പരിവര്‍ത്തനത്തിന്റെ മാനദണ്ഡം
ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി
മനുഷ്യന്, അവന്റെ മുന്നിലൂടെയും പിന്നിലൂടെയും തുടരെ തുടരെ വന്ന്, അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം അവനെ സംരക്ഷിക്കുന്ന മലക്കുകള്‍ ഉണ്ട്. ഒരു ജനതയും സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്താതെ അല്ലാഹു അവരുടെ അവസ്ഥ മാറ്റിയെടുക്കുന്നതല്ല. ഏതെങ്കിലും സമൂഹത്തിന് വല്ല ദോഷവും വരുത്താന്‍ അവന്‍ വിചാരിച്ചാല്‍, അത് തട്ടി മാറ്റാനുമാവില്ല. അവന് പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല (റഅദ്11)
മനുഷ്യന്റെ ഈ ലോക ജീവിതത്തില്‍ അല്ലാഹുവിന്റെ ഇടപെടല്‍ എങ്ങനെയാണ് എന്നാണ് ഈ വചനം വിവരിക്കുന്നത്. തന്റെ സൃഷ്ടികളായ മനുഷ്യരെ സംരക്ഷിക്കുകയെന്നത് അല്ലാഹു ബാധ്യതയായി നിശ്ചയിച്ച കാര്യമാണ് (30:47). അവന്റെ വിധി വിലക്കുകള്‍ക്ക് വിധേയമായി, സ്വന്തത്തെ പൂര്‍ണമായും അല്ലാഹുവിന് സമര്‍പ്പിച്ച ഏതൊരു വ്യക്തിയും ഈ ദൈവിക സംരക്ഷണത്തിന് അര്‍ഹനാണ്. ഇതിന് അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്നത് മലക്കുകളെയാണ്. അല്ലാഹുവിനെ പൂര്‍ണമായിഅനുസരിക്കുന്ന, അവന്‍ പറയുന്നതെല്ലാം അപ്പപ്പോള്‍ ചെയ്യുന്ന, ഒരു ധിക്കാരവും കാണിക്കാത്ത അതി വിശുദ്ധരായ മാലാഖമാരുടെ സംരക്ഷണം ലഭിക്കുകയെന്നത് വിശ്വാസിക്ക് ഈ ലോകത്ത് കിട്ടുന്ന വലിയ അംഗീകാരമാണ്. നമ്മുടെ മനസ്സ് വിശുദ്ധവും ഭക്തി ദീപ്തിയുള്ളതും, അമലുകള്‍ ആത്മാര്‍ഥതയുള്ളതുമാണെങ്കില്‍, ഈ സംരക്ഷണത്തിന് പുറമെ മലക്കുകള്‍ നമുക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുമെന്നും ഖുര്‍ആന്‍ പറയുന്നു. (ഗാഫിര്‍8)
ഇതിന്റെ മറുഭാഗമാണ് പ്രധാനം. അല്ലാഹുവിന്റെ അനുഗ്രഹവും ആനുകൂല്യങ്ങളും ലഭിക്കാന്‍ അവന്‍ നിര്‍ദേശിച്ച വിധം പ്രവര്‍ത്തിക്കേണ്ടത് മനുഷ്യന്റെയും ബാധ്യതയാണ്. വിവിധ തലങ്ങളില്‍ മനുഷ്യന്‍ നിര്‍വഹിക്കേണ്ട ബാധ്യതകള്‍ അമാനത്ത് എന്ന നിലക്കാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. (33:72) മനുഷ്യന്റെ ജീവിതത്തില്‍ ഏത് മാറ്റമുണ്ടാക്കുന്നതും അല്ലാഹു തന്നെയാണ്, അഥവാ അവന്റെ വിധി നിശ്ചയങ്ങള്‍ക്ക് വിധേയമായി മാത്രമെ ജീവിതത്തില്‍ ഏത് കാര്യങ്ങളും നടക്കുകയുള്ളു. അല്ലാഹുവില്‍ നിന്ന് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ക്കെല്ലാം മനുഷ്യന്‍ തന്നെയാണ് ആദ്യമായി തയ്യാറാകേണ്ടത് എന്നതാണ് ഈ വചനത്തിന്റെമുഖ്യപ്രമേയം.
