9 Friday
May 2025
2025 May 9
1446 Dhoul-Qida 11

പെരുന്നാള്‍ രാവിലെ മിസരിപ്പൂക്കള്‍

ഹക്കീം ചോലയില്‍


ആയിരത്തി അഞ്ഞുറു രോഗികള്‍ക്ക് കിടക്കാന്‍ സൗകര്യമുള്ള നഗരത്തിലെ മുന്തിയ ആശുപത്രിയായിരുന്നു അത്. മിനുങ്ങുന്ന തറയും സ്ഫടികജാലകങ്ങളും അതിനുണ്ടായിരുന്നു. അതിന്റെ ശീതികരണ മുറിയില്‍, ഉമ്മച്ചി മയക്കത്തോടെ കിടക്കുകയായിരുന്നു. രണ്ടു ദിവസമായി ഉമ്മച്ചിയെ ഇവിടെ എത്തിച്ചിട്ട്. മയക്കം വിട്ടുണരുമ്പോഴെല്ലാം ഉമ്മച്ചി ചോദിക്കും.
‘അമേനാ, വീട്ടിക്ക് പോകാനായോ? ഇനിക്ക് പെരുന്നാള്‍ കൂടാനാവില്ലേ….?’
‘ഡോക്ടര്‍ വരട്ടെ. എന്നിട്ട് ചോദിച്ചുനോക്കാം. ഉമ്മച്ചിക്ക് ഇപ്പോള്‍ നല്ല ഭേതംണ്ട്.’
‘ഒന്ന് ചോയ്ച്ച് നോക്ക്് ഇന്റെ കുട്ട്യേ. എനിക്ക് ഈടെ കെടക്കണ്ട. കുടീലിക്ക് പോകാം. ആടെ പെരുന്നാളിന് കൂടണം.’
ഡോക്ടര്‍ പരിശോധിച്ച് പറഞ്ഞത് നിരാശപ്പെടുത്തുന്ന ഒരു ഉത്തരമായിരുന്നു. ഒരു ദിവസംകൂടി ഒബ്‌സര്‍വേഷനില്‍ കിടക്കട്ടെ. പ്രഷറും ഷുഗറുമെല്ലാം ഹൈയാണ്.
ചെറുപ്പക്കാരനായ ഡോക്ടര്‍ അമേനയെ നോക്കി മനോഹരമായി ചിരിച്ചു. എവിടെയോ കണ്ടു പരിചയം തോന്നുന്ന മുഖം. ഇന്നത്തെക്കാലത്ത് ആര്‍ക്ക് ആരെയാണ് പരിചയമില്ലാത്തത്?. സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലും കാണുന്ന മുഖമായിരിക്കുമെന്ന് നിരീച്ചു അമേന. എന്നാല്‍ ഉച്ചയ്ക്ക് കാന്റീനില്‍ വെച്ച് കണ്ടപ്പോള്‍ ഡോക്ടര്‍ അവളെ നോക്കി ഹൃദ്യമായി ചിരിച്ചുകൊണ്ടു ചോദിച്ചു.
‘ഹിഫ്‌സൂന്റെ ഓളല്ലേ? ഞാന്‍ നിങ്ങടെ കല്യാണത്തിനു വന്നീരുന്നു. ഓര്‍ക്കുന്നുണ്ടോ? ഞാനും ഹിഫ്‌സുവും ഒരുമിച്ച് പഠിച്ചിട്ടുണ്ട്. ക്ലാസില്‍ ഞങ്ങള്‍ തൊട്ടടുത്താണ് ഇരുന്നിരുന്നത്. ഹിഫ്‌സു വരാനായോ?’
ഡോക്ടര്‍ കൈ ടവ്വലില്‍ തുടച്ച് ചുവന്നു തുടുത്ത ചുണ്ടുകളില്‍ ഞരടി. ഇപ്പോഴാണ് അമേനയ്ക്ക് ആളെ പിടികിട്ടിയത്. ഹിഫ്‌സുക്കയുടെ ചീമേറ്റ്‌സ് ഗ്രൂപ്പിലെ ഡോക്ടര്‍ ഇസ്ഹാഖ്. നര്‍മം കലര്‍ന്ന കുറിപ്പ് അദ്ദേഹം ഇടയ്ക്കിടെ പോസ്റ്റ് ഇടാറുണ്ടായിരുന്നു. കോവിഡ് കാലത്ത് വലിയ ആശ്വാസമായിരുന്നു ഡോക്ടറുടെ വിലയേറിയ കുറിപ്പുകള്‍. ഹിഫ്്‌സുവിനേക്കാള്‍ കൂടുതല്‍ ആ കുറിപ്പുകള്‍ വായിച്ചിരുന്നത് അമേനയായിരുന്നു. കെമിസ്ട്രിക്ക് പഠിച്ചവരുടെ ഗ്രൂപ്പായിരുന്നു അത്.
