13 Saturday
April 2024
2024 April 13
1445 Chawwâl 4

പേര്‍ഷ്യന്‍ വസന്തവും മുല്ലാധിപത്യത്തിന്റെ ഭാവിയും

ഡോ. അബ്ദുറഹ്മാന്‍ ആദൃശ്ശേരി


2022 സപ്തംബര്‍ 14 ന് കുര്‍ദ് വംശജയായ ഇറാന്‍ യുവതി മെഹ്‌സാ അമീനി, ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മത പോലീസിന്റെ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതു മുതല്‍ തുടങ്ങിയ പ്രതിഷേധാഗ്നി ഇന്നും അണഞ്ഞിട്ടില്ല. കുര്‍ദു മേഖലയില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇറാനിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു. തഹ്‌റാന്‍, മഷ്ഹദ്, അസ്ഫഹാന്‍, കിര്‍മാന്‍, ഷീറാസ്, തബ്‌രീസ് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ കലാപകാരികള്‍ അഴിഞ്ഞാടി, സംഘര്‍ഷങ്ങള്‍ അനിയന്ത്രിതമായതോടെ ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിക്കുകയും സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
രാജ്യത്താകമാനം പടര്‍ന്നു പിടിച്ച സമരങ്ങളെ പ്രതിഷേധ നടപടി എന്നതിലുപരിയായി വിദേശ ഇടപടലുകളും വിധ്വംസക പ്രവര്‍ത്തനങ്ങളുമെന്നൊക്കെയാണ്് ആത്മീയ നേതാവ് അലീ ഖാംനഈ വിശേഷിപ്പിച്ചത്. സ്ത്രീകളും വിദ്യാര്‍ഥികളുമാണ് പ്രതിഷേധ പ്രകടനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നത്. ‘ഖാംനഈ തുലയട്ടെ’, ‘ഏകാധിപത്യം തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പ്രതിഷേധക്കാര്‍ മുഴക്കിയത്.
416 പേര് ഇതുവരെയായി കലാപങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മനുഷ്യാവകാശ സംഘടന പറയുന്നു. അതില്‍ പതിനെട്ട് വയസ്സിന് താഴെയുള്ള 51 പേരും ഉള്‍പ്പെടും. പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ എടുക്കുന്നതുകൊണ്ട് കലാപങ്ങള്‍ കൂടുതല്‍ രക്ത രൂഷിതമായികൊണ്ടിരിക്കുകയാണ്. 1500-ല്‍ പരം ആളുകള്‍ കൊല്ലപ്പെട്ട 2019-ല്‍ നടന്ന ഭരണകൂട വിരുദ്ധ വിപ്ലവത്തിന്റെ തുടര്‍ച്ചയായി ഇപ്പോഴത്തെ വിപ്ലവത്തെ, അടിച്ചമര്‍ത്താനാകാതെ ഭരണകൂടം പകച്ചു നില്‍ക്കുന്ന കാഴ്ച്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഇറാനിലെ സദാചാര പോലിസ് ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ഇരുപത്തിരണ്ടു വയസ്സുകാരിയായ മഹ്‌സാ അമീനിയെ തടവിലാക്കുകയും രണ്ടു ദിവസത്തിന് ശേഷം അവര്‍ മസ്തിഷ്‌ക മരണത്തിന് കീഴടങ്ങുകയും ചെയ്തു. തുടര്‍ന്നാണ്, രാജ്യത്തെ പ്രതിഷേധ സമരങ്ങള്‍ രൂപപ്പെട്ടത്. അവരുടെ ശവസംസ്‌കാര ദിവസം ദേശീയ ബന്ദായി പ്രഖ്യാപിക്കപ്പെട്ടു. ഏകാധിപതിക്ക് നാശം, ഖാംനഈ കൊലയാളി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തെരുവോരങ്ങളില്‍ മുഴങ്ങി.
പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തുന്നതിനനുസരിച്ച് പ്രകടനങ്ങള്‍ ശക്തി പ്രാപിച്ചു. സ്ത്രീകളും വിദ്യാര്‍ഥികളുമായിരുന്നു പല സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ തഹ്‌റാനില്‍ ഇന്റര്‍നെറ്റ് സേവനം വിഛേദിക്കപ്പെട്ടു. പ്രതിഷേധ സമരങ്ങളുടെ വാര്‍ത്തകള്‍ മറ്റുപ്രദേശങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുകയുണ്ടായി. പ്രതിഷേധക്കാര്‍ ഖുമൈനിയുടെയും ഖാംനഇയുടെയും പ്രതിമകള്‍ തച്ചുടക്കുകയും കട്ടൗട്ടുകള്‍ വലിച്ചുകീറുകയുമുണ്ടായി. ഇറാന്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം സപ്തംബറില്‍ പോലീസ് ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹി ക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
അര്‍ധ സൈനിക വിഭാഗമായ ബസീജി ജനകീയ പ്രക്ഷോഭങ്ങള്‍ക്കെതിരില്‍ സംഘടിപ്പിച്ച റാലിയാണ് സര്‍ക്കാര്‍ അനുകൂലികളുടെ റാലി എന്ന പേരില്‍ ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇറാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇറാന്‍ പ്രവാസികള്‍ ഭരണകൂടത്തിനെതിരെ നടത്തിയ റാലികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല, ഇന്റര്‍നെറ്റ് സന്ദേശങ്ങള്‍ വിഛേദിച്ചിട്ടും പ്രക്ഷോഭകര്‍ വിവിധ നഗരങ്ങളില്‍ പോലിസ് സ്റ്റേഷനുകള്‍ക്ക് തീയിടുകയും ഖുമൈനിയടക്കമുള്ള ഇറാന്‍ വിപ്ലവ നായകരുടെ കട്ടൗട്ടുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ദേശീയ ‘സുരക്ഷാഗാര്‍ഡ്’ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തിയെങ്കിലും പ്രക്ഷോഭകര്‍ പിന്‍മാറിയില്ല. പല സര്‍വകലാശാലകളും നിശ്ചലമായി. ജീലാന്‍ പ്രവിശ്യയില്‍ മാത്രം പട്ടാളം 739 പ്രകടനക്കാരെ ബന്ധനസ്ഥരാക്കി. കിര്‍മാന്‍, ഇസ്ഫഹാന്‍, ഖൂസിസ്ഥാന്‍, ശീറാസ് എന്നിവിടങ്ങളിലും വ്യാപകമായ അറസ്റ്റുകളും റൈഡുകളും നടക്കുകയുണ്ടായി. ടെഹ്‌റാന്‍, ബൂഷഹര്‍, ഖസ്‌വീന്‍, യസ്ദ്, അറൂമിയ, ശീറാസ്, മഷ്ഹദ് തുടങ്ങിയ നഗരങ്ങളില്‍ പ്രക്ഷോഭകരെ പോലീസ് ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇറാന്‍ പ്രവാസികള്‍ കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്‍, നോര്‍വെ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചു.
സപ്തംബര്‍ അവസാനത്തോടെ ഇറാനിലെ മുഴുവന്‍ നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. വിദ്യാര്‍ഥികളെ അറസ്റ്റുചെയ്യുന്നതില്‍ പ്രതിഷേധിച്ചു സര്‍വകലാശാല വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. ടെഹ്‌റാന്‍ സുപ്രീംകോടതി തലവന്‍ ഗുലാം ഹുസൈന്‍ മുഹ്‌സിന്‍ പട്ടാള നടപടിയെ ന്യായീകരിച്ചു പ്രസ്താവന ഇറക്കിയ പെട്രോളിയം മേഖലയിലെ തൊഴിലാളികള്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വക്കീലന്മാര്‍ ഉള്‍പ്പെടെ ആയിരങ്ങളെ ജയിലിലടച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരങ്ങള്‍ അണിനിരന്നു.
