പെണ്‍നോമ്പുകള്‍
സനിയ കല്ലിങ്ങല്‍
കാരക്കയുടേയും നെയ്യില്‍ മൂപ്പിച്ച തരിക്കഞ്ഞിയുടേയും ഗന്ധമാണ് നോമ്പോര്‍മകള്‍ക്ക്. തേച്ചു കഴുകി നനച്ചു കുളിപ്പിച്ച വീടുകളും വെള്ളപൂശി മിനുക്കിയ പള്ളികളും കെട്ടിടങ്ങളും ഗ്രാമത്തിന്റെ സുന്ദരമായ നോമ്പുകാഴ്ചകള്‍… പച്ച നെല്‍പ്പാടങ്ങളും കൈത്തോടിനരികില്‍ ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന വെള്ളക്കൊറ്റികളുമുള്ള ഗ്രാമാന്തരീക്ഷത്തില്‍, ചരിത്രങ്ങളുറങ്ങുന്ന വലിയപള്ളിയും പൗരാണിക മാതൃകയിലുള്ള ചെറിയ പള്ളിയും തലയുയര്‍ത്തി നില്‍ക്കുന്നു.
പള്ളിക്കാട്ടിലൂടെ ചൂട്ടു കത്തിച്ചോടുന്ന പൊട്ടിച്ചൂട്ടുകളും പള്ളി വരാന്തയില്‍ വരിവരിയായിരിക്കുന്ന ജിന്നുപ്പാപ്പമാരും കേട്ടു മറക്കാത്ത പഴങ്കഥകളില്‍ ചിലത് മാത്രം! പെണ്‍നോമ്പുകളെക്കുറിച്ച് പറയുമ്പോള്‍ വല്ലിമ്മാനെ ഓര്‍ക്കാതെ വയ്യ. റമദാനിനെ വരവേല്‍ക്കാന്‍ മാസങ്ങള്‍ക്കു മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങും, തറവാട്ടില്‍. മരത്തില്‍ തീര്‍ത്ത ഫര്‍ണിച്ചറുകളും ജനല്‍ വാതിലുകളും മറ്റും പാറോത്തിലയിട്ടുരച്ചു കഴുകി വെയിലത്തിട്ടുണക്കിയെടുക്കും. സിമന്റ് തേച്ച നിലങ്ങള്‍ സോപ്പിട്ടും മണ്ണ് തേച്ച മുറികള്‍ കരിയിട്ടും തേച്ചുമിനുക്കും. നോമ്പിന്റെ തലേദിനം വരെ തുടരുന്ന ഈ ശുചീകരണ പ്രക്രിയക്കൊപ്പം പെണ്‍മനസുകളും നോമ്പിനെ വരവേല്‍ക്കാന്‍ പാകപ്പെടുന്നു. വറുത്തിടിച്ചെടുത്ത പൊടിമസാലകളൂം ചീരാക്കഞ്ഞിക്കുള്ള ചെറിയരിയും ഉലുവയും കടുകും പൊടിച്ചിട്ട കടുമാങ്ങകളും ഭരണിയിലാക്കി പത്തായത്തിലിറക്കാന്‍ ഞങ്ങള്‍ കുട്ടികളും വല്ലിമ്മാക്കൊപ്പം കൂടും.
