10 Friday
January 2025
2025 January 10
1446 Rajab 10

പരിണിത ഫലങ്ങള്‍ മുഖവിലക്കെടുക്കാത്ത വ്യക്തിവാദങ്ങള്‍

മിസ്ബാഹുല്‍ നിഷാദ്‌


മതം, ധാര്‍മികത, രാഷ്ട്രീയം, കുടുംബം തുടങ്ങിയവയെല്ലാം ഒരു വേലിക്കെട്ടാണെന്നും അതില്‍ നിന്ന് പുറത്ത് കടക്കുമ്പോള്‍ മാത്രമേ മനുഷ്യന് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂവെന്നും ഓരോ വ്യക്തിക്കും അവന്റേതായ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും നടപ്പിലാക്കല്‍ അവന്റെ അവകാശമാണെന്നതുമൊക്കെ ലിബറലിസത്തിന്റെ വക്താക്കള്‍ മുന്നോട്ട് വെക്കുന്ന ചിന്തയാണ്. സമൂഹത്തിലെ പ്രായപൂര്‍ത്തിയായ ഓരോ മനുഷ്യനും ഒരു കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ സ്വതന്ത്രനാണ്. അവന് സമൂഹത്തില്‍ സമത്വത്തിന് അവകാശമുണ്ട് എന്നിവയാണ് ലിബറലിസത്തിന്റെ അടിസ്ഥാനം. ലിബറലിസത്തിന്റെ പിതാവായി അറിയപ്പെടുന്ന ജോണ്‍ ലോക്കിന്റെ (1632-1704) ട്രീറ്റീസ് ഓഫ് ഗവണ്‍മെന്റ് എന്ന പുസ്തകത്തിലും ഇത് കാണാം. ഇത് കേള്‍ക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളൊന്നും തോന്നില്ലെങ്കിലും സാമൂഹികമായും ധാര്‍മികമായും ധാരാളം പ്രശ്‌നങ്ങള്‍ കാണാനാവും.
വ്യവസ്ഥാപിതമായ ഒരു നിയമസംഹിതയോ നിര്‍വചനമോ ലിബറലിസത്തിന് പറയാനില്ല. ഓരോ അവകാശങ്ങളും മുന്നോട്ടുവെക്കുമ്പോഴും അതിന്റെ പരിണിത ഫലങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ഒരു മാര്‍ഗവും ഇല്ല. പ്രശ്‌നങ്ങള്‍ ഉണ്ടായതിനുശേഷം മാത്രമതിനെക്കുറിച്ച് ചിന്തിക്കുകയും എന്നാല്‍ പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ശ്രമിക്കുന്നില്ല എന്നതുമാണ് ലിബറലിസത്തിന്റെ പ്രധാന ന്യൂനത. എല്ലാ വ്യവസ്ഥകളെയും തുറന്നെതിര്‍ക്കുമ്പോഴും അതിന് പകരം വെക്കാന്‍ എന്തുണ്ട് എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം ലിബറലിസത്തില്‍ നിന്ന് ലഭിക്കുന്നില്ല.
ലിബറല്‍ ചിന്തകള്‍
ട്രീറ്റീസ് ഓഫ് ഗവണ്‍മെന്റ് എന്ന ഗ്രന്ഥത്തില്‍ ജോണ്‍ ലൂക്ക് പറയുന്നത്, എല്ലാ മനുഷ്യരെയും സ്വതന്ത്രരായും സമന്മാരായുമാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്. ഈ ചിന്തയെയാണ് U S Declaration of Independence അടിസ്ഥാനമാക്കുന്നത്. ലൂക്കിന്റെ രണ്ടാമത്തെ വിശ്വാസം, ധാര്‍മികത വേദനയിലും സന്തോഷത്തിലും അധിഷ്ഠിതമാണ് എന്നാണ്. ഒരു മനുഷ്യന് നല്ലതായി തോന്നുന്നതോ ആഹ്ലാദം നല്‍കുന്നതോ ആഗ്രഹിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതാണ് ധാര്‍മികത. ഇതിനെ ചിലര്‍ ഹെഡോണിസ്റ്റിക് തത്വം എന്ന് പറയുന്നു. അദ്ദേഹത്തിനു ശേഷം മൊണ്ടെസ്‌ക്യൂ, റൂസോ തുടങ്ങിയവരും ഈ ചിന്തയെ വളര്‍ത്തി. അവര്‍ക്കു ശേഷം വന്ന ജോണ്‍ സ്റ്റ്യുവര്‍ട്ട് മില്‍ ഈ ചിന്തയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്ന് ‘സ്വാതന്ത്ര്യവും സമത്വവും മനുഷ്യന് നല്‍കപ്പെട്ടിട്ടുണ്ട്, എന്നാല്‍ അത് ദൈവം നല്‍കിയതല്ല’ എന്നാക്കുകയും ചെയ്തു.
ജോണ്‍ സ്റ്റ്യുവര്‍ട്ട് മില്ലിന്റെ മുന്‍ഗാമിയായ ജെര്‍മി ബെന്‍തം ആവിഷ്‌കരിച്ച യൂട്ടിലിറ്റേറിയന്‍ തിയറിക്ക് മില്ലിന്റെ ഓണ്‍ ലിബര്‍ട്ടി എന്ന കൃതി ധാരാളം സഹായം നല്‍കിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നത്, സന്തോഷമാണ് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്, ആ സന്തോഷം പരമാവധി ലഭിക്കാന്‍ ശ്രമിക്കുക എന്നത് മനുഷ്യന്റെ കടമയാണ് എന്നാണ്. ഒരാള്‍ എന്ത് ചെയ്യണം, ചെയ്യരുത് എന്ന് വിലക്കാനോ നിര്‍ബന്ധിക്കാനോ സമൂഹത്തിന് അവകാശമില്ല. വ്യക്തിയുടെ പരിധികള്‍ തീരുമാനിക്കുന്നത് വ്യക്തികള്‍ തന്നെയാണ് എന്ന വ്യക്തിവാദം കൂടി അവതരിപ്പിക്കപ്പെടുന്നുണ്ട്. തന്റെ സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുക എന്ന കാര്യം മാത്രം ചിന്തിച്ചാല്‍ മതിയെന്ന വാദവും ജോണ്‍ സ്റ്റ്യുവര്‍ട്ട് മില്ലിന്റെതാണ്.
ഈ ചിന്തകള്‍ക്ക് പരിഷ്‌കൃതരൂപം നല്‍കുന്നതാണ് ഇന്നത്തെ ലിബറലിസ്റ്റുകള്‍ ചെയ്യുന്നത്. ഈ ചിന്തകള്‍ പ്രകാരം യൂറോപ്യന്‍ രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നടത്തിയ കോളനിവത്കരണം പോലും ന്യായീകരിക്കപ്പെടുന്നു എന്നത് വിരോധാഭാസമാണ്. ലിബറലിസത്തിന് നിര്‍ണിതമോ വസ്തുനിഷ്ഠമോ ആയ ഒരു സിദ്ധാന്തത്തിന്റെയും അടിത്തറയില്ല. ലിബറലിസം ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ചെറുതല്ല. മാനസിക വൈകൃതങ്ങളെയും ലൈംഗിക വൈകൃതങ്ങളെയുമൊക്കെ അവകാശമായി കാണുന്ന, അതിനായി പോരാടുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കൂടിയാണ് ലിബറലിസത്തിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്.

