സ്വബ്ര്‍ ക്ഷമയല്ല; ഒരു നിലപാടാണ്
ഖലീലുറഹ്‌മാന്‍ മുട്ടില്‍
ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഒരു പരിശീലന കളരിയാണ് റമദാന്‍. പകലന്തിയോളം അന്നപാനീയങ്ങള്‍ വെടിയാന്‍ മാത്രമല്ല ഈ നാളുകളില്‍ വിശ്വാസിയെ റമദാന്‍ പരിശീലിപ്പിക്കുന്നത്. സ്വബ്ര്‍ കൈവരിക്കാന്‍ കൂടിയുള്ള ശില്‍പശാലയാണത്. റമദാനിനെ കുറിച്ച് പ്രവാചകന്‍(സ) വിശേഷിപ്പിച്ചിരിക്കുന്നത് ശഹ്‌റു സ്വബ്ര്‍ എന്നാകുന്നു.
മുസ്‌ലിംകള്‍ക്ക് ഏറെ പരിചയമുള്ള വാക്കാണ് സ്വബ്ര്‍. ക്ഷമ, സഹനം എന്ന അര്‍ഥത്തിലാണ് പലപ്പോഴും അത് ഉപയോഗിക്കാറുള്ളത്. എന്നാല്‍ വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും സ്വബ്ര്‍ എന്ന ആശയം ഉപയോഗിച്ചിരിക്കുന്നത് ക്ഷമ എന്ന പരിമിതാര്‍ഥത്തില്‍ മാത്രമല്ല. ജീവിതത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വിശ്വാസി സ്വീകരിക്കേണ്ട ഒരു നിലപാടിന്റെ പേരാണത്.
ചില ഉദാഹരണങ്ങള്‍ കുറിക്കാം. പ്രവാചകന്റെ പ്രബോധനത്തിന്റെ ആദ്യ കാലഘട്ടം. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ അദ്ദേഹവും അനുയായികളും ആദര്‍ശ ശത്രുക്കളില്‍ നിന്നും ക്രൂരമര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായി. ബിലാല്‍, യാസിര്‍, അമ്മാര്‍ തുടങ്ങിയവര്‍ ഏല്‍ക്കേണ്ടിവന്ന പീഡനകഥകള്‍ ഇസ്‌ലാമിക ചരിത്രത്തിലെ പറിച്ചുമാറ്റാന്‍ കഴിയാത്ത താളുകളാണ്. യാസിര്‍ കുടുംബത്തില്‍ നിന്നാണ് ഇസ്‌ലാമിലെ ആദ്യ വനിതാ രക്തസാക്ഷി പിറക്കുന്നത്.
ഉമ്മു അമ്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സുമയ്യ(റ) അബൂജഹലിന്റെ കുത്തേറ്റ് മരിക്കുകയായിരുന്നു. പോര്‍ക്കളത്തില്‍ വെച്ചല്ല ഏറ്റുമുട്ടല്‍ നടന്നത്. ഏകാകിനിയായി കഴിയുമ്പോള്‍ നിരായുധയും നിസ്സഹായയുമായ സുമയ്യ(റ)യുടെ നാഭിയിലേക്ക് അബൂജഹല്‍ കുന്തം കുത്തിക്കയറ്റുകയായിരുന്നു. തല്‍ക്ഷണം ആ ധീരവനിത പിടഞ്ഞുവീണ് രക്തസാക്ഷിത്വം വരിച്ചു.
