6 Wednesday
November 2024
2024 November 6
1446 Joumada I 4

പേഴ്‌സണല്‍ ഫിനാന്‍സ് ധനവിനിയോഗം ഓരോരുത്തരും പഠിച്ചിരിക്കണം

യാസര്‍ ഖുത്വുബ്‌


‘പേഴ്‌സണല്‍ ഫിനാന്‍സ്’ എന്നത് നമുക്ക് സാമ്പത്തിക സ്വാതന്ത്ര്യം, സ്വാശ്രയത്വം, അഭിവൃദ്ധി തുടങ്ങിയവ പ്രദാനം ചെയ്യുന്നതിന്റെ ആധാരശിലയാണ്. ബജറ്റിങ്ങ്, കടബാധ്യതകളില്‍ നിന്നുള്ള മോചനം, സേവിങ്‌സ്, ടാക്‌സ് പ്ലാനിങ്, റിട്ടയര്‍മെന്റ് പ്ലാനുകള്‍ തുടങ്ങിയവ ഇത് ഉള്‍ക്കൊള്ളുന്നു. ഇതേക്കുറിച്ച് മനസ്സിലാക്കുന്നതും അതനുസരിച്ച് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നമ്മുടെ സാമ്പത്തിക ക്രയവിക്രയങ്ങളെയും ഭാവി ജീവിതത്തെയും വളരെയധികം സ്വാധീനിക്കുകയും മാറ്റിപ്പണിയുകയും ചെയ്യും. കൂടുതല്‍ ശോഭകരമായ ജീവിതം നയിക്കാന്‍ ഇത് സഹായകമാകും. ഈ വിഷയത്തില്‍ നാം എടുക്കുന്ന ചെറിയ സ്റ്റെപ്പുകളും തീരുമാനങ്ങളും ഭാവി ജീവിതത്തെ വലിയ രീതിയില്‍ സ്വാധീനിക്കും. മനുഷ്യ ജീവിതത്തില്‍ സമ്പത്തിന് വളരെ പ്രാധാന്യമുണ്ട്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ മുതല്‍ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കുന്നതിന് പണം ഒരു അഭിവാജ്യ ഘടകമാണ്. രാജ്യാന്തര ചലനങ്ങളില്‍ വരെ സമ്പത്തും മാര്‍ക്കറ്റും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. രാഷ്ട്രീയം മുതല്‍ യുദ്ധങ്ങള്‍ വരെ നിയന്ത്രിക്കുന്നതില്‍ പണം ഒരു നിര്‍ണായക ഘടകമാണ്. പണത്തിന്റെ വിനിമയവും കരുതിവെപ്പും ബുദ്ധിപൂര്‍വം നടത്തുന്നവര്‍ക്കേ പണത്തെ നിയന്ത്രിക്കാനും പരിപോഷിപ്പിക്കാനും കഴിയൂ.
ദരിദ്രര്‍, മധ്യവര്‍ഗക്കാര്‍, സമ്പന്നര്‍ തുടങ്ങിയവര്‍ തമ്മിലുള്ള വലിയ അന്തരത്തിനും സാമ്പത്തിക അസമത്വത്തിനുമുള്ള ഒരു പ്രധാന കാരണം ഈ വിഷയങ്ങളില്‍ ഉള്ള സാക്ഷരത ഇല്ലായ്മയാണ്. നമ്മുടെ സ്‌കൂളുകളിലും കോളേജുകളിലും ഈ വിഷയങ്ങള്‍ പഠിപ്പിക്കാറില്ല. കരിക്കുലത്തിന് പുറത്തുള്ള ഒരു വിഷയമാണ് എപ്പോഴും സമ്പാദ്യവും സാമ്പത്തിക സ്വാതന്ത്ര്യവും. പണത്തെക്കുറിച്ചുള്ള സംസാരം പോലും, ഒരു പ്രതിലോമകരമായ കാര്യം എന്ന നിലയിലാണ് ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. യഥാര്‍ഥത്തില്‍ സമ്പാദ്യം, നിക്ഷേപം തുടങ്ങിയവയെ കുറിച്ച് മനുഷ്യര്‍ തന്റെ ജീവിതത്തിന്റെ ആദ്യസമയങ്ങളില്‍ തന്നെ മനസ്സിലാക്കുന്നത് അവരുടെ ജീവിതത്തിലും രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയിലും വലിയ മാറ്റങ്ങള്‍ സൃഷ്ടികക്കും.
