യൂട്യൂബെന്ന പാരലല്‍ വേള്‍ഡ്
മന്‍സൂര്‍ കെ
കഴിഞ്ഞയാഴ്ച സാമൂഹ്യ മാധ്യമങ്ങള്‍ നിറയെ നിലവിളിയായിരുന്നു. റോഡ് നിയമങ്ങള്‍ ലംഘിക്കുകയും എം വി ഡി ഓഫീസില്‍ കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തതിന്റെ പ്രതിഫലനമെന്നോണം രണ്ട് വ്‌ലോഗര്‍മാര്‍ അറസ്റ്റിലായതിന്റെ ബഹളമായിരുന്നു അവ. കൃത്യമായ ഒരു നിയമലംഘനത്തെ കൈകാര്യം ചെയ്യാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ ഇവരുടെ ആരാധകക്കൂട്ടം ബഹളമുണ്ടാക്കിയപ്പോഴാണ് യൂട്യൂബ് സമാന്തര ലോകം എത്രമേല്‍ ഭയപ്പെടുത്തുന്നതാണെന്നു മനസിലായത്. സ്‌കൂള്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുമെന്നൊക്കെയായിരുന്നു പ്രഖ്യാപിച്ചു കളഞ്ഞത്. അത്രമേല്‍ ആരാധിക്കപ്പെടുന്നുണ്ട് ഇത്തരത്തിലുള്ള യൂട്യൂബര്‍മാര്‍. ആ സ്വാധീനപ്പെടലിന്റെ സാഹചര്യത്തില്‍ വേണം യൂട്യൂബ് കണ്ടന്റുകളെ വിലയിരുത്താന്‍. ഈ പാരലല്‍ ലോകത്ത് ആരാധകപ്രീതി നേടുന്നവയിലധികവും കാര്യമായ പ്രയോജനങ്ങള്‍ നല്കാത്ത ആക്ഷന്‍ കൊണ്ടും ഡയലോഗുകള്‍ കൊണ്ടും പിടിച്ചു നില്ക്കുന്നവരാണെന്നതാണ് കാര്യം. എന്തുകൊണ്ട് ഇത്തരത്തിലുള്ള വീഡിയോകള്‍ക്ക് കുട്ടികള്‍ കൂട്ടത്തോടെ അടിപ്പെടുന്നെന്നും അവരില്‍ രൂപപ്പെടുന്ന മാനസികാവസ്ഥ എത്തരത്തിലാണെന്നും പഠനം നടക്കേണ്ടതുണ്ട്.