കോഴിക്കോട് നഗരത്തിന്റെ അത്താണി
ഡോ. യൂനുസ് ചെങ്ങര
ഇഛാശക്തികൊണ്ട് അത്ഭുതങ്ങള്‍ കാണിച്ച മഹാ പ്രതിഭയായിരുന്നു ഈയിടെ അന്തരിച്ച പാരീസ് അബൂബക്കര്‍ ഹാജി. കോഴിക്കോട് നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അല്‍ഫിത്‌റ സംരംഭത്തിന്റെയും സാരഥിയായിരുന്ന അബൂബക്കര്‍ ഹാജി, ഒരു നൂറ്റാണ്ടിനടുത്ത് കേരളീയ പൊതുമണ്ഡലത്തില്‍, സവിശേഷമായി മലബാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു ജീവിതംകൊണ്ട് ചെയ്ത് തീര്‍ത്ത അനേകം സുകൃതങ്ങളെ അവശേഷിപ്പിച്ചാണ് യാത്രയായത്. നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന 13 സ്ഥാപനങ്ങള്‍. അതില്‍ വിദ്യാഭ്യാസം, അഗതി സംരക്ഷണം, ഭിന്നശേഷി കരുതല്‍, ആരോഗ്യം, ഖുര്‍ആന്‍ പഠനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ നടത്തുന്ന കാലിക്കറ്റ് ഇസ്‌ലാമിക് സൊസൈറ്റിയുടെ പ്രധാന ഭാരവാഹിയും ഇതിന്റെയെല്ലാം പ്രാരംഭം കുറിച്ച കാലിക്കറ്റ് ഓര്‍ഫനേജ് കമ്മറ്റിയുടെ ചെയര്‍മാനുമായിരുന്നു.
വടകര വില്യാപ്പള്ളി സ്വദേശിയായ അബൂബക്കര്‍ ഹാജി കോഴിക്കോട്ടെ പൗരപ്രമുഖനായതിന് പിന്നില്‍ യാദൃച്ഛികതകള്‍ ഏറെയുണ്ട്. അടുത്ത ബന്ധുവിന്റെ ചികിത്സാര്‍ത്ഥം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വന്നു, കുറേക്കാലം ആശുപത്രി വാസം വേണ്ടിവന്നു. അക്കാലത്തു ഭക്ഷണത്തിനും താമസത്തിനുമായി സമീപിക്കാറുണ്ടായിരുന്നത് വെള്ളയില്‍ ബീച്ചിനടുത്തുള്ള മെട്രോ ഹോട്ടലിലായിരുന്നു. ഇതിന്റെ ഉടമസ്ഥര്‍ ഈ സ്ഥാപനം വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നറിഞ്ഞപ്പോള്‍ അത് വിലക്കെടുത്തു. തന്റെ ജീവിതം ഹോട്ടല്‍ മേഖലയില്‍ കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് കോഴിക്കാട് നഗരത്തോട് ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് ഹോട്ടല്‍ രംഗത്തു തന്നെ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചു. പ്രശസ്തമായ ഹോങ്കോങ് ചൈന ഹോട്ടല്‍, ഒയാസിസ് ഹോട്ടല്‍, പാരീസ് ഹോട്ടല്‍ എന്നിവ ഹാജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളായിരുന്നു. അക്കാലത്ത് കോഴിക്കോട് നഗരത്തില്‍ റമദാന്‍ മാസത്തില്‍ അത്താഴം ലഭ്യമായിരുന്ന ഏക സ്ഥാപനം ഹാജിയുടെ പാരീസ് ഹോട്ടലായിരുന്നു. കോഴിക്കോട്ടെ മൊത്ത വില്പന കേന്ദ്രമായ ഒയാസിസ് കോംപ്ലക്‌സിന്റെ കഥ പറയുമ്പോള്‍ ഒയാസിസ് ഹോട്ടലിന്റെയും, അതിന്റെ ഉടമയായിരുന്ന അബൂബക്കര്‍ ഹാജിയുടെയും കഥ കൂടി ചേര്‍ക്കാതെ അത് പൂര്‍ത്തീകരിക്കാന്‍ ആവില്ല.
ഹോട്ടല്‍ ബിസിനസുമായി സജീവമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കോഴിക്കോട്ടെ പാരീസ് ഹോട്ടലിനടുത്ത് വ്യാപാരം നടത്തിയിരുന്ന മെസ്‌ക്കോ അബൂബക്കര്‍ ഹാജിയുടെ ആവശ്യ പ്രകാരം കാലിക്കറ്റ് ഓര്‍ഫനേജ് സന്ദര്‍ശിക്കാനിടയായത്. അനാഥകുട്ടികളുടെ ജീവിതത്തെ അടുത്തറിഞ്ഞ ഹാജി ഒരു ശപഥം ചെയ്തു. താന്‍ ദിനേന വലിച്ചു തീര്‍ക്കുന്ന വിലയേറിയ സിഗരറ്റ് ഇനി മുതല്‍ വലിക്കുമ്പോള്‍ ഒരു പാക്കറ്റ് സിഗരറ്റിന്റെ പണം അനാഥകളുടെ ഉന്നമനത്തിനായിരിക്കുമെന്നായിരുന്നു അത്. ഈ ശപഥം തെറ്റിച്ചില്ലെന്ന് മാത്രമല്ല, സ്ഥാപനത്തിന്റെ ചിലവുകള്‍ക്ക് പണം കണ്ടെത്താന്‍ ഹാജി തന്നാലാവുന്നതെല്ലാം ചെയ്തു. പോകുന്നിടത്തെല്ലാം സ്ഥാപനത്തിന്റെ രസീതികള്‍ കയ്യില്‍ കരുതി. കിട്ടുന്നവരോടെല്ലാം സ്ഥാപനത്തിന്റെ നടത്തിപ്പിലേക്ക് സംഭാവനകള്‍ വാങ്ങി. പണം ഇല്ലാത്തതിന്റെ പേരില്‍ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു പോകരുതെന്ന വാശി ഹാജി മരണം വരെ പുലര്‍ത്തി.
