14 Monday
April 2025
2025 April 14
1446 Chawwâl 15

പരലോകവിശ്വാസം സത്യാന്വേഷിയുടെ മുമ്പില്‍


മുസ്‌ലിമിന്റെ അടിത്തറ വിശ്വാസമാണ്. താന്‍ എവിടെയായിരുന്നാലും ഏതവസ്ഥയിലായിരുന്നാലും ദൈവം തന്നെ കാണുന്നുവെന്നും തന്റെ വാഗ്‌വിചാര കര്‍മങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും പുനരുത്ഥാനത്തില്‍ ഇതെല്ലാം വിലയിരുത്തി അര്‍ഹമായ പ്രതിഫലം ലഭിക്കുമെന്നുമുള്ള വിശ്വാസമാണ് സത്യവിശ്വാസികളെ നയിക്കുന്നത്. അന്തിമ പ്രവാചകനിലൂടെ അവതീര്‍ണമായ അന്തിമഗ്രന്ഥമായ വിശുദ്ധഖുര്‍ആനിന്റെ മൂന്നില്‍ രണ്ടുഭാഗവും ഈ വിശ്വാസത്തിന്റെ ദൃഢീകരണത്തിലാണ് ഊന്നിയത്. വിശുദ്ധ ഖുര്‍ആന്‍ അവതരണാരംഭം മുതല്‍ ഒരു ദശാബ്ദത്തിലേറെക്കാലം- നബി(സ)യുടെ മക്കാ ജീവിതകാലം മുഴുവന്‍ ഈ വിശ്വാസകാര്യങ്ങള്‍ പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ മാത്രമാണ് അവതരിപ്പിക്കപ്പെട്ടത്.
വിശ്വാസം ഉറച്ചെങ്കിലേ മനസ്സ് ദൃഢമാകൂ. മനോദാര്‍ഢ്യമുള്ള ആളുകള്‍ക്കു മാത്രമേ ഉത്തമ സമൂ ഹസൃഷ്ടിക്ക് സാധിക്കൂ. ചിന്താശേഷി മനുഷ്യന്റെ പ്രത്യേകതയാണ്. മനുഷ്യധിഷണയ്ക്കു മുന്നില്‍ അനിഷേധ്യമായ അവന്റെ അനുഭവ യാഥാര്‍ഥ്യങ്ങള്‍ നിരത്തിക്കൊണ്ട് അതിലൂടെ ഉയിര്‍ത്തെഴുന്നേല്പും വിചാരണയും രക്ഷാശിക്ഷകളും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നതു കാണാം. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യചിന്തയ്ക്കു മുന്നില്‍ നിരത്തിവയ്ക്കുന്ന മനോഹരമായ വാങ്മയ ചിത്രങ്ങള്‍ ആപാതമധുരവും ആലോചനാമൃതവുമാണ്.
പുനരുത്ഥാനത്തെ നിഷേധിക്കുന്നവരുടെ മുന്നില്‍ എങ്ങനെയാണ് വിശുദ്ധ ഖുര്‍ആന്‍ ഈ വിഷയം അവതരിപ്പിക്കുന്നത് എന്ന് നോക്കാം. വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിപാദനങ്ങളും ആവര്‍ത്തനങ്ങളും കാണാം. ചിന്തിക്കുന്ന മനുഷ്യരോട് വളരെ ചിന്തോദ്ദീപകമായ ഒരു ചോദ്യം ഖുര്‍ആന്‍ ചോദിക്കുന്നു: ”അപ്പോള്‍ ആദ്യതവണ സൃഷ്ടിച്ചതുകൊണ്ട് നാം ക്ഷീണിച്ചുപോയോ? അല്ല; അവര്‍ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു” (50:15). മനുഷ്യനുള്‍പ്പെടെ സ്ഥൂലപ്രപഞ്ചത്തെ പടച്ചുണ്ടാക്കിയവന് പുന:സൃഷ്ടി ഒരു പ്രശ്‌നമല്ലല്ലോ. ഇതാര്‍ക്കാണ് മനസ്സിലാക്കാന്‍ പ്രയാസം? മനുഷ്യന്റെ ധാര്‍ഷ്ട്യത്തിന് ഖുര്‍ആന്‍ ലളിതമായി മറുപടി നല്കുന്നതുനോക്കൂ. ”താന്‍ സൃഷ്ടിക്കപ്പെട്ടത് എങ്ങനെ എന്നുപോലും മറന്നുകൊണ്ട് അവന്‍ ചോദിക്കുന്നു: എല്ലുകള്‍ ദ്രവിച്ചുപോയിരിക്കെ ആരാണവയ്ക്ക് ജീവന്‍ നല്കുന്നത്? പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അയാള്‍ തന്നെ അവയ്ക്ക് ജീവന്‍ നല്കുന്നതാണ്” (36:78,79).
