9 Friday
May 2025
2025 May 9
1446 Dhoul-Qida 11

പെണ്ണുങ്ങള്‍ അമ്പത് ശതമാനമായാല്‍

സുഫ്‌യാന്‍


സി പി എമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നിരിക്കുന്നു. അതോടനുബന്ധിച്ച് നടന്ന പത്ര സമ്മേളനത്തില്‍, പുതിയ കമ്മിറ്റിയില്‍ അമ്പത് ശതമാനം വനിതാ പ്രാതിനിധ്യമുണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മറുപടി; നിങ്ങള്‍ പാര്‍ട്ടിയെ പൊളിക്കാനാണോ ഉദ്ദേശിക്കുന്നത് എന്നായിരുന്നു. പുരുഷ രാഷ്ട്രീയ നേതാക്കളുടെ നാവില്‍ നിന്ന് സ്ത്രീവിരുദ്ധമായ പ്രസ്താവന ഉണ്ടാവുന്നത് ഇതാദ്യമല്ല. അവസാനത്തേതും ആകില്ല. നിരുപദ്രവകരമെന്നോ തമാശയെന്നോ കരുതുന്ന ഇത്തരം കമന്റുകളുടെ രാഷ്ട്രീയം ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റിയുമായി ബന്ധപ്പെട്ടതാണ്.
ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി
ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി അഥവാ ലിംഗ സംവേദന ക്ഷമത എന്നത് പുതിയ കാലത്ത് നിരന്തരം വിവാദങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ്. ഇതിനെക്കുറിച്ചുള്ള അജ്ഞതയും രാഷ്ട്രീയ സൂക്ഷ്മതക്കുറവും പല നാവുകള്‍ക്കും വിനയാകാറുണ്ട്. ലിംഗബന്ധങ്ങളെ കുറിച്ചും വിവേചനരഹിത ഇടപെടലിനെക്കുറിച്ചും ബോധവാന്മാരാക്കുന്ന പ്രക്രിയയാണ് ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി. ഒരു പുരുഷന്‍ സ്ത്രീയോടോ സ്ത്രീ പുരുഷനോടോ ഇടപഴകുമ്പോള്‍ കാണിക്കേണ്ട ലിംഗപരമായ നീതിയും ആദരവുമാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ വിവിധ ജെന്‍ഡറുകളിലുള്ളവരോട് നീതിപൂര്‍വം വര്‍ത്തിക്കണമെന്നാണ് ലിംഗ സംവേദനക്ഷമത കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍, സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വിവേചനത്തിന് വിധേയമാകുന്ന ലിംഗവിഭാഗം എന്ന നിലയില്‍ സ്ത്രീ സമൂഹത്തെ അഭിസംബോധന ചെയ്യുന്നിടത്താണ് ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി അനിവാര്യമാകുന്നത്.
നിങ്ങള്‍ ‘ആണ്‍കുട്ടികള്‍’ ആയിരിക്കണം, ആണുങ്ങളെ പോലെ നട്ടെല്ല് നിവര്‍ത്തി പറയണം തുടങ്ങിയ വാര്‍പ്പ് മാതൃകാ പ്രയോഗങ്ങളും സിനിമ ഡയലോഗുകളും സാഹിത്യവര്‍ണനകളും നമുക്ക് കാണാവുന്നതാണ്. ഇത്തരം പ്രയോഗങ്ങളിലെ സ്ത്രീവിരുദ്ധത മനസ്സിലാക്കാതെ പോകുന്നത് ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റിയെക്കുറിച്ചുള്ള അജ്ഞതയാണ്. ആണായിരിക്കുക എന്നത് ശക്തിയുടെയും നിലപാടിന്റെയും രാഷ്ട്രീയ സംഘടനകളുടെ വളര്‍ച്ചയുടെയും കാരണമാണ് എന്ന് പറയുമ്പോള്‍, വരികള്‍ക്കിടയില്‍ പറയുന്നത് പെണ്ണായിരിക്കുക എന്നത് സംഘടനയെ പൊളിക്കാനുള്ള വഴിയാണ് എന്നതാണ്. സ്ത്രീകള്‍ അമ്പത് ശതമാനമായാല്‍ അത് പാര്‍ട്ടിയെ തന്നെ പൊളിക്കുമെന്ന് തമാശ രൂപേണ പറയാനുള്ള മാനസികബോധമാണ് പ്രശ്‌നം. പാര്‍ട്ടിയും സംഘടനയും സമൂഹവും ആണുങ്ങളുടേതാണ് എന്ന പ്രഖ്യാപനം എത്രമാത്രം സ്ത്രീവിരുദ്ധമാണ്?
ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി എന്ന ആശയം വിവിധ രൂപത്തില്‍ മനസ്സിലാക്കുന്നവരുണ്ട്. മതസമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗവേര്‍തിരിവിനെ (gender segregation) ഇതുപയോഗിച്ച് നേരിടാന്‍ ശ്രമിക്കുന്നവരുണ്ട്. സെന്‍സിറ്റിവിറ്റി എന്നാല്‍, അത് സംവേദനക്ഷമതയാണ്, നൈതികബോധമാണ് അതിന്റെ അടിത്തറയാകേണ്ടത്.
വാല്‍ക്കഷ്ണം: സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റിലെ മതന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍, ഞങ്ങള്‍ മതവും ജാതിയും നോക്കാറില്ല എന്നാണ് മറുപടി ലഭിക്കുക. അതുപോലെ, വനിതാ പ്രാതിനിധ്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഞങ്ങള്‍ ജെന്‍ഡര്‍ ന്യൂട്രലാണ്, ഞങ്ങള്‍ക്കിടയില്‍ ആണുങ്ങളും പെണ്ണുങ്ങളും എന്ന ലിംഗബോധമേ ഇല്ല എന്ന് പറഞ്ഞാല്‍ മതിയായിരുന്നു!

Back to Top