7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

പരലോകം ദൃശ്യവിസ്മയം പോലെ

ഡോ. അശ്‌റഫ് കല്പ്പറ്റ


ഭൂമിയിലെ മനുഷ്യ ജീവിതത്തിന്റെ അര്‍ഥമെന്താണ്? ആംഗലേയ സാഹിത്യ കേസരി വില്യം ഷേക്‌സ്പിയര്‍ എഴുതിയതുപോലെ, ലോകം ഉദ്ദേശ്യരഹിതമായ നാടകവേദിയും മനുഷ്യര്‍ അതിലെ കേവല നടീനടന്‍മാരുമാണോ? അങ്ങനെയാകാന്‍ തരമില്ല. ഭൂമിയുടെ ചമത്കാരത്തിന് വര്‍ണം നല്‍കുന്ന പരസഹസ്രം ജൈവ-അജൈവ സൃഷ്ടികളില്‍ സവിശേഷസ്ഥാനീയനായ മനുഷ്യന്റെ അമൂല്യ ജീവിതം അര്‍ഥരഹിതമാകുന്നത് യുക്തിവിരുദ്ധമാണ്. ചരിത്രാതീതകാലം മുതല്‍ മനുഷ്യന്‍ ജീവിതലക്ഷ്യം തേടി അലഞ്ഞിട്ടുണ്ട്.
കാലാന്തരത്തില്‍ അതു വിവരിക്കാന്‍ വേണ്ടി മാത്രം നിരവധി ദര്‍ശനങ്ങള്‍ ഉരുവം കൊണ്ടു. പുരാതന ഇന്ത്യന്‍, ഗ്രീക്ക്, റോമന്‍, ഹെല്ലനിക് സംസ്‌കാരങ്ങളിലെല്ലാം ഈ ചിന്തയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ നാം കാണുന്നുണ്ട്. പക്ഷേ, അവ പൂര്‍ണമായിരുന്നില്ല. സിഇ ഏഴാം നൂറ്റാണ്ടില്‍ അവതരിച്ച ഇസ്‌ലാമിക ദര്‍ശനസംഹിതയാണ് മനുഷ്യ ജീവിതത്തിന്റെ അര്‍ഥതലം യുക്തിഭദ്രമായി വിശദീകരിച്ചത്. മരണാനന്തര ജീവിതമെന്ന യാഥാര്‍ഥ്യവും അതിന്റെ അനുക്രമ വിശദാംശങ്ങളും നിരത്തിവെച്ചുകൊണ്ടാണ് ഇസ്‌ലാം മനുഷ്യജീവിതത്തിന്റെ സലക്ഷ്യത സമര്‍പ്പിക്കുന്നത്.
ജീവിതം, മരണം, ബര്‍സഖ്, ഉയിര്‍ത്തെഴുന്നേല്‍പ്, വിചാരണ, സ്വര്‍ഗ-നരകപ്രവേശം തുടങ്ങി ഇസ്‌ലാമിക മൗലികപ്രമാണങ്ങള്‍ യുക്തിഭദ്രമായി വിശദീകരിച്ച കൃതികള്‍ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ പരമയാഥാര്‍ഥ്യങ്ങളെ സരളവും പ്രമാണബദ്ധവും ഉദ്വേഗജനകവുമായി അവതരിപ്പിച്ച മലയാളത്തിലെ അപൂര്‍വം രചനകളില്‍ ഏറെ പ്രൗഢമാണ് ഖലീലുര്‍റഹ്മാന്‍ മുട്ടില്‍ രചിച്ച ‘പരലോകം’ എന്ന ഗ്രന്ഥം. ഇതിനകം ആദര്‍ശബദ്ധവും ജ്ഞാനനിര്‍ഭരവുമായ ഒരുപിടി അമൂല്യ രചനകള്‍ കേരളീയര്‍ക്കു സമര്‍പ്പിച്ച കോഴിക്കോട്ടെ യുവത ബുക്‌സാണ് ഇതിന്റെ പ്രസാധകര്‍.
മാതാവിന്റെ ഉദരത്തില്‍ ജീവിതം മിടിച്ചുതുടങ്ങുന്ന മനുഷ്യ ശിശുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളോടെയാണ് രചന ആരംഭിക്കുന്നത്. ജീവിതം, മരണം, പുനര്‍ജീവിതം എന്നീ യാഥാര്‍ഥ്യങ്ങളെ ദൃശ്യസമാനമായി ആവിഷ്‌കരിക്കുകയാണ് ഈ പുസ്തകത്തിന്റെ ഇതളുകള്‍. വിശുദ്ധ ഖുര്‍ആനിലെ ദിവ്യസൂക്തങ്ങളും പ്രവാചക പുംഗവരുടെ തിരുമൊഴികളും സമുചിതമായി ചേര്‍ത്തുകൊണ്ടുള്ള ഓരോ അധ്യായവും വിശ്വാസീ ഉള്ളകങ്ങളെ പ്രക്ഷുബ്ധമാക്കും, തീര്‍ച്ച. ജീവിതത്തെ സമൂലമായി അല്ലാഹുവിന്റെ നിര്‍ദിഷ്ട പാന്ഥാവില്‍ വ്യതിചലിക്കാതെ ഉറപ്പിച്ചുനിര്‍ത്താനും ജീവിതം ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കാനും അത് അവര്‍ക്ക് പ്രചോദനമേകും.
ഇസ്‌ലാമിക വിശ്വാസദര്‍ശനങ്ങള്‍ മനുഷ്യന്റെ സാമാന്യബുദ്ധിക്കും അതിലേറെ അതിനൂതന ശാസ്ത്രീയ ചിന്തകള്‍ക്കും വിരുദ്ധമാണെന്നു പ്രചരിപ്പിക്കുന്നവരെ തുല്യനാണയത്തില്‍ പ്രതിരോധിക്കുന്ന ഖലീലുര്‍റഹ്മാന്റെ രചനാശൈലി ഏറെ പ്രശംസാര്‍ഹമാണ്. യുക്തിയുടെയും ശാസ്ത്രാഭിമുഖ്യത്തിന്റെയും തേരില്‍ സഞ്ചരിക്കുന്ന നവതലമുറയ്ക്ക് വിശ്വാസത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ഇത് തീര്‍ച്ചയായും ഉപകരിച്ചേക്കും.
മരണാനന്തര ജീവിതം, പരലോക നടപടിക്രമങ്ങള്‍ തുടങ്ങിയവയില്‍ മുസ്‌ലിം ജനസാമാന്യത്തില്‍ ചിലര്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചിട്ടുള്ള പ്രമാണബദ്ധമല്ലാത്ത അന്ധവിശ്വാസങ്ങളും മതകീയ ജീവിതത്തില്‍ അവ സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളും ഗ്രന്ഥകാരന്‍ ഉചിതമായ ഇടങ്ങളില്‍ തന്മയത്വത്തോടെ ചൂണ്ടിക്കാട്ടുന്നുണ്ട്. വിശ്വാസവിശുദ്ധിയും പരലോക വിജയവും കാംക്ഷിച്ചു ജീവിതം പരുവപ്പെടുത്തുന്നവര്‍ക്ക് ഈ പരാമര്‍ശങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല. ഖലീലുര്‍റഹ്മാന്റെ ‘പരലോകം’ ഒരാവര്‍ത്തിയെങ്കിലും നാം വായിച്ചിരിക്കേണ്ട കൃതിയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x