബാരി 13:101).
ആധുനിക പണ്ഡിതന്മാരും അപ്രകാരം തന്നെയാണ് രേഖപ്പെടുത്തിയത്. അബ്ദുറഹ്മാനുത്തുവൈജിരി പറയുന്നു: ”സിഹ്‌റ് ശിര്‍ക്കായിത്തീരാന്‍ കാരണം സാഹിറിന്റെ അദൃശ്യമറിയും എന്ന അവകാശവാദം കൊണ്ടും പിശാചുക്കളുമായി അതിനു ബന്ധമുള്ളതുകൊണ്ടുമാണ്” (മുഖ്തസ്വറുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി, പേജ് 32).
ശൈഖ് സ്വാലിഹുബ്‌നു ഫൗസാന്‍ പറയുന്നു: ”സിഹ്‌റ് രണ്ട് വിധത്തില്‍ ശിര്‍ക്കില്‍ പെട്ടതാണ്. ഒന്നാമത്തെ വിധം അതില്‍ പിശാചിന്റെ സേവനം ഉപയോഗപ്പെടുത്തലും അവന്റെ സാമീപ്യം പ്രയോജനപ്പെടുത്തലും അവനുമായുള്ള ബന്ധവുമാണ്. രണ്ടാമത്തേത് സാഹിറിന് അദൃശ്യമറിയും എന്ന അവകാശവാദമാണ്” (അഖീദതുത്തൗഹീദ്, പേജ് 100,101).
സിഹ്‌റിന്റെ നിര്‍വചനം പോലും പിശാചിലേക്ക് ചേര്‍ത്തുകൊണ്ടാണ്. ഇബ്‌നു മന്‍സൂര്‍ രേഖപ്പെടുത്തിയത്: ”പിശാചിന്റെ സേവനംകൊണ്ടോ സാമീപ്യംകൊണ്ടോ ലഭ്യമാകുന്ന ഒരു പ്രക്രിയയാണ് സിഹ്‌റ്” (ലിസാനുല്‍ അറബ് 6:190).
ഇബ്‌നുഹജര്‍ പറയുന്നു: ”പിശാചിന്റെ സഹായംകൊണ്ടോ ഒരുതരം സാമീപ്യംകൊണ്ടോ ലഭ്യമാകുന്നതാണ് സിഹ്‌റ്” (ഫത്ഹുല്‍ബാരി 13:144). ”പിശാചിന്റെ സഹായംകൊണ്ട് മാത്രമേ സിഹ്‌റ് പൂര്‍ണമാകൂ” (ഫത്ഹുല്‍ബാരി 8:91).
മറ്റൊരു നിലയിലും ജനങ്ങള്‍ പിശാചിനെ പൂജിക്കാറുണ്ട്. അത് പിശാചിനെ അനുസരിച്ചുകൊണ്ട് ശിര്‍ക്കില്‍ അകപ്പെടുക എന്നതാണ്. അല്ലാഹു അരുളി: ”ആദം സന്തതികളേ, നിങ്ങള്‍ പിശാചിനെ പൂജിക്കരുത്. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാകുന്നു. നിങ്ങള്‍ എന്നെ മാത്രം ആരാധിക്കുവിന്‍” (യാസീന്‍ 60, 61).
പിശാചിന്റെ പ്രേരണയ്ക്ക് വഴങ്ങി ആളുകള്‍ വിഗ്രഹങ്ങള്‍, ജിന്നുകള്‍, മലക്കുകള്‍, മരണപ്പെട്ടുപോയവര്‍, വ്യാജ ദൈവങ്ങള്‍ എന്നിവരെയെല്ലാം ആരാധിച്ചുകൊണ്ടിരിക്കുന്നു. പിശാചിനെ പൂജിച്ചാലും അവനോട് സഹായം തേടിയാലും അവനോട് പ്രാര്‍ഥിച്ചാലും അവന്റെ പ്രേരണയ്ക്ക് വഴങ്ങി മറ്റുള്ളവരെ ആരാധിച്ചാലും ഇവര്‍ വാദിക്കുന്നതുപോലെ ഒരു സഹായവും ലഭ്യമല്ല എന്നാണ് പ്രമാണങ്ങള്‍ നിസ്സംശയം വ്യക്തമാക്കുന്നത്.
