20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

പെണ്‍മക്കള്‍ ഭാരമല്ല

ഹസ്‌ന റീം ബിന്‍ത് അബൂനിഹാദ്‌

പണത്തിനു മുന്‍തൂക്കം നല്‍കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കര കയറാനൊരു പോംവഴിയന്വേഷിച്ച്, ഖുബ്ബൂസിന്റെ തിരിച്ചറിവുകളില്‍ പ്രവാസിയായി ഒതുങ്ങിക്കൂടി, പ്രയാസം പേറുന്ന മനുഷ്യരുണ്ട് നമുക്ക് ചുറ്റും! അവര്‍ക്കും ആഗ്രഹങ്ങളും ആശകളുമുണ്ട്. കടിഞ്ഞാണിട്ട് ഇറുക്കിപ്പിടിച്ച ഇമ്മിണി വല്ല്യ സ്വപ്‌നങ്ങളുണ്ട്. എല്ലാവരെയും പോലെ മനസ്സമാധാനത്തില്‍ കുടുബത്തോടൊപ്പം ഒന്നിച്ചു ജീവിക്കണമെന്ന മോഹമില്ലാത്ത ആരാണിന്ന് നമുക്കിടയിലുള്ളത്?
ഓരോ കുടുംബവും ഓരോ മനുഷ്യന്റെയും സന്തോഷത്തിന്റെ കലവറയാണ്. കേവലം ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ തെറ്റിപ്പിരിയാന്‍ അനുവദിക്കാതെ ചേര്‍ത്തുനിര്‍ത്തുകയാണ് എപ്പോഴും വേണ്ടത്. ഓരോ മനുഷ്യന്റെയും ജീവിതത്തിലെ മനോഹരമായ നിമിഷമാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു കടന്നു വരുന്നുവെന്നുള്ള വാര്‍ത്ത!
ഓരോ മാതാപിതാക്കള്‍ക്കും തന്റെ പോന്നോമനകള്‍ എന്നും പ്രിയപ്പെട്ടവരായിരിക്കും. ‘പ്രസവിച്ചു’ എന്ന വാര്‍ത്ത കേട്ടാല്‍ ‘വരവാണോ, ചെലവാണോ’ എന്ന വാമൊഴികള്‍ക്ക് മുന്‍പില്‍ അടിപതറിപ്പോകുന്ന ദമ്പതികളെക്കുറിച്ച് നാം ആലോചിക്കേണ്ടതുണ്ട്. വെള്ള ടര്‍ക്കിക്കുള്ളില്‍ കിടന്ന് ചുവന്ന നിറമുള്ള, തുടുത്ത കവിളുള്ള പെണ്‍കുഞ്ഞിനെ കയ്യിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ എന്നും അഭിമാനിക്കുകയേ ചെയ്യാവൂ. നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന സ്വപ്‌നങ്ങള്‍ക്ക് നാളെ ഒരുപക്ഷെ ചിറക് മുളപ്പിക്കുവാന്‍ അവര്‍ക്ക് സാധിക്കും. പ്രവാചകന്‍(സ) പറഞ്ഞിട്ടില്ലേ ‘ഇഹലോകം മുഴുവന്‍ വിഭവങ്ങളാണ്. അതില്‍ ഏറ്റവും നല്ല വിഭവം സദ്‌വൃത്തയായ പെണ്ണാണ്’ എന്ന്. എത്ര യാഥാര്‍ഥ്യമാണത്!
ആണ്‍മക്കളായാലും, പെണ്‍മക്കളായാലും ഈ ഭൂമിയില്‍ എല്ലാ സ്വാതന്ത്ര്യത്തോടുകൂടെയും വളരാനുള്ള അവകാശം അവര്‍ക്കുമുണ്ട്. ഭാര്യാഭര്‍തൃ ബന്ധത്തിന്റെ ദൃഢമായ സ്‌നേഹം നിലനിര്‍ത്തുന്നത് ഒരു കുഞ്ഞ് പിറവിയെടുക്കുമ്പോഴാണ്. അവരുടെ കളിചിരികള്‍ക്കിടയില്‍, അവരോടൊപ്പമിരുന്ന്, അവരെ മാറോടുചേര്‍ത്തിയിരുത്തി അവരുടെ പ്രതീക്ഷകള്‍ക്ക് വഴിതെളിച്ചു കൊടുക്കണം. എങ്കില്‍ മാത്രമേ നമ്മുടെ പോന്നോമനകള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാനാകൂ.
പെണ്‍മക്കളുള്ള ഏതൊരു മാതാപിതാക്കള്‍ക്കും അവര്‍ തന്റെ കണ്മുന്നില്‍ വളരുംതോറും ആശങ്കകള്‍ മനസ്സില്‍ മുളപൊട്ടും. ആര്‍ഭാടത്തിന്റെയും, ആഡംബരത്തിന്റെയും പേരില്‍ നമ്മുടെ പണപ്പെരുമ പൊടിപൊടിക്കുമ്പോള്‍, നമുക്ക് താഴെയും നമ്മുടെ പെണ്മക്കളെപ്പോലെ എല്ലാ സ്വപ്‌നങ്ങളിലൂടെയും ജീവിക്കുന്ന പെണ്മക്കളുമുണ്ട്. അവരുടെ ഉള്ളിന്റെ ഉള്ളിലുണ്ടാകുന്ന മനഃപ്രയാസങ്ങള്‍ ആരെങ്കിലും ഇന്ന് ആലോചിക്കാറുണ്ടോ? കല്യാണപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിപ്പിച്ചയക്കാനാകാതെ എത്ര മാതാപിതാക്കള്‍ കൂരകള്‍ക്കുള്ളില്‍ മനം നൊന്ത് കഴിയുന്നുവെന്ന് നാം എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?
എല്ലാവര്‍ക്കും ‘പെണ്‍കുട്ടികള്‍ക്ക് ചൊര്‍ക്ക് മാണം’, ‘തടി കൂടാന്‍ പറ്റൂല’,’പെണ്‍കുട്ടിന്റെ വീട്ടില്‍ വഴിയില്ല’, ‘അവളുടെ വീട്ടില്‍ ബാത്രൂം അറ്റാച്ഡ് അല്ല’ തുടങ്ങിയ വാക്കുകളില്‍ എത്ര അപമാനിതരായാണ് അവര്‍ തല താഴ്ത്തി നമുക്ക് മുന്നില്‍ നില്‍ക്കുന്നത്. പ്രവാചകന്‍ ഇപ്രകാരം പറഞ്ഞിട്ടില്ലേ ‘നിങ്ങള്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ദീനുള്ളവളെ മുറുകെപ്പിടിക്കണം’ എന്ന്. എത്ര പേര്‍ നബിചര്യ പിന്‍പറ്റുന്നുവെന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു.
ഓരോ ജനനത്തിനും പിറകില്‍ സര്‍വശക്തനായ അല്ലാഹുവിന് മാത്രം അറിയാവുന്ന രഹസ്യങ്ങളുണ്ട്. അവനല്ലേ നമുക്ക് ഉപജീവനം നല്‍കുന്നത്? എത്ര കാരുണ്യവാനാനാണവന്‍. അല്ലാഹുവിന്റെ ദീന്‍ മുറുകെപ്പിടിക്കുന്ന സത്യവിശ്വസികളാണ് നാമെങ്കില്‍, നമ്മളെന്തിന് പണത്തിനും, സമ്പത്തിനും പിറകില്‍ മാത്രം ഓടണം? ആണ്‍മക്കളായാലും, പെണ്‍മക്കളായാലും അവരിരുവരെയും ഒരുപോലെ ചേര്‍ത്ത് പിടിച്ചു സ്‌നേഹിക്കാന്‍ കഴിയണം. അവിടെയാണ് ഓരോ മാതാപിതാക്കളുടെയും വിജയം!

Back to Top