29 Friday
November 2024
2024 November 29
1446 Joumada I 27

ഫലസ്തീനിലെ സമാധാനം


ഐക്യരാഷ്ട്ര സഭയും ഖത്തര്‍, ഈജിപ്ത്, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങളും മുന്‍കൈയ്യെടുത്ത് നടന്ന ചര്‍ച്ചയിലൂടെ ഗസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫലസ്തീനില്‍ സമാധാനം പുലരുക എന്നത് ലോകത്തെ മനസ്സാക്ഷിയുള്ള എല്ലാവരുടെയും ആഗ്രഹമാണ്. അതിനാല്‍ തന്നെ സന്തോഷത്തോടെയാണ് സമാധാന കാംക്ഷികളെല്ലാം ഈ വാര്‍ത്തയെ സ്വീകരിച്ചത്. ഇസ്‌റായേലും ഹമാസും തമ്മിലുള്ള ഉടമ്പടിയിലൂടെയാണ് താത്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഹമാസിനെയും ഫലസ്തീനികളെയും ഉന്മൂലനം ചെയ്തിട്ടേ അടങ്ങൂ എന്ന വാശിയില്‍ ഇറങ്ങിത്തിരിച്ച ഇസ്‌റായേലിനെ ഒരു ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു എന്നത് തന്നെ ഹമാസിനെ സംബന്ധിച്ചേടത്തോളം വിജയമാണ്. മാത്രമല്ല, ബന്ദികളെ പരസ്പരം കൈമാറാനും ഗസ്സയിലേക്ക് ആവശ്യമായ സഹായങ്ങള്‍ തടസ്സമില്ലാതെ എത്തിക്കാനും ഗസ്സയുടെ മേലുള്ള ഇസ്‌റായേല്‍ നിരീക്ഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും ഈ വെടിനിര്‍ത്തല്‍ ചര്‍ച്ചയിലൂടെ സാധിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കകം ഹമാസിനെ ഭൂമുഖത്ത് നിന്ന് തുരത്തുമെന്ന് പ്രഖ്യാപിച്ച ഇസ്‌റായേല്‍ സേനക്ക് ഹമാസിന്റെ പ്രതിരോധത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല എന്നതാണ് യാഥാര്‍ഥ്യം. സമാധാന ചര്‍ച്ചകളിലേക്ക് വരാന്‍ അവരെ നിര്‍ബന്ധിതരാക്കിയതിന് പിന്നില്‍ ഫലസ്തീനികളുടെ പോരാട്ടവീര്യം ഒരു സുപ്രധാന ഘടകമാണ്. ഇതോടെ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നോ സമാധാനം പുനസ്ഥാപിച്ചുവെന്നോ കരുതേണ്ടതില്ല. ശാശ്വത പരിഹാരം ഇനിയും അകലെയാണ്.
ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഗസ്സയിലെ സാധാരണക്കാരെ സംബന്ധിച്ചേടത്തോളം ഏറെ പ്രധാനമാണ്. അവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തെ സംബന്ധിച്ച് താല്‍ക്കാലിക കരാര്‍ എടുത്തുപറയുന്നുണ്ട്. വൈദ്യസഹായവും ഭക്ഷണ സാധനങ്ങളും തടസ്സമില്ലാതെ എത്തിക്കാന്‍ സാധിക്കണം. ഈ കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ അര്‍ഹിക്കുന്ന വിഭാഗമാണ് ഗസ്സയിലെ ജനങ്ങള്‍. കടുത്ത പ്രതിസന്ധികളിലൂടെയാണ് അവര്‍ പോയിക്കൊണ്ടിരിക്കുന്നത്. സകല യുദ്ധനിയമങ്ങളും കാറ്റില്‍ പറത്തി ഇസ്‌റായേല്‍ ആശുപത്രികള്‍ പോലും തകര്‍ത്തതോടെ അക്ഷരാര്‍ഥത്തില്‍ ദുരിത ജീവിതത്തിലാണ് ഗസ്സയിലെ ജനങ്ങള്‍. ഇതിന് പരിഹാരമുണ്ടാവണം.
