27 Friday
December 2024
2024 December 27
1446 Joumada II 25

സംഘര്‍ഷരഹിതമായ സമൂഹം സാധ്യമല്ലേ?

ഹിഷാം സുലൈമാന്‍


9/11 സംഭവങ്ങള്‍ക്ക് ശേഷം പാശ്ചാത്യ രാജ്യങ്ങളില്‍ ഇസ്ലാമും മുസ്ലിംകളും തീവ്രവാദത്തിന്റെ പര്യായമായി ചിത്രീകരിക്കപ്പെട്ടു. പാശ്ചാത്യലോകത്ത് ഇസ്ലാമിനെക്കുറിച്ചും അതിന്റെ അനുയായികളെക്കുറിച്ചും വ്യത്യസ്തമായ ഒരു ഉള്‍ക്കാഴ്ച അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന പുസ്തകമാണ് അബൂ നൈമറിന്റെ Nonviolence and Peace Building in Islam: Theory and Practice. മറ്റ് പുസ്തകങ്ങളും ലേഖനങ്ങളും അവലംബിച്ച ക്ഷമാപണ ശൈലിയില്‍ നിന്ന് മാറി ശാസ്ത്രീയമായ പണ്ഡിത സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹം പുസ്തകത്തെ രണ്ട് പ്രധാന ഭാഗങ്ങളായി വിഭജിക്കുന്നു:
ഒന്നാമതായി, സമാധാന സംസ്ഥാപനത്തിനായി ഇസ്ലാം മുന്നോട്ടു വെക്കുന്ന സിദ്ധാന്തങ്ങളെ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. ഇസ്ലാമിലെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനിലെയും സുന്നത്തിലെയും പ്രസക്തമായ പല അധ്യാപനങ്ങളും ഉയര്‍ത്തിക്കാട്ടി അദ്ദേഹം ഈ തത്വങ്ങളെ സമീപിക്കുകയും ഈ വശങ്ങളെല്ലാം ഒരുമിച്ച് ബന്ധിപ്പിക്കുന്ന ഒരു ചട്ടക്കൂട് വികസിപ്പിക്കുകയും ചെയ്യുന്നു. രണ്ടാം ഭാഗത്തില്‍, അബൂനൈമര്‍ ഇസ്ലാമിന് മുമ്പുള്ള അറബ് കാലഘട്ടത്തില്‍ നിന്നും ആധുനിക കാലഘട്ടത്തില്‍ നിന്നുമുള്ള കേസ് സ്റ്റഡികള്‍ അവതരിപ്പിച്ച് അത്തരമൊരു സൈദ്ധാന്തിക ചട്ടക്കൂടിന്റെ പ്രായോഗികത സൂചിപ്പിക്കുന്നു. കൂടാതെ, അത്തരം തത്വങ്ങളെക്കുറിച്ചുള്ള പരിശീലനത്തിനായി ഒരു മാനുവല്‍ എങ്ങനെ വികസിപ്പിക്കാമെന്നതിനെക്കുറിച്ചും അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് ദശകങ്ങളായി സമാധാന മേഖലയിലുള്ള പഠനങ്ങളുടെ കടന്നുവരവിനെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് അദ്ദേഹം പുസ്തകം ആരംഭിക്കുന്നത്. എന്നിരുന്നാലും, ഇസ്ലാമിനും അഹിംസയ്ക്കും ഒരുമിച്ചു നില്ക്കാന്‍ കഴിയില്ലെന്ന യാഥാസ്ഥിതിക പ്രതിച്ഛായ കാരണം ഈ വളര്‍ച്ച മുസ്ലിം സമുദായെത്ത വലിയ തോതില്‍ സ്പര്‍ശിക്കുന്നില്ല.
ഇതിന് മറുപടിയായി, ഇസ്ലാമിന്റെ സമാധാനപരമായ വശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അവയുടെ പൊരുത്തത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ അദ്ദേഹം നല്‍കുന്നു.