സ്വത്വബോധം നഷ്ടപ്പെടുന്നു
മൃഗങ്ങളില്‍ നിന്നും മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തനാണ് മനുഷ്യന്‍. അവയെക്കാള്‍ ഉത്കൃഷ്ടനായാണ് സ്രഷ്ടാവ് അവനെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍, ആ മനുഷ്യന്റെ ഗുണങ്ങളും ഔന്നത്യവും നഷ്ടപ്പെടുന്ന രീതിയില്‍ വിവിധ സിദ്ധാന്തങ്ങള്‍ ഇന്ന് അവതരിപ്പിക്കപ്പെടുന്നു. അത് അവകാശമാണെന്നും അതിനെ എതിര്‍ക്കുന്നത് അവകാശത്തിനെതിരായുള്ള കടന്നുകയറ്റമാണെന്നും ചിത്രീകരിക്കപ്പെടുന്നു. ഞാന്‍ ഒരു മൃഗമായിട്ടായിരുന്നു ജനിക്കേണ്ടിയിരുന്നത്, എന്നാല്‍ ഞാന്‍ ജനിച്ചത് മനുഷ്യശരീരത്തിലാണ് എന്ന് പറഞ്ഞ് സ്വശരീരത്തില്‍ മാറ്റം വരുത്താനും മൃഗങ്ങളെപ്പോലെ ഭക്ഷണം കഴിക്കാനും അവയെപ്പോലെ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ഞങ്ങള്‍ക്ക് അവകാശമുണ്ട് എന്ന് വാദിക്കുന്ന ഛവേലൃസശി രീാാൗിശ്യേ ഇതിന് ഉദാഹരണമാണ്. ശരിയായ മാനസിക ചികിത്സ ലഭിക്കേണ്ട ഇത്തരം ചിന്തകള്‍ ഒരു അവകാശമായി അവതരിപ്പിക്കപ്പെടുന്നു. തന്റെ സ്വത്വം ഏതാണെന്നു തിരിച്ചറിയാന്‍ കഴിയാതെ വരുന്നതോടെ സ്പീഷിസ് ഡിസ്‌ഫോറിയ എന്ന അസുഖത്തിന് അടിമപ്പെടുന്നു. തെറ്റായ ശരീരത്തിനുള്ളില്‍ കുടങ്ങിപ്പോയ ഒരു സൃഷ്ടിയാണ് ഞാന്‍ എന്ന് അത്തരം ആളുകള്‍ ചിന്തിക്കുന്നു. തന്റെ മനസ്സ് പറയുന്നതനുസരിച്ച് ഞാന്‍ ആ ജീവിയുടെ സ്വഭാവം കാണിക്കണമെന്ന ചിന്തയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് പിന്നീടുണ്ടാകുന്നത്്. ഈ ചിന്ത കൂടുതല്‍ കാണുന്നത് 19 വയസ്സിന് താഴെയുള്ള കുട്ടികളിലാണ്. കൃത്യമായ ചികിത്സ നല്കുന്നതിനു പകരം അതിനെ ഒരവകാശമായി അവതരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തലാകും.
ആത്മഹത്യയുടെ വര്‍ധനവ്
ലിബറലിസത്തില്‍, ജീവിതത്തിന്റെ ലക്ഷ്യം എന്താണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുക അസാധ്യമാണ്. ജീവിതത്തിന്റെ ലക്ഷ്യത്തെയും അര്‍ഥത്തെയും ധാര്‍മികതയെയും ഇല്ലാതെയാക്കുന്ന ചിന്തയാണ് നിഹിലിസം. ഈ ചിന്തയുടെ പിതാവായ ഫെഡറിക് നിഷേ പറയുന്നത് ‘ജീവിതത്തിന് ഒരു ലക്ഷ്യവുമില്ല, എന്തിന് എന്ന ചോദ്യത്തിന് ഉത്തരവുമില്ല. എല്ലാ മൂല്യങ്ങളെയും ഇല്ലാതാക്കുക’ എന്നാണ്. ഈ ചിന്തകള്‍ ഇതേ പേരില്‍ അല്ലെങ്കിലും ലിബറലുകള്‍ ഏറ്റെടുക്കുന്നു. നിരര്‍ഥകമായ ജീവിതത്തില്‍ ഞാന്‍ ഇനി എന്തിന് ജീവിക്കണം എന്ന ചിന്ത ഒരാളില്‍ ഉണ്ടായാല്‍ അയാളുടെ മുമ്പിലുള്ള വഴി ആത്മഹത്യയായിരിക്കും.
