12 Friday
April 2024
2024 April 12
1445 Chawwâl 3

പരംപൊരുളായ സ്‌നേഹത്താല്‍ കരംപിടിക്കുന്ന തൗബ

എ ജമീല ടീച്ചര്‍


ഈ ഭൂമിയിലേക്ക് മനുഷ്യന്‍ കടന്നുവന്നത് പൂര്‍ണ വിശുദ്ധിയോടു കൂടിയാണ്. അതേ വിശുദ്ധിയോടെ തന്നെ അവന് തിരിച്ചു മടങ്ങുകയും വേണം. അതിലേക്കുള്ള ഏക നടപ്പാതയാണ് തൗബ അഥവാ പശ്ചാത്താപം എന്നത്. തൗബ എന്ന അറബി പദത്തിന്റെ ഭാഷാര്‍ഥം മടക്കം എന്നാണ്. ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ തൗബയുടെ അര്‍ഥം പശ്ചാത്താപം, അനുതാപം എന്നൊക്കെയാണ്. തൗബ എന്ന സാങ്കേതിക ശബ്ദത്തിന്റെ പൂര്‍ണമായ അര്‍ഥം ഈ പദങ്ങള്‍ വഹിക്കുന്നില്ല. ചെയ്ത തെറ്റ് ഓര്‍ത്തുകൊണ്ടുള്ള വെറും ദുഃഖമല്ല തൗബ.
ദുഃഖം പല രൂപത്തിലുമുണ്ടാവാം. തെറ്റ് ചെയ്തതിന്റെ പേരില്‍ ആളുകളുടെ ആക്ഷേപം കേള്‍ക്കേണ്ടിവരുന്നതില്‍ ദുഃഖമുണ്ടാകാം, അല്ലെങ്കില്‍ അധികൃതരില്‍ നിന്ന് ശിക്ഷ ലഭിച്ചതില്‍, അതുമല്ലെങ്കില്‍ ആ തെറ്റു മൂലമുണ്ടാകുന്ന ഭൗതികമായ നഷ്ടങ്ങള്‍- ഇതിന്റെ പേരിലെല്ലാം ദുഃഖം സ്വാഭാവികമാണ്. ഇത്തരം ദുഃഖത്തിന് തൗബ എന്നു പറയില്ല. മറിച്ച്, താന്‍ ചെയ്തത് പാപമാണല്ലോ, അത് അല്ലാഹു വിരോധിച്ച കാര്യമാണല്ലോ, അതിന്റെ പേരില്‍ അല്ലാഹുവിന്റെ പക്കല്‍ നിന്ന് പരലോക ശിക്ഷ ഏല്‍ക്കേണ്ടിവരുമല്ലോ, ജീവിതം മലീമസമായിരിക്കുകയാണല്ലോ എന്നോര്‍ത്ത് ആ തെറ്റില്‍ നിന്ന് പൂര്‍ണമായി മടങ്ങുകയും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിക്കുകയും മാപ്പു ചോദിച്ച് ആത്മാര്‍ഥമായി ഖേദിക്കുകയും ചെയ്യുക. കണ്ണ് നനഞ്ഞുകൊണ്ട്, ഹൃദയം തപിച്ചുകൊണ്ട് അല്ലാഹുവിങ്കലേക്ക് സത്കര്‍മങ്ങളിലൂടെ അടുക്കുക.
ഇതിനെയാണ് തൗബയെന്നു വിശേഷിപ്പിക്കാവുന്നത്. തെറ്റില്‍ നിന്നാണ് മനുഷ്യന്‍ ശരിയിലെത്തുന്നത്. അബദ്ധങ്ങളില്‍ നിന്നാണ് കൂടുതല്‍ പാഠം പഠിക്കുന്നത്. ഓരോ പാഠം പഠിക്കുമ്പോഴും അവന്റെ മനസ്സ് കൂടുതല്‍ വിനയപ്പെടുന്നു. അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നു. വേണ്ട വിധത്തില്‍ തൗബ ചെയ്താല്‍ എത്ര കനത്തതും പെരുത്തതുമായ പാപവും അല്ലാഹു പൊറുത്തുതരുന്നു. പ്രവാചകനോട് അല്ലാഹു പറയുന്നു: ”പറയുക, പാപകൃത്യങ്ങളിലേര്‍പ്പെട്ട് തങ്ങള്‍ക്ക് എതിരായിത്തന്നെ അതിക്രമം കാട്ടിയ എന്റെ ദാസന്മാരേ, ദൈവകാരുണ്യത്തില്‍ നിരാശരാകാതിരിക്കുവിന്‍. നിശ്ചയം, അല്ലാഹു സകല പാപവും പൊറുക്കുന്നവനാകുന്നു. അവന്‍ തന്നെയാണ് ദാസന്മാരോട് ഏറെ പൊറുക്കുന്നവനും കാരുണ്യമുള്ളവനും” (അസ്സുമര്‍ 53).
