2 Monday
December 2024
2024 December 2
1446 Joumada II 0

പാലിയേറ്റീവ് ക്ലിനിക്കുകളുടെ തുടക്കക്കാരന്‍

ഇ അബ്ദുല്‍മജീദ് പാലപ്പെറ്റ


1995-ല്‍ നടന്ന ഒരു മെഡിക്കല്‍ കോണ്‍ഫ്രന്‍സില്‍ വെച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. രാജഗോപാലുമായുള്ള സംസാരത്തില്‍ നിന്നാണ് മെഡിക്കല്‍ കോളജില്‍ ആരംഭിച്ച പെയ്ന്‍ & പാലിയേറ്റീവ് ക്ലിനിക്കിനെ പറ്റി ഡോ. കെ അബ്ദുറഹ്മാന്‍ മനസ്സിലാക്കുന്നത്. അതേ വര്‍ഷം തന്നെ മഞ്ചേരിയില്‍ പാലിയേറ്റീവ് ക്ലിനിക്ക് ആരംഭിക്കുകയും ചെയ്തു(1) 1987 മുതല്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചുവന്ന ഐ എം ബി ഫ്രീ ക്ലിനിക്കിനോടനുബന്ധിച്ചാണ് പാലിയേറ്റീവ് ക്ലിനിക്ക് പ്രവര്‍ത്തിച്ചത്. ഐ എം ബി ഫ്രീ ക്ലിനിക്ക് എന്ന ആശയവും ഡോ. അബ്ദുറഹ്മാന്‍ സാഹിബിന്റേതായിരുന്നു.
1987-ലെ കുറ്റിപ്പുറം മുജാഹിദ് സമ്മേളനത്തിലെ മെഡിക്കല്‍ സ്റ്റാളില്‍ ഇരിക്കുമ്പോള്‍ ഡോക്ടര്‍ അവിടെ ഉണ്ടായിരുന്ന ഡോക്ടര്‍മാരോടും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരോടും ഒരു ആവശ്യം ഉന്നയിച്ചു: ഈ സമ്മേളനത്തില്‍ നൂറുകണക്കിനു രോഗികള്‍ക്കു ആശ്വാസമേകാന്‍ നമുക്കു സാധിച്ചു. സമ്മേളനം കഴിഞ്ഞു പോയാലും ആരോഗ്യ രംഗത്തുള്ള നമ്മളും ഇവിടെ ബാക്കി വരുന്ന മരുന്നും ഉണ്ടാകും. ഇവിടെ കൂടിയ വിവിധ പ്രദേശത്തുള്ള ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അവരവരുടെ പ്രദേശത്ത് നിത്യരോഗങ്ങളാല്‍ കഴിയുന്ന പാവപ്പെട്ട രോഗികളെ സൗജന്യമായി പരിചരിക്കാന്‍ ആഴ്ചയിലെ ഒരു ദിവസത്തിലെ ഏതാനും സമയം ഉപയോഗിച്ചാല്‍ സാധിക്കും. ഇത് നമ്മുടെ പ്രൊഫഷനല്‍ സകാത്ത് കൂടിയാണ്.
ഉടനെ തന്നെ ഡോക്ടര്‍ സമ്മേളന നഗരിയിലെ മെയിന്‍ സ്റ്റേജില്‍ ചെന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു. നൂറില്‍പരം പേര്‍ പങ്കെടുത്ത മീറ്റിംഗില്‍ ഇന്റഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡ് (ഐ എം ബി) രൂപീകരിച്ചു. തുടര്‍ന്നു മഞ്ചേരിയില്‍ ഐ എം ബി ഫ്രീ ക്ലിനിക് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. പ്രദേശത്തെ ആരോഗ്യ രംഗത്ത് തല്‍പരരായ ആളുകളെ സംഘടിപ്പിച്ചു എല്ലാ വ്യാഴാഴ്ചകളിലും ഡോക്ടറുടെ നേതൃത്വത്തില്‍ പരിചരണം നല്‍കുന്ന സൗജന്യ ക്ലിനിക്കായിരുന്നു അത്.