‘പേടിക്കാനൊന്നുമില്ല. എങ്കിലും പ്രഷറും ഷുഗറും സ്റ്റഡിയായിരിക്കണം കുറച്ചുദിവസം. ഉമ്മച്ചി ഇവിടെ രണ്ടൂസം കിടന്നോട്ടെ. നിന്റെ ബന്ധുക്കളെല്ലാം കൊണ്ടുപോകാന്‍ പ്രഷര്‍ ചെയ്യുന്നുണ്ട്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്ക് തരാനുള്ള അഡൈ്വസ് ഇതാണ്. അമേനയും ഇത് സീരിയസായി എടുക്കണം. ഹിഫ്‌സുവിനെ ഞാന്‍ വിളിച്ചു പറയാം.’
ഹിഫ്്‌സു ഉമ്മച്ചിയുടെ നാലാമത്തെ മകനാണ്. ഏറ്റവും ചെറിയ കുട്ടി. നാല്പതാം വയസ്സിലാണ് ഹിഫ്‌സുവിന്റെ ജനനം. ഉപ്പയ്ക്ക് അന്നു അമ്പതു കഴിഞ്ഞിരുന്നു. ചെറിയ മകനായതുകൊണ്ടായിരിക്കാം, അവസാനത്തെ ഉപദേശം ഉമ്മച്ചി ഹിഫ്്‌സുവില്‍നിന്നാണ് തേടുക.
പഠിക്കാന്‍ മിടുക്കനായിരുന്നു ഹിഫ്‌സു. കെമിസ്ട്രിയില്‍ നല്ല മാര്‍ക്കോടെ ബിരുദം പാസായി. എന്നാല്‍ നാട്ടില്‍ ജോലിയൊന്നും വേണ്ടത്ര വേഗത്തില്‍ ലഭിച്ചില്ല. അങ്ങനെയാണ് പത്ത് വര്‍ഷംമുമ്പ് സൗദിയിലേക്ക് വിമാനം കയറിയത്. അവിടെ ഹിഫ്‌സുവിന്റെ സഹോദരന്മാരെല്ലാം പലവിധ ജോലികള്‍ ചെയ്യുന്നുണ്ടായിരുന്നു. കച്ചവടമായിരുന്നു കുുടുംബത്തിന്റെ വരുമാനമാര്‍ഗമെങ്കിലും ഹിഫ്‌സു ആ വഴി സ്വീകരിച്ചില്ല. മെഡിക്കല്‍ റപ്രസെന്റീവായിട്ടായിരുന്നു തുടക്കം. ഇപ്പോള്‍ അവിടെ സ്വന്തമായി ഒരു ഫാര്‍മസി നടത്തുകയാണ് ഫിഫ്‌സു. വിവാഹം കഴിഞ്ഞയുടനെ രണ്ടുവര്‍ഷം അമേനയും ഹിഫ്‌സുവിന്റെ കൂടെയായിരുന്നു. പിന്നീട് അമീറിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഏഴാംമാസം നാട്ടിലേക്ക് മടങ്ങി. പിന്നീട് തിരിച്ചുപോകാന്‍ കഴിഞ്ഞില്ല. കാരണം അമീറായിരുന്നു. അവന്‍ ഓട്ടിസം ബാധിച്ച കുഞ്ഞായിരുന്നു. അവന് നല്ല പരിചരണം ആവശ്യമുള്ളതിനാല്‍ നാട്ടില്‍ത്തന്നെ കഴിയാനായിരുന്നു അമേനയുടെ യോഗം. എല്ലാ രണ്ടു വര്‍ഷത്തിലും ഹിഫ്്‌സു നാട്ടില്‍വന്ന് രണ്ടു മാസം താമസിക്കും. അതാണ് അമേനയുടെ ദാമ്പത്യം.
