പാര്‍ലമെന്ററി ജനാധിപത്യത്തെ ത്രസിപ്പിച്ച രാഹുല്‍
ഹബീബ് റഹ്മാന്‍ കൊടുവള്ളി
”ഞാന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ നിരന്തരം നിരീക്ഷണത്തിലാണ്. മാധ്യമങ്ങളെയും കോടതിയെയും പിടിച്ചെടുക്കുകയും ഭയപ്പെടുത്തുകയുമാണ് സര്‍ക്കാര്‍. എന്റെ ഫോണില്‍ പെഗാസസ് ഉണ്ടായിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണുകളിലും പെഗാസസ് ഉണ്ടായിരുന്നു. ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും പെഗാസസ് വഴി തനിക്കുള്ള ഫോണ്‍വിളികള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. മാധ്യമങ്ങള്‍ക്കും ജനാധിപത്യ രൂപകല്‍പനയ്ക്കും നേരെ ഇത്തരത്തില്‍ ആക്രമണം നടക്കുമ്പോള്‍ പ്രതിപക്ഷം എന്ന നിലയ്ക്ക് ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ ഇന്ത്യയില്‍ ഏറെ പ്രയാസം നേരിടുകയാണ്.
എന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയുടെ രൂപകല്‍പനയാണ് നരേന്ദ്ര മോദി നശിപ്പിക്കുന്നത്. ഇന്ത്യക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ആശയം അടിച്ചേല്‍പിക്കുകയാണ് മോദി. സിഖുകാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും വ്യത്യസ്ത ഭാഷകളുമാണ് ഇന്ത്യ. എന്നാല്‍ അവര്‍ രണ്ടാംതരം പൗരന്മാരാണെന്ന് മോദി പറയുന്നു. മോദിയോട് യോജിക്കാനാവില്ല. ഏതാനും ആളുകളുടെ കൈകളില്‍ ഇന്ത്യയുടെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ്. കശ്മീരിലൂടെ കാല്‍നടയായി പോകരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു. എന്തുകൊണ്ട് പറ്റില്ലെന്നു ചോദിച്ചപ്പോള്‍ അവര്‍ താങ്കള്‍ക്കു നേരെ ഗ്രനേഡുകള്‍ എറിയുമെന്നായിരുന്നു ഉത്തരം. ഗ്രനേഡുകള്‍ ഏറിയുമെങ്കില്‍ ആകട്ടെ, കശ്മീരിലൂടെ ഞങ്ങള്‍ക്ക് നടക്കണമായിരുന്നു. ഇന്ത്യന്‍ പതാകകളേന്തി ജനങ്ങള്‍ കൂടെ വരുന്നതാണ് കണ്ടത്…”
ഏകദേശം ഒന്നര വര്‍ഷം മുമ്പ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കേള്‍ക്കാന്‍ പഠിക്കുക’ എന്ന വിഷയത്തില്‍ സംസാരിക്കവേ രാഹുല്‍ ഇന്ത്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. അന്ന് താങ്കളെ ഭരണപക്ഷം ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണംകെടുത്തിയെന്നും പറഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും ലോകത്തിനു മുമ്പില്‍ ഇന്ത്യയെ താങ്കള്‍ വീണ്ടെടുക്കുകയായിരുന്നു. ഒന്നര വര്‍ഷത്തിനു ശേഷം ഇപ്പോഴിതാ രാഹുല്‍ അഭിമാനത്തോടും അന്തസ്സോടും കൂടി ഇന്ത്യന്‍ പാര്‍ലമെന്റിലും ഇന്ത്യയെ വീണ്ടെടുത്തിരിക്കുന്നു. താങ്കളെ ഇന്ത്യന്‍ ജനത ഏല്‍പിച്ച ഉത്തരവാദിത്തം പാര്‍ലമെന്റില്‍ താങ്കള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. പത്തു വര്‍ഷത്തിനു ശേഷം പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്കള്‍ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു.
