2 Wednesday
July 2025
2025 July 2
1447 Mouharrem 6

പാപമുക്തിയും ജീവിത സാക്ഷാത്കാരവും

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌


കുറ്റവാസന മനുഷ്യസഹജമാണ്. മാലാഖമാരുടെ പ്രകൃതമോ പ്രവാചകന്മാരുടെ ദൈവിക പരിരക്ഷയോ അവകാശപ്പെടാനില്ലാത്തതു കൊണ്ട് മനുഷ്യന്‍ സ്വാഭാവികമായും കുറ്റകൃത്യങ്ങളില്‍ വീണുപോകും. അശ്രദ്ധ, അവിവേകം, പ്രലോഭനം, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം, മോശമായ കൂട്ടുകെട്ട് തുടങ്ങിയ കാരണങ്ങളാല്‍ മനുഷ്യന്‍ തെറ്റു കുറ്റങ്ങള്‍ ചെയ്യാനുള്ള സാധ്യതകളേറെയാണ്. കുറ്റകൃത്യങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്ന സാമൂഹികാവസ്ഥ നിലനില്‍ക്കുന്നിടത്തും വ്യക്തികള്‍ തെറ്റുകളിലേക്ക് ചാഞ്ഞു പോകും. നമ്മുടെ നാട്ടില്‍ നടക്കുന്ന സ്ത്രീ പീഡനം, കൊലപാതകം, ലൈംഗികാതിക്രമങ്ങള്‍, സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശകലനം ചെയ്ത് നോക്കിയാല്‍ അവയുടെയെല്ലാം പിന്നിലെ പ്രധാന വില്ലന്‍ മദ്യമോ മയക്കുമരുന്നോ പലിശയിടപാടോ അശ്ലീല സിനിമ- സാഹിത്യങ്ങളോ ഒക്കെയാണെന്ന് മനസ്സിലാക്കാന്‍ കഴിയും.
ഭരണകൂട ഒത്താശയോടെ ഇപ്പറഞ്ഞതെല്ലാം സമൂഹത്തെ അടക്കിവാഴുകയാണിവിടെ. നീചവും നികൃഷ്ടവുമായ സകലതിനും ലൈസന്‍സ്. മ്ലേഛതകള്‍ക്കെല്ലാം സദാചാര പരിവേഷം. കുറ്റവാളികള്‍ക്ക് നീതിപീഠങ്ങളുടെയും നിയമപാലകരുടെയും പിന്തുണ. ശിക്ഷകളാകട്ടെ ഏട്ടിലെ പശുക്കള്‍. ചുരുക്കത്തില്‍, തെറ്റു ചെയ്യുന്നതില്‍ നിന്ന് വ്യക്തികളെ അകറ്റി നിര്‍ത്തുന്ന ജീവിത പരിസരം ഇല്ലാതിരിക്കുകയും തെറ്റുകളിലേക്ക് പിടിച്ചു വലിക്കുന്ന സാമൂഹികാവസ്ഥ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ആരും അരുതായ്മകള്‍ ചെയ്തു പോകും.
കുറ്റവാസനകളെ സ്വയം പ്രതിരോധിക്കാനുള്ള ആന്തരിക ചോദനയും ഇച്ഛാശക്തിയും എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. അനുവദിക്കപ്പെട്ടവ അനുഭവിക്കാനുള്ള വ്യഗ്രതയേക്കാള്‍ വിലക്കപ്പെട്ടവ ആസ്വദിക്കാനുള്ള ത്വരയാവും മനുഷ്യമനസ്സ് കൂടുതല്‍ പ്രകടിപ്പിക്കുക. ഒരു മനശ്ശാസ്ത്ര വിഷയമാണത്. തീന്‍മേശക്കു മുകളില്‍ ഒരു ഡസനിലധികം പാത്രങ്ങളില്‍ സ്വാദിഷ്ടമായ ഭക്ഷണം ക്രമീകരിച്ച് അവയെല്ലാം തുറന്നു വെച്ചിരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഒരു പാത്രം പക്ഷേ അതിനകത്ത് എന്താണ് എന്നറിയാകാനാകാത്ത വിധം മൂടി വെച്ചിട്ടുമുണ്ട്. ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെയെല്ലാം കണ്ണുകള്‍ മൂടി വച്ചിരിക്കുന്ന പാത്രത്തിലേക്കാവും ചെന്നു തറക്കുക. അതിനകത്ത് എന്താണ് എന്നറിയാനായിരിക്കും അവരുടെയെല്ലാം ജിജ്ഞാസ. മനുഷ്യ മനസ്സുകള്‍ക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ട്.