ഇസ്ലാമും സമാധാന സിദ്ധാന്തങ്ങളും
പുസ്തകത്തിന്റെ ആദ്യ ഭാഗത്ത്, ഇസ്ലാമിലെ സമാധാനം കെട്ടിപ്പടുക്കുന്നതിന്റെ സൈദ്ധാന്തിക അടിത്തറയെക്കുറിച്ച് അബൂനൈമര്‍ വിശദീകരിക്കുന്നു. നരവംശശാസ്ത്രപരമായ സമീപനം സ്വീകരിക്കുന്നതിലൂടെ, ഇസ്ലാമിലെ യഥാര്‍ഥ സാംസ്‌കാരിക ആശയങ്ങളെയും അവയുടെ അടിത്തറകളെയും അദ്ദേഹം വിശകലനം ചെയ്യുന്നു. മുസ്ലിം സമുദായങ്ങള്‍ ഒരുപോലെയല്ല എന്നതിനാല്‍; ഒന്നിലധികം സാംസ്‌കാരിക സന്ദര്‍ഭങ്ങളില്‍ യോജിക്കുന്ന പൊതു തത്ത്വങ്ങള്‍ അബൂനൈമര്‍ കണ്ടെത്തുന്നു. ലോകത്തുള്ള മുസ്ലിംകളുടെയെല്ലാം സംസ്‌കാരത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആദ്യ അധ്യായത്തില്‍, സമാധാന പഠന രംഗത്ത് വിവാദപരമായ നിരവധി ആശയങ്ങള്‍ അബൂനൈമര്‍ ചര്‍ച്ച ചെയ്യുന്നു. ഇവയില്‍ വിചിത്രമായത് അഹിംസ എന്ന ആശയമാണ്: ചിലര്‍ അതിനെ തികച്ചും സമാധാനപരമായി കാണുന്നു, മറ്റുള്ളവര്‍ ഇത് ചില നിര്‍ബന്ധിത വശങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് വാദിക്കുന്നു. അഹിംസ എന്ന ആശയത്തിന് പൊതുവെ മതത്തിലും പ്രത്യേകിച്ച് ഇസ്ലാമിലും വേരുകളുണ്ടെന്ന് അബൂനൈമര്‍ ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് സമാധാനം കൊണ്ടുവരുന്നതിനുള്ള അക്രമാസക്തമായ മാര്‍ഗമായി പാശ്ചാത്യ രാജ്യങ്ങള്‍ പുലര്‍ത്തിപ്പോരുന്ന ‘നീതിയുക്തമായ യുദ്ധം’ എന്ന സിദ്ധാന്തത്തിന്റെ വികാസത്തെയും അദ്ദേഹം വിശകലനം ചെയ്യുന്നു. ഇത് ഇസ്ലാമിലെ ‘ജിഹാദ്’ എന്ന ആശയത്തിന് സമാന്തരമല്ലെന്ന് അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്.
മുസ്ലിം സമുദായത്തിനകത്തും പുറത്തും ഇസ്ലാമിനെക്കുറിച്ചുള്ള മുഖ്യധാരാ ധാരണകളെ വെല്ലുവിളിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, ഇസ്ലാമിന്റെയും ആധുനിക ജീവിതത്തിന്റെയും പൊരുത്തത്തെക്കുറിച്ചുള്ള ചര്‍ച്ച വിപുലീകരിക്കാനുള്ള ശ്രമത്തില്‍ അദ്ദേഹം ഈ ദൗത്യം ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നു.
അബൂനൈമര്‍ പിന്നീട് സമാധാന പഠനങ്ങളുടെ സാഹിത്യത്തെയാണ് വിശകലനം ചെയ്യുന്നത്. അവയെ ജിഹാദ് പഠനങ്ങള്‍, ന്യായ യുദ്ധങ്ങളെക്കുറിച്ച പഠനങ്ങള്‍, അഹിംസാ പഠനങ്ങള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നുണ്ട്. ജിഹാദിനെക്കുറിച്ചുള്ള പഠനങ്ങളില്‍, പണ്ഡിതന്മാര്‍ ഇസ്ലാമിനെ ഒരു അക്രമാസക്തമായ മതമായി കാണുന്നു; ഇസ്ലാമില്‍ സമാധാനം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ഒരു പരാമര്‍ശവും ഇവിടെ കാണാന്‍ കഴിയില്ല. ന്യായമായ യുദ്ധ പഠനങ്ങളില്‍, ഇസ്ലാമിനെ ഒരു തന്ത്രപരമായ വീക്ഷണകോണില്‍ നിന്ന് കാണുന്നത് അക്രമാസക്തവും സമാധാനപരവുമായ വശങ്ങളുടെ മിശ്രിതമായാണ്. ഓരോന്നും ചില സാഹചര്യങ്ങളില്‍ (സ്വയം പ്രതിരോധം പോലുള്ളവ) ഉപയോഗിക്കണം. നിര്‍ഭാഗ്യവശാല്‍, ഈ വിഭാഗത്തിലെ പണ്ഡിതന്മാര്‍, ഇസ്ലാമിന്റെ അഹിംസാത്മക വശങ്ങള്‍ അംഗീകരിക്കുമ്പോള്‍, അഹിംസയേക്കാള്‍ അക്രമാസക്തമായ മാര്‍ഗങ്ങള്‍ അനുവദനീയമായ അവസ്ഥകളെക്കുറിച്ചുള്ള പഠനത്തിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അബൂനൈമറിന്റെ
ചട്ടക്കൂട്

രണ്ടാം അധ്യായത്തില്‍, ഇസ്ലാമിനെയും അഹിംസയെയും ബന്ധിപ്പിക്കുന്ന ചട്ടക്കൂട് വികസിപ്പിക്കാന്‍ അദ്ദേഹം മുതിരുന്നുണ്ട്. ഇസ്‌ലാമിന്റെ പടുത്തുയര്‍ത്തലില്‍ നീതി പിന്തുടരുക എന്ന തത്വത്തിന്റെ കേന്ദ്രീകരണത്തിലാണ് അദ്ദേഹം ചട്ടക്കൂട് അടിസ്ഥാനമാക്കിയിരിക്കുന്നത്. ഖുര്‍ആന്‍ ദൈവികമായി അനുശാസിച്ചിരിക്കുന്നതുപോലെ, അനീതി ഇല്ലാതാക്കാനും ജീവിതത്തിന്റെ വിവിധ വശങ്ങളില്‍ നീതി കൊണ്ടുവരാനും പോരാടാന്‍ എല്ലാ മുസ്ലിംകള്‍ക്കും കടമയുണ്ട്. അഹിംസാത്മക ആക്ടിവിസത്തിനുള്ള ആഹ്വാനമാണ് ഈ തത്വത്തില്‍ അബുനൈമര്‍ കാണുന്നത്. അബൂനൈമര്‍ ചട്ടക്കൂടില്‍ നിര്‍ണായകമായി കാണുന്ന മറ്റൊരു തത്വം തനിക്കും സഹമനുഷ്യര്‍ക്കും നന്മ ചെയ്യുന്നതിലൂടെയുള്ള സാമൂഹിക ശാക്തീകരണമാണ്.
മൂന്നാമത്തെ തത്വം ഇസ്ലാമിക ഉമ്മത്ത് എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈവിധ്യമാര്‍ന്ന പശ്ചാത്തലമുള്ള എല്ലാ മുസ്ലിംകളെയും അവരുടെ സമുദായത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉള്‍പ്പെടുത്തണമെന്ന് ഈ ആശയം ആവശ്യപ്പെടുന്നു.
ഈ മൂന്ന് തത്വങ്ങളും മറ്റ് പല തത്വങ്ങളും ഉപയോഗിച്ച്, അഹിംസയുടേയും സമാധാന സംസ്ഥാപനത്തിന്റെയും ഇസ്ലാമിലെ അനുകൂലത അബുനൈമര്‍ സ്ഥിരീകരിക്കുന്നു. ഇസ്ലാമിന്റെ അക്രമാസക്തമായ സ്റ്റീരിയോടൈപ്പുകളില്‍ നിന്ന് മാറി ഇസ്ലാമിന്റെ സമാധാനം കെട്ടിപ്പടുക്കാനുള്ള കഴിവുകള്‍ വസ്തുനിഷ്ഠമായി അംഗീകരിക്കുന്നതില്‍ കൂടുതല്‍ സജീവമായി ഇടപെടാന്‍ അദ്ദേഹം വിശകലന വിദഗ്ധരോട് അഭ്യര്‍ഥിക്കുന്നുണ്ട്. ഈ തത്വങ്ങളില്‍ പലതും പല മുസ്ലിം സമുദായങ്ങളുടെയും ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാണെന്നും അദ്ദേഹം സമ്മതിക്കുന്നു.