ഡോ. രാജഗോപാലുമായുള്ള സംസാരം കഴിഞ്ഞ് അടുത്ത ആഴ്ച തന്നെ ഫ്രീ ക്ലിനിക്കില്‍ വന്ന ഡോ. അബ്ദുറഹ്മാന്‍ ഈ ആശയം ടീമംഗങ്ങളുമായി ചര്‍ച്ച ചെയ്യുകയും ഇതിനെ പറ്റി പഠിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ഒരാളെ നിയമിക്കുകയും ചെയ്തു. ഇയാള്‍ ആറു മാസത്തോളം അവിടെ പരിശീലനം നേടുകയും മെഡിക്കല്‍ കോളജിനു പുറത്ത് എങ്ങനെ ഒരു പാലിയേറ്റീവ് സംവിധാനം ആരംഭിക്കാന്‍ സാധിക്കുമെന്ന് ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്നു മഞ്ചേരിയില്‍ നിന്നു ഒരു ഡോക്ടറെ കൂടി പാലിയേറ്റീവ് പരിശീലനത്തിനായി മെഡിക്കല്‍ കോളജിലേക്കു നിയോഗിച്ചു.
1995 അവസാനത്തോടെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി മഞ്ചേരിയില്‍ ‘കാന്‍സര്‍ പെയ്ന്‍ & പാലിയേറ്റീവ് കെയര്‍ അസോസിയേഷന്‍’ രൂപീകരിക്കുകയും ഐ എം ബി കെട്ടിടത്തില്‍ പെയ്ന്‍ & പാലിയേറ്റീവ് ക്ലിനിക് ആരംഭിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പെയ്ന്‍ ക്ലിനിക്കില്‍ നിന്നു ഡോക്ടര്‍മാരും വളണ്ടിയര്‍മാരും ആഴ്ചയില്‍ ഒരിക്കല്‍ മഞ്ചേരിയില്‍ എത്തി.
ആ കാലത്ത് ഐ എസ് എം യൂനിറ്റുകള്‍ വഴി ധാരാളം വളണ്ടിയര്‍മാര്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് പാലിയേറ്റീവ് സൊസൈറ്റിയിലെ ഡോ. സുരേഷ് കുമാറിന്റെയും ഡോ. അബ്ദുറഹ്മാന്റെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നിരന്തരമായ ചര്‍ച്ചകളും തദനുസൃതമായി കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.
രോഗികളുടെ ബാഹുല്യം മനസ്സിലാക്കി ഈ ഒരു ക്ലിനിക്കു കൊണ്ടുമാത്രം ഒന്നും ചെയ്യാനാകുകയില്ല എന്ന് ഡോക്ടര്‍ മനസ്സിലാക്കുകയും തുടര്‍ന്നു നിലമ്പൂര്‍, മണ്ണാര്‍ക്കാട്, തിരൂര്‍ തുടങ്ങി ജില്ലക്കകത്തും പുറത്തും അതതു പ്രദേശത്തെ ആളുകളെ സംഘടിപ്പിക്കുകയും പരിശീലനങ്ങള്‍ നല്‍കി മഞ്ചേരി പാലിയേറ്റീവ് ക്ലിനിക്കിന്റെ സഹകരണത്തോടെ പാലിയേറ്റീവ് യൂനിറ്റുകള്‍ ആരംഭിക്കുകയും ചെയ്തു.
ആദ്യത്തെ പാലിയേറ്റീവ് ഹോം കെയര്‍
മഞ്ചേരിയില്‍ ആദ്യത്തെ പാലിയേറ്റീവ് ഹോം കെയര്‍ ഡോക്ടറുടെ സ്വന്തം വാഹനത്തിലായിരുന്നു. എന്തുകൊണ്ട് പാലിയേറ്റീവ് കെയര്‍ വീടുകളില്‍ തന്നെ ലഭ്യമാക്കണം എന്നതിനു ഡോക്ടര്‍ക്കു ഒരു അനുഭവ സാക്ഷ്യമുണ്ടായിരുന്നു. 1996-ല്‍ മഞ്ചേരി പാലിയേറ്റീവ് ക്ലിനിക്കില്‍ സ്ഥിരമായി വന്നിരുന്ന ഒരു കാന്‍സര്‍ രോഗിയുണ്ടായിരുന്നു. ഒന്നു രണ്ടാഴ്ച അവരെ കാണാതിരുന്നപ്പോള്‍ ഡോക്ടറും വളണ്ടിയര്‍മാരും അവരുടെ വീട് അന്വേഷിച്ചു പോയി. ഒരു ഉള്‍ഗ്രാമത്തിലെ ചെറിയ കുടിലിലെത്തിയപ്പോള്‍ കണ്ട കാഴ്ച ദുഖകരമായിരുന്നു.