യാസിര്‍ കുടുംബം അനുഭവിക്കുന്ന കൊടുംപീഡനങ്ങളില്‍ അവരെ സമാശ്വസിപ്പിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു: ”യാസിര്‍ കുടുംബമേ, സ്വബ്ര്‍ കൈക്കൊള്ളുക. നിങ്ങളുടെ വാഗ്ദത്തഭൂമി സ്വര്‍ഗമാകുന്നു.” പ്രവാചകന്‍ ഇവിടെ സ്വബ്ര്‍ എന്ന പ്രയോഗം നടത്തിയിരിക്കുന്നത് ക്ഷമിക്കുക, സഹിക്കുക എന്ന അര്‍ഥത്തില്‍ തന്നെയാെണന്ന് സന്ദര്‍ഭത്തില്‍ നിന്നു വായിച്ചെടുക്കാന്‍ കഴിയും. കാരണം യാസിര്‍ കുടുംബത്തിലെ ഓരോ അംഗവും ദുര്‍ബലരാണ്. അവര്‍ക്ക് പിന്തുണയേകിയിരുന്ന പ്രവാചകനും വിരലിലെണ്ണാവുന്ന സഹാബികളും അശക്തരും നിസ്സഹായരുമാണ്. അഹങ്കാരികളായ അവരുടെ മേലാളന്മാര്‍ അധികാരത്തിന്റെ ചമ്മട്ടിപ്രയോഗം നടത്തുമ്പോള്‍ അത് സഹിക്കുക മാത്രമേ അവര്‍ക്കു മുമ്പില്‍ പോംവഴിയുള്ളൂ. അതുകൊണ്ട് ക്ഷമ, സഹനം എന്നുതന്നെയാണ് സ്വബ്‌റിന് ഇവിടെ വിവക്ഷ.
എന്നാല്‍ തിരുമേനി(സ)യും സഹാബികളും ബദ്‌റിന്റെ രണാങ്കണത്തിലാണുള്ളത്. അവര്‍ ഒരിക്കലും ഒരു ഏറ്റുമുട്ടലിനു വേണ്ടി ഒരുങ്ങിപ്പുറപ്പെട്ടതല്ല. യാദൃച്ഛികമായി ഏറ്റുമുട്ടലിന്റെ വക്കിലേക്ക് എത്തുകയായിരുന്നു. ആയിരത്തിലേറെ ആളുകള്‍ ആര്‍ത്തലച്ചുവരുന്ന ശത്രുപക്ഷമാണ് മുഖാമുഖമുള്ളത്. അവര്‍ക്ക് കുതിരപ്പടയും കാലാള്‍പ്പടയും കുന്തവും വാളും പരിചയുമെല്ലാമുണ്ട്. പ്രവാചകപക്ഷത്താകട്ടെ വാളേന്തിയ 317 സ്വഹാബികള്‍ മാത്രം. ഈ നിര്‍ണായകവേളയില്‍ പ്രവാചകന്‍(സ) അനുയായികളോട് നടത്തുന്ന ഒരു ആഹ്വാനമുണ്ട്: ”നിങ്ങള്‍ ശത്രുവുമായി ഏറ്റുമുട്ടണമെന്ന് ആഗ്രഹിക്കരുത്. അല്ലാഹുവിനോട് നിങ്ങള്‍ ആശ്വാസത്തിനു വേണ്ടി തേടിക്കൊള്ളുക. അഥവാ ഏറ്റുമുട്ടേണ്ടിവന്നാല്‍ നിങ്ങള്‍ സ്വബ്ര്‍ കൈക്കൊള്ളുവിന്‍” (മുസ്‌ലിം).