ധാര്‍മികത
വ്യക്തിയുെട സന്തോഷത്തിനും സങ്കടത്തിനും അനുസരിച്ചാണ് ലിബറലിസത്തിന്റെ ധാര്‍മികത തീരുമാനിക്കുന്നത്. തനിക്ക് സന്തോഷം നല്‍കുന്ന കാര്യം താന്‍ ചെയ്യുക എന്നതാണ് ധാര്‍മികത. അതോടൊപ്പം തനിക്ക് സങ്കടം ഉണ്ടാക്കുന്നത് ഒഴിവാക്കുക. 1979-ല്‍ ഇറങ്ങിയ പ്രാക്ടിക്കല്‍ എത്തിക്‌സ് എന്ന പുസ്തകത്തില്‍ പീറ്റര്‍ സിംഗര്‍ എന്ന യൂടിലിറ്റേറിയന്‍ പറയുന്നത് മാരകമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ജീവിതം അവസാനിപ്പിക്കുവാന്‍ അവരുടെ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ട് എന്നാണ്. ഈ ചിന്തയുടെ അടിസ്ഥാനത്തില്‍ വലിയ പ്രയാസം അനുഭവിക്കുന്ന മുതിര്‍ന്നവരുടെ ജീവിതം അവസാനിപ്പിക്കാനും ബന്ധപ്പെട്ടവര്‍ക്ക് അവകാശമുണ്ട് എന്നുവരും. ഇതിന്റെ ഒരു ഉദാഹരണമാണ് ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ പ്രായമുള്ളവരെ ഒറ്റയ്ക്ക് ജീവിക്കാന്‍ വിടുന്നു എന്നത്. പലപ്പോഴും അവര്‍ മരണപ്പെടുന്നതു പോലും ബന്ധുക്കള്‍ അറിയുന്നില്ല. അവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഉള്ള ഏജന്‍സികളും പുതിയ ബിസിനസ് സംരംഭമായി ഉയര്‍ന്നു വരുന്നു. അവനവന്റെ ധാര്‍മികത അയാള്‍ തന്നെ തീരുമാനിക്കുമ്പോള്‍, അത് അയാളുടെ സന്തോഷത്തിനും സന്താപത്തിനും അനുസരിച്ച് ആവുമ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതാണ്. സാമൂഹിക ധ്രുവീകരണത്തിന് പോലും അത് കാരണമാകും.
കുടുംബ വ്യവസ്ഥയുടെ തകര്‍ച്ച
ഒരു സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റാണ് കുടുംബം. ഒരു വ്യക്തി അവരുടെ സ്വഭാവം രൂപീകരിക്കുന്നത് ഈ കുടുംബത്തില്‍ നിന്നാണ്. അതോടൊപ്പം തന്നെ ലൈംഗിക ജീവിതവും ഇണയില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ കുടുംബ വ്യവസ്ഥയ്ക്ക് എതിരുകൂടിയാണ് ലിബറല്‍ വാദങ്ങള്‍. പലപ്പോഴും കുടുംബം എന്നത് ഒരു വേലിക്കെട്ടാണെന്നും അത് മനുഷ്യന്റെ പൂര്‍ണ സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ഒന്നാണെന്നും അവതരിപ്പിക്കുന്നു. ഉയര്‍ന്നു വരുന്ന വിവാഹമോചന നിരക്കും മറ്റു കാരണങ്ങളും കൊണ്ട് അവതരിപ്പിക്കപ്പെട്ട ഒന്നാണ് സിംഗിള്‍ പാരന്റിങ്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഇത് അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക എന്നതിനു പകരം അവരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ് ചെയ്യുന്നത്. കുടുംബമെന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ചിലരുടെ മാത്രം ആഗ്രഹങ്ങളാണ് സിംഗിള്‍ പാരന്റിങ് എന്ന രീതിക്ക് അടിസ്ഥാനം.