മനസ്സും ചിന്തയും പ്രവര്‍ത്തനവും മനുഷ്യനെ ഇതിന് പാകപ്പെടുത്തണം. ഇത് നമ്മില്‍ നിന്ന് അല്ലാഹുവിന് ബോധ്യപ്പെട്ടാല്‍ ദൈവികാനുകൂല്യങ്ങള്‍ക്ക് പിന്നീട് താമസമുണ്ടാകില്ല. വ്യക്തി, കുടുംബം, സമൂഹം എന്നീ തലങ്ങളില്‍ ഉണ്ടാകേണ്ട എല്ലാ പുരോഗതിയുടേയും ദൈവിക നിശ്ചയങ്ങളുടെ മന:ശാസ്ത്രവും ഇത് തന്നെയാണ്. നമ്മുടെ പുരോഗതിയും അധോഗതിയും നിര്‍ണയിക്കുന്നത് നാം തന്നെയാണെന്നര്‍ഥം. പ്രവര്‍ത്തനം എങ്ങനെയാണോ അതനുസരിച്ച് അല്ലാഹുവിന്റെ നടപടിക്ക് വിധേയമായി ഏതെങ്കിലുമൊന്ന് സംഭവിക്കുന്നു. ‘നിങ്ങള്‍ നന്‍മ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തന്നെയാന്ന് ആ നന്‍മ, ഇനി നിങ്ങള്‍ തിന്‍മയാണ് ചെയ്യുന്നതെങ്കില്‍ അതിന്റെ ദോഷവും നിങ്ങള്‍ക്ക് തന്നെയായിരിക്കും.'(ഇസ്‌റാ7)
ധിക്കാരിയും ക്രൂരനുമായ ഫിര്‍ഔനിന്റെ പതനം പറയുന്ന സന്ദര്‍ഭം ശ്രദ്ധേയമാണ്. ”ഒരു സമൂഹത്തിന്റേയും അവസ്ഥ, അവര്‍ സ്വയം മാറ്റിയെടുക്കാതെ അല്ലാഹു മാറ്റുകയില്ല” എന്നതിന്റെ ഭാഗമായിട്ടാണ് അങ്ങനെ സംഭവിച്ചത് (അന്‍ഫാല്‍ 53). ഫിര്‍ഔന്റെ പതനത്തിന്റെ പിന്നിലുള്ള ദൈവിക ശാസ്ത്രം തന്നെയാണ് മാനവ ചരിത്രത്തിന്റെ ദിശ എന്നും നിര്‍ണയിച്ചിരുന്നത്. മാറ്റത്തിന്റെ ഈ ഖുര്‍ആന്‍ സങ്കല്‍പത്തെക്കുറിച്ച് ഇനിയും സാമൂഹിക ശാസ്ത്ര പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. വൈജ്ഞാനിക സാങ്കേതിക ശേഷിയിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ മനുഷ്യന് ഉപകരിക്കുന്നതാണെങ്കിലും, സുസ്ഥിരവും പരിവര്‍ത്തനാത്മകവുമായ പുരോഗതിക്ക് ഖുര്‍ആന്‍ അധിഷ്ഠിത ബൗദ്ധിക സമീപനം അനിവാര്യമാണ്. പരാജയങ്ങളിലെ പാഠം കണ്ടെത്താനും പ്രതിസന്ധികളെ മറികടക്കാനുമുള്ള ഉള്‍ക്കരുത്ത് അതില്‍ നിന്ന് മാത്രമേലഭിക്കുകയുള്ളൂ.