22 Sunday
December 2024
2024 December 22
1446 Joumada II 20

വ്യക്തിത്വ വികസനം ഇസ്‌ലാമിക മാര്‍ഗദര്‍ശനങ്ങള്‍

ഡോ. ടി കെ യൂസുഫ്‌


ആകര്‍ഷകമായ വ്യക്തിത്വത്തിലൂടെ ആളുകളുടെ മനം കവരാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമാണ്. എങ്ങനെ നല്ല വ്യക്തിത്വം ആര്‍ജിച്ചെടുക്കാമെന്ന് പഠിപ്പിക്കുന്ന ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വ്യക്തിത്വവികാസത്തേക്കാള്‍ സാമ്പത്തിക വികസനം ലക്ഷ്യംവെച്ച് കച്ചവട താല്‍പര്യത്തോടെ വ്യക്തിത്വ വികസന കോഴ്‌സുകള്‍ നടത്തുന്നവരുമുണ്ട്. കപടവ്യക്തിത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് ആളുകളെ പാട്ടിലാക്കാനുള്ള കൗശലങ്ങളാണ് ഇവര്‍ അഭ്യസിപ്പിക്കാറുള്ളത്. എന്നാല്‍ ജാടകളും അഭിനയവും കൂടാതെ ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടാനുള്ള മാര്‍ഗങ്ങളാണ് വ്യക്തിത്വ വികസനരംഗത്ത് ഇസ്‌ലാം നല്‍കുന്നത്.
സന്തോഷകരമായ ജീവിതമാണ് നാമെല്ലാവരും ലക്ഷ്യംവെക്കുന്നത്. പണവും പ്രതാപവും നേടിയതുകൊണ്ടു മാത്രം അത് കൈവരില്ല. മറ്റുള്ളവര്‍ നമ്മെ സ്‌നേഹിക്കുന്നുണ്ട് എന്നറിയുമ്പോള്‍ മാത്രമാണ് യഥാര്‍ഥത്തില്‍ നമുക്ക് സന്തോഷം അനുഭവപ്പെടുക. ആളുകള്‍ നമ്മെ സ്‌നേഹിക്കണമെങ്കില്‍ നാം എന്താണ് ചെയ്യേണ്ടത്? പണമുണ്ടായതുകൊണ്ട് കാര്യമില്ല. കാരണം, പണക്കാരോട് പൊതുവെ ജനങ്ങള്‍ക്ക് അസൂയയാണ് ഉണ്ടാകാറുള്ളത്. അതുപോലെ അധികാരത്തിലൂടെയും സ്ഥാനമാനങ്ങളിലൂടെയും അതു നേടാന്‍ സാധ്യമല്ല. കാരണം അധികാരിവര്‍ഗത്തോട് അരിശവും അമര്‍ഷവുമാണ് പലരും വെച്ചുപുലര്‍ത്താറുള്ളത്. പിന്നെ ജനപ്രീതി നേടാനുള്ള മാര്‍ഗമെന്താണ്?
ഇവിടെയാണ് വ്യക്തിത്വ വികസനത്തിന്റെ പ്രസക്തി ഉയര്‍ന്നുവരുന്നത്. മുഖപ്രസന്നത ആകര്‍ഷക വ്യക്തിത്വത്തിന്റെ മുഖമുദ്രയാണ്. പുഞ്ചിരിയോടുകൂടി മറ്റുള്ളവരെ അഭിമുഖീകരിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് തങ്ങളുടെ സന്തോഷത്തിന്റെ ഒരു ഭാഗം നല്‍കുകയും അതിലൂടെ അവരുടെ ദുഃഖം ദൂരീകരിക്കാന്‍ ഒരളവോളം അവരെ സഹായിക്കുകയുമാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ ദുഃഖവും ദുരിതവും അകറ്റി അവര്‍ക്ക് സന്തോഷം പ്രദാനം ചെയ്യുകയെന്നത് ഇസ്‌ലാമില്‍ വലിയ പുണ്യകര്‍മമാണ്. അതുകൊണ്ടാണ് പ്രവാചകന്‍ പഠിപ്പിച്ചത്: ”നന്മയില്‍ നിന്ന് യാതൊന്നും നീ നിസ്സാരമായി ഗണിക്കരുത്. നിന്റെ സഹോദരനെ പുഞ്ചിരിയോടുകൂടി കണ്ടുമുട്ടുന്നതുപോലും” (മുസ്‌ലിം).
