19 Sunday
May 2024
2024 May 19
1445 Dhoul-Qida 11

അനാഥനായ പൗത്രന്റെ സ്വത്തവകാശം

പി മുസ്തഫ നിലമ്പൂര്‍


ഇസ്‌ലാമിക നിയമസംഹിതകള്‍ സ്രഷ്ടാവും സര്‍വജ്ഞനുമായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതാണ്. അതിലെ നിയമനിര്‍ദേശങ്ങള്‍ പരസ്പരബന്ധിതങ്ങളും പരസ്പരപൂരകങ്ങളുമാണ്. യുക്തിസഹമായ ബന്ധങ്ങളുടെ അതിസൂക്ഷ്മമായ പാരസ്പര്യമായി അവ നിലകൊള്ളുന്നു.
മുസ്‌ലിംകളുടെ മനസ്സില്‍ ശങ്ക വളര്‍ത്താനും പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കാനും ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവര്‍ കഥയറിയാതെ ആടുകയോ സ്വാര്‍ഥതാല്‍പര്യങ്ങളെ താലോലിക്കുയോ െചയ്യുന്നവരാണ്. ഇസ്‌ലാമിന്റെ നിയമസംഹിതകളില്‍ ഏറെ വിമര്‍ശിക്കപ്പെട്ട മേഖലയാണ് അനന്തരാവകാശവുമായി ബന്ധപ്പെട്ടത്. സ്ത്രീകള്‍ക്ക് പുരുഷനേക്കാള്‍ കുറവാണ് അനന്തര സ്വത്ത് എന്ന് ഗീര്‍വാണം മുഴക്കുന്നവര്‍ക്ക് കൃത്യമായ വസ്തുത (ശബാബ് 2021 ഫെബ്രുവരി 12, 2022 ഒക്‌ടോബര്‍ 28) വ്യക്തമാക്കിയിട്ടുണ്ട്.
അനാഥ പൗത്രന് അനന്തരസ്വത്തില്ല എന്ന് വിളിച്ചുകൂവുന്ന ജല്‍പനങ്ങള്‍ ബുദ്ധിശൂന്യമാണ്. വ്യക്തി-സമൂഹജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്തുന്ന നിയമങ്ങളാവണം ഉണ്ടാകേണ്ടത്. അരാജകത്വം മനസ്സിനെയും ജീവിതത്തെയും അസ്വസ്ഥമാക്കുകയും സമൂഹത്തിന്റെ ധ്വംസനത്തിനു തന്നെ കാരണമാവുന്നതുമായേക്കാം. അതിനാല്‍ സ്വസ്ഥവും സുഭദ്രവുമായ സാമൂഹിക സുരക്ഷ ലക്ഷ്യമാക്കിയാണ് ഇസ്‌ലാം കുടുംബബന്ധത്തെ സമന്വയിപ്പിച്ചത്.
അനന്തരാവകാശം സ്ഥാപിതമാകുന്നത് ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കാണ്. ആരുടെയും കഷ്ടതാ നിവാരണത്തിനോ അനാഥസംരക്ഷണത്തിനോ, ആവശ്യങ്ങളോ അവകാശങ്ങളോ പരിഗണിച്ചോ അല്ല. അനന്തരാവകാശികള്‍ അടുത്ത ബന്ധുക്കളാണെങ്കില്‍ നിര്‍ണിതമായ ഓഹരി അവര്‍ക്കുണ്ട്. ബന്ധുക്കള്‍ അകന്ന ബന്ധുക്കളുടെ അവകാശത്തെ നഷ്ടപ്പെടുത്തും. മരണമടഞ്ഞ വ്യക്തിക്ക് ഉപകാരം ചെയ്യുന്നതില്‍ ഏറ്റവും ബാധ്യതപ്പെട്ടവരെ പരിഗണിച്ചാണ് ദായധനക്രമം ക്രമീകരിച്ചിട്ടുള്ളതെന്ന് ആര്‍ക്കും ഗ്രഹിച്ചെടുക്കാം.
പിതാമഹന്റെ സ്വത്തില്‍ അനാഥ പൗത്രന് അവകാശമില്ലെന്ന് മുറവിളി കൂട്ടുന്നവര്‍, ലോകത്ത് ഏത് ദായധന നിയമത്തിലാണ് അവശതകള്‍ നോക്കി ഓഹരി നിര്‍ണയം നടത്തിയിട്ടുള്ളതെന്ന് ചിന്തിക്കട്ടെ. സ്വത്തവകാശത്തിന്റെ നിര്‍ണിത ഓഹരിയില്‍ പൗത്രനെ ഉള്‍പ്പെടുത്താതിരുന്നത് ജഗന്നിയന്താവായ സര്‍വജ്ഞന്റെ നിയമത്തിന്റെ അജയ്യതയാണ് അറിയിക്കുന്നത്. അടുത്ത ബന്ധുക്കളുടെ ഓഹരി കുറവു വരുത്തി അകന്ന ബന്ധുനിരയെ അതിസമ്പന്നരാക്കുക എന്ന അനീതി സംഭവിക്കാതിരിക്കുന്നതിനു വേണ്ടിയാണത്.
