പട്ടിണി മൂലം ഓരോ മിനിറ്റിലും 11 പേര്‍ മരിക്കുന്നു: ഓക്‌സ്ഫാം

ലോകത്ത് ഓരോ മിനിറ്റിലും 11 പേര്‍ പട്ടിണി മൂലം മരണപ്പെടുന്നുണ്ടെന്ന് അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ ഓക്‌സ്ഫാമിന്റെ റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ക്ഷാമം പോലുള്ള അവസ്ഥകള്‍ നേരിടുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് മടങ്ങ് വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മൂലം ആഗോളതലത്തില്‍ മിനിറ്റില്‍ 7 പേരാണ് മരിക്കുന്നത്. എന്നാല്‍ പട്ടിണി ഇതിനെ മറികടന്ന് 11-ലെത്തിയിട്ടുണ്ട്. ലോകത്ത് 155 ദശലക്ഷം ആളുകള്‍ ഇപ്പോള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ദശലക്ഷം കൂടുതലാണിത്. സൈനിക സംഘട്ടനത്തിലും ആഭ്യന്തര സംഘര്‍ഷവും നേരിടുന്ന രാജ്യങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും പട്ടിണിയിലാണ്. കെനിയയിലെ നെയ്‌റോബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 20 ജീവകാരുണ്യ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയാണ് ഓക്‌സ്ഫാം. യമന്‍, ഡമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ ആരംഭവും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും മൂലം നിലവിലുള്ള ഭക്ഷ്യ പ്രതിസന്ധികള്‍ വഷളായിരിക്കുകയാണ്. ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. വ്യക്തികള്‍ സങ്കല്‍പ്പിക്കാനാവാത്ത കഷ്ടപ്പാടുകള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ഓക്‌സ്ഫാം സി ഇ ഒ എബി മാക്‌സ്മാന്‍ പറഞ്ഞു.
