1 Tuesday
July 2025
2025 July 1
1447 Mouharrem 5

പരീക്ഷണങ്ങള്‍ക്കു മേല്‍ വിശ്വാസത്തിന്റെ കരുത്ത്‌

ഡോ. കെ ടി അന്‍വര്‍ സാദത്ത്‌


അത്യപൂര്‍വമായ ഒരുകൂട്ടം ത്യാഗത്തിന്റെ മഹത്വം വിളംബരം ചെയ്തുകൊണ്ട് വീണ്ടും ഒരു ബലിപെരുന്നാള്‍ കൂടി. നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ച മഹാനായ ഇബ്‌റാഹീം നബിയുടെ ധീരോദാത്തമായ ജീവചരിത്രം പരിശുദ്ധ ഹജ്ജിലൂടെയും പവിത്രമായ ബലിപെരുന്നാളിലൂടെയും മുസ്ലിം ലോകം സ്മരിക്കുകയാണ്.
എണ്ണമറ്റ പരീക്ഷണഘട്ടങ്ങളില്‍ അചഞ്ചലമായ വിശ്വാസത്തോടെ ഉറച്ചുനിന്ന ഇബ്‌റാഹീം നബിയുടെ ചരിത്രം എല്ലാ കാലഘട്ടത്തിലും അതിജീവനത്തിന്റെ മഹിത പാഠങ്ങള്‍ നല്‍കുന്നതാണ്. കോവിഡ് മഹാമാരിയുടെ ഭീതിക്കാലത്താണ് ത്യാഗനിര്‍ഭരമായ ഹജ്ജ് കാലവും ബലിപെരുന്നാളും വീണ്ടും കടന്നുവരുന്നത്.
കോവിഡ് തീര്‍ത്ത പരിമിതികളില്‍ നിന്ന് അതിജീവനമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടായിരുന്നു നമ്മുടെ ദൈനംദിന ചര്യകളെല്ലാം. ഇത്തരമൊരു പരീക്ഷണ ഘട്ടത്തില്‍ സഹനത്തിന്റെയും കരുതലിന്റെയും ഒരുപാട് മാതൃകകള്‍ ഇബ്‌റാഹീം നബിയുടെ ജീവിതത്തില്‍ നിന്ന് മനുഷ്യകുലത്തിന് പകര്‍ത്താനുണ്ട്.
കേട്ടുകേള്‍വിയില്ലാത്ത സാമൂഹിക അന്തരീക്ഷത്തിലൂടെ നാട് കടന്നുപോവുേമ്പാള്‍ പരസ്പരം സാമൂഹിക അകലം പാലിച്ചു, മനസ്സിന്റെ അടുപ്പം സൂക്ഷിക്കുന്നത് എങ്ങനെയെന്ന് നമുക്ക് ചുറ്റുമുള്ള ലോകം കാണിച്ചു തരികയാണ്. അവനവനോടുള്ള കടമ സമൂഹത്തോടുളള കടമ കൂടിയാണെന്ന ഓര്‍മപ്പെടുത്തലാണ് കോവിഡ് കാലത്തെ ബലിപെരുന്നാള്‍ ആഘോഷം.
പരീക്ഷണങ്ങള്‍ വിശ്വാസികളുടെ കരുത്ത് വര്‍ധിപ്പിക്കുക മാത്രമേയുള്ളുവെന്ന ഖുര്‍ആനിക പാഠം നമുക്ക് പ്രതീക്ഷയാണ് പകരുന്നത്. സന്തോഷമുണ്ടായാല്‍ നന്ദി കാണിക്കുകയും വിഷമമുണ്ടായാല്‍ ക്ഷമിക്കുകയും ചെയ്തു കൊണ്ട് എല്ലാം ഗുണകരമാക്കിത്തീര്‍ക്കുന്ന അത്ഭുത ജീവിതമാണ് വിശ്വാസിയുടേത് എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
ലോകം പ്രതിസന്ധിയില്‍ ആടിയുലയുമ്പോള്‍ ആരാധനാ കര്‍മങ്ങളില്‍ മുഴുകാനും വലിയ പ്രയാസങ്ങള്‍ ഇല്ലാതെ ജീവിക്കാനും അനുഗ്രഹിച്ചവനാണ് അല്ലാഹു. നമുക്ക് ചുറ്റുമുള്ള ആയിരങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും കണ്ണീര്‍ കാഴ്ചകളും നമ്മുടെ മനസ്സ് തുറപ്പിക്കണം. നാഥന്‍ നല്‍കിയ അനുഗ്രഹങ്ങളെ നാമൊരിക്കലും വിസ്മരിക്കരുത്. കൂടുതല്‍ നന്മകളില്‍ മുഴുകാന്‍ പ്രതിസന്ധി കാലത്തെ ഈ ബലിപെരുന്നാള്‍ നമ്മുടെ മനസ്സിനെ പാകപ്പെടുത്തണം.
‘നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു’ (67:2) എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം നമ്മെ മുമ്പോട്ട് നയിക്കണം.
