20 Saturday
April 2024
2024 April 20
1445 Chawwâl 11

പേരറിവാളന്റെ മോചനം; സുപ്രീം കോടതിയെ പുതിയ വിധിക്ക് പ്രേരിപ്പിച്ചതെന്ത്?


ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം നല്‍കിയിട്ടുള്ള അസാധാരണ അധികാരപരിധി സുപ്രീം കോടതി പ്രയോഗിച്ചിരിക്കുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായിരുന്ന എ ജി പേരറിവാളനെ കോടതി മോചിപ്പിച്ചത് ഈ അധികാര പരിധി വിനിയോഗിച്ചാണ്. നീതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ പരമോന്നത കോടതിക്ക് വിധികള്‍ പുറപ്പെടുവിക്കാന്‍ അധികാരം നല്‍കുന്ന ഒന്നാണ് ആര്‍ട്ടിക്കിള്‍ 142. ഈ ആര്‍ട്ടിക്കിള്‍ സുപ്രീംകോടതി പലപ്പോഴും വിനിയോഗിക്കാറില്ല. എന്നാല്‍, എ ജി പേരറിവാളന്റെ കേസില്‍ പ്രത്യേകമായ പരമാധികാരം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത കോടതി നിരീക്ഷിക്കുകയായിരുന്നു.
1991 ജൂണില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ ചാവേര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട് ഒരു മാസത്തിനു ശേഷം പേരറിവാളന്‍ അറസ്റ്റിലായി. 1998-ല്‍ കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം പേരറിവാളനും വധശിക്ഷ വിധിച്ചു. പേരറിവാളന്റെ വധശിക്ഷ 2014-ല്‍ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു. രാജീവ് ഗാന്ധി വധത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തി പേരറിവാളനെ അറസ്റ്റു ചെയ്യുമ്പോള്‍ 19 വയസ്സായിരുന്നു പ്രായം. ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിച്ച ബാറ്ററി വാങ്ങി എന്നതായിരുന്നു അദ്ദേഹത്തില്‍ ചുമത്തപ്പെട്ട കുറ്റം. ഇങ്ങനെയൊക്കെയായിരിക്കെയും പിന്നെന്തുകൊണ്ടായിരിക്കും പൂര്‍ണ നീതിയുറപ്പാക്കാന്‍ എന്നു പറഞ്ഞ് സുപ്രീം കോടതി ആര്‍ട്ടിക്കിള്‍ 142 ഉപയോഗിക്കുകയും അതുവഴി പേരറിവാളന് മോചനത്തിന് അവസരം ഒരുക്കുകയും ചെയ്തത്?
പതിവില്‍ കവിഞ്ഞ
കാലതാമസം