ഒരാളുടെ മക്കളില്‍ ഒരാള്‍ പിതാവ് ജീവിച്ചിരിക്കെ മരണമടഞ്ഞു; മരണമടഞ്ഞ വ്യക്തിയുടെ സന്തതികള്‍ ജീവിച്ചിരിപ്പുണ്ട്; ഈ ജീവിച്ചിരിപ്പുള്ള സന്തതികള്‍ക്ക് മരണമടഞ്ഞ വ്യക്തിയുടെ സ്വത്തില്‍ നിന്നുതന്നെ കൃത്യമായ അവകാശം ലഭിക്കും. ആ സ്വത്തിന്റെ കൂടെ മരണമടഞ്ഞ വ്യക്തിയുടെ പിതാവിന്റെ സ്വത്ത് മരണമടഞ്ഞ മകന്‍ ജീവിച്ചിരുന്നുവെങ്കില്‍ ലഭ്യമാകേണ്ടുന്ന ധനം കൂടി പൗത്രനു ലഭിച്ചാല്‍, അടുത്ത ബന്ധുക്കളായവരുടെ അവകാശത്തില്‍ കുറവു വരുത്തുകയും അകന്ന നിരയിലുള്ളവര്‍ക്ക് അനര്‍ഹമായ പരിഗണന കൊടുക്കുകയും ചെയ്യും.
അത് കൂടാതെ മരണമടഞ്ഞ അനന്തരാവകാശികളെയെല്ലാം അവകാശിപ്പട്ടികയില്‍ ചേര്‍ത്താല്‍ അപ്രായോഗിക സാഹചര്യങ്ങളാണ് ഉടലെടുക്കുക. പിതാവ് മരണമടഞ്ഞതിനാല്‍ സ്വത്ത് ലഭിച്ചാല്‍ പിതാവ് ജീവിച്ചിരിക്കുന്ന കാരണത്താല്‍ പൗത്രനിലേക്ക് സ്വത്ത് എത്തുകയുമില്ല. ഇവിടെത്തന്നെ അനീതി സംഭവിച്ചു. മാത്രമല്ല, പിതാവിനെ പരിചരിക്കാന്‍ ഏറ്റവും ബന്ധപ്പെട്ടവരെ അവഗണിക്കലുമാണത്. കൂടാതെ, മരണമടഞ്ഞ മകന് രണ്ടു ഭാര്യമാരുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്കും ഈ സ്വത്തിന്റെ വിഹിതം ലഭിക്കേണ്ടിവരില്ലേ? സര്‍വജ്ഞനായ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ പ്രയോജനപ്രദം തന്നെ.
മരണമടഞ്ഞ മകന്‍ സമ്പാദ്യങ്ങള്‍ ഒന്നുമില്ലാതെയാണ് മരണമടഞ്ഞതെങ്കില്‍ അനാഥനായ പൗത്രനെ സംരക്ഷിക്കേണ്ട ബാധ്യത പിതാമഹനാണ്. അതുകൊണ്ടുതന്നെ ആ മക്കള്‍ക്കു വേണ്ടി വസിയ്യത്ത് ചെയ്യേണ്ടതാണ്. വസിയ്യത്തില്‍ അവശതകളും പ്രയാസങ്ങളും പരിഗണിച്ചുകൊണ്ടാണ് ദായക്രമം ചെയ്യേണ്ടത്. അവകാശിയാണെങ്കില്‍ ഒരുപക്ഷേ നിര്‍ണിത ഓഹരി ലഭിച്ചിരുന്നുവെങ്കില്‍ ലഭിക്കുന്നതിനേക്കാള്‍ വസിയ്യത്തിലൂടെ ഈ പൗത്രന് ലഭിച്ചേക്കാം. അവന്റെ പിതാവ് സ്വത്ത് ബാക്കിവെച്ചാണ് മരണമടഞ്ഞതെങ്കില്‍ വസിയ്യത്ത് തദനുസൃതമായ സാഹചര്യപ്രകാരം ചെയ്യാവുന്നതാണ്. വസിയ്യത്ത് സൂക്ഷ്മത പുലര്‍ത്തുന്നവരുടെ മേല്‍ നിര്‍ബന്ധ ബാധ്യതയാണെന്ന് ഖുര്‍ആന്‍ (2:180) വ്യക്തമാക്കിയിട്ടുണ്ട്.
സ്വത്ത് ഓഹരി വെക്കുന്നതിനു മുമ്പ് പരിഗണിക്കുന്ന അവകാശമാണ് വസിയ്യത്ത്. കടബാധ്യതയും വസിയ്യത്തും പൂര്‍ത്തീകരിച്ച ശേഷമാണ് അനന്തരസ്വത്ത് വിഭജിക്കുന്നത്. അനാഥനായ പൗത്രന്‍ അര്‍ഹനാണെങ്കില്‍ വസിയ്യത്ത് പ്രകാരം ഓഹരി വെച്ച് ബാക്കിയുള്ളതേ ബന്ധുക്കള്‍ക്ക് ഓഹരിയായി ലഭിക്കുകയുള്ളൂ. ഇബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു: വസിയ്യത്ത് ചെയ്യാന്‍ വല്ലതുമുള്ള മുസ്‌ലിമിന്, വസിയ്യത്ത് എഴുതിവെക്കാതെ രണ്ടു രാവ് കഴിയാന്‍ അവകാശമില്ല (ബുഖാരി 2738, മുസ്‌ലിം 1627).
വസിയ്യത്തിന്റെ ഹുക്മ് സംബന്ധമായി ഭിന്നവീക്ഷണങ്ങളുണ്ടെങ്കിലും ഇബ്‌നു ഉമര്‍, ത്വല്‍ഹ, സുബൈര്‍, അബ്ദുല്ലാഹിബ്‌നു ഉബയ്യ് തുടങ്ങി ഒട്ടേറെ മഹാന്മാര്‍ക്ക് അതു നിര്‍ബന്ധമാണെന്ന വീക്ഷണമാണ്. ഖുര്‍ആനിന്റെ കല്‍പനയില്‍ നിന്ന് അതാണ് മനസ്സിലാവുന്നത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x