15 Saturday
June 2024
2024 June 15
1445 Dhoul-Hijja 8

പണ്ഡിതര്‍ മഅ്‌സ്വൂമുകളോ?

പി കെ മൊയ്തീന്‍ സുല്ലമി


പലരും ധരിച്ചുവെച്ചിരിക്കുന്നത് ഇമാം ബുഖാരി മഅ്‌സ്വൂം (പാപസുരക്ഷിതന്‍) ആണെന്നാണ്. യഥാര്‍ഥത്തില്‍ പ്രവാചകന്‍ പോലും ചെറുദോഷങ്ങളില്‍ നിന്നു മുക്തനല്ല. പ്രവാചകന്മാര്‍ മഅ്‌സ്വൂമുകളാണെന്നു പറയുന്നത് രണ്ടു നിലയിലാണ്. ഒന്ന്: അവര്‍ ശിര്‍ക്ക്, കുഫ്‌റ്, ഹറാം എന്നീ പാപങ്ങളില്‍ നിന്നു മുക്തരാണ്. അത്തരം തെറ്റുകളില്‍ നിന്ന് അല്ലാഹു അവരെ സംരക്ഷിക്കുന്നതാണ്. അല്ലാത്ത പക്ഷം അവരുടെ പ്രബോധനം ജനങ്ങളില്‍ യാതൊരുവിധ പ്രതികരണവും സൃഷ്ടിക്കുന്നതല്ല.
എന്നാല്‍ ചെറുദോഷങ്ങളില്‍ നിന്ന് അവര്‍ മുക്തരല്ല. കാരണം, മലക്കുകളെപ്പോലെ പാപസുരക്ഷിതരായി മനുഷ്യരെ സൃഷ്ടിക്കുന്ന പക്ഷം പ്രവാചകന്മാര്‍ ആരാധ്യന്മാരായി മാറാന്‍ സാധ്യതയുണ്ട്. അതും ദീനിനു വിരുദ്ധമാണല്ലോ. ആദം നബി(അ) സ്വര്‍ഗത്തിലെ പഴം ഭക്ഷിച്ചു പുറത്തായതും യൂനുസ് നബി(അ) പ്രബോധനത്തില്‍ നിന്നു പിന്തിരിഞ്ഞോടിയതിനാല്‍ മത്സ്യം വിഴുങ്ങി ശിക്ഷിക്കപ്പെട്ടതും, നബി(സ) സ്വയം തേന്‍ ഹറാമാക്കിയതിനാലും അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂമിനെ അവഗണിച്ചതിനാലും ശാസിക്കപ്പെട്ടതും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച സംഭവങ്ങളാണ്. ഇബ്‌നുല്‍ ജൗസിയില്‍ നിന്നു ഇബ്‌നു ഹജര്‍(റ) പ്രസ്താവിച്ചു: ”അമ്പിയാക്കള്‍ മഹാപാപങ്ങളില്‍ നിന്നു സുരക്ഷിതരാണെങ്കിലും ചെറുദോഷങ്ങളില്‍ നിന്നു സുരക്ഷിതരല്ല” (ഫത്ഹുല്‍ബാരി: 14:158).
ഇമാം ഗസ്സാലി പറയുന്നു: ”വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പല നബിമാര്‍ക്കും ചെറിയ രൂപത്തിലുള്ള അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്” (ഇഹ്‌യാ ഉലൂമിദ്ദീന്‍: 419). പക്ഷേ, ചെറുദോഷങ്ങളിലും അമ്പിയാക്കള്‍ക്ക് ഇസ്വ്മത്ത് (കാവല്‍) ഉണ്ട്. അഥവാ അല്ലാഹു അപ്പോള്‍ തന്നെ അത് തിരുത്തിക്കൊടുക്കും. പിന്നീട് അത്തരം തെറ്റിലേക്ക് അവര്‍ പ്രവേശിക്കുന്നതല്ല. അതുപോലെ നബി(സ)യുടെ സ്വഹാബിമാരും മഅ്‌സ്വൂമുകളല്ല, അവരെ അല്ലാഹു തൃപ്തിപ്പെട്ടിട്ടുണ്ടെങ്കിലും ശരി. അല്ലാഹു പറയുന്നു: ”അല്ലാഹു അവരെയും അവര്‍ അല്ലാഹുവെയും തൃപ്തിപ്പെട്ടിരിക്കുന്നു” (അല്‍മാഇദ: 119). ഇമാം ഗസ്സാലി (റ) പറയുന്നു: ”സ്വഹാബികള്‍ മഅ്‌സ്വൂമുകളല്ല. അവരില്‍ നിന്നു തെറ്റുകള്‍ വരാവുന്നതാണ്. ഇക്കാര്യത്തില്‍ സ്വഹാബികളുടെ ഇജ്മാഉണ്ട്” (ഇഹ്‌യാ: 2:116).