നിലപാടാണ് സ്വബ്ര്‍
യുദ്ധക്കളത്തില്‍ സ്വബ്ര്‍ കൈക്കൊള്ളേണ്ടത് എങ്ങനെയാണ്? ശത്രുവിന്റെ വാളിനു മുമ്പില്‍ കഴുത്തു നീട്ടിക്കൊടുക്കലല്ല അത്. പോര്‍ക്കളത്തില്‍ മതമുള്ളവനും മതമില്ലാത്തവനും നിരീശ്വരവാദിയും യുക്തിവാദിയുമൊക്കെ ചെയ്യുന്നതുപോലെ കടന്നാക്രമണം തന്നെയാണ് നടത്തേണ്ടത്. അങ്ങനെ കടന്നാക്രമണം നടത്താന്‍ ശേഷിയുള്ള സ്വബ്ര്‍ ശീലിച്ച ‘ഇരുപതു പേര്‍ നിങ്ങള്‍ക്കിടയിലുണ്ടെങ്കില്‍ ഇരുനൂറ് പേരെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും. നൂറു പേരാണെങ്കില്‍ ആയിരം പേരെ അതിജയിക്കാന്‍ കഴിയു’മെന്നു ഖുര്‍ആനും പ്രഖ്യാപിക്കുന്നു (8:65). ‘സത്യവിശ്വാസികളേ, നിങ്ങള്‍ സ്വബ്ര്‍ കൈക്കൊള്ളുകയും സ്വബ്‌റില്‍ മികവ് കാണിക്കുകയും പ്രതിരോധസന്നദ്ധരാവുകയും ചെയ്യുക’ (3:200) എന്ന ഖുര്‍ആനിന്റെ ആഹ്വാനവും ചേര്‍ത്തുവായിക്കുക.
ഈ വിശുദ്ധ വചനങ്ങളുടെയെല്ലാം സന്ദര്‍ഭവും ഘടനയും പരിശോധിക്കുകയാണെങ്കില്‍ സ്വബ്ര്‍ എന്നത് വിശ്വാസി സ്വീകരിക്കേണ്ട ഒരു നിലപാടാണെന്നു ബോധ്യമാവും. കഷ്ടപ്പാടുകള്‍, പ്രയാസങ്ങള്‍, ക്ലേശങ്ങള്‍, ദുഃഖം, സങ്കടം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളില്‍ മാത്രമല്ല സന്തോഷം, ആഹ്ലാദം, സൗഖ്യം, ആനന്ദം തുടങ്ങിയ അനുകൂല സാഹചര്യങ്ങളിലും വിശ്വാസി പുലര്‍ത്തേണ്ടതും ഉറച്ചുനില്‍ക്കേണ്ടതുമായ ഒരു നിലപാടാണ് സ്വബ്ര്‍.
റമദാന്‍ വിശ്വാസിയെ പരിശീലിപ്പിക്കുന്നത് സ്വബ്‌റെന്ന പ്രതിരോധത്തിന്റെ പടച്ചട്ട അണിയാനാണ്. റമദാനിലൂടെ നേടിയെടുക്കുന്ന സ്വബ്ര്‍ ശീലമാക്കി മാറ്റിയാല്‍ പിണങ്ങിനില്‍ക്കുന്നവര്‍ക്കിടയില്‍ ആ നിലപാട് പ്രവര്‍ത്തനക്ഷമമാകും. കുടുംബബന്ധം തകര്‍ത്തവരെ അത് തിരുത്തും. മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലും അയല്‍വാസിയോടുള്ള സമീപനത്തിലും സ്വബ്ര്‍ തിരുത്തല്‍ശക്തിയായി മാറും. അന്യന്റെ അവകാശത്തിന്റെ വിഹിതമുള്ള നോട്ടുകെട്ടുകള്‍ നിറച്ച പോക്കറ്റിനു മുകളില്‍ അല്ലാഹു അക്ബര്‍ എന്നു പറഞ്ഞ് കൈ കെട്ടാന്‍ അത് അനുവദിക്കില്ല.
റമദാനിലും തുടര്‍ന്നുള്ള നാളുകളിലും തന്റെ ജീവിതത്തില്‍ ചെകുത്താനെ പിടിച്ചുകെട്ടാനും സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിടാനും നരകത്തിന്റെ കവാടങ്ങള്‍ കൊട്ടിയടക്കാനും സ്വബ്ര്‍ കാരണമായിത്തീരും. ജീവിതത്തിന്റെ മുഴുവന്‍ സാഹചര്യങ്ങളിലും ഈ നിലപാടിലേക്ക് ഉയരുമ്പോള്‍ മാത്രമേ റമദാന്‍ വിശ്വാസിക്ക് സ്വബ്‌റിന്റെ മാസമായിത്തീരുകയുള്ളൂ.