2014ലെ ബിജെപിയുടെ അധികാരാരോഹണത്തോടെ തുടങ്ങിയ, മൊത്തമായിത്തന്നെ ഇന്ത്യയെ പിടിച്ചടക്കല്‍ യജ്ഞം അതിന്റെ സകല സീമകളും ലംഘിച്ച് മുന്നേറിയ വര്‍ഷങ്ങളായിരുന്നു ഇതുവരെ. പാര്‍ലമെന്റും കോടതിയും മാധ്യമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനും ബ്യൂറോക്രസിയും അടക്കം സകല ജനാധിപത്യ സംവിധാനങ്ങളെയും പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും പീഡിപ്പിച്ചും വശത്താക്കിക്കഴിഞ്ഞിരിക്കുന്നു. എന്തിനധികം? രാഹുലിനെപ്പോലുള്ള പ്രതിപക്ഷ നിരയെ ഒന്നടങ്കം നിര്‍ദാക്ഷിണ്യം വേട്ടയാടി. ഇപ്പോള്‍ രാഹുല്‍ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും മണ്ടക്കു മാത്രമല്ല, ഫാസിസത്തിന്റെ നെഞ്ച് പിളര്‍ത്തുക കൂടി ചെയ്തിരിക്കുന്നു. അതു കണ്ടിപ്പോള്‍ ജനാധിപത്യ ഇന്ത്യ ഒന്നടങ്കം കരഘോഷം മുഴക്കിക്കൊണ്ടേയിരിക്കുന്നു. രാഹുലിനെ ജയിപ്പിച്ച ജനങ്ങള്‍ വിഡ്ഢികളാക്കപ്പെട്ടില്ല എന്ന ആശ്വാസം ചെറുതല്ലല്ലോ.
അനന്തവൈവിധ്യങ്ങളുടെ മനോജ്ഞ സമ്മേളനമായ നമ്മുടെ രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാനും, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തും ചൈതന്യവും ചോര്‍ത്തി ഒരു ഏകാധിപത്യ ഭരണകൂടത്തിന് അനുസൃതമായി അവയെ പാകപ്പെടുത്തിയെടുക്കാനുമുള്ള ശ്രമങ്ങളാണ് ബിജെപി സര്‍ക്കാരിനു കീഴില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അറിവിന്റെ പ്രകാശഗോപുരങ്ങളായ നമ്മുടെ ദേശീയ സര്‍വകലാശാലകളുടെ ജനാധിപത്യ-മതേതര-ബൗദ്ധിക സ്വഭാവത്തെ നശിപ്പിക്കുന്നതു മുതല്‍ വ്യക്തിയുടെ ആഹാരശീലങ്ങളിലേക്കു പോലും കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്നതുവരെ ഒരു ഫാസിസ്റ്റ് ഭരണകൂടം എന്തൊക്കെ ചെയ്യാമോ അതെല്ലാം മറയും മടിയുമില്ലാതെ ചെയ്തുപോരുകയാണ്. പ്രതിപക്ഷത്തെ ബഹുമാനിക്കുകയെന്നത് ജനാധിപത്യ വ്യവസ്ഥയുടെ അന്തഃസത്തയാണ്. വിയോജിപ്പുകള്‍ രാഷ്ട്രീയപരവും ആശയപരവുമായിരിക്കണം. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തിലേറിയ അന്നു മുതല്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും പാര്‍ട്ടികളെയും വ്യക്തിപരമായി അധിക്ഷേപിക്കാനും പൊതുജനമധ്യത്തില്‍ താറടിക്കാനുമുള്ള ശ്രമങ്ങള്‍ നിര്‍ലജ്ജം നടത്തിക്കൊണ്ടിരിക്കുകയായിരുന്നല്ലോ. ഇപ്പോള്‍ അതിനൊക്കെ ഉരുളക്കുപ്പേരി കണക്കെ മറുപടി പറയാനുള്ള സന്ദര്‍ഭം രാഹുലിനെ തേടിവന്നിരിക്കുന്നു.
തിരഞ്ഞെടുപ്പു വിജയത്തില്‍ കണ്ടപോലെ കൂടുതല്‍ എംപിമാരുടെ പിന്തുണയോടെ ശക്തമായ പ്രതിപക്ഷത്തെ തനിക്കു പിന്നില്‍ ഒരുമിച്ച് അണിനിരത്താന്‍ പാര്‍ലമെന്റിലും രാഹുലിനു കഴിഞ്ഞു എന്നത് ശുഭസൂചനയാണ്. താന്‍ ഭരണഘടനാ പദവിയുള്ള പ്രതിപക്ഷ നേതാവായതോടെ കേവലം കോണ്‍ഗ്രസിന്റെയോ പ്രതിപക്ഷത്തിന്റെയോ മാത്രമല്ല, രാജ്യത്തിന്റെ തന്നെ ശബ്ദമാണെന്ന് പ്രഖ്യാപിക്കുക വഴി രാഹുലിലെ രഷ്ട്രീയക്കാരനും നയതന്ത്രജ്ഞനും മികച്ചതാണെന്നതിനാണ് ഇന്നലെ പാര്‍ലമെന്റ് സാക്ഷിയായത്.