ഇസ്ലാമിന്റെ
പ്രായോഗിക പാഠങ്ങള്‍

പുസ്തകത്തിന്റെ മൂന്നാം അധ്യായത്തില്‍, സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള നിലവിലുള്ള അഹിംസാത്മക സംവിധാനത്തിന്റെ ആദ്യ ഉദാഹരണം അബുൈനമര്‍ നല്‍കുന്നു. ഇത് സംഘര്‍ഷ പരിഹാരത്തിനുള്ള പരമ്പരാഗത അറബ്-മുസ്ലിം സംവിധാനമായി അദ്ദേഹം വിവരിക്കുന്നു. പരമ്പരാഗതവും ആധുനികവുമായ മുസ്ലിം സമൂഹങ്ങളില്‍ ഈ സംവിധാനം പ്രധാനമായും ബാധകമാണ്. വൈരുധ്യങ്ങള്‍ പരിഹരിക്കുന്നതിന് ഇസ്ലാമിക തത്വങ്ങളാല്‍ നയിക്കപ്പെടുന്ന അംഗീകരിക്കപ്പെട്ട വ്യക്തികള്‍, സാധാരണയായി മൂന്നാം കക്ഷികള്‍ നടത്തിയ ഇടപെടലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഈ സംവിധാനത്തിന് കീഴില്‍, ഇരു കക്ഷികളുടെയും മുഴുവന്‍ കഥയും അന്വേഷിച്ച ശേഷം മൂന്നാം കക്ഷിയുടെ അന്തിമ തീരുമാനത്തെ സ്വീകരിക്കാന്‍ ഇരു കക്ഷികള്‍ക്കും ധാര്‍മിക ബാധ്യതയുണ്ട്. സാധാരണഗതിയില്‍, ആ മധ്യസ്ഥര്‍ ഇരു കക്ഷികളെയും അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ ആദ്യം സ്വയം പരിഹരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു.
മുസ്‌ലിം ലോകത്ത്
സമാധാനം
സ്ഥാപിക്കുന്നതിനുള്ള പരിശീലനം

സമാധാന സംസ്ഥാപന സമ്പ്രദായങ്ങളിലെ പശ്ചാത്തലം കണക്കിലെടുത്ത്, നാലാം അധ്യായത്തില്‍, മുസ്‌ലിം സമുദായങ്ങളിലെ പരിശീലന ശില്പശാലകളിലൂടെ ഫലപ്രദമായ അഹിംസാത്മക സംഘര്‍ഷ പരിഹാരത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ അബൂനൈമര്‍ ശ്രമിക്കുന്നു. ഈ ശില്പശാലകള്‍ ഫലപ്രദമാകുവാന്‍ ചില പൊതുവിലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന രീതിയില്‍ ഇവ ഡിസൈന്‍ ചെയ്യപ്പെടേണ്ടതുണ്ട്.
വസ്തുനിഷ്ഠമായ സമാധാന പഠനങ്ങളുടെ അഭാവം, ജനാധിപത്യേതര രാജ്യങ്ങളുടെ കീഴില് സംഘര്‍ഷത്തിന്റെയും മാറ്റത്തിന്റെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ സംവേദനക്ഷമത, സാമ്രാജ്യത്വ ശക്തികളുടെ അക്കാദമിക താല്‍പര്യങ്ങള്‍ പിന്നാക്കാവസ്ഥയുടെയും വികസനത്തിന്റെ അഭാവത്തിന്റെയും ഫലമായി മുസ്‌ലിം സമുദായങ്ങളില്‍ പലതിലും നിലനില്ക്കുന്ന നിസ്സഹായാവസ്ഥയെ ചെറുക്കുക എന്നിവയാണ് അഭിമുഖീകരിക്കപ്പെടേണ്ട വിഷയങ്ങള്‍. പരിശീലകര്‍ അതാത് സമുദായങ്ങളുടെ ആവശ്യം മനസിലാക്കി പ്രോഗ്രാം ഡിസൈന്‍ ചെയ്യുന്നവരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് അബൂനൈമര്‍ കരുതുന്നത്.
അബൂനൈമര്‍ സഹരചയിതാവായ ജോ ഗ്രോവ്‌സിനൊപ്പം തന്റെ പുസ്തകത്തിന്റെ അവസാന അധ്യായത്തില്‍, 1989 ലെ ആദ്യത്തെ ഫലസ്തീന്‍ ഇന്‍തിഫാദയുടെ അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ മുസ്ലിം സമുദായങ്ങളിലെ അഹിംസാ സമ്പ്രദായങ്ങളുടെ മറ്റൊരു സമീപകാല ഉദാഹരണം അവതരിപ്പിക്കുന്നു. ഇസ്രായേലി സൈനിക സംവിധാനത്തിനെതിരെ പോരാടാന്‍ ഫലസ്തീനികള്‍ കല്ലുകള്‍ മാത്രം ഉപയോഗിച്ച ആദ്യത്തെ ഇന്‍തിഫാദയെ അഹിംസയുടെ ഇസ്ലാമിക ഉപയോഗത്തിന്റെ ശക്തമായ ഉദാഹരണമായി അദ്ദേഹം കാണുന്നു.