ലൈംഗിക അരാജകത്വം
ലിബറലിസം എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ധാരാളം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ്. ആണ്‍-പെണ്‍ ഇണകള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് അപ്പുറത്തേക്ക് സ്വതന്ത്ര ലൈംഗികതയും സ്വവര്‍ഗ ലൈംഗികതയും അവകാശമായി പറയുകയും അതിനെതിരെയുള്ള ശബ്ദങ്ങളെ ഹോമോഫോബികായും ട്രാന്‍സ്‌ഫോബിക് ആയും ചിത്രീകരിക്കുകയും ചെയ്യുന്നു. ലിബറലിസം മുന്നോട്ടുവെക്കുന്ന സിദ്ധാന്തം അനുസരിച്ച് ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടാം. ജൈവികമായും സാമൂഹികമായും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സ്വവര്‍ഗലൈംഗികത ഒരു അവകാശമായി ഉയര്‍ത്തിക്കാണിക്കുന്നു. അതിന്റെ അനുരണനങ്ങള്‍ കേരളത്തില്‍ പോലും ഇന്ന് കാണുന്നുണ്ട്.
ആണും പെണ്ണും തമ്മിലുള്ള ലൈംഗികതയ്ക്കും സ്വന്തം ലിംഗത്തില്‍ പെട്ടവര്‍ തമ്മിലുള്ള ലൈംഗികതക്കും ഇടയില്‍ ധാരാളം ലൈംഗിക ന്യൂപക്ഷങ്ങള്‍ ഉണ്ട് എന്നും LGBTQA+ എന്ന രീതിയില്‍ അത് അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത് ലൈംഗികമായ ആശയക്കുഴപ്പത്തിന് വഴിയൊരുക്കുന്നു. പുരോഗമനമായി അവതരിപ്പിക്കപ്പെട്ട ജെന്‍ഡര്‍ ന്യൂട്രല്‍ സിദ്ധാന്തവും ഇതുപോലെ പ്രത്യാഘാതങ്ങള്‍ ഉള്ളതാണ്. ലൈംഗിക വൈകൃതങ്ങളെ ലൈംഗിക ന്യൂനപക്ഷമായി കാണുകയും അതൊരു അവകാശമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. രക്തബന്ധുക്കളുമായുള്ള ലൈംഗികത, മനുഷ്യേതര ജീവികളുമായുള്ള ലൈംഗികത തുടങ്ങിയ ലൈംഗിക വൈകൃതങ്ങളെ സ്വവര്‍ഗ ലൈംഗികതയ്ക്ക് പറയുന്ന ന്യായീകരണങ്ങള്‍വെച്ച് ന്യായീകരിക്കാം എന്നതും അപകടകരമാണ്.
നിര്‍ണിതമായ മാനുഷിക മൂല്യങ്ങളോ സ്വഭാവഗുണങ്ങളോ ലിബറലിസം മുന്നോട്ടു വെക്കുന്നില്ല. ഓരോ കാലഘട്ടത്തിനും അനുസരിച്ച് മൂല്യങ്ങളെ തീരുമാനിക്കുന്നു. അതിന് എതിരുനില്‍ക്കുന്നവരെ യാഥാസ്ഥിതികരായി മുദ്രകുത്തുകയും ചെയ്യുന്നു. അതിന് ഒരു ഉദാഹരണമാണ് മനുഷ്യന്റെ നഗ്നത നിര്‍വചിക്കപ്പെടുന്നത്. കാലത്തിന് അനുസരിച്ച് വസ്ത്രത്തില്‍ കുറവു വരുന്നു. എന്നാല്‍ മാന്യമായ വസ്ത്ര രീതിക്ക് വേണ്ടി സംസാരിക്കുന്നവരെ കപട സദാചാര വാദികളായും മുദ്രകുത്തുന്നു. മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന അസഭ്യ വര്‍ഷങ്ങള്‍ പോലും മനുഷ്യന്റെ അടിസ്ഥാന വികാരത്തെ പ്രതിഫലിപ്പിക്കുകയാണെന്നും അത് ആവശ്യമാണെന്നുമുള്ള രീതിയില്‍ പ്രചാരണങ്ങള്‍ സമീപകാലത്ത് പോലും കേരളത്തില്‍ ഉണ്ടായി.