ധര്‍മനിഷ്ഠയോടെ ജീവിക്കണമെങ്കില്‍ നമ്മുടെ ആഗ്രഹങ്ങള്‍ പലതും വേണ്ടെന്നു വെക്കേണ്ടി വരും. മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഇഷ്ടമുള്ള പല കാര്യങ്ങളും ത്യജിക്കേണ്ടി വരും. ആവശ്യമുള്ളതും ഇഷ്ടപ്പെട്ടതുമായ കാര്യങ്ങള്‍ പൊതുനന്മ ഉദ്ദേശിച്ച് ത്യജിക്കുന്നതാണ് ത്യാഗം. ത്യാഗത്തിന്റെ പരിഛേദമായിരുന്നു ഇബ്‌റാഹീം നബി. ഏത് രൂക്ഷമായ സന്ദര്‍ഭത്തിലും അക്ഷോഭ്യനായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും മൈത്രിയുടെയും സഹോദര്യത്തിന്റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് ഇസ്ലാം നല്‍കുന്ന സന്ദേശം. തന്നെ അധിക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചവരെ തന്റെ ജീവിതചര്യകള്‍ കൊണ്ട് ആകൃഷ്ടരാക്കി ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കുകയാണ് ഇബ്‌റാഹീം നബി ചെയ്തത്. ഏക പുത്രനോടുളള അതിരറ്റ സ്‌നേഹം ദൈവസമര്‍പ്പണത്തേക്കാള്‍ വലുതല്ല എന്ന് തെളിയിച്ച ഇബ്‌റാഹീം നബി നിസ്തുല സ്‌നേഹത്തിന്റേയും അനുസരണയുടേയും ഉദാത്തമായ മാതൃകയാണ്.
ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദരാകാതെ സ്രഷ്ടാവായ ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു മുമ്പില്‍ സര്‍വ്വതും ത്യജിക്കാന്‍ സൃഷ്ടിയായ മനുഷ്യന്‍ ബാധ്യസ്ഥനാണ്. ആ ആജ്ഞാപനത്തിന്റെ അനുസരണമുള്ള ആള്‍രൂപമായി ഇബ്‌റാഹീം നബി ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു. ജീവിത പാതയിലെ മുള്‍ക്കിരീടങ്ങള്‍, അഗ്‌നികുണ്ഡം, ശക്തമായ പരീക്ഷണങ്ങള്‍ തുടങ്ങിയവയെല്ലാം അദ്ദേഹം മനോ ദാര്‍ഢ്യത്തോടെ നേരിട്ടു. മനുഷ്യര്‍ ദൈവശാസനക്കും നീതിക്കും മുമ്പില്‍, ഭൗതിക പ്രമത്തതക്കു വശംവദരാവാതെ ഈ ലോകത്തും മരണശേഷമുള്ള ജീവിതത്തിലും വിജയം വരിക്കണമെന്നും അക്കാര്യത്തില്‍ ഇബ്‌റാഹീം നബി മാതൃകയും നേതാവുമാണെന്നും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
ഇബ്റാഹീം നബി ചരിത്രത്തിലെ അതുല്യ വിസ്മയമാണ്. അദ്ദേഹം ഒരു വ്യക്തിയല്ല, സമൂഹം തന്നെയായിരുന്നു. പ്രവാചകന്‍ മാത്രമല്ല പ്രവാചക പരമ്പരയുടെ പിതാവായിരുന്നു. അല്ലാഹു അദ്ദേഹത്തെ കൂട്ടുകാരനെന്ന് വിശേഷിപ്പിച്ചു. കൂട്ടുകാരന്‍ ചോദിച്ചതെല്ലാം അല്ലാഹു നല്‍കി. ചോദിച്ചത് പക്ഷേ തനിക്കു വേണ്ടിയായിരുന്നില്ല; പില്‍ക്കാല സമൂഹങ്ങള്‍ക്കു വേണ്ടിയായിരുന്നു. കഅ്ബ, മക്ക, ഹജ്ജ്, ഫലസ്തീന്‍, ബൈത്തുല്‍ മുഖദ്ദസ് തുടങ്ങിയ ഇസ്ലാമിക അടയാളങ്ങളിലെല്ലാം ഇബ്റാഹീമി സ്പര്‍ശമുണ്ട്.
പ്രബോധനം, സ്ഥൈര്യം, പ്രാര്‍ഥന, വിവേകം എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെതായ ശൈലി വരച്ചുകാട്ടിയ മഹാനാണ് ഇബ്റാഹീം നബി. ഖലീലുല്ലാഹി ഇബ്റാഹീം നബിയുടെ സംഭവബഹുലവും മാതൃകാപരവുമായ പ്രബോധന ജീവിതം വിശുദ്ധ ഖുര്‍ആനില്‍ വിശദമായി പ്രസ്താവിച്ചിട്ടുണ്ട്. ‘നിങ്ങള്‍ക്ക് ഇബ്‌റാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃകയുണ്ട്.’ (മുംതഹിന: 4) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
ഇബ്‌റാഹീം നബിയുടെ ധന്യസ്മൃതികള്‍ അയവിറക്കുന്ന ഈ ഹജ്ജിന്റെയും ബലിപെരുന്നാളിന്റെയും ഐശ്വര്യപൂര്‍ണമായ വേളയില്‍ നമുക്ക് കൂടുതല്‍ കരുതലോടെയും ജാഗ്രതയോടെയും മുന്നേറാന്‍ പ്രതിജ്ഞാബദ്ധരാവാം. ത്യാഗവും സമര്‍പ്പണവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുക എന്ന മഹിത സന്ദേശമായിരിക്കട്ടെ ഏത് സാഹചര്യത്തിലും ബലിപെരുന്നാള്‍ നമുക്ക് നല്‍കുന്നത്.

Back to Top