അക്കാലത്ത്, ഫലസ്തീനികള്‍ അവരുടെ രോഷവും ആവലാതികളും നിയന്ത്രിച്ചു. അതിനാല്‍ അവര്‍ ഇസ്രായേലികള്‍ക്കെതിരെ സൈനികമായി തിരിച്ചടിച്ചില്ല. ഇസ്രായേല്‍ സൈന്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കല്ലെറിയുക മാത്രമായിരുന്നു അവരുടെ ഒരേയൊരു തിരിച്ചടി. മാത്രമല്ല, അഹിംസാത്മക തത്വങ്ങളെ സജീവമായി നിലനിര്‍ത്തുന്ന ബഹുജന സംഘടനകളെ സൃഷ്ടിക്കാന്‍ ഇന്‍തിഫാദ സഹായിച്ചു. അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം അമിതമായി അക്രമം ഉപയോഗിക്കുന്നതിനെ അവര്‍ എല്ലായ്‌പ്പോഴും ചോദ്യം ചെയ്തു. ഇസ്രായേല്‍ അധിനിവേശത്തെയും ബലപ്രയോഗത്തെയും എതിര്‍ക്കാന്‍ അവര്‍ സിവില്‍ നിസ്സഹകരണത്തെയാണ് ആശ്രയിച്ചത്. പരസ്പരം വലിയ നാശനഷ്ടങ്ങള്‍ വരുത്താതെ തങ്ങളുടെ രോഷം പ്രകടിപ്പിക്കാനുള്ള ഫലസ്തീനികളുടെ മാര്‍ഗമായിരുന്നു കല്ലെറിയല്‍. അക്രമത്തിനും അഹിംസയ്ക്കും ഇടയിലുള്ള ഒരു മധ്യമാര്‍ഗമായാണ് അദ്ദേഹം ഇതിനെ കാണുന്നത്.
അനീതിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ ഇസ്ലാമിന്റെ പങ്ക് ഊന്നിപ്പറയുന്നതിലൂടെ, അക്രമത്തെ പ്രകോപിപ്പിക്കാന്‍ സഹായിക്കുന്നതിനുപകരം ജനങ്ങളില്‍ അഹിംസാത്മക വികാരം വളര്‍ത്തുന്നതില്‍ മുസ്ലിം ഇമാമുകള്‍ വഹിച്ച സജീവ പങ്ക് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. അങ്ങനെ, ഇന്‍തിഫാദയില്‍ അഹിംസയെ പിന്തുണയ്ക്കുന്ന അറബ് സാംസ്‌കാരിക ഇസ്ലാമിക ആദര്‍ശങ്ങള്‍ ഉപയോഗിച്ചു. അബുനൈമര്‍ ഇന്‍തിഫാദയെ കേവലം ഒരു മതപരമായ പ്രസ്ഥാനമായി കാണുന്നില്ല, മറിച്ച് ഇസ്ലാമിക വിശ്വാസങ്ങള്‍ ഒരു പ്രധാന പങ്ക് വഹിച്ച ഒന്നായി കാണുന്നു.
അബൂൈനമര്‍ ഇസ്ലാമിന്റെ പല വശങ്ങളിലും അഹിംസയ്ക്കുള്ള വലിയ സാധ്യതകള്‍ സ്ഥിരീകരിക്കുന്നു, ബുദ്ധിപൂര്‍വം ഉപയോഗിച്ചാല്‍ അത് ലോകമെമ്പാടുമുള്ള നിരവധി മുസ്ലിംകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കും. പല കേസുകളിലും ഇത് പ്രകടമായിരുന്നു. എന്നിട്ടും മാധ്യമങ്ങളും രാഷ്ട്രീയക്കാരും അതിനെ നിസ്സാരവത്കരിച്ചു.
മറ്റെല്ലാ മതങ്ങളെയും പോലെ, ഇസ്ലാമിലും അക്രമത്തിന്റെയും അഹിംസയുടെയും സാധ്യതകള്‍ അബു നൈമര്‍ കാണുന്നു. അതുകൊണ്ടാണ് പുസ്തകത്തിന്റെ അവസാനത്തില്‍ ഇസ്‌ലാമിന്റെ ഈ അഹിംസാത്മക വശങ്ങളെ വ്യവസ്ഥാപിതമായ പഠനങ്ങളിലൂടെയും പരിശീലനത്തിലൂടെയും പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.
വിവ. ഷബീര്‍ രാരങ്ങോത്ത്‌

Back to Top