അത്തറിന്റെ മണമുള്ള പെരുന്നാളോർമകൾ
അഡ്വ. പി ടി എ റഹീം
പണ്ടൊക്കെ പെരുന്നാളിന് മാസം കണ്ടത് ഉറപ്പിക്കാന്‍ പാതിരാത്രി വരെ കാത്തിരിക്കേണ്ടതുണ്ടായിരുന്നു. പലപ്പോഴും ഉറങ്ങിയതിനു ശേഷവും ചിലപ്പോള്‍ നേരം പുലര്‍ന്നിട്ടും മാസം കണ്ട വിവരം അറിഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. നാട്ടില്‍ വാഹനമുള്ളവര്‍ അപൂര്‍വമായിരുന്നു. വണ്ടിയുള്ളവര്‍ മാസം കണ്ട വിവരമറിയാന്‍ കോഴിക്കോട്ടേക്ക് പോയി തിരിച്ചു വരുന്നതുവരെ കാത്തിരിക്കണം. പള്ളികളിലൊന്നും ഇന്നത്തെ പോലെ ഉച്ചഭാഷിണി ഉണ്ടായിരുന്നില്ല. ഫോണും മൊബൈലും ഇല്ല. കൂവി വിളിച്ചാണ് എല്ലാവരിലും പെരുന്നാള്‍ പിറ കണ്ട വിവരം എത്തിച്ചിരുന്നത്.
കടകള്‍ പലതും പെരുന്നാള്‍ ദിവസവും രാവിലെ തുറക്കും. തുണിയും ടവ്വലും അത്തറുമൊക്കെയാണ് രാവിലത്തെ കച്ചവടം. മാംസ വ്യാപാരികള്‍ മാസം കാണുന്നത് അറിയാനായി ഉരുവിനെയും പിടിച്ച് കാത്തു നില്‍ക്കുന്നുണ്ടാവും.
എന്റെ വീട്ടുകാര്‍ രാവിലെ പീടിക തുറക്കാറുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് ഉപ്പയും സഹോദരങ്ങളും മറ്റും ആദ്യം തറവാട്ടിലേക്കാണ് വരിക. അവിടെ നിന്ന് ലഘു ഭക്ഷണം കഴിച്ചു പള്ളിയിലേക്ക് പോകും. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞാല്‍ ബന്ധുവീടുകളിലേക്കും സഹോദരിമാരുടെ വീടുകളിലേക്കും. എല്ലായിടത്തേക്കും നടന്നു തന്നെയായിരുന്നു പോയിരുന്നത്. പുതിയാപ്പിളമാരെ സല്‍ക്കരിക്കുക എന്നത് നിര്‍ബന്ധമുള്ള കാര്യമായിരുന്നു.
പെരുന്നാള്‍ ദിവസം ഏഴ് വീടുകളില്‍ നിന്നെങ്കിലും ഭക്ഷണം കഴിക്കണമെന്നായിരുന്നു പഴമക്കാര്‍ പറയാറ്. ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന് ഇത്തരം സന്ദര്‍ശനങ്ങള്‍ ഏറെ സഹായകമായിരുന്നു. ഇന്നത്തേതിനേക്കാള്‍ ഊഷ്മളമായ ബന്ധം ആളുകള്‍ക്കിടയില്‍ അന്നുണ്ടായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.