തൗഹീദ് പൗരോഹിത്യത്തില്‍ നിന്നുള്ള വിമോചനം
ജംഷിദ് നരിക്കുനി
മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്നതും ഏകനായ രക്ഷിതാവിന്റെ വിനീത ദാസന്മാരായി നേരെ ചൊവ്വെ നിലകൊള്ളാന്‍ കെല്‍പ് നല്‍കുന്നതുമായ വിമോചനത്തിന്റെ പേരാണ് തൗഹീദ്. ആദിമ മനുഷ്യനായ ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) വരെയുള്ള സകല പ്രവാചകന്മാരും മാനവ സമൂഹത്തെ പഠിപ്പിച്ച ഇസ്‌ലാമിന്റെ അടിസ്ഥാനാശയമാണത്. തൗഹീദ് എന്ന അച്ചുതണ്ടിലാണ് ഇസ്‌ലാമിക ജീവിതം കറങ്ങുന്നത്. ജീവിതത്തിന്റ നിഖില മേഖലകളെയും ചൂഴ്ന്നുനില്‍ക്കുന്ന ആശയമാണത്. സൃഷ്ടിച്ചവനായ നാഥനെ ഏകനായും പരാശ്രയമുക്തനായും മഴ വര്‍ഷിപ്പിക്കുന്നവനായും നിയന്താവായും ഉള്‍ക്കൊണ്ട് ആരാധനകളും പ്രാര്‍ഥനകളും നേര്‍ച്ചകളും അവനിലേക്ക് മാത്രം അര്‍പ്പിച്ച് മുന്നോട്ടുപോകുന്നവനാണ് സത്യവിശ്വാസി.
അല്ലാഹുവിന്റെ ഏകത്വത്തിലുള്ള വിശ്വാസമാണ് തൗഹീദുല്‍ ഉലൂഹിയ്യ. സൃഷ്ടിച്ചവനായ നാഥന്‍ ഏകനാണെന്നും ആരാധനകളഖിലവും അവനോട് മാത്രമായിരിക്കണം എന്നതുമാണത്. മനുഷ്യന്റെ പ്രവര്‍ത്തനമാണിതില്‍ ഉള്‍ക്കൊള്ളുന്നത്. അതായത് മനുഷ്യന്‍ അവന്റെ സകല തേട്ടങ്ങളും അവനിലേക്ക് മാത്രം തിരിക്കുന്നു. ആവശ്യങ്ങള്‍ അവനോടുമാത്രം ചോദിക്കുന്നു. തൗഹീദുര്‍റുബൂബിയ്യത്തില്‍ റബ്ബ് അല്ലാഹുവാണ് എന്ന ആശയമാണ്. അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളാണതില്‍ കാണാനാവുക. സൃഷ്ടിക്കുക, മഴ വര്‍ഷിപ്പിക്കുക, ആഹാരം നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ ഇനത്തില്‍ പെടും. തൗഹീദുല്‍ അസ്മാഉ വസ്സ്വിഫാത്ത് എന്നത് അല്ലാഹുവിന്റെ നാമങ്ങളും ഗുണവിശേഷങ്ങളും ഉള്‍ക്കൊള്ളുന്നതാണ്.
തൗഹീദിനെക്കുറിച്ചുള്ള ദൃഢബോധ്യവും അറിവും എപ്പോഴും സത്യവിശ്വാസികള്‍ക്ക് നിര്‍ഭയത്വവും സമാധാനവും നല്‍കും. അലസതയും മടിയും മാറ്റി കര്‍മോത്സുകതയിലേക്ക് അത് നയിക്കും. പ്രാകൃതരായിരുന്ന അറബികളെ പരുപരുത്ത മരുപ്പറമ്പുകളില്‍ നിന്ന് വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും മരുപ്പച്ചയിലേക്ക് വഴിനടത്തിയത് തൗഹീദിന്റെ സാരം ഉള്‍ക്കൊണ്ടപ്പോഴായിരുന്നു.
പ്രപഞ്ചനാഥന്‍ ഏകനാണെന്ന് വിശ്വസിക്കുന്നതിലൂടെ മനുഷ്യന്റെ ആരാധനകളും തേട്ടങ്ങളും അവനിലേക്ക് മാത്രമായി തിരിയുന്നു. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഒന്നിലധികം ശക്തികള്‍ ഉണ്ടായിരുന്നുവെങ്കില്‍, അവരുടെ ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ ഒരുപാട് കുഴപ്പങ്ങള്‍ക്കിട വരുത്തുമായിരുന്നു. ”ആകാശ ഭൂമികളില്‍ അല്ലാഹുവല്ലാത്ത ദൈവമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു” (വി.ഖു 21:22)
പല ഭാഷകളിലും പല പേരുകളിലുമാണ് ആ ഏക ഇലാഹിനെ വിളിക്കുന്നത്. സംസ്‌കൃതത്തില്‍ ‘പരബ്രഹ്മം’,’പരമാത്മാവ്” എന്നൊക്കെ വിളിക്കപ്പെടുന്ന ദൈവത്തിന് ഖുര്‍ആനില്‍ പറയുന്ന പേര് അല്ലാഹു എന്നാണ്. ഈ പ്രപഞ്ചത്തില്‍ എല്ലാറ്റിലും ബഹുത്വം കാണാന്‍ കഴിയും. പദാര്‍ഥങ്ങള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവിലും ഈ ബഹുത്വം കാണാനാവും. ‘ഏകന്‍’ എന്ന വിശേഷണത്തിന്നര്‍ഹന്‍ അല്ലാഹു മാത്രമാണ്.