നമുക്കെല്ലാം നിത്യജീവിതത്തില്‍ അനുഭവമുള്ള കാര്യമാണിത്. മനുഷ്യരുടെ ആദിപിതാവും ആദിമാതാവുമായ ആദമും ഹവ്വയും സ്വര്‍ഗത്തിലെ വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് പഴങ്ങള്‍ പറിച്ചു കഴിച്ചത് മറ്റൊന്നും കഴിക്കാന്‍ അവിടെ ഇല്ലാത്തതു കൊണ്ടായിരുന്നില്ല, മറിച്ച് ഇഷ്ടം പോലെ കഴിക്കാന്‍ അവര്‍ക്കവിടെ പലതും ലഭ്യമായിരുന്നു. അനുവാദവുമുണ്ടായിരുന്നു. പക്ഷെ, വിലക്കപ്പെട്ടതിലേക്ക് തന്നെ അവര്‍ രണ്ടു പേരുടെയും മനസ്സ് വഴുതിപ്പോവുകയായിരുന്നു. തെറ്റുകുറ്റങ്ങള്‍ ചെറുതായാലും വലുതായാലും അവ സംസ്‌കാരത്തിന് നിരക്കാത്ത ചെയ്തികളാണ്. നിരന്തരം തെറ്റുകുറ്റങ്ങള്‍ ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം കുറെ കഴിയുമ്പോള്‍ അയാള്‍ക്കത് തെറ്റുകുറ്റങ്ങള്‍ അല്ലാതായി മാറും. ആശാസ്യമായ പ്രവര്‍ത്തനങ്ങളായി പിന്നീടയാള്‍ അവയെ കണക്കാക്കും. അല്‍പ സ്വല്‍പം ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയ ഒരാള്‍ കുറെ കഴിയുമ്പോള്‍ ലഹരിയുടെ അടിമയായി മാറുന്നതു പോലെയാണത്.
ഒരാള്‍ ഒരു തെറ്റ് ചെയ്യുമ്പോള്‍ അയാളുടെ ഹൃദയത്തില്‍ ഒരു കറുത്ത പുള്ളി വീഴും. അടുത്ത തെറ്റു ചെയ്യുമ്പോള്‍ മറ്റൊരു കറുത്ത പുള്ളി വീഴും. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഹൃദയം കറുത്ത പുള്ളികള്‍ കൊണ്ട് നിറയും. ഒടുവില്‍ നന്മകളെ സ്വീകരിക്കാനാവാത്ത വിധം അയാളുടെ ഹൃദയം കറപിടിച്ച് കഠിനമാകുമെന്ന് നബി തിരുമേനി ഒരിക്കല്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. തെറ്റു ചെയ്യുന്ന ആദ്യ നാളുകളില്‍ ആര്‍ക്കുമുണ്ടാകും ഒരു തരം ജാള്യതയും കുറ്റബോധവും. തെറ്റുകുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ജാള്യതയും കുറ്റബോധവും പതുക്കെപ്പതുക്കെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകും. നമ്മുടെ നാട്ടില്‍ ചിലരുണ്ട്. ജയില്‍ വാസമനുഷ്ഠിച്ചു കൊണ്ടിരിക്കെ അവര്‍ പരോളിലിറങ്ങിയാല്‍ ഉടനെ കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും പോലീസ് പിടിയിലാവുകയും ചെയ്യും. കുറ്റകൃത്യങ്ങളെന്തെങ്കിലും ചെയ്തു കൊണ്ടിരുന്നില്ലെങ്കില്‍ വല്ലാത്ത പൊറുതികേട് അനുഭവപ്പെടുന്നത് പോലെയാണ് അവര്‍ക്ക്. അതു കൊണ്ടാണല്ലോ പരോള്‍ കാലം മറന്നു അയാള്‍ പെട്ടെന്ന് കുറ്റകൃത്യത്തിലേര്‍പ്പെടുന്നത്.