ഫലസ്തീനിന്റെ മുന്നോട്ടു പോക്കിന് നിരവധിയായ അഭിപ്രായങ്ങള്‍ പലരും പങ്കുവെക്കുന്നുണ്ട്. ഖത്തറിലെ നയകാര്യ വിദഗ്ധനായ തമര്‍ ഖര്‍മൂത്ത് അല്‍ജസീറയില്‍ ഇത് സംബന്ധിച്ച് എഴുതിയ ലേഖനം ശ്രദ്ധേയമാണ്. ഫലസ്തീനിലെ രാഷ്ട്രീയ നേതാക്കള്‍ ഒരുമിച്ചിരുന്ന് ഭാവിയിലേക്കുള്ള കരുക്കള്‍ നീക്കണമെന്നും ഹമാസും ഫത്ഹ് പാര്‍ട്ടിയും ഒരുമിച്ച് പോകണമെന്നും തമര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 2017ല്‍ ഹമാസ് കൈറോയില്‍ ഒപ്പുവച്ച ഫതഹ് അനുരഞ്ജന കരാറിന്റെ സ്വീകാര്യതയും പ്രതിബദ്ധതയും പ്രഖ്യാപിക്കണം. ഇസ്‌റായേലിന്റെ വിനാശകരമായ യുദ്ധാനന്തര പദ്ധതികളെ ചെറുക്കുന്നതിന്, ഫലസ്തീന്‍ നേതാക്കള്‍ ഈ പ്രദേശത്തെ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി ഗസ്സക്കായി ഒരു ഇടക്കാല ഭരണസമിതി സ്ഥാപിക്കണം. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭാവി ചര്‍ച്ചകള്‍ക്കും മറ്റും ഒരു അംഗീകൃത കക്ഷിയായി ഹമാസിനെ സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം.
ഹമാസിനെ ഫലസ്തീനിലെ മുഖ്യധാര രാഷ്ട്രീയത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ ഇസ്‌റായേലിന് മേല്‍ സമ്മര്‍ദ്ദമുണ്ടാവണം. ഈ താത്കാലിക വെടിനിര്‍ത്തല്‍ ഒരു സമാധാന ചര്‍ച്ചയിലേക്ക് നീങ്ങുകയും സാധ്യമായ പരിഹാരങ്ങള്‍ ഉണ്ടാക്കുകയും വേണം. സ്വതന്ത്രമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയാണ് ശാശ്വതമായ പരിഹാരം. അക്കാര്യത്തില്‍ പരസ്പര ബഹുമാനവും വിശ്വാസവും ആര്‍ജിക്കുവാനും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കാനും ഫലസ്തീനിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാധിക്കണം. രാഷ്ട്ര നന്മക്കായി മുഴുവന്‍ ഫലസ്തീനികളെയും ഒരുമിച്ച് നിര്‍ത്തണം.
അമേരിക്ക പോലെയുള്ള രാഷ്ട്രങ്ങള്‍ മുന്നോട്ട് വെക്കുന്ന പരിഹാര നയങ്ങളും കരാറുകളും പലപ്പോഴും കൂടുതല്‍ സങ്കീര്‍ണതയാണ് സൃഷ്ടിക്കുന്നത്. ഇസ്‌റായേലിന് അപ്രമാദിത്വം നല്‍കുന്ന അത്തരം നീക്കങ്ങള്‍ക്ക് പകരം, ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അവസരം നല്‍കണം. ആ തീരുമാനങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ ഐക്യരാഷ്ട്ര സഭയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പിന്തുണ ഉണ്ടാവണം. നിരവധി യുദ്ധങ്ങളും വര്‍ഷങ്ങളുടെ ഉപരോധവും മൂലം സമ്പദ്‌വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും നഷ്ടപ്പെട്ട ഗസ്സക്ക് മാനുഷികവും വികസനപരവുമായ സഹായങ്ങള്‍ നല്‍കാന്‍ യു എന്‍ അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്തണം.

Back to Top