ഈ പ്രപഞ്ചം തന്നെ സത്യപ്പെടുത്തുന്ന ഏകഇലാഹിനെ തമസ്‌കരിക്കുന്നതും അവന്റെ നിയമനിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ത്ത് സ്വയം വളര്‍ച്ചയ്ക്കു വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്നതും ഇന്ന് വളരെ വ്യാപകമാണ്. ലോകത്തെ ഇന്ന് നയിച്ചുകൊണ്ടിരിക്കുന്നത് ആത്മീയതയെ മറയാക്കിയുള്ള മുതലാളിത്ത താല്പര്യങ്ങളാണ്. പൗരോഹിത്യം തടിച്ചു കൊഴുക്കുന്നത് ആത്മീയതയുടെ ലേബലിലാണ്. മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനെന്ന മട്ടില്‍ കടന്നുവരുന്ന പൗരോഹിത്യം മനുഷ്യന്റെ വിശ്വാസത്തെ പല വിധത്തിലാണ് ചൂഷണം ചെയ്യുന്നത്.
പാപികളായ മനുഷ്യര്‍ എങ്ങനെയാണ് ദൈവത്തിലേക്ക് നേരിട്ട് തങ്ങളുടെ ആവശ്യങ്ങളും ആവലാതികളും ബോധിപ്പിക്കുക എന്ന തെറ്റായ ചിന്തയാണ് മനുഷ്യനും ദൈവത്തിനുമിടയില്‍ ഇടയാളന്മാരെയും ശുപാര്‍ശകരെയും ഉണ്ടാക്കിത്തീര്‍ക്കുന്നത്. ഈ ഇടയാളന്മാരാണ് മനുഷ്യരെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുന്നത്. എല്ലാ മതങ്ങളിലും ഇത്തരം ചൂഷണം നടന്നു വരുന്നുണ്ട്. പുരോഹിതന്മാരിലും പണ്ഡിതന്മാരിലും പെട്ട ചിലര്‍ മനുഷ്യരെ വഴികേടിലേക്ക് നയിക്കുന്നുവെന്ന വിശുദ്ധ ഖുര്‍ആനിന്റെ സൂചന ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. അഗ്നിയാരാധനയുടെ ഭാഗമായ നിലവിളക്ക് ഇന്നും ചില മുസ്‌ലിം പള്ളികളിലെ ജാറങ്ങളില്‍ കൊളുത്തപ്പെടുന്നത് നാം കാണുന്നു. പുണ്യകരമായ ദിക്‌റുകളും സ്വലാത്തുകളും കച്ചവടമാക്കി മാറ്റിയതും മറ്റാരുമല്ല. പലരാല്‍ വിരചിതമായ മാലകളും മൗലിദ് ഈരടികളും പാരായണം ചെയ്താല്‍ പുണ്യം കിട്ടുമെന്ന് പലരും പഠിപ്പിച്ചു. ഇസ്‌ലാം കര്‍ശനമായി വിലക്കിയ ബഹുദൈവ വിശ്വാസങ്ങള്‍ ഇസ്‌ലാമിന്റെ ചിഹ്നങ്ങളായി പഠിപ്പിക്കപ്പെട്ടു. നേര്‍ച്ചയും പൂരവും പള്ളിപ്പെരുന്നാളുമൊക്കെ മതത്തിന്റെ മേലൊപ്പ് ചാര്‍ത്തി സമൂഹത്തില്‍ ഇന്നും തുടര്‍ന്നുവരുന്നു. കോടികളുടെ ബിസിനസാണ് ഇവിടെയെല്ലാം നടന്നു വരുന്നത്. ആഗ്രഹ സഫലീകരണത്തിനും അഭിലാഷ പൂര്‍ത്തീകരണത്തിനും ഇന്ന് പലവിധ യന്ത്രങ്ങളാണ് വിപണിയിലുള്ളത്.
