19 Friday
April 2024
2024 April 19
1445 Chawwâl 10

പൗരത്വ പ്രക്ഷോഭവും ശബരിമല വിഷയവും തുലനപ്പെടുത്തുകയോ?

അബ്ദുല്‍ഗഫൂര്‍

പിണറായി സര്‍ക്കാര്‍ വീണ്ടും സംഘപരിവാര്‍ പ്രീണനത്തിനുള്ള അവസരം മുതലെടുത്തിരിക്കുന്നു. പൗരത്വ പ്രക്ഷോഭ സമയത്ത് എടുത്ത കേസുകള്‍ തള്ളുന്ന കൂട്ടത്തില്‍ ശബരിമല കേസുകളും തള്ളാന്‍ തീരുമാനിച്ചിരിക്കുന്നു. പൗരത്വ സമര കേസുകളെ മറയാക്കി ഭൂരിപക്ഷ വോട്ടു കൂടി ലക്ഷ്യമിടുകയാണ് സര്‍ക്കാര്‍ ഇതുവഴി ചെയ്തിരിക്കുന്നത്. ശബരിമല സമരത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു പൗരത്വ സമരം. ഒരാളും അക്രമിക്കപ്പെട്ടില്ല. ഒരു പൊതു/ സ്വകാര്യ മുതലും നശിപ്പിക്കപ്പെട്ടില്ല. നാട് ഭരിക്കുന്ന പാര്‍ട്ടിയും മുന്നണിയും സമരത്തിന്റെ കൂടെയായിരുന്നിട്ടും പലയിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അത് സ്വാഭാവികം എന്ന നിലയിലാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. തൊട്ടടുത്തുള്ള സംസ്ഥാനം ഈ കേസുകള്‍ പിന്‍വലിച്ചപ്പോള്‍ കേരള സര്‍ക്കാരും നിര്‍ബന്ധിത അവസ്ഥയിലേക്ക് മാറി. അങ്ങനെ തൂക്കമൊപ്പിക്കുക എന്നതിന്റെ ഭാഗമായി രണ്ടു സമരത്തെയും സര്‍ക്കാര്‍ ഒരേ രീതിയില്‍ കണ്ടു എന്നത് അംഗീകരിക്കാന്‍ കഴിയില്ല. പൗരത്വ സമരം ഒരു ജനതയുടെ നിലനില്‍പ്പിന്റെ വിഷയമായിരുന്നു. അതൊരിക്കലും നിയമത്തിന്റെ പരിധി ലംഘിച്ചില്ല. രണ്ടു കേസിനെയും ഒരേ രീതിയില്‍ കൈകാര്യം ചെയ്യുക എന്നത് നീതിബോധത്തെ കൊഞ്ഞനം കാണിക്കലാണ്. ഒരു വിഭാഗം മതത്തെയും വിശ്വാസത്തെയും അവരുടെ രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗപ്പെടുത്തി. മറ്റൊരു വിഭാഗം പ്രതികരണം എന്ന രാഷ്ട്രീയത്തെ സ്വയം രക്ഷക്ക് വേണ്ടി ഉപയോഗപ്പെടുത്തി. കാര്യത്തിന്റെയും കാരണതിന്റെയും മെരിറ്റ് പരിശോധിക്കുക എന്നതിനപ്പുറം ഒരു വെടിക്ക് രണ്ടു പക്ഷിയെ പിടിക്കുക എന്നതാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x