വാര്‍ധക്യരോഗങ്ങളാല്‍ കിടപ്പിലായ അമ്മയും കാന്‍സറിന്റെ അവസാന ദിനങ്ങളിലെത്തിയ മകളും അവരെ ചികിത്സിച്ചു തളര്‍ന്ന ചെറുപ്പക്കാരനും! ദാരിദ്ര്യവും രോഗവും തളര്‍ത്തിയ അവര്‍ കൂട്ടായ ഒരു തീരുമാനമെടുത്തിരുന്നു; ഒന്നിച്ചു മരിക്കുക. അങ്ങനെയുള്ള ഒരു ദിവസമായിരുന്നു ഡോക്ടറും ടീമും അവിടെ എത്തുന്നത്. ദീര്‍ഘനേരം അവരോടൊപ്പം ഇരിക്കുകയും അവര്‍ക്ക് നാട്ടുകാരുടെ പിന്തുണയോടെ എല്ലാ സഹായവും പരിചരണവും ഉറപ്പാക്കുകയും ചെയ്തു. പിന്നീട് സ്വാഭാവിക മരണം വരെ ആ കുടുംബം പാലിയേറ്റീവ് പ്രവര്‍ത്തകരോടൊപ്പമുണ്ടായിരുന്നു.
പാലിയേറ്റീവ് കെയറിനെപറ്റി ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഇടയില്‍ വ്യാപകമായ ധാരണയില്ലാത്ത ഒരു കാലത്താണ് നമ്മുടെ നാട്ടിലെ ഗ്രാമപ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും കീഴില്‍ പാലിയേറ്റീവ് ക്ലിനിക്കുകളും ഹോംകെയര്‍ സംവിധാനങ്ങളും ആരംഭിക്കുന്നത്. ഭാരിച്ച സാമ്പത്തിക ബാധ്യതകളിലായിരുന്നു ആദ്യത്തെ ഒന്നു രണ്ടു വര്‍ഷങ്ങള്‍ പാലിയേറ്റീവ് ക്ലിനിക് പ്രവര്‍ത്തനങ്ങള്‍. മഞ്ചേരി പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രാരംഭ കാലത്തെ ചിലവുകള്‍ സിംഹഭാഗവും ഡോക്ടര്‍ സ്വയം വഹിക്കുകയായിരുന്നു. ഏതൊരു സല്‍ക്കര്‍മത്തിനും ആദ്യ സഹായം തന്റേതായിരിക്കണമെന്ന ഒരു തീരുമാനം ഡോക്ടര്‍ക്കുണ്ടായിരുന്നു.
രോഗികളുടെ ബാഹുല്യവും പാലിയേറ്റീവ് ക്ലിനിക്കില്‍ ഉള്‍പ്പെടേണ്ട രോഗങ്ങളുടെ വര്‍ധിച്ച എണ്ണവും തിരിച്ചറിഞ്ഞതു വഴി പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി വികേന്ദ്രീകരിക്കല്‍ അനിവാര്യമായിരുന്നു. അന്നും ഡോക്ടര്‍ പറഞ്ഞതു ഇതു മഞ്ചേരി ക്ലിനിക്കിന്റെ കീഴിലുള്ള സ്ഥാപനങ്ങളായിട്ടല്ല നമ്മള്‍ തുടങ്ങേണ്ടത് എന്നാണ്. ഓരോ പ്രദേശത്തും സ്വതന്ത്രമായി രൂപീകരിച്ചു രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനകള്‍ വഴിയായിരിക്കണം പാലിയേറ്റീവ് കെയര്‍ വിപുലമായിത്തീരേണ്ടത്. വലിയ നേതാക്കളും വലിയ സ്ഥാപനങ്ങളും ഈ രംഗത്ത് ഉണ്ടാവരുത്. ഇതിന്റെ നേതൃത്വം അവിടെ പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കണം. നാട്ടില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ആളുകളായിരിക്കണമീ സംവിധാനം മുന്നോട്ട് കൊണ്ടു പോകേണ്ടത്. നാട്ടിലെ പ്രമുഖരുടെ ശുപാര്‍ശയില്‍ പരിചരണം നല്‍കുന്ന ഒരു സംവിധാനമായി തീരാതെ ശ്രദ്ധിക്കണം. ഇത്തരം അടിസ്ഥാന മൂല്യങ്ങളാണ് പാലിയേറ്റീവ് ക്ലിനിക്കുകളുടെ നയ രൂപീകരണ രംഗത്തെ കാതല്‍ ആയി ഇന്നും നിലനില്‍ക്കുന്നത്.