ഹനഫി സുന്നി ഭൂരിപക്ഷ പ്രദേശമായ സാഹ്ദാനില്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരില്‍ വെടിയുതിര്‍ത്തു. ഇതില്‍ നാല്‍പത് പേര്‍ കൊല്ലപ്പെടുകയും നുറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജാസ്ഹാര്‍ പ്രവിശ്യയില്‍ പതിനഞ്ചു വയസ്സുകാരിയായ യുവതിയെ പോലീസ് തട്ടികൊണ്ട് പോയതിനെതിരെ, അബ്ദുല്‍ ഗഫാര്‍ നഖ്ശസന്ദി എന്ന ഇമാം പരസ്യമായി രംഗത്തു വന്നു. ഇത് തന്റെ ധാര്‍മികമായ ബാധ്യതയാണെന്ന് പ്രഖ്യാപിച്ചു. പല സ്ഥലത്തും പോലീസ് സ്റ്റേഷന് തീയിട്ടു വിപ്ലവകാരികളുടെ ആക്രമണത്തില്‍ ദേശീയ വിപ്ലവ ഗാര്‍ഡിലെ സൈനിക നേതാവ് കൊല്ലപ്പെട്ടതായി ഇറാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിപ്ലവ ഗാര്‍ഡിലെ പത്തൊമ്പത് പേര്‍ കൊല്ലപ്പെടുകയും മുപ്പത്തി അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി, പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമീദ് റിദാ ഹഷ്മി, മുഹമ്മദ് അമീന്‍, ആരിഫ്, അഷ്‌കര്‍ എന്നിവര്‍ കൊല്ലപ്പെട്ട ഉന്നത സൈനികരില്‍ പെടും. മാതാപിതാക്കളെ അറിയിക്കാതെ നൂറുകണക്കിന് ബാലന്മാരെ ഇറാന്‍ ഭരണകൂടം തുറങ്കിലടച്ചതായി ഇറാന്‍ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് സി ബി എസ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. പ്രകടനക്കാര്‍ക്ക് നേരെ പട്ടാളം വെടിവെച്ചതായി ഇറാന്‍ പോലീസ് മേധാവി ഹുസൈന്‍ അശ്തരി സമ്മതിക്കുകയുണ്ടായി.
എന്നാല്‍, സര്‍ക്കാര്‍ അനുകൂലികളായ വിപ്ലവവിരുദ്ധരാണ് അത് ചെയ്തതെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. പ്രമുഖ വലതുപക്ഷ രാഷ്ട്രീയ ചിന്തകനായ അലിലാറിജാനി ഹിജാബ് നിയമത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് പ്രഖ്യാപിച്ചത് ജനകീയ പ്രക്ഷോഭങ്ങളെകുറിച്ച് രാഷ്ട്രീയ നേതൃത്വത്തിലുള്ള അഭിപ്രായ ഭിന്നതയുടെ ആദ്യ സൂചനയായിട്ടാണ് ഗാര്‍ഡിയന്‍ പത്രം വിലയിരുത്തുന്നത്. അന്‍പത് ശതമാനത്തിലധികം സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തവരായതിനാല്‍ പോലീസ് അതില്‍ ഇടപെടേണ്ടതില്ലെന്നാണ് ലാറിജാനി ഭാഷ്യം.

ശീഈ വനിതകളുടെ മേല്‍ ഹിജാബ് അടിച്ചേല്‍പ്പിക്കുന്ന ഭരണകൂടം, സുന്നികളില്‍ ഭൂരിപക്ഷപ്രദേശമായ അഹ്‌വാസില്‍ സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കാറില്ലെന്ന കാര്യം ഷാര്‍ജ പുസ്തകമേളയില്‍ വെച്ച് കണ്ട ഇറാന്‍ പൗരന്‍ ഈ ലേഖകനോടു പറയുകയുണ്ടായി. ഇന്ത്യയില്‍ താമസിക്കുന്ന ഇറാന്‍ വനിതകളും ഗവണ്‍മെന്റു വിരുദ്ധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.
ഇറാനിലെ ശീഈ സമൂഹത്തില്‍ മതനിരാസ ചിന്തകരായ ലിബറലുകളാണ്് ജനസംഖ്യയുടെ അറുപത് ശതമാനവും. ഇവരാണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്തിന്റെ സമ്പത്തിന്റെ മുഖ്യഭാഗവും പാഴാക്കുന്നത് സമീപ അറബ് രാജ്യങ്ങളില്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്നതിനും, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കുമായതിനാല്‍ രാജ്യത്ത് കടുത്ത പട്ടിണിയും ദാരിദ്ര്യവുമനുഭവിക്കുന്നത് ജനങ്ങളെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്. സുന്നി ന്യൂനപക്ഷ വംശങ്ങളായ കുര്‍ദ്, ആസരി, അറബ്, ബലൂച്ച്, തുര്‍ക്ക്മാന്‍ എന്നീ വംശീയ ന്യൂനപക്ഷ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ അതിക്രൂരമായാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത്.
