2 Wednesday
July 2025
2025 July 2
1447 Mouharrem 6

പരസ്പരം സഹകരണമായിക്കൂടേ?

നാസിര്‍ ചാലക്കല്‍ ചേന്ദമംഗല്ലൂര്‍

അബുല്‍കലാം ആസാദ്, വക്കം മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ മൊയ്തു മൗലവി തുടങ്ങിയ ഇന്ത്യന്‍ ദേശീയ നേതാക്കളുടെ പരിലാളനയില്‍ വളര്‍ന്ന മുജാഹിദ് പ്രസ്ഥാനത്തില്‍ അടുത്ത കാലങ്ങളിലായി രൂപംകൊണ്ട ചേരിതിരിവും പിളര്‍പ്പും പരിഹരിക്കപ്പെടേണ്ടതല്ലേ? കേരള ഐക്യസംഘം എന്ന പേരില്‍ രൂപംകൊള്ളുകയും പിന്നീട് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന പേരില്‍ കര്‍മനിരതമാവുകയും ചെയ്ത പ്രസ്ഥാനമാണത്. കേരളത്തിലെ നവോത്ഥാന സംഘടനയായി പൊതുസമൂഹം അംഗീകരിക്കുകയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുക്കാന്‍ കെല്‍പുള്ള നേതാക്കളെ വരെ സംഭാവന ചെയ്യുകയും ചെയ്ത പ്രസ്ഥാനം.
ഇന്ത്യന്‍ ദേശീയതയോടൊപ്പം സഞ്ചരിച്ച ആ സംഘടന, സമൂഹം പ്രതീക്ഷിക്കുന്ന കടമകളില്‍ നിന്നു വ്യതിചലിക്കുന്നതായി പൊതുവെ നിരീക്ഷിക്കപ്പെടുന്നു. ബാബരി മസ്ജിദിന്റെ പതനത്തോടെ കേരളത്തില്‍ തലപൊക്കിവന്ന തീവ്ര ആശയങ്ങള്‍ക്കെതിരെ സമുദായത്തിനകത്ത് ശക്തമായ ബോധവത്കരണം നടത്താന്‍ മുജാഹിദ് പ്രസ്ഥാനത്തിനും അതിന്റെ യുവജനവിഭാഗത്തിനും സാധ്യമായി. എന്നാല്‍ സമുദായത്തിനകത്തുനിന്ന് ഉച്ചാടനം ചെയ്യപ്പെട്ട അന്ധവിശ്വാസങ്ങളുടെ ചില ധാരകള്‍ മുജാഹിദ് പ്രസ്ഥാനത്തിനകത്തുതന്നെ ഇടംപിടിച്ചിട്ടുണ്ടെന്ന ആരോപണ-പ്രത്യാരോപണങ്ങളെത്തുടര്‍ന്ന് സംഘടന പിളര്‍പ്പിലെത്തുകയുണ്ടായി. പിളര്‍പ്പിലേക്ക് എത്തിയതിന്റെ മര്‍മപ്രധാനമായ കാര്യങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്തു പരിഹരിക്കാതെ ഇടക്കാലത്ത് ധൃതി പിടിച്ചുണ്ടാക്കിയ പരസ്പര ഐക്യമാണ് മുജാഹിദ് പ്രസ്ഥാനത്തെ വീണ്ടും പിളര്‍പ്പിലേക്ക് നയിക്കാനുള്ള കാരണമായി പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫാസിസം മുമ്പെന്നത്തേക്കാളും വിഷം ചീറ്റുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ മതേതരത്വവും മതസൗഹൃദവും ശക്തിപ്പെടുത്തുന്നതിനു പതിറ്റാണ്ടുകളായി നിലകൊള്ളുന്ന മുജാഹിദ് പ്രസ്ഥാനങ്ങള്‍ക്ക്, തങ്ങളുടെ ദൗത്യനിര്‍വഹണം കൂടുതല്‍ ശക്തമാക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്.
ഇപ്പോള്‍ ചേരിതിരിഞ്ഞു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുജാഹിദ് പ്രസ്ഥാനങ്ങള്‍ക്ക് യോജിക്കാവുന്ന ഇത്തരം മേഖലകളിലെല്ലാം കൂട്ടായി പ്രവര്‍ത്തിക്കാനുതകുന്ന ഒരു സ്ഥിരം വേദിയുണ്ടാക്കേണ്ടത് അനിവാര്യമായ ഘട്ടമാണിത്. പ്രസ്ഥാനം പിളരുന്ന വിടവിലൂടെ സ്വാഭാവികമായും രംഗം കൈയടക്കുക മതരാഷ്ട്രവാദ സംഘടനയാണെന്നതിനാല്‍ തന്നെ മുജാഹിദ് ഐക്യം പുനഃസ്ഥാപിക്കുകയെന്നത് പ്രവര്‍ത്തകര്‍ക്കു മാത്രമല്ല, രാജ്യതാല്‍പര്യമുള്ള എല്ലാ ജനവിഭാഗങ്ങളുടെയും ആഗ്രഹവും ആവശ്യവും കൂടിയാണ്.
അതുകൊണ്ടുതന്നെ വിവിധ മുജാഹിദ് വിഭാഗങ്ങളുടെ നേതൃനിരയിലുള്ള പക്വമതികളായ പണ്ഡിതന്‍മാരും സംഘടനാ നേതാക്കളും രഞ്ജിപ്പിനു വേണ്ടിയുള്ള വഴി തുറക്കാന്‍ സാധ്യമാവുന്നത് ചെയ്യാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Back to Top