യഥാര്‍ഥത്തില്‍ മനുഷ്യന്റെ പ്രകൃതമെന്താണ്? കുറ്റവാസന എങ്ങനെയാണവനില്‍ രൂപപ്പെടുന്നത്? കുറ്റകൃത്യങ്ങള്‍ എവ്വിധമാണ് മനുഷ്യ ജീവിതത്തെ ബാധിക്കുന്നത്? വ്യക്തികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ സമൂഹത്തിനുണ്ടാക്കിത്തീര്‍ക്കുന്ന അനന്തരാഘാതങ്ങള്‍ എത്രത്തോളമാണ്? കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അതില്‍ നിന്ന് മോചനമില്ലേ? കുറ്റവാളികള്‍ എന്നെന്നും അഭിശപ്തരും നിന്ദിതരും ദൈവിക ശിക്ഷക്കര്‍ഹരുമാണോ? മരണാനന്തരം അവരുടെ ഗതിയെന്താവും? ഇതെല്ലാം പ്രസക്തമായ ചോദ്യങ്ങളാണ്.
കുറ്റവാളികളായി ആരുമിവിടെ ജനിക്കുന്നില്ല. അങ്ങനെയാരെങ്കിലും ജനിക്കുന്നു എന്ന് പറയുന്നത് തന്നെ യുക്തിക്ക് നിരക്കാത്തതാണ്. കുറ്റമല്ല പുണ്യം പോലും മനുഷ്യന്‍ ചെയ്യാനാരംഭിക്കുന്നത് ഭൂമിയില്‍ ജനിച്ചു കഴിഞ്ഞ് ജീവിക്കാനാരംഭിക്കുമ്പോഴാണ്. നന്മ തിന്മകളും പുണ്യ പാപങ്ങളും വേര്‍തിരിക്കാന്‍ കഴിയുന്ന വിവേചന ശേഷി വികസിച്ചു വരുമ്പോഴാണ്. മറ്റുള്ളവരുമായുള്ള സഹവര്‍ത്തനം, സാംസ്‌കാരിക ഇടപഴകല്‍ എന്നീ പ്രക്രിയകള്‍ വഴി വ്യക്തികള്‍ സാമൂഹീകരണത്തിന് വിധേയമാകാന്‍ തുടങ്ങുമ്പോഴാണ് ധര്‍മാധര്‍മ ചിന്തകള്‍ ഉണരുന്നത്. എല്ലാ വ്യക്തികളിലും ജന്മനാ ധര്‍മാധര്‍മ ബോധം നിലീനമായിട്ടുണ്ട്. അതിനെയാണ് നാം സാന്മാര്‍ഗിക ബോധം എന്ന് പറയുന്നത്. സാന്മാര്‍ഗിക ബോധം ശക്തിപ്പെടുത്തി നേരിന്റെയും നന്മയുടെയും വഴിയിലൂടെ സഞ്ചരിച്ച് ജീവിതത്തെ പാകപ്പെടുത്തിയെടുക്കാനാണ് മനുഷ്യ സമൂഹത്തിലേക്ക് ദൈവ ദൂതന്മാര്‍ നിയുക്തരായത്. വേദങ്ങള്‍ പഠിപ്പിച്ചു കൊടുത്തും തത്വോപദേശങ്ങള്‍ നല്‍കിയും ജീവിത വിശുദ്ധി നേടുന്നതിന് സഹായകമായ കര്‍മ മാതൃകകള്‍ കാണിച്ചു കൊടുത്തുമാണ് ദൈവ ദൂതന്മാര്‍ ലോകത്ത് കടന്നു പോയത്.
സാന്മാര്‍ഗികാധ്യാപനങ്ങള്‍ ദൈവ ദൂതന്മാര്‍ പഠിപ്പിച്ചത് മനുഷ്യന്റെ നന്മക്ക് വേണ്ടിയാണ്. പ്രസ്തുത അധ്യാപനങ്ങള്‍ പിന്തുടരുമ്പോഴേ ഐഹിക ജീവിതത്തില്‍ സമാധാനവും ശാന്തിയും ആനന്ദവും വിജയവും മരണാനന്തര ജീവിതത്തില്‍ മോക്ഷവും ലഭിക്കൂ. ദൈവ ദൂതന്മാരിലൂടെയും വേദപുസ്തകങ്ങളിലൂടെയും ലഭ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ദൈവത്തിന്റെ മഹത്വം വര്‍ധിപ്പിക്കാനോ ദൈവത്തെ പ്രീണിപ്പിക്കാനോ ഉള്ളതല്ല. മറിച്ച്, മനുഷ്യന്റെ മഹത്വം വര്‍ധിക്കാനും മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും ഉറപ്പാക്കാന്‍ വേണ്ടിയുള്ളതുമാണ്.