വ്യഭിചാരക്കുറ്റത്തിന് എറിഞ്ഞുകൊല്ലപ്പെട്ട സ്വഹാബി പുരുഷന്മാരും വനിതകളും ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ദീനില്‍ സ്വഹാബികളില്‍ ചിലര്‍ പറയുന്നത് പ്രമാണമല്ല എന്ന് ഇമാം ശാഫിഈയും (അര്‍രിസാല 511), ഇമാം നവവിയും (ശറഹു മുസ്‌ലിം 1:55), ഇമാം ഗസ്സാലിയും (അല്‍മുസ്തസ്വ്ഫാ 1:262), ഇമാം സുബ്കി(റ)യും (ജംഉല്‍ ജവാമിഅ് 2:370) രേഖപ്പെടുത്തിയത്. എന്നാല്‍ സ്വഹാബികളുടെ ഇജ്മാഅ് പ്രമാണവുമാണ്.
സ്വഹാബിമാര്‍ മഅ്‌സ്വൂമുകളല്ലെങ്കില്‍ അവരേക്കാള്‍ താഴെ നില്‍ക്കുന്ന ഇമാം ബുഖാരി എങ്ങനെയാണ് മഅ്‌സ്വൂമുകളില്‍ ഉള്‍പ്പെടുക? ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. ഖുര്‍ആനിനെതിരില്‍ നബി(സ) പറഞ്ഞാല്‍ പോലും അത് ദീനില്‍ തെളിവല്ല. അല്ലാഹു പറയുന്നു: ”നമ്മുടെ പേരില്‍ (പ്രവാചകന്‍) വല്ല വാക്കുകളും കെട്ടിച്ചമച്ചു പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തെ നാം വലതുകൊണ്ട് പിടികൂടുകയും എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു” (ഹാഖ്ഖ 44-46).
ഇബ്‌നു ഹജര്‍(റ) പറയുന്നു: ”നബി(സ)യായിരുന്നാല്‍ പോലും ശരി, വിശുദ്ധ ഖുര്‍ആനിനോട് യോജിക്കുന്ന മതവിധികളല്ലാതെ അനുസരിക്കപ്പെടാവതല്ല. നബി(സ)ക്ക് പ്രത്യേകമായി ഒരനുസരണം ഇസ്‌ലാമില്‍ ഇല്ലതന്നെ” (ഫത്ഹുല്‍ ബാരി 17:39).
ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം വിശുദ്ധ ഖുര്‍ആനാണെന്ന് ഖുര്‍ആനില്‍ പരന്നുകിടക്കുന്നതും മുസ്‌ലിംകള്‍ ഇജ്മാഅ് എന്ന നിലയില്‍ അംഗീകരിച്ചുപോരുന്നതുമാണ്. ഏതെങ്കിലും അല്‍പജ്ഞരുടെ അതിനെതിരിലുള്ള ശബ്ദത്തിന് മുസ്‌ലിംകള്‍ ചെവികൊടുക്കാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം ആരംഭിക്കുന്ന നിരവധി വചനങ്ങള്‍ കാണാം: ”നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക.” അല്ലാഹുവെ അനുസരിക്കുക എന്നുവെച്ചാല്‍ ഖുര്‍ആന്‍ അനുസരിക്കുക എന്നാണ് വിവക്ഷ. റസൂലിനെ അനുസരിക്കുക എന്നതിന്റെ താല്‍പര്യം നബി(സ)യുടെ സുന്നത്ത് അനുസരിക്കുക എന്നതാണ്. അതുപോലെ നബി(സ)യുടെ ഹദീസുകള്‍ പരിശോധിച്ചാലും അക്കാര്യം ബോധ്യപ്പെടും.
നബി(സ) പറയുന്നു: ”രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ അവശേഷിപ്പിച്ചിരിക്കുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ ഒരിക്കലും വഴിപിഴച്ചുപോകുന്നതല്ല. അല്ലാഹുവിന്റെ കിതാബും നബി(സ)യുടെ സുന്നത്തുമാണവ” (മാലിക്, മുവത്വ 2:899).