എന്നാല്‍ വിഷാദഭാവത്തോടുകൂടി മറ്റുള്ളവരെ കണ്ടുമുട്ടുന്നവര്‍ തന്റെ ദുഃഖത്തിന്റെ ഒരു പങ്ക് മറ്റുള്ളവര്‍ക്ക് സമ്മാനിക്കുകയാണ് ചെയ്യുന്നത്. പുഞ്ചിരിയും പ്രസന്നഭാവവും വ്യക്തിത്വത്തിനു മാറ്റു കൂട്ടുന്ന പുണ്യകര്‍മമാണെങ്കിലും, പൊട്ടിച്ചിരി പലര്‍ക്കും അലോസരമുണ്ടാക്കുന്നതും വ്യക്തിത്വത്തിന് പോറലേല്‍പിക്കുന്നതുമാണ്. പ്രവാചകന്‍ പൊട്ടിച്ചിരിക്കുകയോ അട്ടഹസിക്കുകയോ ചെയ്തിരുന്നില്ല എന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. തിരുമേനിയുടെ ചിരിയില്‍ അധികവും മന്ദസ്മിതത്തില്‍ ഒതുങ്ങുന്നതായിരുന്നുവെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്.
ഒരാളുടെ മനസ്സും ശരീരവും വസ്ത്രവും വെടിപ്പുള്ളതായിരിക്കുക എന്നതാണ് ആകര്‍ഷക വ്യക്തിത്വത്തിന്റെ മറ്റൊരു ഘടകം. ഇസ്‌ലാമിന്റെ അന്തഃസത്ത തന്നെ മനസ്സിന്റെ വിശുദ്ധിയാണ്. മനസ്സിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു എന്നാണ് ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നത്: ”തീര്‍ച്ചയായും മനസ്സിനെ പരിശുദ്ധമാക്കിയവന്‍ വിജയം വരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു” (അശ്ശംസ് 9, 10). സമ്പത്തും സന്താനങ്ങളും പ്രയോജനം ചെയ്യാത്ത അന്ത്യദിനത്തില്‍ ശുദ്ധമായ മനസ്സുമായി വരുന്നവനു മാത്രമേ രക്ഷയുള്ളൂവെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ”കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം” (ശുഅറാഅ് 88). മനശ്ശുദ്ധിക്കു മാത്രമല്ല, ശരീരശുദ്ധിക്കും ഇസ്‌ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ദീനിലെ പല ആരാധനാകര്‍മങ്ങള്‍ക്കും അത് ഒഴിച്ചുകൂടാനാവാത്തതാണ്.
വസ്ത്രധാരണമാണ് വ്യക്തിത്വം വ്യക്തമാക്കുന്ന മറ്റൊരു ഘടകം. വസ്ത്രം മനുഷ്യന്റെ മാന്യത വെളിപ്പെടുത്തുന്നതുകൊണ്ടുതന്നെ വില കൂടിയതും ഭംഗിയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ഇസ്‌ലാമില്‍ വിലക്കുകളില്ല. ”മുന്തിയ പാദരക്ഷയും കുപ്പായവും ധരിക്കുന്നത് അഹങ്കാരമാണോ” എന്ന അനുചരന്മാരുടെ ചോദ്യത്തിന് ”അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ ഭംഗി ഇഷ്ടപ്പെടുന്നു” (മുസ്‌ലിം) എന്നാണ് പ്രവാചകന്‍ പ്രതിവചിച്ചത്.
