8 Saturday
February 2025
2025 February 8
1446 Chabân 9

പേരുമാറ്റവും ഹിന്ദുത്വ അജണ്ടയും

അബ്ദുര്‍റസാഖ് പരപ്പനങ്ങാടി

രാജ്യത്ത് പേരുമാറ്റം വീണ്ടും ചര്‍ച്ചയാവുകയാണ്. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി (എന്‍എംഎംഎല്‍) ഔദ്യോഗികമായി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്റ് ലൈബ്രറി (പിഎംഎംഎല്‍) സൊസൈറ്റിയായി പേര് മാറിയിരിക്കുന്നു. നെഹ്‌റുവിന്റെ മാത്രമല്ല, പല പ്രമുഖരുടെയും സ്വകാര്യ വിവരങ്ങളും ചരിത്രപരമായ രേഖകളും സംരക്ഷിക്കുന്ന, ലോകത്തെ തന്നെ മികച്ച ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണത്.
ഇത്തരം പേരുമാറ്റങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. പുതിയൊരു ഇന്ത്യയുടെ നിര്‍മാതാവാണ് താനെന്നാണ് മോദിയുടെ ഭാവം. അദ്ദേഹം സംസാരിക്കുമ്പോഴെല്ലാം ഇക്കാര്യം ഊന്നിപ്പറയാറുണ്ട്. ഇന്ത്യയെ കുറിച്ച് തനിക്ക് അടുത്ത ആയിരം വര്‍ഷത്തേക്കുള്ള കാഴ്ചപ്പാട് ഉണ്ടെന്നൊക്കെയാണ് പ്രധാനമന്ത്രി പറഞ്ഞുവെച്ചിട്ടുള്ളത്. ഒരു രാഷ്ട്രനിര്‍മാതാവ് എന്ന മോദിയുടെ ഫാന്റസിക്ക് ഏറ്റവും വലിയ ഭീഷണി നെഹ്‌റുവാണ്. നെഹ്റുവിന്റെ നിഴലിനെ പേടിച്ചും, നെഹ്റുവിനെ കുറ്റം പറഞ്ഞുമാണ് മോദി അദ്ദേഹത്തിനൊരു രാഷ്ട്രീയ പൈതൃകം ഉണ്ടാക്കാന്‍ നോക്കുന്നത്. എന്തു കാര്യത്തിനും കുറ്റം ചാര്‍ത്താന്‍ മോദിക്ക് വേണ്ടത് നെഹ്‌റുവിനെയാണ്. സ്വയം അധ്വാനിച്ച് സമൂഹത്തിനു വേണ്ടി സംഭാവനകള്‍ ചെയ്തുമൊക്കെയാണ് അവരുടേതായൊരു രാഷ്ട്രീയ പൈതൃകം ഉണ്ടാക്കിയെടുക്കേണ്ടത്. നെഹ്റുവിനെ പോലൊരു പൊളിറ്റക്കല്‍ ലെജന്‍ഡ് ആകണമെങ്കില്‍, ഇത്തരം വാശി കാണിച്ചതുകൊണ്ട് കാര്യമില്ലെന്ന് മോദി മനസ്സിലാക്കണം.

Back to Top