കരുണാനിധിയായ റബ്ബ് ഒരുക്കുന്നതാണ് എല്ലാം. ഒരായുസ്സു തന്നെ അവന്‍ നമ്മെ നിരീക്ഷിക്കുകയായിരുന്നു. നമ്മള്‍ ഒറ്റക്കിരുന്ന നിമിഷങ്ങള്‍ യഥാര്‍ഥത്തില്‍ മറ്റുള്ളവരെയെല്ലാം പറഞ്ഞുവിട്ട് അവന്‍ നമ്മെ തനിച്ചിരുത്തിയ നിമിഷങ്ങളായിരുന്നു പലതും. സന്തോഷങ്ങളും സങ്കടങ്ങളും തന്നു, അവസരങ്ങള്‍ അനേകം തന്നു, എങ്ങനെ സഹവസിക്കുമെന്നറിയാന്‍. ചുറ്റും കുറേ മനുഷ്യരെയും ജീവകണങ്ങളെയുമൊരുക്കി. ആ നോട്ടത്തില്‍ നിന്നൊരു കുഞ്ഞുനിമിഷം പോലും അകലാനാവാത്ത വിധമാണ് ഈ ആയുസ്സ്. ആകെ പൊതിഞ്ഞുനില്‍ക്കുന്ന ഗാഢമായ സ്‌നേഹത്താല്‍ അവന്‍ അനുനിമിഷം ഇളംകുഞ്ഞിനെയെന്നപോല്‍ കാത്തു രക്ഷിച്ചു. പരംപൊരുളായൊരു സ്‌നേഹത്തെ തൊട്ടറിയാനും കുറച്ചുകൂടി ആ തണുപ്പിലേക്ക് തൊട്ടിരിക്കാനും റമദാനും നോമ്പും പശ്ചാത്താപ പ്രാര്‍ഥനകളുമെല്ലാം നമ്മെ കൈപിടിക്കും. ഖുര്‍ആന്‍ അഞ്ചാം അധ്യായം 74-ാം വാക്യം അങ്ങനെയൊരു ആനന്ദം പകരുന്നു: ”ഇനിയും അവര്‍ അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും അവനോട് മാപ്പിന് യാചിക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ.”
കാരുണ്യവാനായ ദൈവം മനുഷ്യന്‍ ഒരു തെറ്റു ചെയ്താല്‍ ഉടനെ അവനെ പിടിച്ച് ശിക്ഷിക്കുന്നില്ല, തെറ്റുകള്‍ തിരുത്തി ശരിയിലേക്ക് മടങ്ങാന്‍ ധാരാളം അവസരങ്ങള്‍ നല്‍കുന്നു. ഈ അവസരങ്ങള്‍ വേണ്ട വിധം ഉപയോഗപ്പെടുത്തുന്ന മനുഷ്യരുടെ കര്‍മദോഷങ്ങളെ അവന്‍ പരിഹരിച്ചുകൊടുക്കുകയും ചെയ്യുന്നു. സൂറഃ അല്‍ഫുര്‍ഖാന്‍ 70-ാം വചനത്തില്‍ ഇപ്രകാരം പറയുന്നുണ്ട്: ”അത്തരക്കാരുടെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതം തിന്മകളില്‍ നിന്ന് മുക്തവും നന്മ നിറഞ്ഞതുമായിത്തീരുന്നു. യഥാര്‍ഥ തൗബ എങ്ങനെയാണെന്നത് സൂറഃ നിസാഇലെ 17, 18 വചനങ്ങളില്‍ അല്ലാഹു വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ”അല്ലാഹു സ്വീകരിക്കാന്‍ ബാധ്യസ്ഥമായ പശ്ചാത്താപം വിവരക്കേടു മൂലം പാപം ചെയ്ത ശേഷം ഉടനെത്തന്നെ പശ്ചാത്തപിക്കുന്നവരുടേതു മാത്രമാകുന്നു. അത്തരക്കാരില്‍ നിന്നു മാത്രമേ അല്ലാഹു പശ്ചാത്താപം കൈക്കൊള്ളുകയുള്ളൂ. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലേ. പാപകൃത്യങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുകയും അങ്ങനെ മരണാസന്നനാകുമ്പോള്‍ ഇപ്പോള്‍ ഞാന്‍ പശ്ചാത്തപിച്ചുവെന്നു പറയുകയും ചെയ്യുന്നവര്‍ക്കല്ല പശ്ചാത്താപം. കടുത്ത സത്യനിഷേധികളായിക്കൊണ്ട് മരിച്ചുപോകുന്നവര്‍ക്കുള്ളതല്ല. അവര്‍ക്ക് നാം ഒരുക്കിവെച്ചിട്ടുള്ളത് വേദനയേറിയ ശിക്ഷയാകുന്നു.”
തെറ്റു തിരുത്തി സ്വയം സംസ്‌കരിക്കുന്നതിനെ തൗബ മടക്കം എന്നു വ്യവഹരിക്കുന്നതിന്റെ ഉദ്ദേശ്യം ഇതാണ്: അല്ലാഹുവിന് ഇഷ്ടമില്ലാത്തതും മനുഷ്യരോട് അവന്‍ വിരോധിച്ചതും പിശാചിന് ഇഷ്ടമുള്ളതുമായ കാര്യങ്ങളാണ് പാപങ്ങളും അധര്‍മങ്ങളും. പാപം ചെയ്യുക എന്നാല്‍ അല്ലാഹുവില്‍ നിന്ന് അകലുകയും പിശാചിലേക്ക് അടുക്കുകയും ചെയ്യുക എന്നുള്ളതാണ്. തൗബ ചെയ്യുക എന്നാല്‍ പിശാചിനെയും അവന്‍ ഇഷ്ടപ്പെട്ട കാര്യങ്ങളെയും വിട്ട് അല്ലാഹുവിങ്കലേക്കും അവന് തൃപ്തിയുള്ള കാര്യങ്ങളിലേക്കും മടങ്ങലാണ്. പിശാചിനെ വിട്ട് അല്ലാഹുവിങ്കലേക്ക് മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയും അവനിലേക്ക് അവനും മടങ്ങിച്ചെല്ലുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാണ് അല്ലാഹു എന്ന അര്‍ഥത്തില്‍ ‘ഇന്നല്ലാഹ കാന തവ്വാബന്‍’ എന്നു പ്രയോഗിക്കുന്നത്. അല്ലാഹു ഏറെ മടങ്ങുന്നവനാകുന്നു എന്നാണ് അതിന്റെ ഭാഷാര്‍ഥം. ചെകുത്താനെ വിട്ട് അല്ലാഹുവിങ്കലേക്ക് തിരിച്ചുവരുന്നവരിലേക്ക് അവരേക്കാള്‍ വേഗത്തില്‍ ഉത്സാഹപൂര്‍വം മടങ്ങിച്ചെല്ലുന്നവനാണ് അല്ലാഹു.
