13 Tuesday
January 2026
2026 January 13
1447 Rajab 24

പറന്നുപോയ തൂവലുകള്‍

സി കെ റജീഷ്‌


സുഹൃത്ത് വളരെ വിഷമത്തോടുകൂടിയാണ് പുരോഹിതന്റെ അടുത്തു വന്നത്. അയാള്‍ പുരോഹിതനോട് പറഞ്ഞു: ”എനിക്ക് ഖേദമുണ്ട്. എന്റെ അയല്‍വാസിയുടെ മനസ്സിനെ നോവിക്കുന്ന വാക്കുകള്‍ ഞാന്‍ പറഞ്ഞു പോയിരിക്കുന്നു. എന്റെ പിഴവ് തിരുത്താനുള്ള വഴി പറഞ്ഞുതരണം”. ഇതുകേട്ട പുരോഹിതന്‍ സുഹൃത്തിന്റെ കൈയില്‍ ഒരു സഞ്ചി നല്‍കി. അതില്‍ നിറയെ തൂവലുകളായിരുന്നു. ആ തൂവലുകള്‍ നഗരമധ്യത്തില്‍ നിക്ഷേപിക്കാനായിരുന്നു പുരോഹിതന്‍ പറഞ്ഞത്. സുഹൃത്ത് അത് അനുസരിക്കുകയും ചെയ്തു. അല്പ സമയത്തിനു ശേഷം ആ തൂവലുകള്‍ സഞ്ചിയില്‍ തന്നെ തിരികെ നിക്ഷേപിക്കാന്‍ പറഞ്ഞു. അയാളതിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൂവലുകളെല്ലാം പറന്നു പോയിരിക്കുന്നു. കാലിയായ സഞ്ചിയുമായി അയാള്‍ പുരോഹിതന്റെ അടുത്തെത്തി. അപ്പോള്‍ പുരോഹിതന്‍ പറഞ്ഞു: ”നിങ്ങള്‍ പറയുന്ന വാക്കുകളുടെ കാര്യത്തിലും ഇത് പ്രസക്തമാണ്. ഒരു വാക്ക് നിങ്ങള്‍ പറഞ്ഞാല്‍ അത് തിരിച്ചെടുക്കാനാവില്ല. നമ്മുടെ വാക്ക്, കേള്‍ക്കുന്നവരുടെ മനസ്സിനെ പരിക്കേല്പിക്കുന്നതാകരുത്. നാവ് കരുതലോടെ ഉപയോഗിച്ചാല്‍ ഖേദിക്കേണ്ടിവരില്ല”
നാം മൊഴിയുന്ന വാക്കുകള്‍ നമ്മുടെ വ്യക്തിത്വത്തിന്റെ അടയാളമാണ്. നാവിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേള്‍ക്കുന്നവരുടെ മനസ്സില്‍ ഉണങ്ങാത്ത വ്രണങ്ങള്‍ അത് സമ്മാനിക്കുന്നു. ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു. വാക്കില്‍ വന്ന പിഴവ് കാരണം മിത്രങ്ങള്‍ ശത്രുക്കളായി മാറുന്നു. ആയുധം കൊണ്ടുള്ള മുറിവ് ചികിത്സിച്ച് ഭേദപ്പെടുത്താം. ആയുധത്തേക്കാള്‍ വലിയ പ്രഹരശേഷിയാണ് നാവിനുള്ളത്. കരുതലില്ലാത്ത അതിന്റെ പ്രയോഗം മനസ്സിനേല്പ്പിക്കുന്ന നോവുകള്‍ എളുപ്പം നീങ്ങിപ്പോകില്ല. രണ്ടാം ഖലീഫ ഉമര്‍(റ) പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്: ”സംസാരിച്ചതിന്റെ പേരില്‍ ഞാന്‍ പലപ്പോഴും ഖേദിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ മൗനിയായതിന്റെ പേരില്‍ ഒരിക്കല്‍ പോലും ഖേദിക്കേണ്ടി വന്നിട്ടില്ല”.
വാക്കുകള്‍ക്ക് വലിയ ശക്തിയും സൗന്ദര്യവുമുണ്ട്. വിവേകി സദാ ചിന്തിച്ച ശേഷമേ ഓരോ വാക്കും മൊഴിയൂ. ‘ജ്ഞാനിയുടെ നാവ് അവന്റെ ഹൃദയത്തിന് പിന്നിലും വിഡ്ഢിയുടെ ഹൃദയം അവന്റെ നാവിന്റെ പിന്നിലുമെന്ന്’ പറയുന്നത് അക്കാരണത്താലാണ്. പനിനീര്‍ പൂവിന്റെ പരിമളം പരത്തുന്ന, തേനിന്റെ മാധുര്യം പകരുന്ന വാക്കുകളാകട്ടെ നമ്മുടെ നാവില്‍ നിന്ന് ഉതിര്‍ന്നു വീഴുന്നത്. കാതുകള്‍ക്ക് ഇമ്പവും മനസ്സുകള്‍ക്ക് കുളിര്‍മയും പകരുന്ന നല്ല വാക്കുകള്‍ വലിയ വീര്യമാണ് നല്‍കുന്നത്. ”നല്ല വാക്ക് പുണ്യദാനമെന്ന്” നബി(സ) പറഞ്ഞതിന്റെ പൊരുളുമതാണ്.
വാക്കുകള്‍ നമ്മുടെ മനോഭാവം പ്രകടിപ്പിക്കുന്നു. വാക്കുകള്‍ പ്രയോഗിക്കുമ്പോഴുള്ള ഔചിത്യബോധമാണ് നമ്മെ ഉത്കൃഷ്ടരാക്കുന്നത്. അമിതമായ സംസാരം പിഴവുകള്‍ അധികരിക്കാനുള്ള പഴുതുകളുണ്ടാക്കുന്നു. മിതമായ സംസാരമാകട്ടെ, പിഴവുകള്‍ വരാനുള്ള പഴുതുകളടയ്ക്കുന്നു. മിതമായി സംസാരിക്കുന്നവര്‍, മനോഹരമായി ആശയവിനിമയം നടത്തുന്നവരാണ്. കുറഞ്ഞ വാക്കുകള്‍ മൊഴിയുന്നവര്‍ക്ക് കാത് കൊടുക്കാന്‍ ആളുകളേറെ ഉണ്ടാവും. മിതമായ സംസാരത്തിലൂടെ, മനോഹാരിതയുള്ള വ്യക്തിത്വം അവര്‍ രൂപപ്പെടുത്തുന്നു. വാക്ക് പ്രയോഗിക്കുന്നതിന് മുമ്പ് ഒന്നാലോചിക്കുക. അത് കേള്‍ക്കുന്നവന്റെ മനസ്സിനെ പരിക്കേല്‍പിക്കുമോ? വാക്കുകളിലൂടെ ചിലതിന് പ്രതികരിക്കുന്നതിനേക്കാള്‍ മൗനം കൊണ്ട് മറുപടി നല്‍കുന്നതായിരിക്കും ഉചിതം. പരമകാരുണികന്റെ അടിമകളുടെ ഗുണവിശേഷണമായി അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു. ”അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു” (25:63)

Back to Top