2015-ലാണ് പേരറിവാളന്‍ നേരത്തെ മോചനം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. നടപടിക്രമങ്ങളും പ്രോട്ടോക്കോളും അനുസരിച്ച്, തമിഴ്‌നാട് മന്ത്രിസഭ അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിക്കുകയും വിവിധ ഘടകങ്ങള്‍ പരിഗണിക്കുകയും 2018-ല്‍ പേരറിവാളന് ദയ ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഈ ശുപാര്‍ശ ഗവര്‍ണര്‍ക്ക് തീരുമാനത്തിനായി അയച്ചു. ഈ ഘട്ടത്തിലാണ് പേരറിവാളന്റെ ഹരജിയില്‍ കാലതാമസം നേരിട്ടതെന്ന് സുപ്രീം കോടതി വിധിയില്‍ എടുത്തുപറഞ്ഞു.
”ആര്‍ട്ടിക്കിള്‍ 161 പ്രകാരമുള്ള ഹരജികള്‍ വ്യക്തികളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. തടവുകാരന്റെ കാരണത്താലല്ലാത്ത വിശദീകരിക്കാനാകാത്ത കാലതാമസം ഒരു തടവുകാരന്‍ നേരിടുന്ന പ്രതികൂലമായ ശാരീരിക അവസ്ഥകള്‍ക്കും മാനസിക ക്ലേശങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ അത് ക്ഷമിക്കാനാവില്ല…” -സുപ്രീം കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതിയില്‍ പേരറിവാളന്റെ കേസില്‍ നീണ്ട വാദം കേള്‍ക്കുന്നതിനിടെ, ആര്‍ട്ടിക്കിള്‍ 161 പ്രകാരം പേരറിവാളന്‍ സമര്‍പ്പിച്ച ഇളവിനുള്ള അപേക്ഷ തമിഴ്‌നാട് ഗവര്‍ണര്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് കൈമാറിയതായി 2021-ല്‍ സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മന്ത്രിസഭയുടെ ശുപാര്‍ശകള്‍ക്കൊപ്പമായിരുന്നു ഇത്. മന്ത്രിസഭയുടെ ശുപാര്‍ശകള്‍ക്കു ശേഷവും രണ്ടു വര്‍ഷത്തിലധികം ഈ തീരുമാനവും കൈയില്‍ വെച്ച് ഗവര്‍ണര്‍ കാലതാമസം വരുത്തി. കോടതിയുടെ അന്വേഷണങ്ങള്‍ക്കു ശേഷം മാത്രമാണ് അത് രാഷ്ട്രപതിക്ക് കൈമാറിയത്.
പ്രത്യേകിച്ച് മന്ത്രിസഭയുടെ വിടുതല്‍ ശുപാര്‍ശയ്ക്കു ശേഷം ഇത്രയും കാലതാമസത്തിനു ശേഷം, മോചന ഹരജി രാഷ്ട്രപതിക്ക് കൈമാറാനുള്ള ഗവര്‍ണറുടെ തീരുമാനം, ഭരണഘടനാപരമായ പിന്തുണയില്ലാതെയാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. ‘ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ ചുരുക്കെഴുത്ത് മാത്രമാണ് എന്നതാണ് ഭരണഘടനാപരമായ നിഗമനം’ എന്നും കോടതി പറഞ്ഞു. ഇളവിനുള്ള കേസുകളില്‍ മന്ത്രിസഭയുടെ ശുപാര്‍ശ അനുസരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി നിരവധി കേസുകള്‍ നിരത്തി വ്യക്തമാക്കുന്നു. ”ആര്‍ട്ടിക്കിള്‍ 161 പ്രകാരമുള്ള അധികാരം വിനിയോഗിക്കാതിരിക്കുകയോ തടവുകാരനു നടപ്പാക്കാന്‍ കഴിയാത്ത അധികാരം വിനിയോഗിക്കുന്നതില്‍ വിശദീകരിക്കാനാകാത്ത കാലതാമസം വരുത്തുകയോ ചെയ്യുന്നത് ഈ കോടതിയുടെ ജുഡീഷ്യല്‍ അവലോകനത്തിനു വിധേയമാണ്, പ്രത്യേകിച്ചും തടവുകാരനെ മോചിപ്പിക്കാന്‍ സംസ്ഥാന കാബിനറ്റ് തീരുമാനം എടുക്കുകയും ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യുമ്പോള്‍” -ബെഞ്ച് കൂട്ടിച്ചേര്‍ത്തു. മാപ്പ് നല്‍കാന്‍ രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ളൂ എന്ന കേന്ദ്രസര്‍ക്കാരിന്റെ തീക്ഷ്ണമായ വാദവും സുപ്രീം കോടതി തള്ളി.
നല്ല പെരുമാറ്റം
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ജയില്‍വാസം, ജയിലില്‍ കഴിയുമ്പോഴുള്ള നല്ല പെരുമാറ്റം, അനാരോഗ്യം എന്നിവ കണക്കിലെടുത്ത് ഈ വര്‍ഷം ആദ്യം സുപ്രീം കോടതി പേരറിവാളന് ജാമ്യം അനുവദിച്ചിരുന്നു. ജയിലില്‍ കിടന്ന കാലത്ത് പേരറിവാളന്‍ 29 വര്‍ഷം ഏകാന്ത തടവ് അനുഭവിച്ചു. അതേസമയം വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യപ്പെടുന്നതിനു മുമ്പ് 16 വര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയായി തടവിലായിരുന്നു.
പേരറിവാളന്‍ തടവിലായിരുന്ന സമയത്തെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരോള്‍ ലഭിച്ച അവസരങ്ങളില്‍ അദ്ദേഹത്തിനെതിരെ പ്രതികൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ”ജയിലിലെ നല്ല പെരുമാറ്റത്തിനു പുറമേ, അപ്പീല്‍ക്കാരന്‍ സ്വയം വിദ്യാഭ്യാസം നേടുകയും +2 പരീക്ഷകള്‍, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, എട്ട് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ എന്നിവ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്” എന്നും കോടതി ചൂണ്ടിക്കാട്ടി. ഈ കേസിലെ ‘അസാധാരണമായ വസ്തുതകളും സാഹചര്യങ്ങളും’ കണക്കിലെടുത്ത്, റിവിഷന്‍ ഹരജി വീണ്ടും പരിഗണിക്കുന്നതിനായി ഗവര്‍ണര്‍ക്ക് അയക്കുന്നത് ഉചിതമല്ലെന്ന് കോടതി പറഞ്ഞു. അതിനാല്‍, ആര്‍ട്ടിക്കിള്‍ 142 പ്രകാരം സുപ്രീം കോടതി അതിന്റെ അധികാരപരിധി പ്രാബല്യത്തില്‍ വരുത്തുകയും പേരറിവാളന്‍ തന്റെ മുഴുവന്‍ കാലാവധിയും പൂര്‍ത്തിയാക്കിയതായി കണക്കാക്കുകയും ഉടന്‍ തന്നെ സ്വതന്ത്രനാക്കപ്പെടുകയും ചെയ്യണമെന്ന് വിധിച്ചു.