തൗബയുടെ ഉപാധികള്‍
1. തൗബ ചെയ്യുന്നവന്‍ പാപം ചെയ്യുന്നത് വിവരക്കേട് മൂലമായിരിക്കുക എന്നതാണ്. വിവരക്കേടിന് അല്ലാഹു സൂചിപ്പിച്ചത് ജഹാലത്ത് എന്ന പദമാണ്. അജ്ഞത എന്നതാണ് അതിന്റെ പ്രചുരമായ അര്‍ഥം. എന്നാല്‍ അജ്ഞത എന്ന അര്‍ഥത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ജഹാലത്തിന്റെ ആശയം. അവിവേകം, ധാര്‍ഷ്ട്യം, കുരുത്തക്കേട് എന്നിവയെയും ജഹാലത്ത് പ്രതിനിധീകരിക്കുന്നുണ്ട്. അറിവും ബുദ്ധിയും ധാരണയുമുള്ളവരും ചിലപ്പോള്‍ ചില കാര്യത്തില്‍ ജാഹിലുകളായിരിക്കും. ഖുറൈശികള്‍ക്കിടയില്‍ വിജ്ഞാനിയും ബുദ്ധിമാനും സമര്‍ഥനും സംഘാടകനും യുദ്ധതന്ത്രജ്ഞനുമൊക്കെയായിരുന്നു അബുല്‍ ഹകം. നബി(സ) അബൂജാഹില്‍ അഥവാ ജഹാലത്തിന്റെ പിതാവ് എന്നാണ് അയാളെ വിശേഷിപ്പിച്ചിരുന്നത്. വികാരങ്ങളാല്‍ അഥവാ ലാഭമോഹാദികളാലും രാഗദ്വേഷാദികളാലും കീഴടക്കപ്പെട്ട അവസ്ഥയാണ് ഇവിടെ ജഹാലത്ത് കൊണ്ട് ഉദ്ദേശ്യം. ഈ അവസ്ഥയിലുള്ളവന്‍ ബുദ്ധിമാനായാലും വിഡ്ഢിയായാലും പണ്ഡിതനായാലും പാമരനായാലും ജാഹിലാകുന്നു.
മുജാഹിദ് പ്രസ്താവിച്ചു: ”അറിഞ്ഞോ അറിയാതെയോ ദൈവധിക്കാരത്തിലേര്‍പ്പെട്ട അവര്‍ അതില്‍ നിന്ന് വിരമിക്കുവോളം ജാഹിലാകുന്നു.” പ്രവാചക ശിഷ്യന്മാരുടെ ഭാഷയില്‍ ദൈവദാസന് സംഭവിക്കുന്ന ഓരോ തെറ്റും ഒരു ജഹാലത്ത് ആയിരുന്നുവെന്ന് അബുല്‍ ആലിയ ഉദ്ധരിച്ചിട്ടുണ്ട്. പാപങ്ങളുടെ ദുഷ്ഫലങ്ങളെക്കുറിച്ച് ബോധമില്ലാതെ പാപം ചെയ്യലാണ് വിവരക്കേടു മൂലം പാപം ചെയ്യല്‍. പാപത്തിന്റെ ഫലത്തെക്കുറിച്ച് ബോധമുള്ളവന്‍ ദൈവധിക്കാരത്തിലേര്‍പ്പെടുകയില്ല. ഈ ആശയം നബി(സ) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ”വ്യഭിചാരി വ്യഭിചരിക്കുന്നില്ല, വ്യഭിചരിക്കുമ്പോള്‍ അവന്‍ സത്യവിശ്വാസിയായിക്കൊണ്ട്. മോഷ്ടാവ് മോഷ്ടിക്കുന്നില്ല, മോഷ്ടിക്കുമ്പോള്‍ അവന്‍ സത്യവിശ്വാസിയായിക്കൊണ്ട്. മദ്യപന്‍ കുടിക്കുന്നില്ല, കുടിക്കുമ്പോള്‍ അവന്‍ സത്യവിശ്വാസിയായിക്കൊണ്ട്.”