ഒരു ജോലിയില്‍ ജീവിതം മുഴുവന്‍ മുഴുകിക്കിടക്കാതെ തന്നെ ജീവിതം മുന്നോട്ട് നയിക്കാന്‍ ആവശ്യമായ വരുമാനം നമുക്ക് ലഭിക്കുന്നതിനെയാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത്. ഭൂരിപക്ഷം മനുഷ്യര്‍ക്കും തന്റെ ജീവിതത്തിന്റെ മുഴുവന്‍ സമയവും ജോലിക്ക് വേണ്ടി മാത്രം സമര്‍പ്പിക്കുന്നതിനാല്‍ മറ്റു കാര്യങ്ങളില്‍ ഒന്നും ഏര്‍പ്പെടാന്‍ സമയമില്ലാതെ വരുന്നു. നമ്മുടെ കയ്യില്‍ ആവശ്യത്തിനുള്ള പണമുണ്ടെങ്കില്‍ കുറെ ടെന്‍ഷനുകള്‍ ഒഴിവാക്കാനും നമ്മുടെ സമയം എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് തന്നെ തീരുമാനിക്കാനും കഴിയും. അതായത് സമ്പത്തു നമുക്ക് സമയത്തിന്‍മേലുള്ള സ്വാതന്ത്ര്യം കൂടി നല്‍കുന്നു എന്നര്‍ഥം.
പേഴ്‌സണല്‍
ബജറ്റില്‍ തുടങ്ങാം
സാമ്പത്തിക ആസൂത്രണങ്ങള്‍ തുടങ്ങുമ്പോള്‍ നമുക്ക് പ്രഥമമായി വേണ്ടത് ഒരു ബജറ്റ് ആണ്. എല്ലാ ഫിനാന്‍ഷ്യല്‍ പ്ലാനിംഗിന്റെയും അടിസ്ഥാനം ബജറ്റുകളാണ്. നമ്മുടെ വരവ്, ചെലവ്, കടം, സമ്പാദ്യം തുടങ്ങിയവയെ കുറിച്ചുള്ള ഒരു രേഖപ്പെടുത്തല്‍ ആണിത്. നമുക്ക് എവിടെയാണ് പണം കൂടുതല്‍ ചെലവായി പോകുന്നതെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാനും ട്രാക്ക് ചെയ്യാനും കഴിയും.
ബജറ്റ്
വരുമാനം രേഖപ്പെടുത്തുക: നമ്മുടെ ശമ്പളം, മറ്റു വരുമാനങ്ങള്‍ (വാടക, ഇന്‍വെസ്റ്റ്‌മെന്റുകളില്‍ നിന്നുള്ള ഡിവിഡന്റുകള്‍, മറ്റു വരവുകള്‍)
ചെലവുകള്‍ തിട്ടപ്പെടുത്തുക: ഇതില്‍ നിത്യോപയോഗ ഗ്രോസറി സാധനങ്ങള്‍, മറ്റ് ഭക്ഷണ സാധനങ്ങള്‍ (ഫ്രൂട്‌സ്, പാര്‍സല്‍ വാങ്ങുന്നവ), വൈദ്യുതി, വെള്ളം, നികുതി ബില്ലുകള്‍, ഉല്ലാസ യാത്രകള്‍, ഹോട്ടലുകളില്‍ പോയി കഴിക്കുന്നത് തുടങ്ങിയ എല്ലാ ഇനങ്ങളും ഉള്‍പ്പെടുത്തണം.
അത്യാവശ്യം, ആവശ്യം എന്നിങ്ങനെ തരംതിരിക്കുക: ഉദാഹരണത്തിന് നിത്യോപയോഗ അരിയും പലവ്യഞ്ജനങ്ങളും എല്ലാം അത്യാവശ്യത്തില്‍ ഉള്‍പ്പെടും. അതേസമയം വെക്കേഷന്‍ ട്രിപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവയെല്ലാം ആവശ്യം എന്ന ഇനത്തിലാണ് വരിക. അവ നീട്ടിവെക്കാവുന്നതോ ഒഴിവാക്കാവുന്നതോ ആയിരിക്കും.
ഗോളുകള്‍ സെറ്റ് ചെയ്യുക: നമ്മുടെ വരുമാനത്തിന്റെ 20% എങ്കിലും മാറ്റിവെക്കാന്‍ കഴിയണം. ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അതൊരു ശീലമാക്കുക.