1996-2000 കാലത്ത് പാലിയേറ്റീവ് ക്ലിനിക്കുകള്‍ വിപുലമാക്കേണ്ടതിനു വേണ്ടി ഡോക്ടര്‍ മുന്‍കൈ എടുത്തു ധാരാളം പ്രദേശങ്ങളില്‍ മീറ്റിംഗുകളും പരിശീലനങ്ങളും നല്‍കുകയുണ്ടായി. സമൂഹം മെല്ലെ മെല്ലെ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും പിന്തുണ നല്‍കുകയും ചെയ്തു. മഞ്ചേരി പാലിയേറ്റീവ് ക്ലിനിക്കിന്റെ തുടക്കം ഐ എം ബിയും മുജാഹിദ് പ്രസ്ഥാനത്തിന്റെ പിന്തുണയോടും കൂടിയായിരുന്നു. തുടര്‍ന്നും ആദ്യകാല പാലിയേറ്റീവ് ക്ലിനിക്കുകളില്‍ ഭൂരിഭാഗവും ഉയര്‍ന്നു വന്നതും ഇതേ രീതിയില്‍ തന്നെയായിരുന്നു. പള്ളികളില്‍ നിന്നുള്ള സംഭാവനകള്‍, റമദാനിലെ പിരിവുകള്‍, ശബാബ്, പുടവ മുതലായ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങള്‍ മുതലായവ വഴി പ്രസ്ഥാന പ്രവര്‍ത്തകര്‍ ഇതിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പിന്തുണ വലിയതായിരുന്നു.(2)
എന്നാല്‍ സമൂഹത്തില്‍ പാലിയേറ്റീവ് കെയറിന്റെ ആവശ്യകതയുടെ ബാഹുല്യം മനസ്സിലാക്കിയപ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമായി നടത്താന്‍ സാധിക്കുകയില്ല എന്നും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം കൊണ്ടേ ഇതു സാധ്യമാകൂ എന്നും മനസ്സിലാക്കുകയും അങ്ങനെ പാലിയേറ്റീവ് ക്ലിനിക്കുകള്‍ മത രാഷ്ട്രീയ സമുദായ സംഘടനകള്‍ക്കപ്പുറമുള്ള പൊതു വേദികളായി മാറണമെന്നും തീരുമാനിച്ചു. ഈ ആശയത്തിനും ഡോക്ടറുടെ നേതൃത്വമുണ്ടായിരുന്നു.
സാന്ത്വനമേകാന്‍ അയല്‍ കണ്ണികള്‍
മഞ്ചേരി, നിലമ്പൂര്‍ പാലിയേറ്റീവ് ക്ലിനിക്കുകളിലെ വളണ്ടിയര്‍ പങ്കാളിത്തവും ആ കാലങ്ങളില്‍ പ്രാദേശിക വളണ്ടിയര്‍മാര്‍ വഴി രോഗികള്‍ക്ക് വീടുകളില്‍ സഹായങ്ങള്‍ എത്തിക്കുകയും അവരുടെ പരിചരണാവശ്യങ്ങളില്‍ പിന്തുണ നല്‍കിയതും അതു വഴി രോഗിയും കുടുംബവും അനുഭവിച്ച ആശ്വാസവും മനസ്സിലാക്കിയായിരുന്നു 2001-ല്‍ ‘സാന്ത്വനമേകാന്‍ അയല്‍ കണ്ണികള്‍’ (എന്‍ എന്‍ പി സി) രൂപീകരണം. ഇതു പാലിയേറ്റീവ് പരിചരണ രംഗം സമൂഹം ഏറ്റെടുത്ത ഒരു പദ്ധതിയായിരുന്നു. എന്‍ എന്‍ പി സിയുടെ രൂപീകരണത്തിലും മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവജന വിദ്യാര്‍ഥി സംഘടനകള്‍ നല്‍കിയ വളണ്ടിയര്‍ പ്രവര്‍ത്തന രീതിയായിരുന്നു ഒരു മാതൃകയായി നിലനിന്നത്. നിലമ്പൂര്‍ പ്രദേശങ്ങളിലെ സേവന തല്‍പരരായ സംഘടനാ പ്രവര്‍ത്തകര്‍ ഈ രംഗത്ത് വലിയ മാര്‍ഗദര്‍ശനമായിരുന്നു. സംഘടനാ സംവിധാനത്തിന്റെ വിവിധ തലങ്ങളില്‍ പാലിയേറ്റീവ് വളണ്ടിയര്‍മാരെയും ക്ലിനിക്കുകളെയും സംഘടിപ്പിക്കാനും വിഭവ സമാഹരണത്തിനും മുജാഹിദ് പ്രസ്ഥാനം മുന്‍കൈ എടുത്തിറങ്ങിയത് എന്‍ എന്‍ പി സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നേറ്റം നല്‍കുന്നതായിരുന്നു(3). ഡോ. അബ്ദുറഹ്മാന്‍ സാഹിബ് തന്റെ മത നവോത്ഥാന വീക്ഷണങ്ങളും സാമൂഹ്യ സേവന രീതികളും സന്നിവേശിപ്പിച്ചുണ്ടാക്കിയ പല പ്രവര്‍ത്തനങ്ങളും മനുഷ്യരോടുള്ള ഉത്തരവാദിത്തത്തിന്റെ ബോധ്യങ്ങളില്‍ നിന്നായിരുന്നു. പ്രസ്ഥാന രംഗത്തുള്ള ധാരാളം പ്രവര്‍ത്തകര്‍ ഇത് ഒരു ദൗത്യമായി ഏറ്റെടുക്കുകയും ചെയ്തു.
‘അമലുസ്സാലിഹാത്തിന്റെ’ പരമ്പരാഗത കാഴ്ചപ്പാടുകളെ വ്യക്ത്യാധിഷ്ഠിത ആരാധനകള്‍ക്കപ്പുറം സമൂഹത്തിനു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണെന്ന് ഡോക്ടര്‍ നിരന്തരം ഓര്‍മിപ്പിച്ചിരുന്നു. ഡോക്ടറുടെ നേതൃത്വവും പ്രായോഗികവും അര്‍ഥപൂര്‍ണവുമായ ഈ സമീപന-പ്രചരണ രീതികളും കൊണ്ടാണു മലബാറിലെ ആദ്യകാല പാലിയേറ്റീവ് ക്ലിനിക്കുകള്‍ മുജാഹിദ് പ്രവര്‍ത്തകരുടെ ശ്രമഫലമായി ആരംഭിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ സംഘടനാ വളര്‍ച്ചക്കോ നേട്ടത്തിനോ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡോക്ടര്‍ക്ക് നിഷ്‌കര്‍ഷയുണ്ടായിരുന്നു. സംഘടനാ സമിതികളില്‍ തന്നെ ഡോക്ടര്‍ ഈ കാര്യങ്ങളില്‍ നിശിതമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. കാലാന്തരത്തില്‍ സംഘടനാ രംഗത്ത് വന്ന സംഭവ വികാസങ്ങള്‍ പാലിയേറ്റീവ് കെയറിനെ ബാധിക്കാതിരുന്നതില്‍ ഡോക്ടറുടെ ഈ ഉള്‍കാഴ്ച്ച വമ്പിച്ച സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
റഫറന്‍സ്
(1) Poisdeness for Social innovation: The genesis and propagation of Community based Palliative Care in Kerala(India)*Article by Devi Vijay Indian institute of Management Calcutta and Philippe Monin France Management 2018, Vol.21 (4):1329-1356
(2) Ibid
(3) The roll of religious, Social and Political groups in Palliative Care in North Kerala Libby Salnoe and Shabeer Chenganakkattil (Indian Journal of Palliative Care 2005/11/1/P1014
(ഐ എം ബിയുടെയും പാലിയേറ്റീവ് കെയര്‍ സംരംഭങ്ങളുടെയും തുടക്കം മുതല്‍ ഡോക്ടറോടൊപ്പം പ്രവര്‍ത്തിച്ചയാളാണ് ലേഖകന്‍)

Back to Top