2. ഏത് സജ്ജനങ്ങളും ചില ദുര്‍ബല നിമിഷങ്ങളില്‍ ദേഹേച്ഛകള്‍ക്കടിമപ്പെട്ട് തെറ്റുകുറ്റങ്ങള്‍ ചെയ്തുപോകാവുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ അധികം വൈകാതെത്തന്നെ അവര്‍ ബോധവാന്മാരാവുകയും ചെയ്തുപോയ തെറ്റില്‍ പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പു ചോദിക്കുകയും ചെയ്യുന്നു. അതാണ് സൂറഃ ആലുഇംറാന്‍ 135-ാം വചനത്തില്‍ സത്യവിശ്വാസികളെ അല്ലാഹു ഉപമിച്ചിരിക്കുന്നത്: ”അവര്‍ ഒരു നീചകൃത്യം ചെയ്യാനോ അധര്‍മത്തിലകപ്പെട്ട് തങ്ങളെത്തന്നെ ആക്രമിക്കാനോ ഇടയായാല്‍ ഉടനെ അല്ലാഹുവിനെ ഓര്‍ത്ത് തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരാകുന്നു. പാപം പൊറുക്കാന്‍ അല്ലാഹു അല്ലാതാരുണ്ട്?” തങ്ങള്‍ ചെയ്ത പാപങ്ങളില്‍ അവര്‍ മനഃപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല. പാപം ചെയ്ത ശേഷം ഉടനെത്തന്നെ എന്നതിന്റെ ആശയം അങ്ങനെത്തന്നെയാവാം. അല്ലെങ്കില്‍ ചെയ്തത് പാപമാണെന്നത് ബോധ്യം വന്ന ഉടനെയുമാവാം. മരണാസന്നനാകുന്നതിനു മുമ്പ് എന്ന് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞതായി ഇമാം അഹ്മദ്, തിര്‍മിദി, ബൈഹഖി തുടങ്ങിയവര്‍ ഉദ്ധരിക്കുന്ന ഒരു ഹദീസാണ് അതിനാധാരം. ”ദൈവദാസന്‍ മരണവെപ്രാളത്തിലെത്തുന്നതു വരെ അല്ലാഹു അവന്റെ തൗബ സ്വീകരിക്കുന്നതാണ്.” കുറ്റകൃത്യത്തിനും മരണത്തിനുമിടക്കുള്ള ദൂരം വളരെ കുറഞ്ഞതാണ് എന്നതാണ് അവരുടെ നിലപാട്. എന്തായാലും ജീവിതകാലം മുഴുവന്‍ തൗബക്കുള്ള അവസരമാണെന്നതില്‍ സംശയമില്ല.
3. പശ്ചാത്തപിച്ച് പിന്നീട് പാപങ്ങളിലേക്ക് തിരിച്ചുപോകാതിരിക്കുക എന്നതാണ് തൗബ സ്വീകരിക്കാനുള്ള മറ്റൊരു ഉപാധി. പാപം ആവര്‍ത്തിക്കില്ല എന്നത് തൗബയുടെ അനിവാര്യ ഘടകമാണ്. തൗബ എന്ന വാക്കിന്റെ അര്‍ഥം മടക്കം എന്നാണല്ലോ. ഈ മടക്കമില്ലെങ്കില്‍ തൗബയുമില്ല. ആയുഷ്‌കാലം മുഴുവന്‍ പാപപങ്കിലമായ ജീവിതം നയിച്ച് ഒരാള്‍ ഒടുവില്‍ മരണം ആസന്നമായ സമയത്ത് ‘ഞാനിതാ സകല പാപങ്ങളില്‍ നിന്നും തൗബ ചെയ്തിരിക്കുന്നു’ എന്നു പറഞ്ഞാല്‍ ആ തൗബയും അല്ലാഹു തള്ളിക്കളയുന്നതാണ്. കാരണം, പുണ്യപാപങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവസരമുള്ള സാഹചര്യത്തിലേ തൗബക്ക് പ്രസക്തിയുള്ളൂ. കര്‍മകാണ്ഠം അവസാനിച്ചതിനു ശേഷമുള്ള തൗബ നിരര്‍ഥകമാണ്.
അല്ലാഹു ഇപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്: ”അവരിലൊരുവന്‍ മരണാസന്നനാകുന്നതുവരെ ദുഷ്ടചെയ്തികളില്‍ നിന്ന് വിരമിക്കുന്നില്ല. ആ സന്ദര്‍ഭത്തില്‍ അവന്‍ കേണുമടങ്ങും. നാഥാ, എന്നെ പിന്നിട്ട ജീവിതത്തിലേക്ക് തിരിച്ചയക്കേണമേ. ഞാന്‍ സത്കര്‍മങ്ങള്‍ ചെയ്തുകൊള്ളാം. ഒരിക്കലുമില്ല. അവര്‍ കല്‍പിക്കുന്ന വാക്ക് മാത്രമാണ്” (അല്‍മുഅ്മിനൂന്‍ 99, 100).