ആശുപത്രിയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഉമ്മച്ചിക്കാണെന്ന് തോന്നി. വിവരം അറിഞ്ഞ് എത്താത്തവരില്ല. കുടുംബവുമായി ഉമ്മച്ചി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. എല്ലാ റമദാനിലെയും ഇരുപത്തിയേഴാം നാളിനും അംഗങ്ങളെ കണക്കാക്കി ഓരോ കുടുംബത്തിനും പണം എത്തിച്ചുകൊടുക്കും ഉമ്മച്ചി. ആരും പെരുന്നാളിനു പുതുവസ്ത്രമണിയാതിരിക്കരുതെന്ന് ഉമ്മച്ചിക്ക് നിര്‍ബന്ധമുണ്ട്. മാത്രമല്ല, പെരുന്നാളിന് എല്ലാവര്‍ക്കും ഭക്ഷണമൊരുക്കുന്നതും കുന്നത്തു തറവാട്ടിലായിരുന്നു. പുതുവസ്ത്രമണിഞ്ഞ് എല്ലാവരെയും ഉമ്മച്ചിക്ക് നേരില്‍ത്തന്നെ കാണണം. ഉമ്മച്ചിക്ക് ഇപ്പോള്‍ പതിനൊന്ന് പേരക്കുട്ടികളുണ്ട്. ആ പതിനൊന്നു പേര്‍ക്കും ഉമ്മച്ചി പെരുന്നാള്‍കൈനീട്ടം നല്കും.
കുട്ടിക്കാലത്ത് ഉമ്മച്ചി വളരെയധികം ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. ഹിഫ്‌സുവിന്റെ ഉപ്പാക്ക് തെരപ്പം കുത്തുന്ന ജോലിയായിരുന്നു. നിലമ്പൂരില്‍നിന്ന് മുറിച്ചുമാറ്റുന്ന തേക്കു തടികള്‍ തെരപ്പം കുത്തി ബേപ്പൂരിലെത്തിക്കുന്ന വളരെയധികം കാഠിന്യം നിറഞ്ഞ ജോലി. കൂടെ ഒന്നോ രണ്ടോ സഹായിയുമുണ്ടാകും. എങ്കിലും മരങ്ങള്‍ ചേര്‍ത്തുകെട്ടി തെരപ്പം ഉണ്ടാക്കുന്നതും കെട്ടുന്നതും ബീരാന്‍കുട്ടിതന്നെ. എത്ര കഠിനാധ്വാനം ചെയ്താലും അധികമൊന്നും പണം സമ്പാദിക്കാന്‍ കഴിയുമായിരുന്നില്ല. അക്കാലത്ത് ഉമ്മച്ചിക്ക് പ്രിയപ്പെട്ട ദിവസം പെരുന്നാള്‍ ദിവസങ്ങളായിരുന്നു.
സ്ത്രീകള്‍ക്ക് അന്നാണ് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുക. അടുപ്പത്ത് അവര്‍ തീരുമാനിക്കുന്ന കറികളും രുചികളും വേവുന്നു. തൊട്ടയല്‍വീട്ടിലേക്കുപോകുന്നത് ആ ദിവസം ആരും ചോദ്യം ചെയ്തിരുന്നില്ല. ചുറ്റുമുള്ളതാവട്ടെ ദാരി്രദ്യത്തില്‍ മൂക്കുകുത്തിയ പുല്‍വീടുകളായിരുന്നു. അവരെല്ലാം സഹായം തേടിയെത്തിയിരുന്നത് കുന്നത്തുവീട്ടിലേക്കായിരുന്നു. നാട്ടിലെ മിക്കവരുടെയും അവസ്ഥ ഒരുപോലെയായിരുന്നു. ചെറുപ്പക്കാര്‍ക്കുപോലും ജോലിയില്ല. ജോലിയുള്ളവര്‍ക്കുതന്നെ വേണ്ടത്ര ശമ്പളമില്ല. ഉള്ള ശമ്പളംതന്നെ കൃത്യമായി നല്കുന്ന മുതലാളിമാരും അക്കാലത്തുണ്ടായിരുന്നില്ല.