കേരളത്തില്‍ ഭാര്യമാരെ പങ്കുവെച്ച സംഭവത്തില്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പരസ്പര സമ്മതത്തോടെയാണെങ്കില്‍ കേസെടുക്കുന്നത് സദാചാര പോലീസിംഗ് ആവുമെന്നാണ് ഒരു ഉദ്യോഗസ്ഥ പറഞ്ഞത്. ഇതെല്ലാം മൂല്യങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെടുകയോ നിര്‍ണയിക്കപ്പെടുകയോ ചെയ്യാതാകുമ്പോള്‍ സംഭവിക്കുന്നതാണ്. ഇവരെല്ലാം ലിബറലുകളാണെന്നല്ല. മറിച്ച്, ലിബറല്‍ ആശയങ്ങളുടെ സ്വാധീനം ഇതിലുണ്ട് എന്നതാണ്്. അത് സമൂഹത്തെ യാതൊരു മൂല്യങ്ങള്‍ക്കും വിലകല്‍പിക്കാത്ത ഒരു അവസ്ഥയിലേക്ക് തള്ളിവിടുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.
ഇസ്‌ലാമോഫോബിയ
ലിബറലിസം ലോകത്ത് നിലനില്‍ക്കുന്ന മറ്റെല്ലാം ആശയങ്ങളെയും കടന്നാക്രമിക്കുകയോ ബൗദ്ധികമായി അവയെ കീഴ്‌പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ലിബറലിസത്തിനെതിരെ ശക്തമായി നിലകൊണ്ട കമ്മ്യൂണിസം പോലും ഇന്ന് ലിബറല്‍ ആശയങ്ങളെ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഒരുപക്ഷേ ലിബറലിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇത്ര ശക്തിയാര്‍ജിക്കുന്നത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി, സ്വവര്‍ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളിലുള്ള ചര്‍ച്ചകളിലൂടെയാണ്. നിലവിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ലിബറലിസം ചെലുത്തിയ സ്വാധീനത്തിന്റെ ഫലമാണത്.
ക്രൈസ്തവരെയും ലിബറലിസം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ആഗോളതലത്തില്‍ ലിബറലിസത്തിനെതിരെ ഇസ്‌ലാമിക പ്രബോധകര്‍ ശക്തമായ നീക്കങ്ങള്‍ നടത്തുന്നു. കേരളത്തില്‍ പോലും അവക്കെതിരെയുള്ള യുവതലമുറയുടെ ബൗദ്ധിക സംവാദങ്ങള്‍ വളരെ ശ്രദ്ധേയമാണ്. അതിനാല്‍ ആഗോള തലത്തില്‍ തന്നെ ഇസ്‌ലാം സര്‍വപുരോഗമനത്തിനും എതിരാണ് എന്ന ചിന്ത സമൂഹത്തിലേക്ക് നല്‍കുക എന്നതാണ് ഇവര്‍ പ്രയോഗിക്കുന്ന പുതിയ തന്ത്രം. അതിന് ഏറ്റവും നല്ല ആയുധം ഇസ്‌ലാമോഫോബിയ തന്നെയാണ്.