ഇറാന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ശിയാ മുല്ലമാരാണ്. പാര്‍ലമെന്റിനു മേല്‍ പരമാധികാരമുള്ളത് മതമേധാവിയായ ഖാംനഇക്കാണ്. മുല്ല ഭരണത്തിനെതിരെയുള്ള ജനകീയ സമരങ്ങളില്‍ അവര്‍ക്കെതിരെ പ്രതിഷേധം ആളി കത്തുന്നത് സ്വാഭാവികമാണല്ലോ. ജനങ്ങള്‍ ദുരിതക്കയത്തില്‍ നീന്തുമ്പോള്‍ മതപുരോഹിതന്മാര്‍ ജനങ്ങളുടെ സമ്പത്തിന്റെ അഞ്ചിലൊന്ന്് കവര്‍ന്നെടുത്തു സുഖാഡംബരജീവിതം നയിക്കുകയാണ്. ശിയാ മതത്തില്‍, സകാത്തിന് പകരം സമ്പത്തിന്റെ അഞ്ചിലൊന്ന് മതപുരോഹിതന്മാര്‍ക്ക് നല്‍കണമെന്നാണ് നിയമം. പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി പല സ്ഥലങ്ങളിലും പ്രകടനക്കാര്‍ മുല്ലമാരുടെ തലപ്പാവുകള്‍ വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സര്‍വസാധാരണയായിരിക്കുന്നു. അധികാരത്തില്‍ അള്ളിപിടിച്ച മതപുരോഹിതന്മാരെ കേന്ദ്ര സ്ഥാനങ്ങളില്‍ നിന്ന് പുറന്തള്ളുന്നതിന്റെ പ്രതീകാത്മകമായിട്ടായിരുന്നു ഇത്തരം പ്രതിഷേധ രംഗങ്ങള്‍ അരങ്ങേറിയത്.
40 വര്‍ഷം മുല്ലാ ഭരണത്തിന്റെ കൈപുനീര്‍ കുടിച്ച ജനങ്ങള്‍ ഇതിലപ്പുറവും ചെയ്താല്‍ അത്ഭുതപ്പെടേണ്ടതില്ല. ഭൂരിപക്ഷ ജനങ്ങളും ദാരിദ്ര രേഖക്ക് താഴെ കഴിയുമ്പോള്‍ അവരെ മതത്തിന്റെ പേരില്‍ ചൂഷണം ചെയ്തു യൂറോപ്പിലും അമേരിക്കയിലും ശതകോടികള്‍ ചെലവഴിച്ച് ആഡംബര സൗധങ്ങളില്‍ ആനന്ദജീവിതം നയിക്കുന്ന ആത്മീയ ചൂഷകര്‍ക്കെതിരെയുള്ള ഇത്തരം നീക്കങ്ങള്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാനുള്ള നിസ്സഹായരായ ജനതയുടെ ദുര്‍ബലമായ പ്രതിഷേധ രീതിയാണ് എന്ന് വിലയിരുത്താം.
മതകീയ ഭരണകൂടത്തിന് കീഴിയില്‍ ഇറാന്‍ പുരോഗതിയുടെ ഉത്തുംഗതയിലെത്തുമെന്നായിരുന്നു വിപ്ലവ ഭരണകൂടവും അവരെ പിന്തുണക്കുന്ന ഇസ്ലാമിസ്റ്റുകളും ലോകവ്യാപകമായിപ്രചരിപ്പിച്ചത്. നാല്പതു സംവത്സരങ്ങള്‍ക്കു ശേഷവും അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല പല രംഗങ്ങളിലും ഇറാന്‍ ലോക രാഷ്ട്രങ്ങളുടെ ഏറ്റവും പുറകിലാണെന്ന കാര്യം യുവസമൂഹത്തെ നിരാശരാക്കിയത് സ്വാഭാവികം. പട്ടിണിയും തൊഴിലില്ലായ്മയും പണപെരുപ്പവും സാമ്പത്തിക സാമുഹിക രംഗങ്ങളിലെ തകര്‍ച്ചയുമെല്ലാം രാജ്യത്തെ വലിഞ്ഞു മുറുക്കി. ഇതൊക്കെയാണ് ഭരണകൂടത്തെ നിയന്ത്രിക്കുന്ന മുല്ലമാര്‍ക്കെതിരെ തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.