നോമ്പുകാലത്തെ അടയാളപ്പെടുത്തിയിരുന്ന നകരമുട്ടും അത്താഴമുട്ടും ഇന്നോര്‍മകളില്‍ മാത്രമായൊതുങ്ങിപ്പോയി. നോമ്പുതുറക്കലിന്റെ സമയമറിയിക്കാന്‍ പള്ളിയില്‍ നിന്നുള്ള മണിയടിയായിരുന്നു നകാരമുട്ട്. തരിക്കഞ്ഞിയും പത്തിരിയും ഇറച്ചിക്കറിയും പ്രധാന വിഭവങ്ങളായുള്ള നോമ്പുതുറക്ക്, ഉച്ചമുതലേ അടുക്കളയില്‍ ഒരുക്കങ്ങള്‍ തുടങ്ങും. നോമ്പുതുറ കഴിഞ്ഞ് അടുക്കളയൊതുങ്ങുമ്പോഴേക്ക് ചീരാക്കഞ്ഞിക്കുള്ള നേരമാകും. തറാവീഹിന് ശേഷമുള്ള തീറ്റയും കുടിയും കഴിഞ്ഞ്, വീട്ടിലെ പെണ്ണുങ്ങള്‍ ഉറങ്ങാനാകുമ്പോള്‍ നേരം പാതിരയോടടുക്കുന്നു. ഉറക്കം പാതിമയക്കത്തിലെത്തുമ്പോഴേക്കും അത്താഴത്തിനുള്ള ഒന്നാം മുട്ട് കേള്‍ക്കാറാവുന്നു. വിറകടുപ്പില്‍ തീ പൂട്ടി അരിയടുപ്പത്തിട്ട്, താളിപ്പിനുള്ള മുരിങ്ങയും ചീരയുമൊരുക്കി അത്താഴമാകുമ്പോഴേക്ക് രണ്ടാംമുട്ടും കേട്ടു തുടങ്ങുന്നു. അത്താഴപ്പട തീര്‍ന്നിത്തിരി നേരം നടുനിവര്‍ത്തുമ്പോഴേക്കും പകല്‍ത്തിരക്കുകളാരംഭിക്കുകയായി… നോമ്പുതുറ വരെ നീളുന്ന തിരക്കുകള്‍!
നോമ്പിന്റെ പവിത്രതയും ആത്മശുദ്ധീകരണവും പാലിക്കുമ്പോഴുമൊക്കെ കൃത്യമായ ആരാധനാകര്‍മങ്ങള്‍ക്ക് വേണ്ടത്ര നേരങ്ങള്‍ പെണ്‍ നോമ്പുകളിലുണ്ടായിരുന്നില്ല എന്നതാണ് നേര്. സമയ നിഷ്ഠ പാലിച്ചുള്ള നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും തറാവീഹും പ്രാര്‍ഥനകളും മറ്റും, വീട്ടുജോലികളുടെ തിരക്കുകളില്‍ നഷ്ടപ്പെടുന്നത് മുന്‍കാലങ്ങളിലെ നോമ്പുകാഴ്ചകളില്‍ പതിവായിരുന്നു.
ഇന്ന് കാലം മാറി. സൗകര്യങ്ങളും സമ്പത്തും വര്‍ധിച്ചതിനനുസരിച്ച് പെണ്‍നോമ്പുകളിന്ന് എടുക്കാചുമടുകളല്ലാതായിരിക്കുന്നു. കൃത്യമായ ആരാധനകളും ഖുര്‍ആന്‍ ക്ലാസുകളും നേരങ്ങളും പെണ്‍ നോമ്പുകളെയിന്ന് ധന്യമാക്കി കൊണ്ടിരിക്കുന്നു.
മനുഷ്യകുലത്തെ ഭീതിയുടെയും ആശങ്കയുടെയും മുള്‍മുനയില്‍ നിര്‍ത്തി കൊറോണ മുന്നേറുമ്പോഴും വിവിധ ചാനലുകളിലൂടെയുള്ള ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠനങ്ങളും മറ്റും പെണ്‍ നോമ്പുകള്‍ക്ക് കരുത്തും ഊര്‍ജവുമേകുന്നുണ്ടെന്നുള്ളത് ആശ്വാസവും സന്തോഷവും നല്‍കുന്നുണ്ട്. പള്ളികളിലെ ജുമുഅയും തറാവീഹും കൂടി സ്ത്രീകള്‍ക്ക് പര്യാപ്തമാകുന്ന നോമ്പുകാലത്തിലേക്ക് നാടും നാട്ടാരും തിരികെയെത്തട്ടേയെന്ന് സര്‍വശക്തനോട് ഉള്ളുരുകി തേടാം നമുക്ക്…!