ചെങ്കടലില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുമ്പോള്‍ ഫറോവ പശ്ചാത്തപിച്ചതായും അല്ലാഹു അത് തള്ളിക്കളഞ്ഞതായും സൂറഃ യൂനുസില്‍ പ്രസ്താവിച്ചിട്ടുണ്ട്. സത്യത്തെയും ധര്‍മത്തെയും നിഷേധിച്ചുകൊണ്ട് ജീവിക്കുകയും ആ അവസരത്തില്‍ തന്നെ മരിച്ചുപോവുകയും ചെയ്തവരെല്ലാം വിചാരണാസഭയില്‍ അല്ലാഹുവിന്റെ മുമ്പിലെത്തുമ്പോള്‍ പശ്ചാത്താപവിവശരാകും. അതിനെപ്പറ്റി ഖുര്‍ആന്‍ പറയുന്നു: ”കഷ്ടം! ഈ ധിക്കാരികള്‍ നാഥന്റെ സന്നിധിയില്‍ തലകുനിച്ചു നില്‍ക്കുന്നത് നീ കാണുകയാണെങ്കില്‍ അപ്പോള്‍ അവര്‍ കേഴുന്നു: നാഥാ, ഞങ്ങള്‍ ശരിക്ക് കാണുകയും കേള്‍ക്കുകയും ചെയ്തു. ഇനി ഞങ്ങളെ തിരിച്ചയക്കേണമേ. ഞങ്ങള്‍ സല്‍ക്കര്‍മം ചെയ്തുകൊള്ളാം. ഇപ്പോള്‍ യാഥാര്‍ഥ്യം ഞങ്ങള്‍ക്ക് ബോധ്യമായിരിക്കുന്നു” (32:12). ഇത്തരം തൗബയും അല്ലാഹു സ്വീകരിക്കുകയില്ല.
അല്ലാഹുവിനെ സര്‍വാവലംബമാക്കുക എന്നതാണ് തൗബ സ്വീകരിക്കപ്പെടാനുള്ള മറ്റൊരു ഉപാധി. അതേക്കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ (4:146) ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്: ”പാപങ്ങളില്‍ പശ്ചാത്തപിക്കുകയും നടപടികള്‍ നന്നാക്കുകയും അല്ലാഹുവിനെ മുറുകെപ്പിടിക്കുകയും അവനെ നിഷ്‌കളങ്കമായി അനുസരിക്കുകയും ചെയ്തവര്‍ നാളെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നവരാകുന്നു.” ഇഅ്തിസാം അഥവാ മുറുകെപ്പിടിക്കുക എന്നതിന്റെ ആശയം, പിടി വിട്ടാല്‍ താഴെ വീണുപോകും എന്ന തോതില്‍ വിടാതെ മുറുകെപ്പിടിക്കുക എന്നതാണ്. സര്‍വാലംബമാക്കി ശരണമര്‍ഥിച്ച് മാര്‍ഗദര്‍ശകനും രക്ഷകനും സഹായിയുമായി വിശ്വസിച്ച് അവനെ മാത്രം ആരാധിച്ച് അവനെ സര്‍വാവലംബിയാക്കുക എന്ന് സാരം. ഇത്തരക്കാരുടെ പ്രായശ്ചിത്തം അല്ലാഹു തള്ളിക്കളയില്ല.
4. തൗബ സ്വീകാര്യമാകുന്നതിനുള്ള നാലാമത്തെ ഉപാധി അല്ലാഹുവിന്റെ വിധിവിലക്കുകളെ നിഷ്‌കളങ്കമായി അനുസരിക്കുക എന്നതാണ്. അവരുടെ ദീന്‍ അല്ലാഹുവിന്റെ മതമാക്കുകയും ചെയ്തു എന്നര്‍ഥം വരുന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരക്കാരുടെ പ്രായശ്ചിത്തവും അല്ലാഹു സ്വീകരിക്കുന്നതാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യമാണിത്. ഖുര്‍ആന്‍ പല സ്ഥലത്തും എടുത്തുപറഞ്ഞ ഒന്നാണത്: ”നീ പറയുക, നിഷ്‌കളങ്കമായി അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് അവന് ഇബാദത്ത് ചെയ്യാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്” (അസ്സുമര്‍ 11).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x