അധികാരം, സമ്പത്ത്, മതമേധാവിത്വം തുടങ്ങിയ ദുശ്ശക്തികളുടെ താല്‍പര്യത്തിന് വേണ്ടി നിലവിലുള്ള സാഹചര്യത്തിന് ന്യായീകരണം ചമച്ചാല്‍ ചരിത്രഗതിക്ക് മാറ്റം വരുമെന്ന ഇറാന്‍ വിപ്ലവത്തിന്റെ താത്വികാചാര്യന്മാരില്‍ പ്രമുഖനായ അലി ശരിഅത്തിയുടെ ദീര്‍ഘ ദര്‍ശനം ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്.
അധികാരത്തിന്റെ മുഴുവന്‍ സിരകളിലും ഈ ദുഷ്ടത്രയങ്ങള്‍ പിടിമുറുക്കിയിരിക്കുന്നു. അതില്‍ ഏറ്റവും അപകടമായത് ധാര്‍മിക മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത ശിയാ പ്രത്യയ ശാസ്ത്രത്തിന്റെ ആചാര്യന്മാരായ പുരോഹിത വര്‍ഗമത്രെ. മതപുരോഹിതന്മാര്‍ക്ക് ഇത്രമാത്രം സവിശേഷ അധികാരം ലഭിക്കുന്ന മറ്റൊരു ഭരണകൂടം ലോകത്തിലില്ല. മുമ്പത്തെ പ്രതിഷേധങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ ആത്മീയ ആചാര്യനായ ഖാംനഇക്കെതിരെ പരസ്യമായി രംഗത്തുവന്നു, മുമ്പ് അമേരിക്കക്കെതിരെ വിളിച്ച മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും അദ്ദേഹത്തെ അധികാര കേന്ദ്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ മുറവിളി കൂട്ടുന്നതും മറ്റൊന്നുകൊണ്ടുമല്ല.
ഭരണകൂടത്തിന്റെ മുഴുവന്‍ സിരാകേന്ദ്രങ്ങളിലും ആത്മീയ ആചാര്യന്‍ ഖാംനഇയുടെ പ്രതിനിധികളുണ്ട്. മുഴുവന്‍ കാര്യങ്ങളും തന്റെ അഭിഷ്ടമനുസരിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണിത്. അധികാര കേന്ദ്രങ്ങളില്‍ നിന്ന് തലപ്പാവു ധാരികളെ തെറുപ്പിച്ചാലല്ലാതെ രാജ്യം രക്ഷപ്പെടുകയില്ല എന്ന കാര്യം പ്രതിഷേധകാര്‍ക്കറിയാം. നാല്പത് വര്‍ഷം പിന്നിട്ട ഇസ്ലാമിക വിപ്ലവത്തിന്റെ വൃദ്ധനേതൃത്വത്തിന്റെ സേഛാധിപത്യ വ്യവസ്ഥകളോട് രാജിയാവാന്‍ അഭ്യസ്ഥവിദ്യരായ പുതുതലമുറക്ക് സാധിക്കുന്നില്ല.
വിപ്ലവ ബിംബങ്ങള്‍ക്ക് യുവതലമുറ യാതൊരു മഹത്വവും വകവെച്ചുകൊടുക്കുന്നില്ല. തൊണ്ണൂറ്റഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ ഇതുവരെയായി തുറുങ്കിലടക്കപ്പെട്ടു. തടവുപുള്ളികള്‍ക്ക് മയക്ക് മരുന്നുകള്‍ നല്‍കുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും പുണ്യകരമായ പ്രവൃത്തിയാണെന്ന് ഷിയാ പുരോഹിതന്‍ ആയത്തുല്ലാ മുഹമ്മദ് തഖി മിസ്ബാഹി യസ്ദി ഫത്‌വ നല്‍കി.
തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട സ്ത്രീകളെ ലൈഗിംക പീഡനത്തിന് വിധേയമാക്കുന്നത് കര്‍ബല സന്ദര്‍ശനത്തിന് സമാനമായ പ്രതിഫലം ലഭിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രക്ഷോഭകരായ തടവുപുള്ളികള്‍ മതവിരുദ്ധരായ കാഫിറുകളും അവരെ പീഡിപ്പിക്കുന്നത് മതബാധ്യതയുമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രസ്താവനകളുടെ പൂര്‍ണ രൂപം അറബ് മാധ്യമ പ്രവര്‍ത്തകനും പ്രശസ്ത ഇറാന്‍ രാഷ്ട്രീയ കാര്യ വിദഗ്ധനുമായ ഡോ. അയ്മന്‍ അത്തൂം ‘ഐ ഓണ്‍ ഇറാന്‍’ എന്ന തന്റെ മാധ്യമ പരിപാടിയില്‍ വിശദീകരിച്ചു.
മറുഭാഗത്ത് കടുത്ത മതവിരുദ്ധരായ പുതു തലമുറ ഇറാനെ ഇസ്ലാമിക കാലഘട്ടത്തിന്റെ മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചു നടക്കാന്‍ ആഹ്വാനം ചെയ്യുന്ന പുനരാരംഭ വാദികള്‍ എന്ന പേരില്‍ (Restart movement) ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബി സി അറുന്നൂറില്‍ ജീവിച്ച പേര്‍ഷ്യന്‍ സാമ്രാജ്യ സ്ഥാപകന്‍ കൗറോഷ് ചക്രവര്‍ത്തിയാണ് ഇവരുടെ പ്രതിപുരുഷന്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിള്‍ ചെറിയ സെല്ലുകളായി വ്യാപിച്ചു കൊണ്ടിരിക്കുന്ന ഇവര്‍ ഉന്‍മൂലന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്.
മത ചിഹ്നങ്ങളും കേന്ദ്രങ്ങളും ഉന്‍മൂലനം ചെയ്യുക എന്നതാണ് ഇവരുടെ അടിസ്ഥാന ആദര്‍ശം. ആയിരക്കണക്കിന് പള്ളികളും ശിയാ ആരാധന കേന്ദ്രങ്ങളായ ഹുസൈനികളും വിശുദ്ധ ഗ്രന്ഥങ്ങളും ഇവര്‍ ഇതുവരെയായി അഗ്നിക്കിരയാക്കുകയുണ്ടായി. പേര്‍ഷ്യന്‍ ദേശീയതയില്‍ അലിഞ്ഞു ചേരാത്ത വംശീയ ന്യൂനപക്ഷങ്ങളുടെ അസംതൃപ്തിയും ഇതോടൊപ്പം കൂട്ടിവായിച്ചാല്‍ മാത്രമേ ഇറാന്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ ആഴം തിരിച്ചറിയാനാവു.
മതവിരുദ്ധരായ റീസ്റ്റാര്‍ട്ട് പ്രസ്ഥാനക്കാര്‍ അരാജകത്വം സൃഷ്ടിച്ച് അധികാരമേല്‍ക്കുന്ന നല്ല നാളെയെക്കുറിച്ച് സ്വപ്‌നം കണ്ടുകൊണ്ടിരിക്കുകയാണ് കേരളത്തിലേതടക്കുമുള്ള സ്വതന്ത്ര ചിന്താഗതിക്കാര്‍. എന്നാല്‍ അധികാര ദണ്ഡുപയോഗിച്ചു ജനകീയ വിപ്ലവങ്ങളെ കിരാതമായി അടിച്ചമര്‍ത്തി അങ്ങേ അറ്റത്തെ അശ്ലീലവും അധാര്‍മികവുമായ മുല്ലാധിപത്യം തുടരുമോ എന്നത് കാത്തിരുന്ന് കാണാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x