ഹദീസുകള്‍ക്ക് ഇസ്‌ലാമില്‍ രണ്ടാം സ്ഥാനം മാത്രമേയുള്ളൂ എന്നു താഴെ വരുന്ന പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. ഒന്ന്: ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തുന്നു: ഇമാം ബൈഹഖി സ്വഹീഹായ പരമ്പരയോടുകൂടി ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: അബൂബക്കറിന്(റ) ദീനിയായ വല്ല പ്രശ്‌നവും നേരിട്ടാല്‍ അതിനുള്ള പരിഹാരം അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നു തേടും. അതില്‍ നിന്ന് പരിഹാരം കണ്ടില്ലെങ്കില്‍ പിന്നെ നബി(സ) യുടെ സുന്നത്തിലേക്ക് നോക്കും” (ഫത്ഹുല്‍ ബാരി 17:115).
എന്നാല്‍ ഉമറിന്റെ(റ) ശ്രമം പരമാവധി ഖുര്‍ആനില്‍ നിന്നുതന്നെ പരിഹാരം കാണുകയെന്നതായിരുന്നു. ഉമര്‍ (റ) അല്ലാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ച് ഇപ്രകാരം പറയുമായിരുന്നു: ”നിങ്ങളുടെ പ്രവാചകന് അല്ലാഹു നേര്‍വഴി പ്രദാനം ചെയ്തത് ഈ ഗ്രന്ഥം മുഖേനയാണ്. അതിനാല്‍ അത് മുറുകെ പിടിക്കുന്നപക്ഷം നിങ്ങള്‍ നേര്‍വഴി പ്രാപിക്കുന്നതാണ്” (ഫത്ഹുല്‍ ബാരി 7:51).
ഇബ്‌നു മസ്ഊദും(റ) ഖുര്‍ആനിനു മാത്രമായിരുന്നു പ്രാമുഖ്യം നല്‍കിയിരുന്നത്. അദ്ദേഹം പറയുന്നു: ”വല്ലവനും ഇസ്‌ലാമികമായ വല്ല വിധികളും നേരിടേണ്ടിവന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥം പ്രമാണമാക്കിക്കൊള്ളട്ടെ. അതില്‍ അതിന് പരിഹാരം കണ്ടിട്ടില്ലെങ്കില്‍ പ്രവാചകന്റെ ചര്യയനുസരിച്ച് അവന്‍ വിധി പ്രസ്താവിച്ചുകൊള്ളട്ടെ” (ദാരിമി 1:59).
ഇബ്‌നു അബ്ബാസും(റ) പ്രഥമ സ്ഥാനം ഖുര്‍ആനിനായിരുന്നു നല്‍കിയിരുന്നത്. ഇബ്‌നു അബ്ബാസി(റ)നോട് വല്ല കാര്യത്തെ സംബന്ധിച്ചും മതവിധി ആരാഞ്ഞാല്‍ അതിന് പരിഹാരം ഖുര്‍ആനിലുണ്ടെങ്കില്‍ അത് പറയും. ഖുര്‍ആനില്‍ അതിന് പ്രതിവിധിയില്ലെങ്കില്‍ നബി(സ)യുടെ ചര്യ പറഞ്ഞുകൊടുക്കും” (ദാരിമി 2:59).
പിന്‍ഗാമികളായ പണ്ഡിതന്മാരും ഖുര്‍ആനിന് ഒന്നാം സ്ഥാനവും ഹദീസുകള്‍ക്ക് രണ്ടാം സ്ഥാനവുമാണ് നല്‍കിയിരുന്നത്. ഇമാം നവവി പറയുന്നു: ”ഖുര്‍ആനു ശേഷം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ സുന്നത്തിന് രണ്ടാം സ്ഥാനമാണുള്ളത്” (ശറഹു മുസ്‌ലിം 1:5).
ഇബ്‌നു ഹജര്‍(റ) പറയുന്നു: ”ഇബ്‌നുല്‍ അറബിയും മറ്റു പണ്ഡിതന്മാരും പ്രസ്താവിച്ചത് ഇപ്രകാരമാണ്: ഇസ്‌ലാമിന്റെ ഒന്നാം അടിസ്ഥാന പ്രമാണം ഖുര്‍ആനാണ്. അതിന്റെ തെളിവ് ഗോപ്യമാണെങ്കില്‍ പിന്നെ നബി(സ)യുടെ ചര്യയെ അവലംബിക്കേണ്ടതാണ്. നബിചര്യയിലും പരിഹാരമില്ലെങ്കില്‍ സ്വഹാബത്തിന്റെ ഇജ്മാഇനെ അവലംബിക്കേണ്ടതാണ്” (ഫത്ഹുല്‍ ബാരി 17:13).