അവലോകനവും ക്രമീകരണവും: നമ്മുടെ ബജറ്റ് പതിവായി അവലോകനം ചെയ്ത് നമ്മള്‍ ഉദ്ദേശിച്ചതില്‍ തന്നെ തുടരുന്നു എന്ന് ഉറപ്പാക്കുക. നമ്മുടെ വരുമാനങ്ങളിലും ചെലവുകളിലും ഉള്ള മാറ്റങ്ങളെ അടിസ്ഥാനമാക്കി ഇത് ക്രമീകരിക്കുക.
എമര്‍ജന്‍സി ഫണ്ട്
സാമ്പത്തിക ആസൂത്രണത്തിന്റെ നിര്‍ണായക ഭാഗമാണ് എമര്‍ജന്‍സി ഫണ്ട്. ജീവിതത്തിന്റെ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ളതാണിത്. തൊഴില്‍ നഷ്ടം, മെഡിക്കല്‍ അത്യാഹിതങ്ങള്‍ തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങളില്‍ ഇത് ഒരു സുരക്ഷാവലയമായി പ്രവര്‍ത്തിക്കുന്നു. മൂന്ന് മുതല്‍ ആറു മാസം വരെ ജീവിക്കാന്‍ ആവശ്യമായ തുകയാണ് എമര്‍ജന്‍സി ഫണ്ട് ആയി മാറ്റിവയ്‌ക്കേണ്ടത്. വളരെ എളുപ്പത്തില്‍ പണമായി എടുക്കാന്‍ പറ്റുന്ന രീതിയിലാണ് ഇത് സൂക്ഷിക്കേണ്ടത്. പെട്ടെന്ന് തിരിച്ചെടുക്കാന്‍ സാധിക്കാത്തതോ, നഷ്ടങ്ങള്‍ വരുത്തുന്നതോ ആയ സംരംഭങ്ങളില്‍ ഒന്നും തന്നെ പ്രസ്തുത തുക നിക്ഷേപിക്കരുത്. ആകസ്മികമായ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമാകും എന്നതിനാല്‍ നമ്മുടെ മനസ്സിനു സമാധാനം നല്‍കാന്‍ എമര്‍ജന്‍സി ഫണ്ടിന് സാധിക്കും. എമര്‍ജന്‍സി ഫണ്ട് കരുതിവെച്ചതിനുശേഷം ആണ് നാം മറ്റ് നിക്ഷേപങ്ങളിലേക്ക് തിരിയേണ്ടത്. ഒരിക്കലും എമര്‍ജന്‍സി ഫണ്ട് അനാവശ്യമായി എടുത്ത് ഉപയോഗിക്കരുത്.

കടങ്ങളില്‍ നിന്നുള്ള മോചനം
കടങ്ങളില്ലാതെ ജീവിക്കുകഎന്നതായിരിക്കണം ഏതൊരു മനുഷ്യന്റെയും അഭിലാഷം. വീട് നിര്‍മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ഗുരുതര രോഗങ്ങള്‍ മൂലമുള്ള ചികിത്സ തുടങ്ങിയവയാണ് മനുഷ്യനെ കടങ്ങളിലേക്ക് തള്ളിവിടുന്നത്. ബാങ്ക് ലോണുകള്‍ അടവുകള്‍ തെറ്റുന്നത് നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കും. ഒരുപാട് സമ്പത്തും മനസ്സമാധാനവും നഷ്ടപ്പെടും. പലിശയധിഷ്ഠിതമായതു കൊണ്ടു തന്നെ ബാങ്ക് ലോണുകളില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കണം. 25 ലക്ഷം രൂപയുടെ ഹൗസിംഗ് ലോണ്‍ എടുത്ത ഒരാള്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുത്താണ് അത് അടച്ചു തീര്‍ക്കുന്നതെങ്കില്‍ 50 ലക്ഷം രൂപ വേണ്ടിവരും. സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം കടങ്ങളില്‍ നിന്നു പൂര്‍ണമായും അകന്നു നില്‍ക്കുന്നതാണ് നല്ലത്.