ക്രിസ്തീയ ധ്യാനകേന്ദ്രങ്ങള്‍ മുതല്‍ മാതാ അമൃതാനന്ദമയിയുടെ ധ്യാനകേന്ദ്രങ്ങള്‍ വരെ എത്തിനില്‍ക്കുന്ന ആത്മീയതയുടെ പുറംമോടി പ്രദര്‍ശിപ്പിക്കുന്ന ഇടങ്ങള്‍ ഇന്ന് വര്‍ധിച്ചു വരികയാണ്. ഇവിടങ്ങളിലെല്ലാം നടക്കുന്ന സാമ്പത്തിക – ലൈംഗിക ചൂഷണങ്ങള്‍ വളരെ അപൂര്‍വമായേ പുറത്തുവരാറുള്ളൂ. അന്ധവിശ്വാസങ്ങളോടും അനാശാസ്യ പ്രവര്‍ത്തനങ്ങളോടും ഭരണകൂടം ഒരിക്കലും നേരിട്ട് ഏറ്റുമുട്ടാറില്ല. ഒരു നുകത്തില്‍ കെട്ടിയ രണ്ട് കാളകളെപ്പോലെയാണ് മുതലാളിത്തവും പൗരോഹിത്യവും ലോകത്ത് പ്രവര്‍ത്തിച്ചു വരുന്നത്. മുതലാളിത്തം ആവശ്യങ്ങളെ ഉല്‍പാദിപ്പിക്കുമ്പോള്‍ അത്തരം ആവശ്യങ്ങള്‍ സാധിച്ചെടുക്കുമ്പോഴുണ്ടാകാനിടയുള്ള മനുഷ്യന്റെ അസ്വസ്ഥതകളെയും പ്രയാസങ്ങളെയും കണ്ടെത്തി ചൂഷണം ചെയ്യുക എന്നതാണ് പൗരോഹിത്യം ചെയ്തു വരുന്നത്.
വിദ്യാസമ്പന്നത കൊണ്ട് ലോകത്തെ തന്നെ വിസ്മയിപ്പിച്ചവരാണ് ആത്മീയ ചുഷണത്തിന്റെ വലയില്‍ ആദ്യം ചെന്നുവീഴുന്നത് എന്നത് നമ്മെ അമ്പരപ്പിക്കുന്നു. അല്ലാഹു പഠിപ്പിച്ച ആത്മീയ വഴിയുടെ അലകും പിടിയും മാറ്റി പുതിയവ പ്രതിഷ്ഠിച്ചപ്പോഴാണ് പോരായ്മകള്‍ സമൂഹത്തില്‍ പ്രകടമായത്. ശുദ്ധമായ തൗഹീദിലേക്കും ശരിയായ ദൈവവിശ്വാസത്തിലേക്കും ജനങ്ങള്‍ വഴിമാറിയാല്‍ ഉണ്ടാവുന്ന നഷ്ടമാണ് പൗരോഹിത്യത്തെ ആകുലപ്പെടുത്തുന്നത്. ഈ ആത്മീയ കച്ചവടത്തില്‍ എത്രയെത്ര ജീവനുകളാണ് ഹോമിക്കപ്പെടുന്നത്. എത്ര പേരുടെ അഭിമാനമാണ് തകര്‍ക്കപ്പെടുന്നത്.
മനുഷ്യനും ദൈവവുമായുള്ള ബന്ധത്തെ യഥാര്‍ഥ രൂപത്തില്‍ മനസ്സിലാക്കിയാല്‍ മാത്രമേ ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവൂ. അല്ലാഹുവിന്റെ തീരുമാനത്തിനപ്പുറം ഒന്നും നടക്കില്ലെന്നും ഈ ലോകജീവിതം പരീക്ഷണമാണെന്നും, സമ്പന്നതയും ദാരിദ്ര്യവുമെല്ലാം അതിന്റെ ഭാഗമാണെന്നും തിരിച്ചറിയപ്പെടണം. മതം ഉദരപൂരണത്തിനുള്ള ഉപാധിയാക്കുമ്പോഴാണ് മതത്തിലില്ലാത്ത പുതിയ ആചാരങ്ങള്‍ അനുഷ്ഠിക്കേണ്ടി വരുന്നത്. ദൈവത്തിന്റെ ഗുണവിശേഷങ്ങള്‍ സൃഷ്ടികളിലൊരാള്‍ക്കും വകവെച്ചുകൊടുക്കാന്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നില്ല.
ദിവ്യബോധനം ലഭിച്ച പ്രവാചകന്മാര്‍ക്കു പോലും ‘ദിവ്യത്വം’ ഒരിക്കലും ലഭിച്ചിട്ടില്ല. ”നബിയേ, പറയുക. ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു” (വി.ഖു 18:110)
മനുഷ്യരില്‍ ചിലരെങ്കിലും സായൂജ്യമടയുന്ന ആള്‍ദൈവങ്ങള്‍ സ്വന്തം കാര്യങ്ങള്‍ക്കു പോലും അന്യരെ ആശ്രയിക്കേണ്ടവരാണെന്ന് നാം മറന്നുപോകുന്നു. ”അവനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ കഴിയില്ല. സ്വദേഹങ്ങള്‍ക്ക് തന്നെയും അവര്‍ സഹായം ചെയ്യുകയില്ല” (വി.ഖു 7:197)
മനുഷ്യരില്‍ ചിലര്‍ കൈകടത്തുകയും വികലമാക്കുകയും ചെയ്ത മതത്തിന്റെ തെളിച്ചമുള്ള വഴികളെ തിരിച്ചു പിടിച്ച് ഏകനായ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നേരോടെ നിലകൊള്ളുക എന്നതാവണം സത്യവിശ്വാസികളുടെ സമീപനം.