23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

പവിത്രമാക്കപ്പെട്ട മാസത്തിലെ പുണ്യകര്‍മങ്ങള്‍

മുസ്തഫ നിലമ്പൂര്‍


പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു എല്ലാറ്റിനെ സംബന്ധിച്ചും സൂക്ഷ്മ ജ്ഞാനിയും നിയന്താവുമാകുന്നു. അവന്റെ ദാസരില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്തങ്ങളായ പ്രകൃതിയും ആയുസ്സും നല്‍കി. ഈ ഉമ്മത്തിന് മുന്‍ സമുദായങ്ങളെ അപേക്ഷിച്ച് ആയുര്‍ ദൈര്‍ഘ്യം കുറവാണ്. അതിനാല്‍ അവരുടെ കര്‍മങ്ങള്‍ക്ക് വിശേഷമേറിയ പ്രതിഫലങ്ങള്‍ അവന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവന്‍ ചില പ്രത്യേക സ്ഥലങ്ങളെയും മാസങ്ങളെയും ദിവസങ്ങളെയും സമയങ്ങളെയും ആദരിച്ചു. അവയോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിശിഷ്ടമായ പ്രതിഫലവും അവന്‍ ഉറപ്പുനല്‍കി. പന്ത്രണ്ട് മാസങ്ങളില്‍ നാലെണ്ണം അവന്‍ പവിത്രമാക്കി. ആ മാസങ്ങള്‍ മാറ്റിമറിക്കാന്‍ അനുവാദമില്ല. അന്ന് യുദ്ധം ചെയ്യാനോ കടന്നാക്രമിക്കാനോ ഒട്ടും പാടുള്ളതല്ല.
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. (വി.ഖു 9:36)
ഇബ്റാഹീം നബി(അ)യുടെ കാലം മുതല്‍ക്കേ കൊല്ലത്തില്‍ ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നീ മാസങ്ങള്‍ യുദ്ധം പാടില്ലാത്ത പവിത്രമാസങ്ങളായി ആചരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഹജ്ജിന് പുറപ്പെടാനും തിരിച്ചു പോരാനും നിഷ്പ്രയാസം സാധിക്കും. ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ തിരുമേനി അക്കാര്യം വ്യക്തമാക്കുകയും ചെയ്തു: ”നിശ്ചയമായും കാലം, അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെ പോലെ തിരിഞ്ഞു വന്നിരിക്കുന്നു. ഒരു കൊല്ലം പന്ത്രണ്ട് മാസം. അതില്‍ നാലെണ്ണം ഹറാം ആയവ (അലംഘനീയമായ പവിത്രമാസങ്ങള്‍). മൂന്നെണ്ണം തുടര്‍ച്ചയായുള്ളവയാണ്. അതായത്, ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവ. (നാലാമത്തേത്) ജുമാദായുടെയും ശഅ്ബാന്റെയും ഇടയിലുള്ള മുള്വര്‍ ഗോത്രത്തിന്റെ റജബും.” (ബുഖാരി. മുസ്ലിം)
ഹജ്ജിന്റെ കര്‍മങ്ങളും, ഓരോന്നിനും നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങളെയും സമയങ്ങളെയും അവന്‍ ആദരിച്ചിരിക്കുന്നു. പരിപാവന വസ്തുക്കളായി അല്ലാഹു നിശ്ചയിച്ചിട്ടുള്ളതിനെ ബഹുമാനിക്കുകയെന്നത് അവന്റെ അടുക്കല്‍ വളരെ പ്രധാനപ്പെട്ട പുണ്യകര്‍മമാണ്. അത് (നിങ്ങള്‍ ഗ്രഹിക്കുക.) അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും. (22:30) അത് (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ. (22:32)
ദുല്‍ഹജ്ജ്
ശ്രേഷ്ഠതകള്‍

അല്ലാഹു പവിത്രമാക്കിയ മാസത്തില്‍ ഉള്‍പ്പെട്ടതും അവനോടുള്ള ആരാധനയും അവന്റെ ചിഹ്നങ്ങളും യോജിച്ചുവരുന്നതും ഹജ്ജുമായി ബന്ധപ്പെട്ട ദിവസങ്ങള്‍ ഉള്‍പ്പെടുന്നതുമാണ് ഈ മാസം. ഈ മാസത്തെ ആദ്യത്തെ പത്ത് ദിനങ്ങളും തുടര്‍ന്നുവരുന്ന മൂന്ന് ദിവസങ്ങളും സവിശേഷതകള്‍ ഏറെയുണ്ട്. വിശുദ്ധ ഖുര്‍ആന്‍ 89:2, 22:28 വചനങ്ങളില്‍ പരാമര്‍ശിച്ചത് ദുല്‍ഹിജ്ജ ആദ്യ പത്ത് ദിനങ്ങളാണ് എന്ന് അഭിപ്രായമുണ്ട്. 89:3 വചനത്തിലെ ‘ഇരട്ട’ ബലി ദിനവും ‘ഒറ്റ’ അറഫാ ദിനവുമാണെന്ന് ജാബിറുബ്‌നു അബ്ദുല്ല(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നു. വി ഖു 85:3 പരാമര്‍ശിച്ച സാക്ഷ്യം വഹിക്കപ്പെടുന്നത് എന്നതിന്റെ താല്‍പര്യം അറഫാ ദിനമാണെന്ന് അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതില്‍ നിന്നെല്ലാം ദുല്‍ഹിജ്ജ പത്ത് ദിനങ്ങളുടെ മഹത്വം ഗ്രഹിക്കാവുന്നതാണ്. ഇബ്‌നു അബ്ബാസ് ഉദ്ധരിക്കുന്നു: ദിവസങ്ങളില്‍ ഈ ദിവസങ്ങളെക്കാള്‍ (അതായത് ദുല്‍ഹിജ്ജ ആദ്യ പത്ത്) ശ്രേഷ്ഠമായ മറ്റൊരു ദിനവും ഇല്ല എന്ന് നബി(സ) പറഞ്ഞു. സ്വഹാബികള്‍ ചോദിച്ചു: ജിഹാദും ഇല്ലയോ നബിയേ? അവിടുന്ന് പറഞ്ഞു: അതെ. (ബുഖാരി).