അന്നൊക്കെ പെരുന്നാള്‍ കുപ്പായം തയ്ച്ചുകിട്ടുന്നതിലായിരുന്നു പ്രയാസം നേരിട്ടിരുന്നത്. നല്ല ഉന്മേഷത്തിലാണെങ്കില്‍, ഉമ്മച്ചി പറയും. തുന്നല്‍പ്പീടികയില്‍ കാത്തിരിക്കണം. നേരം പാതിരയാവും തയ്ച്ചു കിട്ടുമ്പോഴേക്കും. പിന്നെ ഉറക്കമുണ്ടാവില്ല. ദസ്ബിയപ്പള്ളിയില്‍നിന്ന് രാവുവെളുക്കുവോളം തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നുകൊണ്ടിരിക്കും. അന്നൊക്കെ തേങ്ങാച്ചോറും പോത്തിറച്ചിയുമാണ് വിഭവം. നല്ല ചൂടുള്ള ഭക്ഷണത്തിന് എന്തു രുചിയായിരുന്നിരുന്നെന്നോ! വിശപ്പ് കൂടുന്തോറും ഭക്ഷണത്തിനു രുചിയും ഏറും. ഇന്ന് ഒന്നിനും രുചിയില്ലാതായി. വായ്ക്ക് വെയ്ക്കാന്‍ കൊള്ളാതായി… ഉമ്മച്ചി പരിഭവപ്പെടും.

മൂത്ത ജ്യേഷ്ഠനും റസിയാത്തയും വന്നപ്പോള്‍ അമേന ഉമ്മച്ചിയുടെ കട്ടിലിനരികില്‍ നിന്ന് ഇത്തിരി ദൂരം മാറിനിന്നു. നേരം പത്തുമണിയായെന്ന് വാള്‍ക്ലോക്ക് പറഞ്ഞു. അവള്‍ വാട്‌സാപ്പ് തുറന്നു നോക്കി. ഹിഫ്‌സുവിന്റെ ഒരു ചിരിക്കുന്ന ഇമോജി മാത്രമേയുള്ളു. എന്തുവേണം എന്ന ചോദ്യത്തിന് ഹിഫ്‌സു ഇതുവരെയും മറുപടി പറഞ്ഞിട്ടില്ല. ഉമ്മച്ചി വീട്ടില്‍പോകാന്‍ വാശിപിടിക്കുന്നുണ്ടെങ്കിലും ഡോക്ടര്‍ പറയുന്നത് അനുസരിക്കണമെന്നാണ് ഹിഫ്‌സുവിന്റെയും അഭിപ്രായം. പക്ഷേ വൈയക്തികമായൊരു പ്രശ്‌നം നിലനില്ക്കുന്നു. അതു ഉമ്മച്ചിക്ക് പെരുന്നാളില്‍ കൂടാനുള്ള ആഗ്രഹമാണ്.
”ഇനിക്ക് പെരുന്നാളില്‍ കൂടണം റസാഖേ. അതു ഞാനുറപ്പിച്ചു. ഇനിയൊരു പെരുന്നാളുവരെ ഞാന്‍ ജീവിച്ചിരിക്കുമോ? ഇയ്യ് പറ. ഇനിക്ക് അറുപത്തിയേഴ് വയസ്സായി. കഴിഞ്ഞ തുലാം മാസത്തിലാണ് അറുപത്തിയേഴ് തികഞ്ഞത്!”
ഉമ്മച്ചി മൂത്ത മകനോട് പറയുകയാണ്. ഇതു ഉമ്മച്ചി എല്ലായ്‌പ്പോഴും ആവര്‍ത്തിക്കുന്ന വാക്കുകളായിരുന്നു. കഴിഞ്ഞ തവണ ഹിഫ്‌സു നാട്ടില്‍വന്നപ്പോള്‍ ഉമ്മച്ചി പറഞ്ഞു.
”ഇത്രയും കാലം നിങ്ങളോടൊന്നും ഞാന്‍ ഒരു കാര്യം ആവശ്യപ്പെട്ടിട്ടില്ല. രണ്ടു ഉംറ നിങ്ങളുടെ സഹായംകൊണ്ട് ഞാന്‍ ചെയ്തിട്ടുണ്ട്. ഇനിയെനിക്ക് ഒരു ഹജ്ജ് ചെയ്യണം!”
