പെരുന്നാള്‍ ഒരുക്കം
ദാനിയ പള്ളിയാലില്‍
ഓണ്‍ലൈനില്‍ പെരുന്നാളുടുപ്പ്
പരതാനിറങ്ങ്യേപ്പഴാണ്
തൂവെള്ളത്തുണ്ടുകളില്‍ പൊതിഞ്ഞ
മയ്യിത്തുകള്‍ കണ്ട് വിരലുകള്‍ വിറച്ചത്.
വിണ്ടുപൊട്ടിയ ഉള്ളിനെ താങ്ങി
തിരിച്ചിറങ്ങി,
പെരുന്നാള്‍ പലഹാരങ്ങളുടെ
റെസിപ്പികള്‍
സ്‌ക്രോള്‍ ചെയ്യുന്നതിനിടെ
വിശന്നു മരിച്ച പൈതലിന്റെ
ഒട്ടിയ അസ്ഥികൂടം
നോട്ടിഫിക്കേഷനായെത്തി.
ആഗ്രഹങ്ങള്‍
പിടയുന്ന പ്രാര്‍ഥനകളായി
പരിണമിച്ചു.
പടക്കം വാങ്ങാന്‍
സ്ഥിരമായി വാശിപിടിക്കാറുള്ള മോന്‍
പെട്ടെന്നോടിവന്ന് കെട്ടിപ്പിടിച്ചു:
വേണ്ടുമ്മാ…
പടക്കത്തിന്
ഗസ്സേലെ ബോംബിന്റെ ശബ്ദാ.