പത്തു വര്‍ഷത്തെ ഭരണപരാജയങ്ങളും മോദി-അമിത്ഷാമാരുടെ ഏകാധിപത്യ പ്രവണതകളും രാജ്യത്ത് വിപുലമായിക്കൊണ്ടിരുന്ന വിദ്വേഷ-വര്‍ഗീയ പ്രവണതകളുമെല്ലാം താങ്കള്‍ ഒന്നൊന്നായി അക്കമിട്ട് നിരത്തി ബിജെപി സര്‍ക്കാരിനെ നാണം (അവര്‍ക്കങ്ങനെ ഒന്നുണ്ടെങ്കില്‍) കെടുത്തിയിരിക്കുന്നു. താങ്കളൊരു മികച്ച പാര്‍ലമെന്റേറിയന്റെ മുഴുവന്‍ കഴിവുകളും പുറത്തെടുത്തിരിക്കുന്നു. നാടുനീളെ താങ്കള്‍ സഞ്ചരിച്ച വഴിദൂരങ്ങളൊക്കെയും താങ്കളെ പ്രബുദ്ധനും ഉദ്ബുദ്ധനുമാക്കിയിരിക്കുന്നു. അതെ, താങ്കളിപ്പോള്‍ വര്‍ഗീയവാദികളുടെ പപ്പുമോനല്ല, മറിച്ച് ഭാവി ഇന്ത്യയുടെ പ്രതീക്ഷയാണ്.
തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം സംഘശക്തികള്‍ ന്യൂനപക്ഷങ്ങളെ കൂടുതല്‍ വേട്ടയാടുന്ന ദുരന്തമാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണക്കാരെ വിട്ട് മുസ്‌ലിം പണ്ഡിതരെ വരെ വേട്ടയാടുന്ന പ്രവണതയ്ക്കാണ് ഇപ്പോള്‍ ഉത്തരേന്ത്യ സാക്ഷിയായിരിക്കുന്നത്. ഇല്ലാക്കഥകള്‍ ആരോപിച്ച് ബുള്‍ഡോസര്‍ രാജ് കൂടുതല്‍ വ്യാപിപ്പിക്കുന്ന തിരക്കിലാണവര്‍. ഇതൊന്നും കണ്ടില്ലെന്നു നടിച്ചുകൊണ്ട് താങ്കള്‍ക്ക് മുന്നോട്ടുപോകാനാകില്ല. പാര്‍ലമെന്റില്‍ മാത്രമല്ല, രാജ്യത്തിന്റെ തെരുവുകളിലും താങ്കള്‍ ഇടപെടേണ്ടതുണ്ട്. താങ്കളുടെയും താങ്കളുടെ പിന്നണികളുടെയും ശ്രദ്ധയും പ്രതിരോധവും താങ്കളെ വോട്ടു ചെയ്ത് വിജയിപ്പിച്ച ന്യൂനപക്ഷങ്ങളുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും അവകാശം നിഷേധിക്കപ്പെടുന്നവരുടെയും ഒപ്പം ഉണ്ടാകേണ്ടതുണ്ട്. ‘തിരഞ്ഞെടുപ്പിനു പിന്നാലെ മുസ്ലിംകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു’ എന്ന് ഉച്ചൈസ്തരം വിളിച്ചുപറഞ്ഞ സിപിഎം പോളിറ്റ് ബ്യൂറോ അതിന് താങ്കള്‍ക്ക് മാതൃകയാകട്ടെ.
ഇരുട്ടിന്റെ ഫാസിസ്റ്റ് ശക്തികള്‍ തല്‍ക്കാലത്തേക്ക് ഒന്നടങ്ങിയിട്ടേയുള്ളൂ. ഏത് സമയത്തും അവര്‍ ഉയിര്‍ത്തെഴുന്നേറ്റ് ഫണം വിടര്‍ത്തി വിഷം ചീറ്റും. തങ്ങളെ എതിര്‍ക്കുന്നവരെ കല്‍ത്തുറുങ്കിലടക്കാനും വെടിവെച്ചിടാനും അവര്‍ക്കൊരു മടിയുമുണ്ടാകില്ല. ഒരുവേള താങ്കളെത്തന്നെ ഉന്മൂലനം ചെയ്യാനും അവര്‍ ശ്രമിച്ചേക്കാം. അതിനാല്‍ ജാഗ്രത്തായിരിക്കുക, സ്വന്തത്തെക്കുറിച്ചും ‘ഇന്‍ഡ്യ’യെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും.