ഇന്ധന വിലവര്‍ധനവ്: ലെബനാനില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം
ലെബനാനില്‍ ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. നഗരത്തിലെ പ്രധാനപ്പെട്ട റോഡുകള്‍ അടക്കം ഉപരോധിച്ചാണ് നൂറുകണക്കിന് പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചത്. ഊര്‍ജ വകുപ്പാണ് കഴിഞ്ഞ ദിവസം ഇന്ധന വില വര്‍ധനവ് പ്രഖ്യാപിച്ചത്. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
തലസ്ഥാനമായ ബെയ്‌റൂതിലെ പ്രധാന റോഡുകളായ അല്‍ഖൊല, സെയ്ഫി ചത്വരം എന്നിവിടങ്ങളിലെ റോഡുകളും മണിക്കൂറുകളോളം ഉപരോധിച്ചു. ട്രിപ്പോളി, സിദോന്‍, ബാല്‍ബക് എ ന്നീ നഗരങ്ങളിലും സമാനമായ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നു. ഗ്യാസോലിന് 25 ശതമാനവും ഡീസലിന് 15 ശതമാനവുമാണ് മന്ത്രാലയം വില വര്‍ധിപ്പിച്ചത്.
അടിയന്തര സാമ്പത്തികസഹായം തേടുന്ന ലെബനാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡും ബെയ്‌റൂത്ത് സ്‌ഫോടനവും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകിടം മറിച്ചു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതും ജനജീവിതം ദുസ്സഹമാക്കി. ഗതികെട്ട് ജനങ്ങള്‍ നിരന്തരം പ്രക്ഷോഭവുമായി തെരുവിലാണ്.