നിത്യ ജീവിതത്തില്‍ പാലിക്കേണ്ട വിധി വിലക്കുകളും അനുവാദ നിരോധങ്ങളുമുണ്ട്. കാത്തുസൂക്ഷിക്കേണ്ട അതിര്‍വരമ്പുകളുണ്ട്. അവ തിരസ്‌കരിക്കപ്പെടുന്നതാണ് കുറ്റകൃത്യങ്ങളായി മാറുന്നത്. ദൈവത്തോട് ചെയ്യുന്ന കുറ്റകൃത്യങ്ങളും മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്ന കുറ്റകൃത്യങ്ങളുമുണ്ട്. തന്റെ സഹജീവികളോട് ഒരാള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ അവരിലൂടെ തന്നെ പരിഹരിക്കുകയാണ് വേണ്ടത്. മാപ്പ് ചോദിച്ചോ നഷ്ട പരിഹാരം നല്‍കിയോ പരസ്പര ധാരണയോടെ ഒത്തുതീര്‍പ്പിലെത്തിയോ അത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് മുക്തി നേടാം. പിന്നീടാവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുകയും വേണം. അപവാദ പ്രചരണം, അഭിമാനക്ഷതം വരുത്തല്‍, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് വിധേയനാക്കല്‍, കൊലപാതകം എന്നിവ ഈ ഗണത്തില്‍ പെടും. ഇപ്പറഞ്ഞതെല്ലാം ദൈവിക ദൃഷ്ട്യാ വിലക്കപ്പെട്ടതായതു കൊണ്ട് പാപമോചനത്തിനായി അര്‍ഥിക്കേണ്ടതുമുണ്ട്. ദൈവ സ്മരണ വീണ്ടെടുക്കാനും പുതുക്കാനും തദ്വാരാ തെറ്റുകുറ്റങ്ങള്‍ തുടര്‍ന്നു ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇത്തരം പാപമോചനത്തേട്ടങ്ങള്‍ വ്യക്തിയെ സഹായിക്കും.
കുറ്റകൃത്യങ്ങള്‍ മനുഷ്യന്റെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. അത്തരമൊരു ലോലഭാവം മനസ്സിനുണ്ട്. താന്‍ തെറ്റ് ചെയ്തല്ലോ, കുറ്റവാളി ആയല്ലോ, ദൈവ കോപത്തിനും ശിക്ഷക്കും ഇരയാകുമല്ലോ എന്ന ചിന്തകള്‍ ഒടുവില്‍ നൈരാശ്യത്തിലേക്ക് മനുഷ്യനെ തള്ളി വിടും. കൂടുതല്‍ സാന്മാര്‍ഗിക അപചയത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും അത് നയിച്ചെന്നും വരും. ഇവിടെയാണ് പാപമോചനത്തിന്റെ വാതിലുകള്‍ ഇസ്ലാം മനുഷ്യന്റെ മുന്നില്‍ തുറന്നിടുന്നത്. കുറ്റകൃത്യങ്ങളുടെയോ പാപങ്ങളുടെയോ പേരില്‍ മനുഷ്യനെ എന്നെന്നും അധമവല്‍ക്കരിച്ച് അകറ്റിനിര്‍ത്തുന്ന സമീപനമല്ല ഇസ്ലാമിനുള്ളത്. ഏക ദൈവത്തിലും മരണാനന്തര ജീവിതത്തിലും അടിയുറച്ച് വിശ്വസിക്കുകയും ദൈവദൂതന്മാര്‍ പഠിപ്പിച്ച സാന്മാര്‍ഗികാധ്യാപനങ്ങള്‍ പിന്തുടര്‍ന്ന് ജീവിക്കുകയും ചെയ്യുന്നതിനിടയില്‍ സംഭവിക്കുന്ന കുറ്റങ്ങളും പാപങ്ങളും പശ്ചാത്താപ മനസ്സോടെ ദൈവത്തോട് ഏറ്റുപറഞ്ഞു മോക്ഷം നേടാന്‍ ആര്‍ക്കും കഴിയും. ഇതര മതദര്‍ശനങ്ങളിലൊന്നും ഈയൊരു വഴക്കം കാണാന്‍ കഴിയുന്നില്ല. ‘മോഹക്ഷയെതി ഇതി മോക്ഷ’ (മോഹങ്ങള്‍ ക്ഷയിക്കുകയും ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് മോക്ഷം) എന്നാണ് ഹിന്ദു ധര്‍മ്മം പറയുന്നത്. അവസാനത്തെ മോഹവും ഇല്ലാതാവുമ്പൊഴേ മനുഷ്യന് മോക്ഷം നേടാനാവു എന്ന് ചുരുക്കം.
