23 Saturday
November 2024
2024 November 23
1446 Joumada I 21

പരിഹാസങ്ങളെ അതിജീവിച്ച നേതാവ്‌

അംജദ് അലി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരുപാട് പഴി കേട്ട നേതാവാണ് രാഹുല്‍ ഗാന്ധി. പപ്പു എന്നും അമുല്‍ ബേബിയെന്നും കളിയാക്കി വിളിക്കപ്പെട്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉയര്‍ച്ചകള്‍ ഇപ്പോള്‍ പ്രകടമാണ്. പക്വതയാര്‍ന്ന കഴിവുറ്റ ഒരു നേതാവായാണ് രാഹുല്‍ ഗാന്ധി ഇന്നു രാജ്യത്ത് നിറഞ്ഞുനില്‍ക്കുന്നത്. രാഹുല്‍ ആദ്യമായി നടത്തുകയും വിജയിപ്പിക്കുകയും ചെയ്ത സമരം മിക്കവര്‍ക്കും ഓര്‍മയുണ്ടാകില്ല. 2014ല്‍ മോദി അധികാരത്തില്‍ വന്നയുടനെ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരായിരുന്നു അത്. ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ അദാനിക്ക് അവസരമൊരുക്കാന്‍ കൊണ്ടുവന്ന ആ ബില്ല് രാഹുല്‍ ഗാന്ധി ഒറ്റയ്ക്ക് നടത്തിയ സമരത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്. മറ്റാര്‍ക്കും അതിന്റെ ക്രെഡിറ്റ് എടുക്കാനാവില്ല. ആ സമരകാലത്താണ് പ്രശസ്തമായ ‘സ്യൂട്ട്-ബൂട്ട് കി സര്‍ക്കാര്‍’ എന്ന പ്രയോഗം രാഹുല്‍ ഗാന്ധി നടത്തുന്നത്.
അക്കാലത്ത് രാഹുല്‍ നടത്തിയ വെല്ലുവിളിയെ തുടര്‍ന്നാണ് തൊഴിലുറപ്പു പദ്ധതി പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് മോദി പിന്മാറുന്നത്. രാഹുലിനെ ആരും കാര്യമായെടുക്കുന്നില്ല എന്ന് അമിത്ഷാ പറയുമെങ്കിലും മോദി എന്നും രാഹുലിനെ കാര്യമായി എടുത്തിരുന്നു. ഉത്തരേന്ത്യയിലെ പൊതു രാഷ്ട്രീയ സംഭാഷണങ്ങള്‍ കുറേ കാലമായി ആര്‍എസ്എസ്സാണ് നിയന്ത്രിക്കുന്നത്. വാക്കുകളും ആശയങ്ങളും അജണ്ടകളും അവര്‍ നിശ്ചയിക്കും. മറ്റുള്ളവര്‍ ഒന്നുകില്‍ അതൊക്കെ അംഗീകരിക്കും, അല്ലെങ്കില്‍ മിണ്ടാതിരിക്കും. ആര്‍എസ്എസ് ആശയങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ പോലും വംശനാശം വന്ന കാലമാണ്. ബിജെപി വിരുദ്ധ പക്ഷത്തിരുന്ന് ആര്‍എസ്എസ് ആശയങ്ങളെ അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അരവിന്ദ് കെജ്‌രിവാളൊക്കെ മധ്യവര്‍ഗ ഹീറോ ആകുന്ന കാലത്താണ് രാഹുല്‍ എതിര്‍വഴിയില്‍ സഞ്ചരിക്കുന്നത്.
