29 Friday
November 2024
2024 November 29
1446 Joumada I 27

എഴുത്തോ കഴുത്തോ എന്ന അവസ്ഥ നിലനില്‍ക്കുമ്പോഴും എഴുത്തിന് പ്രസക്തിയുണ്ട്‌

ശംസുദ്ദീന്‍ പാലക്കോട്‌


ശബാബ്, പുടവ, യുവത എഴുത്തുകാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി സംവിധാനിച്ച പെന്‍സില്‍ പ്രോഗ്രാമിന്റെ രണ്ടാമത് എഡിഷന്‍ കോഴിക്കോട് മര്‍കസുദ്ദഅവയില്‍ നടന്നു. പ്രമുഖ എഴുത്തുകാരനായ പി കെ പാറക്കടവ് സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കല്‍ബുര്‍ഗി മുതല്‍ ഗൗരി ശങ്കര്‍ വരെയുള്ളവര്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട പ്രഗത്ഭരായ എഴുത്തുകാരാണ്. എഴുത്തോ കഴുത്തോ എന്ന അവസ്ഥ നിലനില്‍ക്കുമ്പോഴും എഴുത്തിന് തന്നെയാണ് പ്രസക്തി എന്ന് ജീവിതം കൊണ്ടും മരണം കൊണ്ടും അടയാളപ്പെടുത്തിയവരാണിവര്‍. സമകാല പ്രസക്തമായ ഏതാനും ചെറുകഥകള്‍ വായിച്ചാണ് പാറക്കടവ് ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. അദ്ദേഹം പറഞ്ഞ ഒരു കഥ ഇങ്ങനെയാണ്. ‘ആധാര്‍’ എന്നാണ് തലക്കെട്ട്. ‘പാതയോരത്ത് കുനിഞ്ഞിരുന്ന ഭിക്ഷക്കാരന്റെ മുന്നില്‍ നിന്ന പട്ടാളവണ്ടിയില്‍ നിന്ന് ചാടിയിറങ്ങിയ തോക്കുകള്‍ ചോദിച്ചു: ഭിക്ഷപാത്രം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ?’. ഗസ്സ, അധികാരം കല്‍പ്പന തുടങ്ങിയ തീമുകളിലെ ചെറുകഥകളും അദ്ദേഹം അവതരിപ്പിച്ചു.
ഉദ്ഘാടന പ്രസംഗത്തിന് ശേഷം ബാലസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അഷ്‌റഫ് കാവിലിനെ ആദരിച്ചു. യുവത പ്രസിദ്ധീകരിച്ച പാട്ടുകാരന്‍ എന്ന ബാലസാഹിത്യ നോവലിന് ഈ വര്‍ഷത്തെ ബാലസാഹിത്യ നോവല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ശേഷം നടന്ന മൂന്ന് വിഷയങ്ങളിലൂന്നിയുള്ള സംസാരമാണ് സംഗമത്തിന്റെ പ്രധാന സവിശേഷത. എഴുത്തും വായനയും ചിന്തയും മൂര്‍ച്ച കൂട്ടാന്‍ ഉപകരിക്കുന്നതായിരുന്നു പിന്നീട് നടന്ന ചര്‍ച്ചകള്‍. മതപരവും ധാര്‍മികവുമായ പശ്ചാത്തലമുള്ള എഴുത്തുകളില്‍ നല്ല ജാഗ്രതയും ശ്രദ്ധയും വേണമെന്ന് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു. ‘ഇസ്‌ലാമിക എഴുത്ത് ശ്രദ്ധിക്കേണ്ടത്’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പുറത്ത് ഒരു എതിരാളിയെ കണ്ടുകൊണ്ടാവരുത് എഴുത്ത്. അങ്ങനെയാവുമ്പോള്‍ എഴുത്തിന്റെ ഇംപാക്ട് കുറയും. എന്നാല്‍ ആദര്‍ശ വിഷയത്തില്‍ മാന്യമായ വിമര്‍ശനവും സംവാദ ശൈലിയും എഴുത്തില്‍ ഉപയോഗിക്കാം. എന്ത് തന്നെയായാലും എല്ലാ വിഭാഗം വായനക്കാരെയും അഥവാ എല്ലാവരെയും മുന്നില്‍ കണ്ടുകൊണ്ടുള്ള എഴുത്തുശൈലിയാണ് ഇസ്‌ലാമിക സാഹിത്യ എഴുത്തുകാരും അവലംബിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘വിവര്‍ത്തന സാഹിത്യം’ എന്ന വിഷയം അവതരിപ്പിച്ചത് എ കെ അബ്ദുല്‍ മജീദാണ്. വിവര്‍ത്തന സാഹിത്യത്തിന്റെ ആവിര്‍ഭാവത്തെ പറ്റിയും അതിന്റെ പ്രയോഗവല്‍ക്കണത്തെ പറ്റിയും നിയമങ്ങളെ പറ്റിയും