സംവാദങ്ങളില്‍ പോലും ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നവര്‍ക്ക് വിവിധ ലേബലുകള്‍ ചാര്‍ത്തി നല്കുന്നു. ഡാനിയല്‍ ഹഖീഖതുമായുള്ള ചര്‍ച്ചയില്‍ ഇസ്‌ലാമിനെതിരെ സംസാരിക്കുന്നവരുടെ ആരോപണങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാക്കാന്‍ കഴിയും. കേരളത്തില്‍ നടക്കുന്ന ചര്‍ച്ചയിലും ആറാം നൂറ്റാണ്ടിലെ പ്രാകൃതര്‍, അവിടെ നിന്ന് ഇപ്പോഴും വണ്ടി കിട്ടാത്തവര്‍ തുടങ്ങിയ ആരോപണങ്ങള്‍ കേള്‍ക്കാന്‍ കഴിയും. നവനാസ്തികര്‍ അവരുടെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഉപയോഗിച്ച ഏറ്റവും വലിയ ആയുധവും ഈ ഇസ്‌ലാമോഫോബിയ തന്നെയാണ്. എന്നാല്‍ ലിബറലിസം, നേര്‍ക്ക്‌നേരെയുള്ള ആശയങ്ങള്‍ പറഞ്ഞല്ല അത് സമൂഹത്തില്‍ നടപ്പിലാക്കുന്നത് എന്നതാണ് നാം മനസ്സിലാക്കേണ്ടത്. മറിച്ച് പുരോഗമനമെന്നോ നവോത്ഥാനമെന്നോ പേരിട്ടാണ് ലിബറല്‍ ആശയങ്ങള്‍ എഴുന്നള്ളിക്കുന്നത്.
എന്താണ് പരിഹാരം?
ലിബറലിസം തകര്‍ക്കാന്‍ ശ്രമിക്കുന്ന വ്യവസ്ഥകളെ ശക്തിപ്പെടുത്തുക എന്നത് തന്നെയാണ് ഇതിന് പരിഹാരം. ഉദാഹരണത്തിന്, കുടുംബബന്ധത്തിന് വലിയ സ്ഥാനങ്ങള്‍ നല്‍കുക. മനുഷ്യന്റെ ജീവിതത്തതില്‍ വളരെ പ്രാധാന്യമുള്ള ഒരു സാമൂഹിക സ്ഥാപനമാണത്. അത് കഴിവതും മാധുര്യമേറിയതും ആസ്വാദ്യകരവുമാക്കുക. ലൈംഗികജീവിതം ഇണയുമായി മാത്രമാക്കുക. ജീവിതം നിരര്‍ഥകമല്ല എന്നും പരലോകത്തിന് വേണ്ടിയാണ് ജീവിക്കുന്നത് എന്ന ദൃഢവിശ്വാസവും വളരെ പ്രധാനമാണ്. ധാര്‍മികത സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമല്ല. മറിച്ച്, ദിവ്യബോധനത്തില്‍ അധിഷ്ഠിതമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
മതജീവിതം ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളിലേക്ക് ഒതുക്കാതിരിക്കുക. ജീവിതത്തില്‍ എല്ലാ സന്ദര്‍ഭങ്ങളിലും ഞാനൊരു വിശ്വാസിയാണ് എന്ന ബോധം സ്വന്തത്തിനും ഒപ്പം കുടുംബത്തിനും നല്‍കുക. മാനുഷിക മൂല്യങ്ങള്‍ പൂര്‍വികര്‍ കാണിച്ചുതന്ന രീതിയില്‍ പിന്തുടരുക. സാര്‍വലൗകിക മതമെന്ന നിലയില്‍ ഇസ്‌ലാമിലെ മാനുഷിക മൂല്യങ്ങള്‍ കാലത്തിന്നനുസരിച്ച് മാറ്റങ്ങള്‍ ആവശ്യമില്ലാത്തതാണ്. പുരോഗമനമെന്ന പേരില്‍ വൈകല്യങ്ങളെയും വൈകൃതങ്ങളെയും ആഘോഷിക്കുമ്പോള്‍ അതിനെ വസ്തുനിഷ്ഠമായി പഠിക്കാനും അതിന്റെ നിരര്‍ഥകത ബോധ്യപ്പെടുത്താനും നാം ശ്രമിക്കേണ്ടതുണ്ട്.

Back to Top