പ്രമാണങ്ങളില്‍ നാലാം സ്ഥാനമാണ് ഇമാം ബുഖാരിക്കുള്ളത്. അതാണ് പല നവയാഥാസ്ഥിതികരും ഖുര്‍ആനെക്കാളും മുന്തിച്ച് ഒന്നാം പ്രമാണമായി അംഗീകരിച്ചുപോരുന്നത്. ഇസ്‌ലാമിലെ പ്രമാണങ്ങളുടെ തര്‍തീബ് (ക്രമം) ഇപ്രകാരമാണ്: ഒന്ന് വിശുദ്ധ ഖുര്‍ആന്‍, രണ്ട് മുതവാതിറായി വന്ന ഹദീസുകള്‍, മൂന്ന് ബുഖാരിയും മുസ്‌ലിമും സംയുക്തമായി (മുത്തഫകുന്‍ അലൈഹി) വന്ന ഹദീസുകള്‍, നാല് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഹദീസുകള്‍.
ഇമാം ബുഖാരിയുടെ ഹദീസുകള്‍ സ്വഹീഹാക്കുന്നതില്‍ അദ്ദേഹത്തിനു പോലും ഇല്ലാത്ത ആവേശമാണ് ചിലര്‍ പ്രകടിപ്പിക്കുന്നത്. ഇമാം ബുഖാരി ആകെ ശേഖരിച്ചത് ആറു ലക്ഷം ഹദീസുകളാണ്. അതില്‍ അദ്ദേഹം സ്വഹീഹായി അംഗീകരിച്ചത് ആവര്‍ത്തനത്തോടെ 7000-ല്‍പരം ഹദീസുകളാണ്. ബാക്കിയുള്ളവ തള്ളിക്കളഞ്ഞു. അതിന്റെ പേരില്‍ ഇന്നേവരെ ഇമാം ബുഖാരി(റ)യെ ആരുംതന്നെ ഹദീസ് നിഷേധിയെന്നോ അഖ്‌ലാനിയെന്നോ വിളിച്ചിട്ടില്ല. ഇമാം ബുഖാരി സ്വഹീഹാണെന്നു പ്രസ്താവിച്ച ഹദീസുകളില്‍ നിന്നുതന്നെ ഇമാം ദാറഖുത്വ്‌നി 110 ഹദീസുകള്‍ വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. അദ്ദേഹത്തെയും ആരും തന്നെ ഹദീസ് നിഷേധിയെന്നോ അഖ്‌ലാനിയെന്നോ വിളിച്ചിട്ടില്ല. അഹ്‌ലുസ്സുന്നയുടെ 35-ലധികം പണ്ഡിതന്മാര്‍ ബുഖാരിയിലെ വ്യത്യസ്ത ഹദീസുകള്‍ വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. അതില്‍ ഇമാം മാലിക്(റ) മുതല്‍ മര്‍ഹൂം നാസ്വിറുദ്ദീന്‍ അല്‍ബാനി (റ) വരെയുള്ള മഹത്തുക്കളുണ്ട്. അവരെയും അപ്രകാരം വിളിച്ചിട്ടില്ല.
‘കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ’ എന്നാണ് മുജാഹിദുകളുടെ വാദം. അപ്രകാരമാണ് അവര്‍ ജനങ്ങളെ പഠിപ്പിച്ചതും. അതിന്റെ അടിസ്ഥാനത്തിലാണ് സിഹ്‌റ് ശിര്‍ക്കാണെന്ന് പഠിപ്പിച്ചുപോന്നത്. ഇപ്പോള്‍ ഒരു വിഭാഗം മുജാഹിദുകളുടെ വാദം ശിര്‍ക്കിന് ഫലം ലഭിക്കുമെന്നു വിശ്വസിക്കല്‍ ശിര്‍ക്കല്ലയെന്നാണ്. അഥവാ സിഹ്‌റിന് ഫലമുണ്ടെന്ന് വിശ്വസിക്കല്‍ ശിര്‍ക്കല്ലായെന്നാണ് അവരുടെ വാദം. ഒരുദാഹരണം പറയാം. അല്ലാഹു അല്ലാത്ത മഹത്തുക്കളോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണ്. എന്നാല്‍ അതിന് ഫലമുണ്ടെന്ന് വിശ്വസിക്കുന്നതും ശിര്‍ക്കാണെന്നാണ് മുജാഹിദുകള്‍ വിശ്വസിക്കുന്നത്. കാരണം അതിന് ഫലം ലഭിക്കുമെന്ന വിശ്വാസം അതിലുള്ളതുകൊണ്ടാണ് അവരോടുള്ള പ്രാര്‍ഥന ശിര്‍ക്കായത്. നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന ഹദീസ് രേഖപ്പെടുത്തിയത് ഇമാം ബുഖാരിയാണ്. ഖുര്‍ആനു വിരുദ്ധമായ പ്രസ്തുത ഹദീസിനെ വെള്ളപൂശാനാണ് സ്വഹീഹുല്‍ ബുഖാരിക്ക് പ്രമാണങ്ങളില്‍ ഒന്നാം സ്ഥാനം നല്‍കുന്നത്. സിഹ്‌റ് എന്നത് പിശാചിന്റെ സേവയോടുകൂടി നടക്കുന്ന ഒരു ദുഷ്പ്രവര്‍ത്തനമാണ് എന്നത് സര്‍വരും വിശ്വസിക്കുന്നതാണ്. എന്നാല്‍ നബി(സ)ക്ക് പിശാചിന്റെ ഒരു ശര്‍റും ഫലിക്കുകയില്ല എന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഇജ്മാഉള്ള കാര്യമാണ്. പിശാചില്ലാതെ സിഹ്‌റില്ല.
സിഹ്‌റിനെ ഇബ്‌നു മന്‍ദ്വൂര്‍(റ) നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: ”സിഹ്‌റ് എന്നു പറയുന്നത് പിശാചിലേക്ക് അടുപ്പിക്കപ്പെടുന്നു. പിശാചിന്റെ സേവയോടുകൂടിയും നടത്തപ്പെടുന്ന ഒരു പ്രവര്‍ത്തനമാണ്” (ലിസാനുല്‍ അറബ് 6:190). ഇബ്‌നു ഹജര്‍(റ) പറയുന്നു: പിശാചിന്റെ സഹായത്തോടെയല്ലാതെ സിഹ്‌റ് പൂര്‍ത്തീകരിക്കപ്പെടുന്നതല്ല” (ഫത്ഹുല്‍ ബാരി 8:91).
നബി(സ)ക്ക് പിശാചുക്കളില്‍ നിന്ന് സംരക്ഷണമുണ്ടെന്ന് സൂറഃ അല്‍മാഇദ 67-ാം വചനത്തിലും പ്രവാചകന്മാരടക്കമുള്ള സത്യവിശ്വാസികള്‍ക്കു പിശാചില്‍ നിന്നു സംരക്ഷണമുണ്ടെന്ന് സൂറഃ അല്‍ഹിജ്ര്‍ 24-ാം വചനത്തിലും സ്വാദ് 83-ാം വചനത്തിലും അല്ലാഹു അരുൡയിട്ടുണ്ട്. മാത്രവുമല്ല, ”നബി(സ)യെ വഴിപിഴപ്പിക്കാന്‍ ഏല്‍പിക്കപ്പെട്ട പിശാചുപോലും നബി(സ)യോട് നല്ലത് മാത്രമേ കല്‍പിക്കൂ” (അഹ്മദ്, മുസ്‌ലിം). നബി(സ)ക്ക് പിശാചിന്റെ യാതൊരുവിധ ദ്രോഹവും ബാധിക്കുന്നതല്ലെന്ന വിഷയത്തില്‍ ഇജ്മാഉണ്ടെന്ന് ഇമാം നവവിയും (ശറഹു മുസ്‌ലിം 9:173) ഇബ്‌നുല്‍ ഖയ്യിമും ജാമിഉല്‍ ആദാബ് (2:202) രേഖപ്പെടുത്തിയിട്ടുണ്ട്.
നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന് പ്രചരിപ്പിച്ചവര്‍ മുശ്‌രിക്കുകളാണെന്നും അത്തരക്കാര്‍ (പ്രചരിപ്പിക്കുന്നവര്‍) ഒരിക്കലും നേര്‍വഴി പ്രാപിക്കുന്നവരല്ലെന്നും സൂറഃ അല്‍ഫുര്‍ഖാന്‍ 8, 9 വചനങ്ങളിലും സൂറഃ അല്‍ഇസ്‌റാഅ് 47, 48 വചനങ്ങളിലും അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനെ വിലവെക്കാത്തവരാണ് ഇമാം ബുഖാരിയെ മഅ്‌സ്വൂം എന്ന നിലയില്‍ ചിത്രീകരിച്ചുകൊണ്ട് ഖുര്‍ആനിനേക്കാള്‍ മുന്തിക്കുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x