അമ്മയുടെ പിന്തുണയാണ് എനിക്ക്
കരുത്ത് നല്‍കിയത്: എ ജി പേരറിവാളന്‍

മൂന്നു പതിറ്റാണ്ട് നീണ്ട ജയില്‍വാസത്തിനു ശേഷം എ ജി പേരറിവാളന്‍ സ്വതന്ത്രനായി. അദ്ദേഹത്തിന്റെ അനുഭവ പരിസരങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് ഇവിടെ.

? മൂന്നു ദശകമായി ജയിലിനകത്ത്. ജയില്‍ ജീവിതം എങ്ങനെയായിരുന്നു.
പഠനം പൂര്‍ത്തിയാക്കുക, ഒരു ജോലി ഏറ്റെടുക്കുക, ഉന്നത വിദ്യാഭ്യാസം നേടുക, തീര്‍ച്ചയായും മനസ്സിലാക്കുന്ന ഒരു പങ്കാളിയെ വിവാഹം കഴിക്കുക തുടങ്ങിയ നിരവധി ആഗ്രഹങ്ങളുള്ള, മറ്റേതൊരു ചെറുപ്പക്കാരനെയും പോലെത്തന്നെയായിരുന്നു ഞാന്‍. ഒരു എയര്‍ഫോഴ്‌സ് ഓഫീസറാകാന്‍ എനിക്ക് പദ്ധതിയുണ്ടായിരുന്നു. ഡല്‍ഹിയില്‍ നടന്ന റിപബ്ലിക് ദിന പരേഡിനായി എന്നെ തിരഞ്ഞെടുത്തെങ്കിലും പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്റെ പിതാവ് ആഗ്രഹിച്ചതിനാല്‍ എനിക്കു പോകാനായില്ല. നാലു ചുവരുകള്‍ക്കുള്ളില്‍ ഏകാന്ത തടവറയില്‍ കഴിയുന്ന ജീവിതം സങ്കല്‍പിക്കാനാകാത്തതാണ്. അത് ഞാനെങ്ങനെയാണ് കഴിച്ചുകൂട്ടിയതെന്ന് എനിക്ക് അറിയില്ല. ഉറക്കമില്ലാതെയും കടുത്ത വിഷാദത്താലും ക്ഷീണിച്ചു വീഴും വരെ ഞാന്‍ അനുവദിക്കപ്പെട്ട നാലടി സ്ഥലത്ത് ദീര്‍ഘനേരം നടക്കുമായിരുന്നു. വധശിക്ഷ സ്ഥിരീകരിക്കപ്പെട്ട സമയം മുതലുള്ള എല്ലാ വിശദാംശങ്ങളും ഞാന്‍ രേഖപ്പെടുത്താന്‍ തുടങ്ങി. 68 ദിവസത്തെ പോലീസ് കസ്റ്റഡിയിലെ പീഡനത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് ‘തൂക്കുകൊട്ടടിയില്‍ ഇരുന്തു ഒരു മുരിയേട്ടു മദല്‍’ (കഴുമരത്തില്‍ നിന്നുള്ള അപ്പീല്‍) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. എന്റെ ജയില്‍ ദിവസങ്ങളില്‍ ശാരീരിക പീഡനങ്ങള്‍ ഉണ്ടായിരുന്നില്ല, പക്ഷേ, ഞാന്‍ മാനസിക ആഘാതത്തിന് വിധേയനായിരുന്നു. ഓരോന്നും മറ്റൊന്നിനേക്കാള്‍ തീവ്രമായിരുന്ന മാനസിക വേദനയുടെ നാളുകളില്‍ നിന്ന് ഞാന്‍ വളരെ ദൂരം പിന്നിട്ടിരിക്കുന്നു.