പൂജയില്‍ (ആരാധനയില്‍) ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രാര്‍ഥന. പിശാചിനോടുള്ള പ്രാര്‍ഥന കാരണം, അവനാണ് സിഹ്‌റ് ഫലിപ്പിക്കുന്നത് എന്നാണല്ലോ സാഹിറിന്റെ അവകാശവാദം.
അതിനെതിരില്‍ അല്ലാഹു അരുളി: ”സാഹിറുകള്‍ വിജയിക്കുന്നതല്ല” (യൂനുസ് 77). മറ്റൊരു വചനം: ”സാഹിര്‍ എവിടെ ചെന്നാലും വിജയം കൈവരിക്കുന്നതല്ല” (ത്വാഹാ 69). ഇനി പിശാചിനോടുള്ള പ്രാര്‍ഥനക്കോ അവന്റെ പ്രേരണകള്‍ക്കു വഴങ്ങി മറ്റുള്ളവരോടുള്ള പ്രാര്‍ഥനകള്‍ക്കോ ഉത്തരം ലഭിക്കുന്നതല്ല. കാരണം നമ്മുടെ പ്രാര്‍ഥന കേട്ട് ഉത്തരം നല്‍കാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ. അല്ലാഹു അരുളി: ”നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കുന്നതല്ല. അന്ത്യദിനത്തിലാകട്ടെ, നിങ്ങളുടെ ശിര്‍ക്കിനെ അവര്‍ നിഷേധിക്കുന്നതാണ്” (ഫാത്വിര്‍ 14).
”തീര്‍ച്ചയായും അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലുള്ള ദാസന്മാര്‍ക്ക് ഉത്തരം നല്‍കട്ടെ, നിങ്ങള്‍ സത്യവാദികളാണെങ്കില്‍” (അഅ്‌റാഫ് 194). ”നബിയേ പറയുക: അല്ലാഹുവിനു പുറമെ (ദൈവങ്ങളെന്ന്) നിങ്ങള്‍ വാദിച്ചുപോരുന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കാനോ നിങ്ങളുടെ അവസ്ഥയില്‍ മാറ്റം വരുത്താനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല” (ഇസ്‌റാഅ് 56).
ജിന്ന്-പിശാചുക്കളെ ആരാധിച്ചിരുന്ന ഒരു വിഭാഗം മനുഷ്യരെ സംബന്ധിച്ച് അല്ലാഹു ഇറക്കിയ വചനമാണത്. ഇതിന്റെ സന്ദര്‍ഭം ഇമാം ബുഖാരി വിശദീകരിക്കുന്നു: ”അബ്ദുല്ല(റ) പറയുന്നു: മനുഷ്യവര്‍ഗത്തില്‍ പെട്ട ഒരു വിഭാഗം ആളുകള്‍ ജിന്നുവിഭാഗത്തില്‍ പെട്ട ഒരു വിഭാഗം ആളുകളെ ആരാധിച്ചു (പ്രാര്‍ഥിച്ചു) പോന്നിരുന്നു. (അവര്‍ ആരാധിച്ചിരുന്ന ജിന്നുകള്‍) മുസ്‌ലിംകളായിത്തീര്‍ന്നു. എന്നാല്‍ അവരെ ആരാധിച്ചിരുന്നവര്‍ അവരോടുള്ള പ്രാര്‍ഥന തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തു” (ഫത്ഹുല്‍ബാരി 10:371)
പിശാചിനെ നേരിട്ട് പൂജിച്ചാലും അവന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി മറ്റുള്ളവരെ പൂജിച്ചാലും പിശാചിനു നമ്മെ ഒരു നിലയ്ക്കും സഹായിക്കാന്‍ സാധിക്കില്ല. അത്തരം വാദങ്ങള്‍ ആര് നടത്തിയാലും അത് ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണ്.

Back to Top