അഞ്ചു കൊല്ലം മുമ്പ് 2019ല്‍ രാഹുല്‍ ഗാന്ധി എടുത്ത തീരുമാനം അനിതര സാധാരണമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി പ്രസിഡന്റ് പദവി ഒഴിയുക എന്നതായിരുന്നു ആ തീരുമാനം. രാജി വേണമെന്ന് ഗാന്ധി കുടുംബത്തിലെ ഈ ചെറുപ്പക്കാരനോട് ഒരു കോണ്‍ഗ്രസ് നേതാവും അന്ന് ആവശ്യപ്പെട്ടിരുന്നില്ല. പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നുണ്ടായിരുന്നെങ്കില്‍ രാഹുലിന് സംഗതി എളുപ്പവുമായിരുന്നു. എന്നിട്ടും രാഹുല്‍ രാജിവെച്ചു. അതില്‍ ധാര്‍മികതയും നീതിബോധവുമുണ്ടായിരുന്നു. ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നില്ലെന്ന ധീരമായ പ്രഖ്യാപനമായിരുന്നു അത്. അന്ന് രാഹുല്‍ പറഞ്ഞത് കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരു പ്രസിഡന്റ് വേണമെന്നാണ്.
അതിനു പക്ഷേ, പിന്നെയും മൂന്നു കൊല്ലമെടുത്തു. സോണിയാ ഗാന്ധിക്ക് മകനെ അങ്ങനെയങ്ങ് വേണ്ടെന്നുവെക്കാനാവുമായിരുന്നില്ല. അനാരോഗ്യം അലട്ടിയിട്ടും അവര്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവന്നു. മകന്‍ രാഹുല്‍ വീണ്ടും പാര്‍ട്ടിയിലും രാഷ്്രടീയത്തിലും സജിവമാകുന്നുവെന്ന് ഉറപ്പു വരുത്തി. 2022 ഒക്ടോബറിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിന്റെ പ്രസിഡന്റായത്. ഈ മൂന്ന് കൊല്ലവും കോണ്‍ഗ്രസിന്റെ സുപ്രധാന മുഖം മാത്രമല്ല അധികാരകേന്ദ്രവും രാഹുല്‍ തന്നെയായിരുന്നു. സംഘടനാപരമായി ഒരു പദവിയിലുമില്ലാതിരുന്നിട്ടും കോണ്‍ഗ്രസില്‍ അവസാന വാക്കായി രാഹുല്‍ തുടര്‍ന്നു. കേരളത്തില്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്ന് മാറ്റുന്ന വിഷയത്തിലായാലും പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദര്‍ സിങിനെ നീക്കുന്നതിലായാലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലായാലും അന്തിമ വാക്ക് രാഹുലിന്റേതായിരുന്നു.
നരേന്ദ്ര മോദിയുടെ ഹിന്ദുത്വ പദ്ധതിക്കെതിരെയുള്ള പോരാട്ടത്തില്‍ റായ്ബറേലിയുടെ പ്രാധാന്യം രാഹുല്‍ തിരിച്ചറിയുന്നുവെന്നത് കാണാതിരിക്കേണ്ട കാര്യമില്ല. സ്വകാര്യ ജീവിതം രാഹുലിന് ഏറെ പ്രിയപ്പെട്ടതാണ്. പ്രതിപക്ഷ നേതാവിന്റേതു പോലൊരു പദവിയില്‍ ഇരിക്കുമ്പോള്‍ സ്വകാര്യ ജീവിതം ആര്‍ഭാടമായെന്നുവരും. എന്തിനുമേതിനും ഒരു വിലയുണ്ടെന്നു പറയുന്നതുപോലെ, നെഹ്‌റു കുടുംബത്തില്‍ പിറന്നതിന് രാഹുലിനും ഒരു വില നല്‍കിയേ തീരൂ. ആ വിലയാണ് കാലവും ചരിത്രവും ഇപ്പോള്‍ രാഹുലിനോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാഹുലിനെപ്പോലെ മറ്റൊരു നേതാവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മിന്നിത്തിളങ്ങിയിട്ടില്ല. നിന്ദകളും പരിഹാസങ്ങളും അതിജീവിച്ച് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഒരു പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനാണെന്ന് തെളിയിക്കുകയായിരുന്നു രാഹുല്‍.

Back to Top