? പ്രത്യാശയുടെ ഒരു തീപ്പൊരി ഉളവാക്കിയ സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്ക് ഓര്‍ക്കാന്‍ കഴിയുമോ? എപ്പോഴെങ്കിലും തോറ്റുപോയെന്നു തോന്നിയിട്ടുണ്ടോ.
വിചാരണക്കോടതി എന്നെ മോചിപ്പിക്കുമെന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രതീക്ഷിച്ചു, പക്ഷേ ഞാന്‍ നിരാശനായി. 1995-ല്‍ ടാഡ നിയമം കാലഹരണപ്പെട്ടപ്പോള്‍, അതിനു കീഴില്‍ നടത്തിയ കുറ്റസമ്മത പ്രസ്താവനകള്‍ അംഗീകരിക്കില്ലെന്നും എന്നെ മോചിപ്പിക്കുമെന്നും ഞാന്‍ കരുതി. ഇതു സംബന്ധിച്ച പുനഃപരിശോധനാ ഹരജി വിശാല ബെഞ്ചിനു വിടാതിരുന്നതാണ് കൂടുതല്‍ നിരാശയ്ക്ക് കാരണമായത്. 2014-ല്‍ മൂന്നു ദിവസത്തിനുള്ളില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയല്ലാതെ മറ്റാരുമല്ല ഈ പ്രഖ്യാപനം നടത്തിയത് എന്നതിനാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അത് സംഭവിച്ചില്ല. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ നിരാശകള്‍ ഉണ്ടായി.
ആ സമയമത്രയും നിയമപരമായ ശ്രമങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിലേക്ക് ഞാന്‍ തിരിയുകയും മറ്റ് വഴികള്‍ തേടുകയും ചെയ്തു. എന്റെ അമ്മയില്‍ നിന്ന് എനിക്ക് ലഭിച്ച വലിയ പിന്തുണ എനിക്ക് എഴുന്നേറ്റു നില്‍ക്കാനും പോരാടാനുള്ള എന്റെ വീര്യം പുതുക്കാനും മതിയായ ശക്തി നല്‍കി. എന്നിലെ അതിജീവന സഹജാവബോധം ഉന്നത വിദ്യാഭ്യാസം നേടാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരും എന്റെ പഠനം പൂര്‍ത്തിയാക്കാന്‍ എന്നെ സഹായിച്ചു. (പേരറിവാളന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ ബിരുദാനന്തരബിരുദം, അഞ്ച് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഡി ഡി ടി പിയില്‍ സര്‍വകലാശാലാ സ്വര്‍ണമെഡല്‍ എന്നിവ നേടിയിട്ടുണ്ട്). ഞാന്‍ ഫിക്ഷന്‍, ചരിത്രം എന്നിവയ്ക്കു കീഴില്‍ വിവിധ ശീര്‍ഷകങ്ങള്‍ വായിക്കാന്‍ തിരഞ്ഞെടുക്കുകയും കഴിഞ്ഞ 12 വര്‍ഷമായി എന്റെ താല്‍പര്യം നിയമത്തിലേക്ക് തിരിയുകയും ചെയ്തു. ഞാന്‍ ഒരു നിയമ ബിരുദം നേടാന്‍ ആഗ്രഹിക്കുന്നു. അടുത്ത വര്‍ഷം ഞാന്‍ സ്വയം എന്റോള്‍ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

? മാനസിക സ്ഥിരത നിലനിര്‍ത്തിയത് എങ്ങനെയായിരുന്നു, ആ സമയങ്ങളില്‍ ആരെയൊക്കെയായിരുന്നു താങ്കള്‍ ഉറ്റുനോക്കിയിരുന്നത്.
പലരും ഇത് എന്നോട് ചോദിക്കുന്നു. വളര്‍ത്തുഗുണം, ആത്മവിശ്വാസമുള്ള ഒരു പോസിറ്റീവ് ചിന്തകനാണ് ഞാന്‍. 16 വര്‍ഷം വധശിക്ഷ പ്രതീക്ഷിക്കുകയും തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുകയും ചെയ്തപ്പോള്‍ ആ പോസിറ്റീവ് ചിന്ത എന്നെ വല്ലാതെ സഹായിച്ചു. അമ്മയുടെ സന്ദര്‍ശന ഘട്ടങ്ങളില്‍ ഞാന്‍ ഇവയെല്ലാം പങ്കിടുമായിരുന്നു. വിഷമഘട്ടങ്ങളില്‍ തിരുക്കുറലിലായിരുന്നു എന്റെ അഭയം. അത് എനിക്ക് വലിയ വഴികാട്ടിയായി വര്‍ത്തിച്ചു. പെരുമാറ്റ ഭേദങ്ങള്‍, വികാരങ്ങള്‍, പ്രതിസന്ധികള്‍ എന്നിവയിലെല്ലാം ഞാന്‍ തിരുക്കുറലുകളില്‍ പരിഹാരം തേടി. മറ്റാരെക്കാളും തിരുവള്ളുവരുമായി ഞാന്‍ ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയിരുന്നു. (ഓരോ പത്തു ദിവസത്തിലും ഏതു തടവുപുള്ളിക്കും മൂന്നു നമ്പറുകളിലേക്ക് വിളിക്കാന്‍ അനുവാദമുണ്ട്).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x