നമ്മുടെ ശരീരത്തില്‍ നിന്നു മറ്റുള്ളവര്‍ക്ക് അനിഷ്ടകരമായ വല്ല ദുര്‍ഗന്ധവും വമിക്കുന്നത് നമ്മുടെ വ്യക്തിത്വത്തിന് കോട്ടം വരുത്തുന്നതാണ്. പള്ളിയില്‍ പോകുമ്പോള്‍ സുഗന്ധം പൂശുന്നത് സുന്നത്താണ് എന്നു പഠിപ്പിച്ച പ്രവാചകന്‍ വെള്ളുള്ളി തിന്ന് പള്ളിയില്‍ പോകുന്നത് വിലക്കിയിട്ടുമുണ്ട്. ഉള്ളിയുടെ രൂക്ഷഗന്ധം ശ്വാസകോശം ആഗിരണം ചെയ്യുന്നതുമൂലം കൈയും വായും കഴുകിയാലും അതിന്റെ ഗന്ധത്തില്‍ നിന്നു മോചനം നേടാനാവില്ല. ഉച്ഛ്വാസത്തിലൂടെ അത് പുറത്തുവരാനിടയുണ്ട്. അതുകൊണ്ടാണ് നബി ”അത് തിന്നവര്‍ നമ്മുടെ നമസ്‌കാര സ്ഥലത്തേക്ക് അടുക്കുക പോലും ചെയ്യരുത്” എന്നു വിലക്കിയത്.
നബി സുഗന്ധം വളരെ ഇഷ്ടപ്പെടുകയും അത് ധാരാളമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. തന്നില്‍ നിന്ന് ആളുകള്‍ക്ക് അനിഷ്ടകരമായ ഒന്നും ഉണ്ടാകരുതെന്ന് നബിക്ക് നിര്‍ബന്ധവുമുണ്ടായിരുന്നു. തിരുമേനിയുടെ ജീവിതത്തിലെ ഒരു സംഭവം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നബി തന്റെ പത്‌നി സൈനബിന്റെ വീട്ടില്‍ നിന്ന് തേന്‍ കഴിക്കാറുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മറ്റു ഭാര്യമാരായ ഹഫ്‌സയും ആയിശയും ഒരു സൂത്രം പ്രയോഗിക്കുകയും, നബി അവരുടെ അടുക്കല്‍ വരുന്ന സമയത്ത് ”താങ്കളെ മഗാഫീര്‍ മണക്കുന്നു” എന്നു പറയുകയും ചെയ്തു. ഇത് കേട്ട പ്രവാചകന്‍ തേന്‍ കുടിക്കുന്നതുപോലും വേണ്ടെന്നുവെക്കാന്‍ തയ്യാറായി. അത്ര രൂക്ഷമല്ലാത്ത മഗാഫീര്‍ എന്ന ഒരു മരക്കറയുടെ ഗന്ധം പോലും തിരുമേനിയില്‍ നിന്നു വമിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ”എന്റെ സമുദായത്തിന് പ്രയാസകരമാവുമായിരുന്നില്ലെങ്കില്‍ ഓരോ നമസ്‌കാരത്തിനു വേണ്ടി വുദു എടുക്കുമ്പോഴും ഞാന്‍ അവരോട് പല്ലു തേക്കാന്‍ കല്‍പിക്കുമായിരുന്നു” എന്ന നബിവചനവും ഇവിടെ ശ്രദ്ധേയമാണ്.
നബി(സ) പട്ടിണിയിലും പരിവട്ടത്തിലുമാണ് ജീവിച്ചിരുന്നത് എങ്കിലും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും അതിന് പ്രേരണ നല്‍കുകയും ചെയ്തിരുന്നു. നബി(സ)യുടെ കാലത്ത് കസ്തൂരി പോലുള്ള പ്രകൃതിദത്തമായ പരിമളങ്ങളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് പ്രചാരത്തിലുള്ള കൃത്രിമ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ ആളുകള്‍ക്ക് തലവേദനയുണ്ടാക്കുന്ന രൂക്ഷഗന്ധങ്ങള്‍ വര്‍ജിക്കേണ്ടതാണ്.