നമുക്ക് പല പല കടങ്ങള്‍ ഉണ്ടെങ്കില്‍ ആദ്യം ചെറിയ കടങ്ങള്‍ തീര്‍ക്കുക. ഇത് നമുക്ക് കുറെ കടങ്ങള്‍ അടച്ചു തീര്‍ത്തു എന്നൊരു മാനസികനില പ്രദാനം ചെയ്യും. ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ ഉണ്ടെങ്കില്‍ അത് ആദ്യം അടച്ചു തീര്‍ക്കുക. വ്യത്യസ്ത ഇനത്തില്‍ ബാങ്ക് കടങ്ങള്‍ ഉണ്ടെങ്കില്‍ അവ ‘ഒറ്റക്കടം’ ആക്കി തരാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. അങ്ങനെ ബാങ്ക് ലോണുകള്‍ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവും.
റിട്ടയര്‍മെന്റ്
പ്ലാനുകള്‍

ഗവണ്‍മെന്റ് ജോലിക്കാര്‍ക്ക് മാത്രമല്ല റിട്ടയര്‍മെന്റും പെന്‍ഷനും ലഭിക്കുക. പ്ലാന്‍ ചെയ്താല്‍ ഏതൊരു സാധാരണക്കാരനും ഇക്കാലത്ത് ഇവ ലഭ്യമാകും. പൊതുജനങ്ങള്‍ക്കായുള്ള വ്യത്യസ്ത പെന്‍ഷന്‍ സ്‌കീമുകള്‍ ഇന്ന് ലഭ്യമാണ്. ഗവണ്‍മെന്റിന്റെ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ ഇന്ന് നിലവിലുണ്ട്. നമ്മള്‍ ജോലി ചെയ്യുന്ന സമയത്ത് തന്നെ ഇത്തരം പദ്ധതികളില്‍ എല്ലാ മാസവും നിശ്ചിത തുക അടക്കുകയാണ് ചെയ്യേണ്ടത്. എങ്കില്‍ അറുപതാമത്തെയോ എഴുപതാമത്തെയോ വയസില്‍ വലിയ തുകയോ അല്ലെങ്കില്‍ തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും നിശ്ചിത തുകയോ നമുക്ക് ലഭിച്ചുകൊണ്ടിരിക്കും. ഇങ്ങനെ വ്യക്തിഗതമായി പെന്‍ഷനുകളില്‍ ചേരുന്നവര്‍ക്ക് ഗവണ്‍മെന്റിന്റെ ഇന്‍കം ടാക്‌സ് ഇളവും ലഭിക്കും.
സമ്പാദ്യം
വര്‍ധിപ്പിക്കല്‍

നമ്മുടെ വരുമാനം വീട്ടിലെ ഒരു പെട്ടിയിലോ ബാങ്കിലോ നീക്കി വെക്കുന്നത് കൊണ്ട് മാത്രം അത് വളരുകയില്ല. അത് സേവിങ്‌സ് മാത്രമേ ആവുകയുള്ളൂ. ഓരോ വര്‍ഷവും നമ്മുടെ വിപണിയിലും ലോകത്തും സംഭവിക്കുന്ന പണപ്പെരുപ്പം അനുസരിച്ച് നമ്മുടെ സമ്പാദ്യവും വളരണം. അതായത് ഈ വര്‍ഷം നമുക്ക് ‘പത്ത് രൂപക്ക്’ ലഭിക്കുന്ന ഒരു വസ്തുവിന് അടുത്ത വര്‍ഷം 12 രൂപയായി വില വര്‍ധിച്ചിട്ടുണ്ടാവും. ആനുപാതികമായി നമ്മുടെ സമ്പാദ്യവും വളരണം. ഇതിനുവേണ്ടി നമ്മുടെ പണം ഷെയര്‍ മാര്‍ക്കറ്റുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയില്‍ നിക്ഷേപിക്കാവുന്നതാണ്. നമുക്ക് കൃത്യമായി കമ്പനികളെയും മാര്‍ക്കറ്റിനെയും അനലൈസ് ചെയ്യാനുള്ള കഴിവ് ഉണ്ടെങ്കില്‍ മാത്രം ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നു ഹലാല്‍ സര്‍ട്ടിഫൈഡ് ഷെയറുകള്‍ വാങ്ങി വില്‍ക്കാം. ഇതില്‍ നമുക്ക് അറിവും ക്ഷമയും ഇല്ലെങ്കില്‍ നഷ്ടത്തിലാണ് കലാശിക്കുക. ഇത്തരം അറിവുകള്‍ ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ളതാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. നമുക്കു വേണ്ടി അംഗീകൃത കമ്പനികള്‍ അത് ചെയ്തുകൊള്ളും. ഇന്ത്യയില്‍ ഹലാല്‍ ഗണത്തില്‍ പരിഗണിക്കപ്പെടുന്ന ഒന്നാണ് ടാറ്റ എത്തിക്കല്‍ മ്യൂച്ചല്‍ ഫണ്ടുകള്‍. സാധാരണ മ്യൂച്ചല്‍ ഫണ്ടുകള്‍ ലാഭത്തില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക. അപൂര്‍വമായി, ഷെയര്‍ മാര്‍ക്കറ്റില്‍ വലിയ തകര്‍ച്ച നേരിടുന്ന സമയത്ത് മ്യൂച്ചല്‍ ഫണ്ടുകളും നഷ്ടത്തില്‍ ആയേക്കും.