പുനരുത്ഥാനവും പരലോകവും കാണിച്ചുകൊടുക്കാന്‍ കഴിയില്ല. എന്നാല്‍ ജീവിക്കുന്ന ചില തെളിവുകള്‍ നല്കി ചിന്തിക്കാന്‍ പറയുകയാണ് ഖുര്‍ആന്‍. നിത്യവും നാം അനുഭവിക്കുന്ന ഉറക്കമെന്ന പ്രഹേളികയെ ഉദാഹരണമായി എടുത്ത് ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ”ആത്മാക്കളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും ഏറ്റെടുക്കുന്നു. എന്നിട്ട് മരണം വിധിച്ചവയെ അവന്‍ പിടിച്ചുവയ്ക്കുന്നു. അല്ലാത്തവയെ നിശ്ചിത അവധിവരെ അവന്‍ വിട്ടയയ്ക്കുന്നു” (39:42). ഈയൊരു കാര്യം മാത്രം ആലോചനാവിധേയമാക്കിയാല്‍ പുനരുത്ഥാനം എന്താണെന്ന് സംശയിക്കേണ്ടിവരില്ല. പക്ഷേ, മനുഷ്യ രധികവും ചിന്തിക്കാന്‍ തയ്യാറാവുന്നില്ല; ചിന്താശേഷിയുണ്ടെങ്കിലും.
വിശുദ്ധ ഖുര്‍ആന്‍ സൂറതുഖാ ഫിന്റെ ആദ്യഭാഗത്ത് ഇതുപോലൊരു വിശദീകരണം നമുക്ക് വായിക്കാം: ‘നാം മരിച്ചു മണ്ണായിക്കഴിഞ്ഞിട്ടും ഒരു പുനര്‍ജന്മമോ? അത് വിദൂരസാധ്യത പോലും ഇല്ലാത്ത കാര്യമാണല്ലോ” എന്ന് സംശയം പ്രകടിപ്പിക്കുന്ന നിഷേധികളുടെ ധിഷണയോട് അല്ലാഹു സംവദിക്കുന്നതിങ്ങനെയാണ്:്യൂതങ്ങള്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവന്‍ നോക്കുന്നില്ലേ? എങ്ങനെയാണ് അല്ലാഹു അതു നിര്‍മിച്ച്, അലങ്കരിച്ചു വച്ചതെന്ന്! അതിന് എന്തെങ്കിലും വിടവുകളുള്ളതായി അവന്‍ കണ്ടെത്തിയിട്ടല്ലല്ലോ. അവര്‍ അധിവസിക്കുന്ന ഭൂമിയാകട്ടെ അതിനെ അല്ലാഹു വികസിപ്പിച്ചു; അതില്‍ ഉറച്ചുനില്ക്കുന്ന പര്‍വതങ്ങള്‍ സ്ഥാപിച്ചു; എല്ലാത്തരം സസ്യവര്‍ഗങ്ങളും അതില്‍ ഉല്പാദിപ്പിക്കുകയും ചെയ്തു.
സത്യത്തിലേക്ക് മടങ്ങാന്‍ തയ്യാറുള്ള ഏതൊരു മനുഷ്യനും കണ്ടു മനസ്സിലാക്കാനും ഓര്‍ത്തെടുക്കാനും വേണ്ടിയാണിത്. മാത്രമോ? ആകാശത്തുനിന്ന് അനുഗൃഹീതമായ വെള്ളം അല്ലാഹു വര്‍ഷിപ്പിച്ചു. എന്നിട്ട് അതുമൂലം പലതരം തോട്ടങ്ങളും കൊയ്‌തെടുക്കുന്ന ധാന്യങ്ങളും അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈത്തപ്പനകളും ഉത്പാദിപ്പിച്ചു. അല്ലാഹുവിന്റെ ദാസന്മാരായ മനുഷ്യര്‍ക്ക് ഉപജീവനമായിട്ട് ഇവയെല്ലാം സംവിധാനിച്ചതില്‍ ആര്‍ക്കും ഒരു സന്ദേഹവുമില്ല. ഉപരിഭാഗത്തു നിന്നുള്ള ജീവജലം മൂലം നിര്‍ജീവമായ നാടിനെ ജീവസ്സുറ്റതാക്കുന്ന പ്രക്രിയ കണ്ടറിയാന്‍ കെല്പുള്ള മനുഷ്യാ, അപ്രകാരം തന്നെയാകുന്നു മരണാനന്തരം ഖബ്‌റുകളില്‍ നിന്നുള്ള പുറപ്പാട് അഥവാ പുനരുത്ഥാനം (50:3-11). എത്ര മനോഹരമായി ചിന്തയെ ഉദ്ദീപിപ്പിക്കുന്നു!
മാതൃകയില്ലാതെ ശുദ്ധശൂന്യതയില്‍ നിന്ന് ഒരു വസ്തുവിനെ സൃഷ്ടിച്ചെടുക്കുന്നതിനേക്കാള്‍ എളുപ്പമല്ലേ ഉണ്‍മയ്ക്കുശേഷം നാശമടഞ്ഞതിനെ പുന:സൃഷ്ടി നടത്തുക എന്നത്! ഈ ആത്യന്തിക ശക്തിക്കു മുന്നില്‍ എക്കാലത്തെയും അവിശ്വാസികള്‍ക്ക് ന്യായമായ ഉത്തരമില്ലായിരുന്നു. സത്യനിഷേധത്തിന് ‘ലോജിക്’ ആവശ്യമില്ലല്ലോ. എന്നാല്‍ വിശുദ്ധഖുര്‍ആന്‍ മനുഷ്യനു മുമ്പില്‍ ‘വിശ്വാസ കാര്യങ്ങള്‍’ അവതരിപ്പിക്കുന്നതു പോലും അവന്റെ ധിഷണയെ തട്ടിയുണര്‍ത്തിക്കൊണ്ടാണ്. അതുകൊണ്ടാണ് വിശ്വാസം ‘ഉള്‍ക്കൊണ്ട’വന്‍ സത്യത്തില്‍ നിന്ന് തിരിഞ്ഞുനടക്കാത്തത്.

Back to Top