ചില റിപ്പോര്‍ട്ടുകളില്‍ ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങള്‍ എന്നും മറ്റു ചിലതില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും പ്രിയങ്കരമായത് എന്നും മറ്റു ചിലതില്‍ ഏറ്റവും വിശുദ്ധമായത് എന്നും വന്നിട്ടുണ്ട്.
ഉഖ്ബത്ബിന്‍ ആമിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: അറഫാദിനം, അറവ് ദിനം, തശ്‌രീഖിന്റെ ദിനങ്ങള്‍ എന്നിവ ഇസ്ലാമിക സമൂഹമായ നമ്മുടെ ആഘോഷ ദിവസങ്ങളാണ്. (അബൂദാവൂദ്, തിര്‍മിദി, നസാഈ)
വിശുദ്ധ ഖുര്‍ആന്‍ 5:3നെ സംബന്ധിച്ച് ഒരു ജൂതന്‍ ഉമറിനോട്(റ) പറഞ്ഞു: ഈ വചനം അവതരിപ്പിച്ചത് ഞങ്ങളില്‍ ആയിരുന്നെങ്കില്‍ ഞങ്ങള്‍ അന്ന് ആഘോഷദിനം ആക്കുമായിരുന്നു. ഉമര്‍(റ) പറഞ്ഞു: അത് ഞങ്ങളുടെ ആഘോഷ ദിവസത്തില്‍ തന്നെയാണ് അവതരിപ്പിക്കപ്പെട്ടത്. ഹാജിമാരെ സംബന്ധിച്ച് ദുല്‍ഹിജ്ജ ഒമ്പത് ആഘോഷത്തിന്റെ ദിനം തന്നെയാണ്.
ഹജ്ജ് ചെയ്യുന്നവരെ സംബന്ധിച്ച് ദുല്‍ഹിജ്ജ എട്ട് മുതല്‍ 13 കൂടിയ ദിവസങ്ങള്‍ ഏറെ പ്രാധാന്യമുള്ളതും തക്ബീര്‍, തഹ്‌ലീല്‍, തല്‍ബിയത്ത് തുടങ്ങി ദൈവ സ്മരണ കൊണ്ട് സജീവമായി പ്രയത്‌നിക്കുന്നതുമാണ്. പ്രാര്‍ഥനകള്‍ മുഖേന അവന്റെ പ്രീതി നേടുന്നതിനേക്കാള്‍ ആഘോഷം മറ്റെന്തിനാണുണ്ടാവുക?
അറഫാദിനം
ദുല്‍ഹിജ്ജ ഒമ്പതിന് അറഫയില്‍ നില്‍ക്കലാണ് ഹജ്ജിലെ ഏറ്റവും പ്രധാനമായ കര്‍മ്മം. തക്ബീറും തഹലീലും തല്‍ബിയത്തും ചൊല്ലാം. അല്ലാഹുവിങ്കല്‍ അറഫാ ദിവസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു ദിവസം ഇല്ല. അന്നത്തെ പ്രാര്‍ഥനയേക്കാള്‍ ശ്രേഷ്ഠമായ പ്രാര്‍ഥന ഇല്ല. അന്ന് അല്ലാഹു ഭൂമിയുടെ ആകാശത്തേക്ക് വരും. എന്നിട്ട് ആകാശവാസികളോട് ഭൂനിവാസികളെക്കുറിച്ച് അഭിമാനം കൊള്ളും. അവന്‍ പറയും: എന്റെ അടിമകളേ, നിങ്ങള്‍ നോക്കൂ! ജഡ പിടിച്ചും പൊടിപുരണ്ടും അവര്‍ എന്റെ കാരുണ്യം മാത്രം കാംക്ഷിച്ചുകൊണ്ട് വന്നിരിക്കുകയാണ്. വിദൂരമായ എല്ലാ മാര്‍ഗങ്ങളിലൂടെയും അവര്‍ വന്നിരിക്കുന്നു.