നിലവിലുള്ള ചിന്തകള്‍ അദ്ദേഹം പങ്കുവെച്ചു. പല ഭാഷയുണ്ടായത് കൊണ്ടാണ് പരിഭാഷയുണ്ടായത്. ശ്രേഷ്ഠമായ ദൈവ നിന്ദയാണ് വിവര്‍ത്തനം എന്നാണ് കെ പി അപ്പന്‍ വിവര്‍ത്തനത്തെ പരിചയപ്പെടുത്തിയത്. ‘പുഴ കടക്കുക’ എന്ന അര്‍ഥമുള്ള ഒരു ഗ്രീക്ക് പദത്തില്‍ നിന്നാണ് ഠൃമിഹെമശേീി എന്ന വാക്കുണ്ടായത്. ഒരു ഭാഷയിലുള്ളത് മറ്റൊരു ഭാഷയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നത് പുഴയുടെ അക്കരെയുള്ളവര്‍ ഇക്കരെയും ഇക്കരെയുള്ളവര്‍ അക്കരയും കടക്കുന്നത് പോലെത്തന്നെയാണല്ലോ. പ്രധാനമായും മൂന്ന് തരം വിവര്‍ത്തനങ്ങളുണ്ട്. പദാനുപദ വിവര്‍ത്തനം, ആശയവിവര്‍ത്തനം, അധിക ആശയവിവര്‍ത്തനം എന്നിവയാണവ. വിവര്‍ത്തനം ചെയ്യപ്പെടുന്ന കൃതിയെക്കാള്‍ വിവര്‍ത്തകന്റെ ആശയങ്ങള്‍ക്ക് പ്രാമുഖ്യവും പ്രചാരവും നല്‍കിക്കൊണ്ടുള്ള ഒരു തരം വിവര്‍ത്തനമാണ് അധിക ആശയ വിവര്‍ത്തനം.
എ ഡി 9 മുതല്‍ 12 വരെയുള്ള കാലമായിരുന്നു വിവര്‍ത്തന സാഹിത്യത്തിന്റെ പുഷ്‌കല കാലം. ബഗ്ദാദിലെ ബൈത്തുല്‍ ഹിക്മ എന്ന വിജ്ഞാന വീട് ഗ്രീക്ക്, റോമന്‍, പേര്‍ഷ്യന്‍, സംസ്‌കൃത ഭാഷകളില്‍ നിന്ന് നിരവധി പ്രമുഖ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. വിവര്‍ത്തകര്‍ക്ക് ഗ്രന്ഥത്തിന്റെ തൂക്കമനുസരിച്ച് സ്വര്‍ണം പ്രതിഫലം കൊടുത്തു കൊണ്ടാണ് അബ്ബാസി ഖലീഫമാര്‍ വിവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചത്. ചരിത്രമെഴുത്തിന്റെ രീതിശാസ്ത്രത്തെ പറ്റിയും വിവിധ തരം ചരിത്രമെഴുത്തിനെ പറ്റിയും ചരിത്രമെഴുത്തുകാരന്‍ കൂടിയായ അബ്ദുറഹ്‌മാന്‍ മങ്ങാടിന്റെ സംസാരവും ‘പെന്‍സില്‍’ സംഗമത്തെ സമ്പന്നമാക്കി. മത പ്രബോധന രംഗത്ത് വരെ സര്‍ഗ സാഹിത്യത്തിന് വലിയ പ്രാധാന്യമാണ് മുന്‍ കാലങ്ങളിലുണ്ടായിരുന്നത് എന്നും ഇപ്പോഴത് കുറഞ്ഞുവരികയാണെന്നും അദ്ദേഹം വിശദീകരിച്ചു. ‘ഒരു ചെറുകഥ ഒരു മാസക്കാലത്തെ മതപ്രഭാഷണത്തിന്റെ ഫലം ചെയ്യും’ എന്ന വക്കം മൗലവിയുടെ വാക്ക് ഉദ്ധരിച്ചു കൊണ്ട് ആദ്യകാല ഇസ്‌ലാഹി പണ്ഡിതരും നേതാക്കളും സര്‍ഗ സാഹിത്യത്തോട് വളരെ ഉദാരമായ സമീപനമായിരുന്നു സ്വീകരിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി.
വിവിധ ആനുകാലികങ്ങളില്‍ എഴുതുന്നവര്‍ക്കും പുസ്തക രചനക്കായി സമയം നീക്കിവെച്ചവര്‍ക്കും കൂടുതല്‍ ഊര്‍ജം നല്‍കുന്നതായി പെന്‍സില്‍ സംഗമം. പങ്കെടുത്ത അംഗങ്ങള്‍ക്കെല്ലാം മനസ്സിന് നിറവ് നല്‍കുന്ന വിധത്തില്‍ വൈജ്ഞാനികമായി സമ്പന്നമായിരുന്നു ചര്‍ച്ചകള്‍. കൂടുതല്‍ സമയമെടുത്ത് ഇനിയും ഇത്തരം ചര്‍ച്ചകള്‍ വേണമെന്ന അഭിപ്രായം അംഗങ്ങള്‍ പങ്കുവെച്ചു. വായനയും ചിന്തയും പരിപോഷിപ്പിക്കാനും സജീവമാക്കാനും ഇത്തരം കൂടിയിരുത്തങ്ങള്‍ അനിവാര്യമാണ്. സര്‍ഗാത്മകതയും വൈജ്ഞാനിക ചര്‍ച്ചയും ജീവസുറ്റ സമൂഹത്തിന്റെ അടയാളങ്ങളാണ്. അതിനാല്‍ ഇത്തരം സംഗമങ്ങള്‍ ഇനിയുമുണ്ടാവണം എന്ന പ്രത്യാശയോടെയാണ് രണ്ടാമത് എഡിഷന്‍ സമാപിച്ചത്.

Back to Top