മനുഷ്യനില്‍ നിന്നുണ്ടാകുന്ന പാപകൃത്യങ്ങളോട് കര്‍ക്കശമായ നിലപാടാണ് ക്രൈസ്തവത വെച്ചു പുലര്‍ത്തുന്നത്. ദൈവത്തോടല്ല പുരോഹിതനോട് പാപങ്ങള്‍ ഏറ്റുപറയുന്ന കുമ്പസാരമാണ് അവിടെയുള്ളത്. ജന്മനാ മനുഷ്യന്‍ പാപിയായിട്ടാണ് ജനിക്കുന്നത് എന്ന സങ്കല്പം വേറെ. മനുഷ്യനോട് ചെയ്യുന്ന പാപങ്ങള്‍ ക്ഷമിക്കപ്പെടും. എന്നാല്‍ ദൈവത്തോട് ചെയ്യുന്ന പാപങ്ങള്‍ ക്ഷമിക്കപ്പെടുകയില്ല എന്നാണ് മത്തായിയുടെയും (12:3132) മാര്‍ക്കോസിന്റെയും (3: 29) ലൂക്കോസിന്റെയും (12: 10) സുവിശേഷങ്ങള്‍ അഭിപ്രായപ്പെടുന്നത്. ഇസ്ലാം പക്ഷേ, മനുഷ്യന് പ്രതീക്ഷയാണ് നല്‍കുന്നത്. ”എല്ലാ മനുഷ്യരും പാപം ചെയ്യും. മനുഷ്യരില്‍ ഏറ്റവും ഉത്തമന്മാര്‍ പശ്ചാത്താപിച്ച് മടങ്ങുന്നവരാണ്” എന്നാണ് നബി തിരുമേനി പറഞ്ഞത്.
കുറ്റകൃത്യങ്ങള്‍ ഒരുതരം സാന്മാര്‍ഗിക അപചയമാണ്. ഒരു വ്യക്തി തന്നോട് ചെയ്യുന്ന ദ്രോഹമാണ്. പാപകര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ ആത്മദ്രോഹമായിട്ടാണ് ഖുര്‍ആന്‍ എടുത്തു പറയുന്നത്. ആത്മദ്രോഹം ചെയ്താല്‍ ഉടന്‍ പശ്ചാത്തപിച്ചു മടങ്ങി ജീവിത മോക്ഷത്തിന്റെ വഴി തേടുകയാണ് വേണ്ടത്. ”പറയുക, തങ്ങളോട് തന്നെ അക്രമം ചെയ്തുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള്‍ നിരാശരാകരുത്. അല്ലാഹു എല്ലാ കുറ്റങ്ങളും പൊറുക്കുന്നവനാണ്” (വി.ഖു 39:53)
”ആരെങ്കിലും തെറ്റ് ചെയ്യുകയോ ആത്മദ്രോഹം നടത്തുകയോ ചെയ്തിട്ട് അല്ലാഹുവിനോട് ക്ഷമ ചോദിച്ചാല്‍, ഒരു പക്ഷെ, ക്ഷമാലുവും ദയാലുവുമായി അല്ലാഹുവിനെ അയാള്‍ക്ക് കണ്ടെത്താവുന്നതാണ്. തിന്മ ചെയ്യുന്നവന്‍ സ്വന്തം ആത്മാവിനെത്തന്നെ ദ്രോഹിക്കുകയാണ്. എല്ലാമറിയുന്നവനും യുക്തിമാനുമാണ് അല്ലാഹു” (വി.ഖു 4:110 )
ശിക്ഷകനായ അല്ലാഹുവിനെയല്ല രക്ഷകനായ അല്ലാഹുവിനെയാണ് ഇസ്ലാം മനുഷ്യന് പരിചയപ്പെടുത്തുന്നത്. പാപങ്ങള്‍ പൊറുത്തുകൊടുത്ത് മോക്ഷം നല്‍കി കനിവ് കാട്ടുന്ന അല്ലാഹു.

Back to Top