ലാളിത്യമാണ് വ്യക്തിത്വത്തിനു മാറ്റുകൂട്ടുന്ന മറ്റൊരു സ്വഭാവഗുണം. പൊങ്ങച്ചവും താന്‍പോരിമയും കാണിക്കുന്നവരെ ആരും ഇഷ്ടപ്പെടാറില്ല. പ്രവാചകനോട് ഒരിക്കല്‍ ഒരു അനുചരന്‍ ചോദിച്ചു: ”ദൂതരേ, അല്ലാഹുവും ജനങ്ങളും എന്നെ ഇഷ്ടപ്പെടാനായി ഞാന്‍ എന്താണ് ചെയ്യേണ്ടത്? നബി പറഞ്ഞു: നീ ദുന്‍യാവില്‍ വിരക്തി കാണിക്കുക. എങ്കില്‍ അല്ലാഹു നിന്നെ ഇഷ്ടപ്പെടും. ജനങ്ങളുടെ അടുക്കലുള്ളത് കൊതിക്കാതിരിക്കുക. എങ്കില്‍ ജനങ്ങളും നിന്നെ ഇഷ്ടപ്പെടും” (ഇബ്‌നുമാജ).
സമ്പത്തും സ്ഥാനമാനങ്ങളും നേടിക്കഴിഞ്ഞാല്‍ ആളുകള്‍ തന്റെ ചൊല്‍പ്പടിയില്‍ വരുമെന്ന അബദ്ധധാരണയാണ് പലരെയും ആ വഴിക്ക് പരക്കം പായാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ലാളിത്യത്തിലൂടെയും വിനയത്തിലൂടെയും മാത്രമേ അല്ലാഹുവും മനുഷ്യരും നമ്മെ സ്‌നേഹിക്കുകയുള്ളൂ എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്.
ഒരാള്‍ സ്വയം പുകഴ്ത്തുന്നത് അയാളുടെ വ്യക്തിത്വത്തിന്റെ വിലയിടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനങ്ങള്‍ അത് ഇഷ്ടപ്പെടില്ല എന്നതിലുപരി, അല്ലാഹു വിലക്കിയ ഒരു ദുര്‍ഗുണവുമാണത്. ”നിങ്ങള്‍ സ്വയം പരിശുദ്ധരാകരുത്. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിശുദ്ധി നല്‍കുന്നു” (അന്നിസാഅ് 49) എന്ന ഖുര്‍ആന്‍ വചനം അതാണ് സൂചിപ്പിക്കുന്നത്. മറ്റുള്ളവര്‍ തന്നെ പുകഴ്ത്തണമെന്ന് ആഗ്രഹിക്കുന്നതുപോലും ഇസ്‌ലാമിക വീക്ഷണത്തില്‍ അഭിലഷണീയമല്ല. മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണ് വാരിയിടണമെന്നാണ് പ്രമാണം. മറ്റുള്ളവരുടെ പ്രശംസയ്ക്കു വേണ്ടി ചെയ്യുന്ന സത്കര്‍മങ്ങള്‍, അത് ധര്‍മസമരമോ ദാനധര്‍മമോ മതപ്രബോധനമോ എന്തുതന്നെയാണെങ്കിലും നിഷ്ഫലമാണെന്നാണ് ഹദീസുകളിലുള്ളത്.
വിനയം, ലാളിത്യം, പരോപകാരം തുടങ്ങിയ സദ്ഗുണങ്ങളാണ് ഒരാളുടെ വ്യക്തിത്വത്തെ ആകര്‍ഷകമാക്കുന്ന മറ്റു ഘടകങ്ങള്‍. പ്രവാചക ജീവിതം പരിശോധിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള ഒട്ടേറെ സ്വഭാവഗുണങ്ങളുടെ ഭൂമികയായിരുന്നു അതെന്നു കാണാം. സ്വഭാവഗുണങ്ങള്‍ കൊണ്ടു മാത്രം തിരുമേനിയിലേക്ക് ആകര്‍ഷിക്കപ്പെടുകയും ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തവര്‍ അനവധിയാണ്. ”താങ്കള്‍ ഉത്തമ സ്വഭാവത്തിന്റെ ഉടമയാണ്” എന്ന് ഖുര്‍ആന്‍ (ഖലം: 4) വിശേഷിപ്പിച്ച മുഹമ്മദ് നബിയുടെ ജീവിതത്തില്‍ വ്യക്തിത്വ വികസനം ആഗ്രഹിക്കുന്നവര്‍ക്ക് അതുല്യമായ മാതൃകകള്‍ കാണാനാവും.

Back to Top