എന്റെ ശിക്ഷ അവര്‍ കണ്ടിട്ടില്ല. അവരോടായി നാഥന്‍ പറയും: നിങ്ങളുടെ പാപം മണല്‍ത്തരികളോളം ഉണ്ടെങ്കിലും അല്ലെങ്കില്‍ മഴത്തുള്ളികളോളമാണെങ്കിലും അതുമല്ലെങ്കില്‍ സമുദ്രത്തിലെ നുരകളോളം ഉണ്ടെങ്കിലും ഞാനത് പൊറുക്കുക തന്നെ ചെയ്യും. നിങ്ങള്‍ക്കും നിങ്ങള്‍ ശുപാര്‍ശ പറഞ്ഞവര്‍ക്കും പൊറുക്കപ്പെട്ടവരായി നിങ്ങള്‍ ഒഴുകിക്കൊള്ളുക. (ത്വബ്‌റാനി)
ആഇശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹു അറഫാ ദിവസത്തേക്കാള്‍ കൂടുതല്‍ നരകത്തില്‍ നിന്ന് അടിമകളെ മോചിപ്പിക്കുന്നതു പോലെ മറ്റൊരു ദിവസവും മോചിപ്പിക്കുന്നില്ല. അന്ന് അവന്‍ അവരോട് കൂടുതല്‍ അടുത്തു വരികയും അവരുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാനം കൊള്ളുകയും ചെയ്യും. (മുസ്ലിം)
ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്ക് അറഫ ദിനം നോമ്പ് അനുഷ്ഠിക്കല്‍ സുന്നത്താണ്. അറഫാ ദിവസത്തെ നോമ്പ് കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ രണ്ടു വര്‍ഷത്തെ പാപം പൊറുപ്പിക്കും.
ഹജ്ജുല്‍ അക്ബര്‍
ദുല്‍ഹിജ്ജ പത്ത് യൗമുന്നഹ്ര്‍ ആണ്. അഥവാ ബലിയറുക്കുന്ന ദിനം. അന്നുതന്നെയാണ് ഹജ്ജുല്‍ അക്ബര്‍. ചിലര്‍ ധരിച്ചതുപോലെ അറഫാദിവസം വെള്ളിയാഴ്ചയായി വരുന്ന കൊല്ലങ്ങളിലെ ഹജ്ജിനുള്ള പ്രത്യേക നാമമോ വിശേഷണമോ അല്ല ഹജ്ജുല്‍ അക്ബര്‍. ദുല്‍ഹജ്ജ് ഒമ്പതാം ദിവസമായ അറഫാ ദിനത്തെ ഉദ്ദേശിച്ചും, പത്താം ദിവസമായ പെരുന്നാള്‍ ദിനത്തെ ഉദ്ദേശിച്ചും, തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളായ അയ്യാമുത്തശ്രീഖിനെ ഉദ്ദേശിച്ചും ഇങ്ങനെ ഉപയോഗിക്കാറുണ്ട്.
ഉംറ കര്‍മത്തെപ്പറ്റി ചെറിയ ഹജ്ജ് എന്ന് പറയാറുള്ളതുകൊണ്ട് അതല്ല ഉദ്ദേശ്യമെന്ന് വ്യക്തമാക്കാനും ഹജ്ജുല്‍ അക്ബര്‍ എന്ന് പ്രയോഗിക്കും, ഹജ്ജിന്റെ പ്രധാനവും കൂടുതലുമായ കര്‍മങ്ങള്‍ നടക്കുകയും ജനങ്ങളെല്ലാം മിനായില്‍ ഒരുമിച്ചുകൂടുകയും ചെയ്യുന്നത് പെരുന്നാള്‍ ദിവസമായതുകൊണ്ടായിരിക്കാം ദുല്‍ഹിജ്ജ പത്തിനെ പ്രത്യേകമായി ഇപ്രകാരം അറിയപ്പെടുന്നത്. (അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍)
ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) ഹജ്ജ് ചെയ്ത സമയത്ത് ദുല്‍ഹിജ്ജ പത്തിന് അവിടുന്ന് ചോദിച്ചു: ഇന്ന് ഏതാണ് ദിവസം? അവര്‍ പറഞ്ഞു: അറവ് ദിനം. അവിടുന്ന് പറഞ്ഞു: ഇത് ഹജ്ജുല്‍ അക്ബര്‍ (അബൂദാവൂദ് 1945)
നബി(സ)യുടെ ഹജ്ജ് വേളയില്‍, ദുല്‍ഹിജ്ജ പത്തിന് ജംറകള്‍ക്കിടയില്‍ നിന്നുകൊണ്ട് നബി(സ) പറഞ്ഞു: ഇന്ന് ഹജ്ജുല്‍ അക്ബറിന്റെ ദിനമാണ്. (ബുഖാരി 1742)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x