ഖുര്‍ആന്‍ പഠനത്തിന് പ്രോത്സാഹനം നല്കുന്നതില്‍ ഹാജി ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. നഗരത്തില്‍ കൃത്യമായ ഖുര്‍ആന്‍ ക്ലാസുകള്‍ നടക്കണമെന്നത് ഹാജിയുടെ നിര്‍ബന്ധമായിരുന്നു. തന്റെ വീട്ടുമുറ്റത്ത് സ്ഥിരമായി ഖുര്‍ആന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുക, അതിനായി വരുന്നവരെ നന്നായി സല്‍ക്കരിക്കുക എന്നതെല്ലാം ഹാജിയുടെ പതിവായിരുന്നു. മര്‍ഹൂം സി എ സഈദ് ഫാറൂഖി, ഹുസൈന്‍ മടവൂര്‍, കെ വി അബ്ദുല്ലത്തീഫ് മൗലവി എന്നിവര്‍ മീഞ്ചന്തയില്‍ നടത്തിയ ഖുര്‍ആന്‍ ക്ലാസുകള്‍ക്കു പിന്‍ബലമായി നിന്നത് അബൂബക്കര്‍ ഹാജിയായിരുന്നു. ഖുര്‍ആന്‍ പഠനത്തെ ഏറ്റവും ചെറിയ കുട്ടികളിലേക്ക് വരെ എത്തിക്കുന്നതിനായി രൂപപ്പെടുത്തിയ അല്‍ഫിത്‌റ പദ്ധതിയുടെ നെടുംതൂണായി സഈദ് ഫാറൂഖിക്കൊപ്പം അദ്ദേഹം നിലയുറപ്പിച്ചു. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കും വരെ ഹാജിക്ക് വിശ്രമമുണ്ടായിരുന്നില്ല. ആശയങ്ങള്‍ രൂപപ്പെട്ടാല്‍ അത് പ്രവര്‍ത്തികമായി കാണാന്‍ എന്തെല്ലാം കാര്യങ്ങള്‍ വേണമോ അതെല്ലാം പൂര്‍ത്തീകരിക്കുന്നത് വരെ ആ പദ്ധതി നടക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും രൂപപ്പെടുത്തിയെടുക്കുക എന്നത് ഹാജിയുടെ രീതിയായിരുന്നു. ഹാജിയുടെ നേതൃത്വത്തിലുള്ള ഓരോ സ്ഥാപനത്തിലും അതിന്റെ മികവ് കാണാനാവും. ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് പണം തടസ്സമാവരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമണ്ടായിരുന്നു.
സൗഹൃദങ്ങള്‍ക്ക് ഏറെ വില കല്പിച്ചിരുന്ന ഹാജി പ്രവാചക സുന്നത്തായ ഹദിയ നല്കുക എന്ന നിര്‍ദേശത്തെ പ്രയോഗവത്കരിക്കുന്നതില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇസ്‌ലാഹി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഹാജി സ്ത്രീധന രഹിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ സമരണീയമാണ്.
കലിക്കറ്റ് ഓര്‍ഫനേജ് ഐ ടി ഐ, കാലിക്കറ്റ് ഓര്‍ഫനേജ് ടി ടി ഐ എന്നീ സ്ഥാപനങ്ങളുടെ മാനേജര്‍ പദവിയും കൊളത്തറ കാലിക്കറ്റ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആരംഭകാലം മുതല്‍ക്കുള്ള സജീവ അംഗവും വൈസ് ചെയര്‍മാനുമായിരുന്നു. സൊസൈറ്റിയുടെ കീഴിലുള്ള വികലാംഗ വിദ്യാലയം, സ്‌നേഹമഹല്‍ സ്‌പെഷ്യല്‍ സ്‌കൂള്‍, മാത്തറയിലെ സി ഐ ആര്‍ എച്ച് എസ്, പി കെ സി ഐ സി എസ് കോളജ്, ബി എഡ് കോളേജ് എന്നീ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടിവ് കമ്മറ്റി മെംബറുമായിരുന്നു.
ഭാര്യമാര്‍: വടകര പുത്തന്‍ പുരയില്‍ സൈനബ, ഫ്രാന്‍സിസ് റോഡ് കൊശാനിവീട്ടില്‍ കല്‍മാബി. മക്കള്‍: ഫൈസല്‍ അബൂബക്കര്‍, ജലീല്‍, നൗഫല്‍ (കെയര്‍ ഹോം), മുജീബ്, അഫ്‌സല്‍, നജീബ്, ആയിഷ, ശബാന.