കട പത്രങ്ങളിലൂടെ പണസമാഹാരമാണ് ബോണ്ടുകള്‍ ലക്ഷ്യമിടുന്നത്. നിശ്ചിത വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ തുകയും പലിശയും അടക്കം അവര്‍ തിരിച്ചു തരും. ബോണ്ടുകള്‍ ഭൂരിപക്ഷവും പലിശ ഇനത്തില്‍ വരുന്നതിനാല്‍ തന്നെ ബോണ്ടുകളിലുള്ള നിക്ഷേപത്തെ ഇസ്ലാമിക പണ്ഡിതര്‍ അനുവദിക്കുന്നില്ല. റിയല്‍ എസ്റ്റേറ്റുകള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപിച്ചും നമ്മുടെ പണത്തിന്റെ മൂല്യം വര്‍ധിപ്പിക്കാം. ഇവയെല്ലാം നഷ്ട സാധ്യതകള്‍ കൂടിയുള്ളതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂട്ട് സംരംഭങ്ങള്‍ ആയി കച്ചവടമോ ബിസിനസോ നടത്തുമ്പോള്‍ നിര്‍ബന്ധമായും നമ്മുടെ തുക, മറ്റു നിയമങ്ങള്‍ തുടങ്ങിയവ സാക്ഷികളുടെ സാന്നിധ്യത്തില്‍ എഴുതി രേഖയായി സൂക്ഷിക്കല്‍ നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം അത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം.
വരുമാനത്തില്‍ നിന്ന് നിശ്ചിത തുക മാറ്റി വെച്ചതിനുശേഷം മാത്രമേ ചെലവഴിക്കാവൂ എന്നാണ് സമ്പാദ്യത്തിന്റെ അടിസ്ഥാനം. എത്ര നേരത്തെ ഇപ്രകാരം സമ്പാദ്യം തുടങ്ങുന്നുവോ അതിന്നനുസരിച്ച് ഗുണഫലവും വര്‍ധിക്കും. ഇതിന് പ്രതിമാസ അടിസ്ഥാനത്തിലുള്ള (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമുകള്‍- എസ് ഐ പി) ഉള്‍പ്പെടുന്ന മ്യൂച്ചല്‍ ഫണ്ടുകളോ മറ്റോ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗം. ഓരോ വര്‍ഷം കൂടുംതോറും, നമ്മുടെ മുതലും ലാഭവും ചേര്‍ത്ത് അടുത്ത വര്‍ഷത്തെ ഇന്‍വെസ്റ്റ്‌മെന്റ് ആയി ഇത്തരം എസ് ഐ പികളില്‍ മാറുന്നു. ഇത് എക്സ്പോണന്‍ഷ്യല്‍ വളര്‍ച്ചയിലേക്ക് നയിക്കുന്നു. അതിനാല്‍, പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന റിട്ടേണുകള്‍ ഇതുവഴി ലഭ്യമാകും.
എല്ലാ മാസവും പതിനായിരം രൂപ വെച്ച് ഇന്‍വെസ്റ്റ് ചെയ്യുന്നു എന്ന് കരുതുക. പ്രസ്തുത മ്യൂച്ചല്‍ ഫണ്ടിന്റെ റിട്ടേണ്‍ 14 ശതമാനം ആണെങ്കില്‍, താഴെപ്പറയുന്ന പ്രകാരമായിരിക്കും അതിന്റെ വളര്‍ച്ച. 15 വര്‍ഷം കൊണ്ട് അത് ഒരു കോടി രൂപയായി വളരും. ക്രമാനുഗതവും ഗണ്യവുമായ വളര്‍ച്ച പട്ടിക-1 പരിശോധിച്ചാല്‍ മനസ്സിലാകും. പ്രതിമാസം അയ്യായിരമോ പതിനായിരമോ നിക്ഷേപിച്ചാല്‍ 20-25 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അത് വലിയ ഒരു തുകയായി മാറും.
ടാക്‌സ് പ്ലാനിങ്ങുകള്‍
ഓരോ വ്യക്തിയും നികുതി പരിധി എത്തിക്കഴിഞ്ഞാല്‍ നിര്‍ബന്ധമായും ഗവണ്‍മെന്റ് നിയമങ്ങള്‍ക്ക് വിധേയമായി ഇന്‍കം ടാക്‌സ് അടക്കണം. നമ്മുടെ സ്ഥാപനങ്ങളോ സംരംഭങ്ങളോ ആണെങ്കിലും അതിന് ജി എസ് ടി ഉള്‍പ്പെടെയുള്ള ടാക്‌സ് അടക്കല്‍ നിര്‍ബന്ധമാണ്. നമ്മുടെ സ്ഥാപനത്തിന് വളര്‍ച്ച ഉണ്ടാകണമെങ്കില്‍ ടാക്‌സ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൃത്യമായിരിക്കണം.
അതേസമയം ഗവണ്‍മെന്റ് അനുവദിച്ചിട്ടുള്ള ടാക്‌സ് ഇളവുകള്‍ നമുക്ക് സ്വീകരിക്കാവുന്നതാണ്. ഇത് ഒരിക്കലും വെട്ടിപ്പോ തട്ടിപ്പോ അല്ല. പ്രതിമാസ ഇനത്തില്‍ ശമ്പളം വാങ്ങുന്ന ഏതൊരു ജോലിക്കാരനും പല ഇനങ്ങളില്‍ ചെലവഴിക്കുന്ന തുകക്ക് നികുതി ഇളവ് ലഭിക്കും. ഇവ ഉപയോഗപ്പെടുത്തുന്നതിനെ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം ഇത്തരം ചെലവുകള്‍ രാജ്യത്തിന്റെ നിര്‍മാണാത്മകമായ പണം ഒഴുക്കിനെ ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നത്. സ്വന്തമായി നമുക്ക് ഇന്‍കം ടാക്‌സ് അടക്കാന്‍ കഴിയുമെങ്കിലും, ഈ വിഷയത്തില്‍ പരിജ്ഞാനമുള്ള ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്മാരുടെ സഹായത്തോടെ അടക്കുന്നതാണ് നല്ലത്.
പ്രൊട്ടക്ഷനുകളും ഇന്‍ഷുറന്‍സുകളും
ഗുരുതര പ്രശ്‌നങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോള്‍ അതില്‍ നിന്നു രക്ഷപ്പെടാനുള്ള വഴികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക എന്നതാണ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിലെ അവസാനത്തെ ഇനം. വലിയ ആഘാതങ്ങള്‍ ഒരു മനുഷ്യന് ഒറ്റക്ക് താങ്ങാന്‍ കഴിയാത്ത വിധത്തിലായിരിക്കും പലപ്പോഴും സംഭവിക്കുക. ചില കാറ്റഗറികളില്‍ പെടുന്ന ബിസിനസുകളും സംരംഭങ്ങളും നിര്‍ബന്ധമായും ഇന്‍ഷൂര്‍ ചെയ്തിരിക്കണമെന്ന് ഗവണ്‍മെന്റിന്റെ വ്യവസ്ഥ ഉണ്ട്. വ്യക്തിപരമായി സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് ഗുരുതരമായ അസുഖങ്ങള്‍ വരുമ്പോഴുള്ള ചികിത്സ. ഇത് ഭൂരിപക്ഷം പേര്‍ക്കും താങ്ങാന്‍ കഴിയണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ ഒരു പരിധി വരെ ആശ്വാസമേകും. ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന ഇസ്ലാമിക പണ്ഡിതന്മാര്‍ നിലവിലുണ്ട്. ചികിത്സാ ഇന്‍ഷുറന്‍സുകള്‍ നല്‍കുന്ന ഇസ്ലാമിക് ഇന്‍ഷുറന്‍സ് കമ്പനികള്‍, ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യയിലും ലഭ്യമാണ്.

Back to Top