8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

പരിവര്‍ത്തിത മുസ്‌ലിം വികസന കോര്‍പറേഷന്‍ രൂപീകരിക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: പരിവര്‍ത്തിത ക്രിസ്ത്യന്‍ കോര്‍പ്പറേഷന്‍ പോലെ പരിവര്‍ത്തിത മുസ്‌ലിംകളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പരിവര്‍ത്തിത മുസ്‌ലിം വികസന കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കുടുംബപരമായ സ്വത്തിലെ വിഹിതവും മറ്റു ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് ആലംബഹീനരായി കഴിയുന്നവരാണ് പരിവര്‍ത്തിത മുസ്‌ലിംകളില്‍ അധികവും. സാമൂഹ്യമായും സാമ്പത്തികമായും ഒട്ടേറെ അവശതകള്‍ അനുഭവിക്കുന്ന ഒരു വിഭാഗമെന്ന നിലക്ക് പരിവര്‍ത്തിത മുസ്‌ലിംകളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള മുസ്‌ലിം ജനവിഭാഗത്തിന് അര്‍ഹതപ്പെട്ട ക്ഷേമപദ്ധതികള്‍ ഹൈക്കോടതി വിധിയിലൂടെ റദ്ദാക്കപ്പെട്ടിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും പദ്ധതി പുനസ്ഥാപിക്കാന്‍ യാതൊരു നടപടിയും കൈക്കൊള്ളാത്ത സര്‍ക്കാര്‍ നിലപാടില്‍ യോഗം അമര്‍ഷം രേഖപ്പെടുത്തി. കോടതി വിധിയിലൂടെ നീതി നിഷേധിക്കപ്പെട്ട മുസ്‌ലിം ജനവിഭാഗത്തിന്റെ ഉത്തരവാദപ്പെട്ട സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്തത് ഒട്ടും നീതീകരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, പ്രഫ. പി അബ്ദുല്‍അലി മദനി, കെ എല്‍ പി ഹാരിസ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ പി മുഹമ്മദ്, ഡോ. ജാബിര്‍ അമാനി, ഡോ. ഐ പി അബ്ദുസ്സലാം, പ്രഫ. ഇസ്മായില്‍ കരിയാട്, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, അബ്ദുസ്സലാം പുത്തൂര്‍, കെ എ സുബൈര്‍, കെ അബ്ദുസ്സലാം മാസ്റ്റര്‍, കെ എ എം കുഞ്ഞമ്മദ് മദനി, എം ടി മനാഫ്, കെ പി. അബ്ദുറഹ്മാന്‍, ഫൈസല്‍ നന്മണ്ട, അഡ്വ. എം മൊയ്തീന്‍ കുട്ടി, പി പി ഖാലിദ്, എം അഹ്മദ് കുട്ടി മദനി, ഡോ. അന്‍വര്‍ സാദത്ത്, ഫാസില്‍ ആലുക്കല്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x