”അയിന് ഉമ്മയുടെ ആരോഗ്യം കൂടി സമ്മതിക്കണ്ടെ? ആരോഗ്യമുള്ളവര്‍േക്ക ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമുള്ളൂ!”
”എനിക്ക് അറഫയില്‍ ഒരു രാത്രി ഉറങ്ങണം. അതു മതി.”
ഉമ്മച്ചി കട്ടായം പിടിച്ചപ്പോഴും ഇതുപോലെയുള്ള ആശങ്കകളുണ്ടായിരുന്നു. ഉമ്മച്ചിയുടെ കാല്‍മുട്ടിനു നേരത്തെ ഒരു ഓപ്പറേഷന്‍ കഴിഞ്ഞതാണ്. ഇപ്പോഴും നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതു ചൂണ്ടികാണിച്ചപ്പോള്‍ ഉമ്മച്ചി പറഞ്ഞതിങ്ങനെ.
”ഈടെയും ഞാന്‍ നടക്കുണുണ്ട്. ഇന്റെ കൂടെ അമേനയെക്കൂടി കൂട്ടിയാല്‍മതി. ഇന്റെ ആരോഗ്യം ഓള് നോക്കിക്കോളും.”
പിന്നെ ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. എല്ലാം റബ്ബിന്റെ തീരുമാനമാണെന്ന് ഉമ്മച്ചി ചെവിയില്‍ പറഞ്ഞപ്പോള്‍ അതു ശരിയാണല്ലോയെന്ന് അമേനയ്ക്ക് തോന്നി. കാരണം ഉംറ ചെയ്തിരുന്നെങ്കിലും അവള്‍ക്കും ഹജ്ജ് ചെയ്യുവാന്‍ സാധിച്ചിരുന്നില്ല. പടച്ചവന്‍ അതിന് വിധിയൊരുക്കിയിരിക്കുന്നു.
അമീറിനെ തനിച്ചാക്കുന്നതായിരുന്നു അമേന നേരിട്ട വിഷമം. അവന്റെ പൂര്‍ണ ഉത്തരവാദിത്തം സാജിദാത്ത ഏറ്റെടുത്തു. തിരിച്ചുവരുന്നതുവരെ അവര്‍ തറവാട്ടില്‍ താമസിച്ചോളാമെന്ന് സമ്മതിക്കുകയും ചെയ്തു. ആ യാത്ര അവിസ്മരണീയമായിരുന്നെന്ന് അമേന അപ്പോഴും ഓര്‍ത്തു. ഹിഫ്‌സുവിന് ജിദ്ദയിലായിരുന്നു ജോലി. മറ്റുള്ളവര്‍ റിയാദിലും ദമാമിലുമാണ് ജോലി ചെയ്യുന്നത്. അതിനാല്‍ ഉമ്മച്ചിയുടെ ഹജ്ജിന്റെ ചുമതല അയാള്‍ ഏറ്റെടുത്തു. ദുല്‍ഹജ്ജ് മാസം വിമാനങ്ങളില്‍ ഹജ്ജ് യാത്രക്കാരുടെ തിരക്കും ബഹളങ്ങളുമായിരുന്നു. ഉമ്മച്ചിയെയും കൊണ്ട് എയര്‍ ഇന്ത്യാ വിമാനത്തില്‍ ജിദ്ദയിലേക്ക് പറന്നു.
ബാബു മെക്കയില്‍നിന്ന് ഇഹ്‌റാം കെട്ടിയാണ് ഹജ്ജിനു പുറപ്പെട്ടത്. ഉമ്മച്ചി ആരോഗ്യവതിയായിരുന്നു. കാറില്‍ പഴയ കാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നു. ഉയര്‍ന്നു നില്ക്കുന്ന കൂറ്റന്‍ പര്‍വതങ്ങള്‍ അതിരിട്ടു നില്ക്കുന്ന മനോഹരമായ അഞ്ചുവരിപ്പാതയിലൂടെ അതിശീഘ്രം കാര്‍ മുന്നോട്ടു കുതിച്ചു. ഓരോ സന്ധികളിലും വലിയ സ്തൂപങ്ങള്‍ കാഴ്ചക്കാരെ എതിരേറ്റു. വലിയ പാത്രത്തിന്റെയും പുസ്തകങ്ങളുടെയും ഏറാലിയുടെയും സ്തൂപങ്ങള്‍. മക്കയിലെ തിരക്കുകളിലേക്കാണ് കാറിറങ്ങിയത്. ആകാശത്തോളം ഉയര്‍ന്നു നില്ക്കുന്ന ഹറമിന്റെ മിനാരങ്ങള്‍ വിദൂരതയില്‍ ദര്‍ശിച്ചപ്പോഴെ, ഉമ്മച്ചിയുടെ കണ്ണുകള്‍ നിറഞ്ഞുപോയി. ആദ്യമായി അതുകണ്ടപ്പോഴും ഉമ്മച്ചി മാത്രമല്ല, അമേനയും കരഞ്ഞിരുന്നു. ഇതുവരെ മനസ്സില്‍ വിശ്വാസം കൊത്തിവെച്ച മിനാരങ്ങള്‍ മുന്നില്‍ പുനഃരവതരിച്ചപ്പോള്‍ ഹൃദയം ഭൂമിയുടെ ആര്‍ദ്രതതേടി.
സുന്നത്തു നിസ്‌കാരം നിര്‍വഹിച്ച് എല്ലാവരും മിനയിലേക്ക് പുറപ്പെട്ടു. ഉമ്മച്ചി കാലിന്റെ മുട്ടുവേദയുടെ കാര്യംതന്നെ മറന്നതുപോലെ തോന്നിച്ചു. ഹറമിലെത്തി പ്രാര്‍ഥിച്ചപ്പോള്‍ത്തന്നെ ഉമ്മച്ചിയുടെ ആരോഗ്യം പാതി വീണ്ടുകിട്ടി. ഹറമിനെ പൊതിഞ്ഞ കിസ്‌വയില്‍ കണ്ണുനീരൊഴുക്കിയാണ് ഉമ്മച്ചി പ്രാര്‍ഥിച്ചത്. മിനയില്‍ ടെന്റുകെട്ടി പ്രാര്‍ഥനകളില്‍ മുഴുകിയിരിക്കുമ്പോഴും ഉമ്മച്ചി ആഹ്ലാദവതിയായി കാണപ്പെട്ടു. പഴയ പെരുന്നാള്‍ ദിവസങ്ങളും ദാരിദ്ര്യം നിറഞ്ഞ ജീവിതവും ഇടയ്ക്ക് ഓര്‍മിച്ചു. ഏലക്കായും ഗ്രാമ്പുവും ഇട്ട കഹ്‌വ പൂതിതീരുംവരെ നുകര്‍ന്നു. നല്ല തേനിന്റെ മധുരമുള്ള ഈത്തപ്പഴം കഴിച്ചു.
ഓരോ കര്‍മങ്ങളും ഉമ്മച്ചി സ്വയം ചെയ്തു. ദുല്‍ഹജ്ജ് ഒമ്പതിന് അര്‍ധരാത്രി പിന്നിടുംവരെ മുസ്ദലിഫയില്‍ രാപ്പാര്‍ത്തു. പിറ്റേ ദിവസം ജംറത്തുല്‍ അഖബയില്‍ എറിയാനുള്ള ചെറിയ കല്ലുകള്‍ പെറുക്കി മടയില്‍ സൂക്ഷിച്ചു.
പരിശുദ്ധ ഹജ്ജിലൂടെ ആത്മസമര്‍പ്പണം നടത്തിയ വിശ്വാസികള്‍ മക്കയുടെ മണ്ണില്‍ ഇഹ്‌റാം ശുഭ്രവസ്ത്രം മനസ്സിലും ശരീരത്തിലും ഒരുപോലെ അണിഞ്ഞ് ചുറ്റും ഒഴുകുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ തടിച്ചുകൂടുന്ന ആ സ്ഥലം ശുഭവസ്ത്രങ്ങളാല്‍ ഒരു പാല്‍ക്കടലായി മാറിയിരുന്നു.
ഇസ്ലാമിക ചരിത്രത്തില്‍ പ്രവാചകന്‍ ഇബ്‌റാഹീമിന്റെ യുഗം വീണ്ടും പുനഃരവതരിക്കുകയാണ് ഓരോ ബലിപെരുന്നാള്‍ നാളിലും. മരുഭൂമിയിലെ നീരുറവയായ സംസത്തിന്റെ തെളിനീര്‍ ആവോളം കോരിക്കുടിച്ചപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും ശമിക്കാത്ത ദാഹം തൃപ്തിയടയുന്നതുപോലെ അമേനയ്ക്ക് തോന്നി.
മക്കയില്‍ വലിയ പെരുന്നാളില്‍ പങ്കുചേരുകയെന്നത് ഉമ്മച്ചിയുടെ വലിയ ആഗ്രഹമായിരുന്നു. ഒരു ബലിപെരുന്നാള്‍ ദിവസമായിരുന്നത്രെ ഉമ്മച്ചി തെരപ്പക്കാരന്‍ ബീരാനെ ആദ്യമായി കാണുന്നത്. പെരുന്നാള്‍ ദിനം രാവിലെ ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഉമ്മച്ചി വെള്ളത്തില്‍പോയി. തെരപ്പം കരയോട് അടുപ്പിക്കാന്‍ ശ്രമിക്കുകയായിരുന്ന അയാള്‍ വെള്ളത്തില്‍ പിടയുന്ന ആ കുഞ്ഞുകൈകള്‍ കണ്ടു. ഉമ്മയ്ക്ക് അന്നു പ്രായം പന്ത്രണ്ട് വയസ്സായിരുന്നു. പിന്നെയും നാലു വയസ്സു കഴിഞ്ഞപ്പോള്‍ അയാള്‍ ഉമ്മയെ പെണ്ണുചോദിച്ച് എത്തി. അവര്‍ മുപ്പത്തിനാലു വര്‍ഷങ്ങള്‍ ഒരുമിച്ചു കഴിഞ്ഞു.

പഴയകാലത്തെ മനുഷ്യരുടെ അനുഭവങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. ഉമ്മച്ചിയുടെ കഥകളില്‍ വിസ്മയിച്ചു നിന്നിട്ടുണ്ട് അമേന. ഉമ്മച്ചിക്ക് മരുമക്കളില്‍ ഏറ്റവും ഇഷ്ടം അമേനയെയായിരുന്നു. അവളെപ്പോലെ ഉമ്മച്ചിയെ ആരും വീട്ടില്‍ പരിചരിച്ചിരുന്നില്ല.
മറ്റൊരു പെരുന്നാള്‍ പടിവാതില്ക്കല്‍ എത്തിയപ്പോള്‍ ഉമ്മച്ചി വാതില്‍പ്പടിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അമേനയെ ഉമ്മച്ചി പൂണ്ടടക്കം കെട്ടിപ്പിടിച്ചു. തീരെ വയ്യായിരുന്നു. കണ്ണുകള്‍ മിഴിച്ചുപോയിരുന്നു. ആശുപത്രിയില്‍ എത്തിയശേഷമാണ് അതിലൊരു വെട്ടം വീണത്.
മസ്ജിദുകളുടെ മിനാരങ്ങളില്‍നിന്ന് തക്ബിര്‍ നാദം മുഴങ്ങിയപ്പോള്‍ മുതല്‍ ഉമ്മച്ചിക്ക് ഇറുക്കപൊറുതിയില്ലാതായി. എല്ലാ കുട്ടികള്‍ക്കും ഉമ്മച്ചി പുതുവസ്ത്രങ്ങള്‍ മേടിച്ചുവെച്ചിരിക്കുന്നു. അവര്‍ അതിട്ടുനില്ക്കുന്നത് ഉമ്മച്ചിക്ക് കണ്‍കുളിര്‍ക്കെ കാണണം. മൂത്ത മകന്‍ റസാഖിക്കയോട്് ഉമ്മച്ചി അപ്പോഴും തര്‍ക്കിച്ചു.
”ഇനിക്ക് പോണം മോനെ. ഈ പെരുന്നാളു കഴിഞ്ഞാല്‍ ഇനിയെനിക്ക് വേറൊന്ന് ഇല്ലെങ്കിലോ? അതോര്‍ത്ത് നിങ്ങളൊക്കെ പിന്നീട് സങ്കടപ്പെട്ടിട്ട് എന്തു കാര്യം? ആഗ്രഹം ഇപ്പോള്‍ നടത്തിത്തരണം!”
ഓരോ വാര്‍ത്തയും അമേന പറയാതെത്തന്നെ ഫിഫ്‌സു അറിയുന്നുണ്ടായിരുന്നു. സഹോദരങ്ങള്‍ ആശുപത്രിയുടെ മൂലയില്‍ ഇരുന്ന് കൂടിയാലോചനകള്‍ നടത്തുകയായിരുന്നു. അതിനിടയിലേക്കാണ് ഉമ്മച്ചിയുടെ ആഗ്രഹം നടക്കട്ടെയെന്ന ഹിഫ്‌സുവിന്റെ മറുപടിയെത്തിയത്. ഒരു ഹോംനേഴ്‌സിന്റെ സഹായം ഉമ്മച്ചിക്ക് ഉറപ്പുവരുത്താനും ഹിഫ്‌സു പ്രത്യേകം എഴുതിയിരിക്കുന്നു.
ഒരു സന്തോഷവാര്‍ത്ത എത്രവേഗമാണ് രോഗാതുരമായ ശരീരത്തെ ഉന്മേഷത്തിലേക്ക് കൊണ്ടുവരുന്നതെന്ന് കാണുവാന്‍ ഉമ്മച്ചിയെ ഒന്നിപ്പോള്‍ നോക്കിയാല്‍ മതിയെന്ന് തോന്നി. തന്റെ ബാഗിലേക്ക് ഉമ്മച്ചി ഓരോ സാധനങ്ങളും ഇപ്പോള്‍ത്തന്നെ എടുത്തുവെക്കുന്നു. ഡിസ്ചാര്‍ജ്ജു വാങ്ങാന്‍ പതിവുപോലെ എല്ലാവരും അമേനയെത്തന്നെയാണ് ഇത്തവണയും ആശ്രയിച്ചത്.
”എനിക്കറിയാം. ഉമ്മച്ചിയുടെ ആഗ്രഹത്തിനു മുന്നില്‍ തടസ്സം നില്ക്കാന്‍ എനിക്കും കഴിയുന്നില്ല. ഹിഫ്‌സു എന്നെ വിളിച്ചിരുന്നു. അവന്‍ പറഞ്ഞത് ഇത്തവണ എന്നെയും നിങ്ങളുടെ പേരുന്നാള്‍ സത്ക്കാരങ്ങളില്‍ കൂട്ടാനാണ്. ഉമ്മച്ചിക്ക് എന്തെങ്കിലും പറ്റിയാല്‍ അതിപ്പോള്‍ എന്റെയും വലിയ പ്രശ്‌നമായല്ലോ….”
ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്…….
അമേനയുടെ സെല്‍ഫോണിന്റെ റിംഗ് ടോണ്‍ ശബ്ദിച്ചത് അതേ നിമിഷമായിരുന്നു. ഡോക്ടര്‍ക്ക് നന്ദി പറയാന്‍ ഹിഫ്‌സുവാണ് വിളിച്ചത്. റിംഗ് ടോണ്‍ അമീര്‍ മാറ്റിയ കാര്യംതന്നെ അമേന അറിഞ്ഞിരുന്നില്ല.
വീട്ടിലെത്തി ഉമ്മച്ചിയെ എല്ലാവരും താങ്ങി അകത്തെ മുറിയിലെ കട്ടിലിലേക്ക് കൊണ്ടുപോകുമ്പോള്‍ തൊട്ടടുത്ത ദസ്ബിയ പള്ളിയില്‍നിന്ന് തക്ബീര്‍ മുഴങ്ങി. ആകാശത്ത് പെരുന്നാളിന്റെ അലയൊലികള്‍ നിറഞ്ഞു.
നക്ഷത്രങ്ങള്‍ കസവുതട്ടത്തിലെ മിസരിപ്പൊന്നുപോലെ പ്രകാശിച്ചുകൊണ്ടിരുന്നു. കുട്ടികള്‍ക്കിടയില്‍ തമാശ പറഞ്ഞിരിക്കുന്ന ഉമ്മച്ചിയെ ജാലകത്തിലൂടെയും വാതില്‍പ്പടിയിലൂടെയും നോക്കി എല്ലാവരും നിന്നു. അവരുടെ കണ്ണുകളിലെല്ലാം പെരുന്നാളിന്റെ ആഹ്ലാദങ്ങളും സന്തോഷങ്ങളും നിറഞ്ഞിരുന്നു.

Back to Top